Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനിലെ ശുദ്ധപ്രകൃതം

‘പിഴവ് വരുത്താത്ത ഒരു ദിശാസൂചിക ദൈവം നമ്മുടെ സ്വത്വങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നു; ശുദ്ധപ്രകൃതമെന്നാണ് അതിനു നാമം’ -മുസ്തഫ മഹ്മൂദ്

ശുദ്ധമായ പ്രകൃതമാണ് മനുഷ്യനിൽ അന്തർലീനമായിരിക്കുന്നത്. മുഴുവൻ തത്വസംഹിതകളും അതിനെക്കുറിച്ച് പ്രദിപാദിക്കുന്നുണ്ട്. ‘ഏതു മനുഷ്യനിലും ഗോചരമാവുന്ന യാഥാർഥ്യമാണ് ശുദ്ധപ്രകൃത’മെന്ന് ബുദ്ധമതം ഉദ്‌ഘോഷിക്കുന്നു. ശുദ്ധപ്രകൃതത്തെ രാകി മിനുക്കി പൂർണതയിലേക്ക് നയിക്കൽ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തം മനോഹരമായി നിർവഹിച്ചാൽ, ശാന്തിനിർഭരമായ സ്വത്വമായിരിക്കും ഫലം. അല്ലെങ്കിൽ, തികഞ്ഞ പരാജയവും നിന്ദ്യതയുമായിരിക്കും സംഭവിക്കുക.

ശുദ്ധപ്രകൃതത്തിന്റെ ഒന്നാമത്തെ വിവക്ഷ ആന്തരികമായ വിശുദ്ധിയാണ്. മനുഷ്യനുള്ളിൽ ഒരുതരം ദൈവികമായ ആവിഷ്‌കാരം നിലകൊള്ളുന്നുണ്ട്. ദൈവബോധം, ധർമാധർമബോധം, ഔന്നിത്യബോധം എന്നിവ അതിന്റെ പ്രതിഫലനങ്ങളാണ്. മനുഷ്യനെപ്പോഴും പൂർണതയെ തേടിക്കൊണ്ടിരിക്കുന്നു. താൻ ദുർബലനാണെന്നും തന്റെ ദുർബലതക്ക് പരിഹാരമാവുന്ന മറ്റൊരു ശക്തി പ്രപഞ്ചത്തിലുണ്ടാവാമെന്നും അവൻ വിശ്വസിക്കുന്നു. ശുദ്ധപ്രകൃതതത്തിന്റെ ഫലമായാണ് മനുഷ്യനിൽ ഇത്തരം ചിന്തകൾ രൂപംകൊള്ളുന്നത്. അതുപോലെ, മനുഷ്യസ്വത്വം മൂല്യങ്ങളിലേക്ക് ചായുകയും തിൻമകളിൽനിന്ന് അകലുകയും ചെയ്യുന്നു. കൊടുംകുറ്റവാളിയുടെ ഉള്ളിൽപ്പോലും നന്മയുടെ നേരിയ സ്ഫുലിംഗം കത്തിയെരിയുകയും അത് ജീവിതത്തിന്റെ പൂർണമാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് കാണാറുണ്ട്. അവയുടെ കാരണം മനുഷ്യന്റെ ധർമത്തോടുള്ള അഭിനിവേശവും അധർമത്തോടുള്ള വിപ്രതിപത്തിയുമാണ്.

ശുദ്ധപ്രകൃതത്തിന്റെ രണ്ടാമത്തെ വിവക്ഷ ബാഹ്യമായ വിശുദ്ധിയാണ്. വൃത്തിയും വെടിപ്പും മനുഷ്യൻ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്യുന്നു. വെടിപ്പിനെ ബാധിക്കുന്ന അഴുക്കുകളെ കുളിയിലൂടെയും മറ്റും നീക്കംചെയ്യൽ, നല്ല വസ്ത്രം ധരിക്കൽ, മുടി ചീകൽ, സുഗന്ധം പൂശൽ…….എന്നിവ മനുഷ്യൻ ഉറപ്പുവരുത്തുന്നത് ശുദ്ധപ്രകൃതത്തിന്റെ ഭാഗമായ ബാഹ്യവിശുദ്ധിയോടുള്ള ചായ്‌വ് കാരണമാണ്. ബാഹ്യവിശുദ്ധിയുണ്ടാവുമ്പോൾ ആന്തരികവിശുദ്ധിയും ആന്തരികവിശുദ്ധിയുണ്ടാവുമ്പോൾ ബാഹ്യവിശുദ്ധിയും ഉണ്ടാവുന്നു. അഥവാ ശരീരം നവീകരിച്ചാൽ ചിന്തകളും ചിന്തകൾ നവീകരിച്ചാൽ ശരീരവും നവീകരിക്കപ്പെടും. അപ്രകാരം, സ്വന്തം ജീവിതത്തെയും ചുറ്റുപാടുകളെയും തികഞ്ഞ സൗന്ദര്യത്തിൽ ആവിഷ്‌കരിക്കാനാണ് മനുഷ്യനിഷ്ടം.

ശുദ്ധപ്രകൃതത്തിന്റെ ആന്തരികവും ബാഹ്യവുമായ ഇരുവശങ്ങളെക്കുറിച്ചും വിശുദ്ധവേദവും തിരുചര്യയും പ്രദിപാദിക്കുന്നുണ്ട്. വിശുദ്ധവേദം പറയുന്നു: ”അതിനാൽ, ശ്രദ്ധയോടെ നീ നിന്റെ മുഖം ഈ ജീവിതദർശനത്തിനുനേരേ ഉറപ്പിച്ചുനിർത്തുക. ദൈവം മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതമത്രെ അത്”(അർറൂം: 30). തിരുചര്യ പറയുന്നു: ”ശുദ്ധമായ പ്രകൃതത്തിലാണ് ഓരോ കുഞ്ഞും പിറക്കുന്നത്. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രൈസ്തവനോ അഗ്നിയാരാധകനോ ആക്കിമാറ്റുന്നത്”. ദൈവം സ്വന്തം പ്രതിഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബൈബിൾ ഉൽപ്പത്തി പുസ്തകവും പരാമർശിക്കുന്നുണ്ട്.

ശുദ്ധപ്രകൃതത്തിന്റെ ഫലമായാണ് മനുഷ്യന് ധർമാധർമബോധം ഉണ്ടായതെന്ന് വിശുദ്ധവേദത്തിൽനിന്ന് ഗ്രഹിക്കാം: ”സ്വത്വവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ ദൈവം അതിന് ധർമാധർമബോധം നൽകി. നിശ്ചയം, അതിനെ സംസ്‌കരിച്ചവൻ വിജയിച്ചു. മലിനമാക്കിയവൻ പരാജയപ്പെട്ടു”(അശ്ശംസ്: 710), ”അറിയുക: നിശ്ചയം, ശരീരത്തിൽ ഒരു സത്തയുണ്ട്. ആ സത്ത നന്നായാൽ ജീവിതം മുഴുവൻ നന്നാവും. അത് ചീത്തയായാലോ ജീവിതം മുഴുവനും ചീത്തയാവും. അറിയുക: അതത്രെ സ്വത്വം”(ബുഖാരി, മുസ്‌ലിം). ശുദ്ധപ്രകൃതത്തിന്റെ ഭാഗമായ ആന്തരികവിശുദ്ധിയെയാണ് വിശുദ്ധവേദവും തിരുചര്യയും ഇവിടെ കുറിക്കുന്നത്.

ശുദ്ധപ്രകൃതത്തിന്റെ അനിവാര്യതാൽപര്യമാണ് ബാഹ്യസൗന്ദര്യമെന്ന് പ്രവാചകവചനങ്ങളിൽ കാണാം. ദന്തശുദ്ധീകരണം, നഖം മുറിക്കൽ, നാസാദ്വാരങ്ങൾ വൃത്തിയാക്കൽ, കൈകാലുകളും അവയുടെ സന്ധികളും കഴുകൽ, പുരുഷന്മാർ ചേലാകർമംചെയ്യൽ, മീശ വെട്ടിയൊതുക്കൽ, താടി ചീകിവെക്കൽ……. എന്നിവ ശുദ്ധപ്രകൃതത്തിന്റെ ഭാഗമാണെന്ന് അവിടുന്ന് പഠിപ്പിക്കുകയുണ്ടായി. പ്രവാചകൻ സ്വയം ആന്തരികവിശുദ്ധിയുടെയും ബാഹ്യവിശുദ്ധിയുടെയും പ്രതീകമായിരുന്നു.

Related Articles