Current Date

Search
Close this search box.
Search
Close this search box.

അറുബോറനായ ഒരാളാവാതിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ഒരേ വ്യക്തിയായി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന അറുബോറനായ ഒരാളാവാതിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ടോ? എന്താണ് അതിനുള്ള വഴി? പുതിയൊരു മനുഷ്യനാകാനുള്ള വഴികളാണിവിടെ പങ്കുവെക്കുന്നത്.

നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതമല്ലെന്ന് നിങ്ങള്‍ പരാതി പറയുന്നു. ഒരു തരത്തലില്ലെങ്കില്‍ മറ്റൊരു തരത്തില്‍, മറ്റുള്ളവര്‍ നിങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് നടത്തുന്നു. നിങ്ങളുടെ പേരും ജനനവും പഠനവും ഒരുപക്ഷേ, നിങ്ങളുടെ ജോലിയും ജീവിത പങ്കാളിയും അവര്‍ തിരഞ്ഞെടുക്കുന്നുവെന്ന് നിങ്ങള്‍ പരാതിപ്പെടുന്നു. നിങ്ങള്‍ നിര്‍ബന്ധമായോ അല്ലാതെയോ ഈ ജീവിതം സ്വീകരിക്കുന്നു. എന്നാലിപ്പോള്‍, നിങ്ങള്‍ക്ക് ഇങ്ങനെ തുടരാന്‍ കഴിയുന്നില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റാരുടെയും ആഗ്രഹത്തിന് വേണ്ടിയല്ലാതെ നിങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ജീവിതം. പുതിയൊരു ജന്മം നിങ്ങള്‍ ആഗ്രഹിക്കുന്നു. ഏത് വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടതെന്നും എന്താണ് അന്വേഷിക്കേണ്ടതെന്നും ഏതൊരു വ്യക്തിയാണ് ആകേണ്ടതെന്നും നിങ്ങള്‍ അന്വേഷിക്കുന്നു. എന്നാല്‍, എന്ത് തിരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ക്കറിയില്ല.

ഓരോ വ്യക്തിക്കും തന്റെ ജീവിതത്തില്‍ ഏറ്റവും പ്രയാസംനിറഞ്ഞ ജോലി തിരഞ്ഞെടുപ്പാണ്. എനിക്ക് ഈ വഴിയാണ് പോകേണ്ടത്, ആ വഴിയല്ല പോകേണ്ടതെന്ന് നിങ്ങള്‍ പറയുന്നതാണ്. തിരഞ്ഞെടുപ്പ് വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്. സുപ്രധാന കാര്യത്തിനായാലും, നിസാര കാര്യത്തിനായാലും. റെസ്റ്റോറന്റിലെ മെനുവില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ട ഭക്ഷണം തിരഞ്ഞെടുക്കുന്നതുപോലെ. തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍, വലിയ സാഹസത്തിനാണ് മുതിരുന്നതെന്നും വിജയിക്കുകയാണെങ്കില്‍ നാം ആഗ്രഹിക്കുന്നത് നേടുകയും അബദ്ധം പിണയുകയാണെങ്കില്‍ നാം പരാജയപ്പെടുകയും ചെയ്യുമെന്നും ചിന്തിക്കുമ്പോള്‍ നമ്മള്‍ കാര്യങ്ങള്‍ അല്‍പം പെരുപ്പിച്ച് കാണുന്നു.

ഇത് നമ്മെ ഓരോ തിരഞ്ഞെടുപ്പിലും ഭയപ്പെടുത്തുകയും പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മള്‍ ഒരു പ്രവര്‍ത്തനത്തിനും മുതിരുകയില്ല. എന്നാല്‍, നമ്മള്‍ നമ്മുടെ ആഗ്രഹങ്ങള്‍ അവസാനിപ്പിക്കുന്നുമില്ല. യഥാര്‍ഥത്തില്‍, കാര്യങ്ങള്‍ വളരെ ലളിതമാണ്. ഓരോ തിരഞ്ഞെടുപ്പിലും ഗുണപരമല്ലാത്ത വശങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ മതി. തിരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കില്‍ യാതൊരു പ്രശ്‌നവുമുണ്ടാകില്ല. എല്ലാം ശരിയായികൊണ്ടുള്ള തിരഞ്ഞെടുപ്പ് തേടുന്നത് അസംബന്ധമാണ്. ഈ ലോകത്തിലെ ഓരോ കാര്യവും അങ്ങനെയല്ല. അതിലൊന്നും പൂര്‍ണത കാണാന്‍ കഴിയുകയില്ല. അത് ലോകസ്രഷ്ടാവിന് മാത്രം അവകാശപ്പെടാനുള്ളതാണ്.

എത്ര കുറച്ച് നമ്മെ ബാധിക്കണമെന്നത് നാം ഓരോരുത്തരും തീരുമാനിക്കണം. അത്, പ്രതികൂലമായത് സംഭവിക്കുമ്പോള്‍ സഹിക്കാനുള്ള നമ്മുടെ കരുത്താണ്. അതിലുപരിയായി, ഓരോ തിരഞ്ഞെടുപ്പിനും വില നല്‍കാന്‍ നാം തയാറാകേണ്ടതുണ്ട്. വെറുതെ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകില്ല. വില നല്‍കാതെ സൗജന്യമായ തിരഞ്ഞെടുപ്പുകള്‍ അന്വേഷിക്കുന്നത് വഞ്ചനാപരമാണ്. ഒരുപക്ഷേ, അവസാനം ഏറ്റവും ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വരിക. ഓരോ സാഹചര്യത്തിലും വേറിട്ട തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ അതിന് നല്‍കേണ്ടി വരുന്ന വിലയും ഉയരും. കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. ഇതിനായി നമ്മുടെ മനസ്സിനെ ബോധ്യപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതെഴുതുന്ന ആള്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്.

അതിനാലാണ് നമ്മുടെ അവസ്ഥയെ കുറിച്ച് പരാതി പറയാന്‍ താല്‍പര്യപ്പെടുന്നത്. നമ്മുടെ സാഹചര്യം, പഠനം, ജോലി, രാഷ്ട്രം, പങ്കാളി എന്നിവയെ കുറിച്ചെല്ലാം നമ്മള്‍ പരാതി പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് നടത്താന്‍ ഭയപ്പെടുന്നു. മാറ്റം കൊണ്ടുവരാന്‍ പേടിക്കുന്നു. ഒന്നിനും വില കൊടുക്കാന്‍ നാം തയാറാകുന്നില്ല. അല്ല, പരാതി പറയുന്നതാണ് നല്ലത്. പരാതി പറയുമ്പോള്‍ ഇരയുടെ വേഷമാണ് നമുക്കുള്ളത്. എന്നാല്‍, മറ്റൊരു വഴി തെരഞ്ഞെടുത്ത് നമുക്ക് തെറ്റ് സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക. നമ്മുടെ പരാജയത്തില്‍ ആരെയാണ് പ്രതിചേര്‍ക്കാന്‍ കഴിയുക. ഒന്നുമില്ല. അതിനാല്‍ തിരഞ്ഞെടുപ്പ് നടത്താതിരിക്കലാണ് നല്ലത്. നമ്മള്‍ പരാതി പറഞ്ഞങ്ങനെ മുന്നോട്ടുപോവുക. തിരഞ്ഞെടുപ്പെന്ന സാഹസത്തില്‍ നിന്ന് ഓടിരക്ഷപ്പെടാനാണ് നാം താല്‍പര്യപ്പെടുന്നത്. എത്ര മോശമവസ്ഥയാണെങ്കിലും നാമത് സ്വീകരിക്കുന്നു. നമ്മുടെ മനസ്സ് എളുപ്പമാണ് ആഗ്രഹിക്കുന്നത്.

സ്വന്തത്തിനെതിരെയുള്ള വിപ്ലവത്തെക്കാള്‍ ഒരുപാട് എളുപ്പമാണ് ഭരണാധികാരിക്കെതിരെയുള്ള വിപ്ലവം. അതെ, മനസ്സ് പെട്ടെന്ന് അനുസരിക്കുകയില്ല. വിപ്ലവകാരികള്‍ക്ക് സിംഹാസനം പിടിച്ചുകുലുക്കി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനോ അല്ലെങ്കില്‍ ഭരണാധികാരിയെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കാനോ സാധിക്കും. എന്നാല്‍, നിങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിക്കാനും, പഴയ മുഖം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കാനും, പുതിയ മുഖവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും, ചുറ്റുമുള്ള വിമര്‍ശനങ്ങള്‍ നേരിടാനും നിങ്ങളുടെ മനസ്സ് അനുവദിക്കുമോ? പുതിയൊരു ജന്മത്തിന് വേണ്ടി സ്വന്തത്തിനെതിരില്‍ വിപ്ലവം നയിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. നേരിടാനുള്ള ധൈര്യവും വേണം.

ഒരുപക്ഷേ, നിങ്ങള്‍ മറ്റുള്ളവര്‍ക്കെതിരില്‍ കരുത്തനായിരിക്കും. എന്നാല്‍, നിങ്ങള്‍ക്കെതിരില്‍ നിങ്ങള്‍ നിശ്ശബ്ദനുമായിരിക്കും. നിങ്ങളുടെ ദൗര്‍ബല്യവും കുറവുകളും നിങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക് നേരിടാനുള്ള കരുത്തില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതത്തെ മാറ്റിപ്പണിയാനും കഴിയുന്നില്ല. നിങ്ങള്‍ തിരഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കുക. ശ്രമിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. കടന്നുപോയത് വെറുതെയാവില്ല. ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച അനുഭവങ്ങള്‍ പുതിയൊരു ജീവിതം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ക്ക് പിന്നീട് പ്രയോജനപ്പെടും. നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശേഷി നിങ്ങളുടെ പക്കലുണ്ടെന്ന് നിങ്ങള്‍ ഉറച്ച് വിശ്വസിക്കുകയും വേണം.

പ്രമുഖ ലാറ്റിന്‍ നോവലിസ്റ്റായ ഇസബെല്‍ അലന്‍ഡെ പറയുന്നു: ‘നമ്മിലെല്ലാവരിലും നിശ്ചയദാര്‍ഢ്യത്തിന്റെ ഉറച്ച ശേഖരമുണ്ട്. പരീക്ഷണങ്ങള്‍ക്ക് ജീവിതം വിധേയപ്പെടുമ്പോള്‍ അത് വെളിപ്പെടുന്നു.’ ഇതെല്ലാം വിധിയാണെന്ന് നിങ്ങള്‍ ഒഴിവുകഴിവ് പറയരുത്. കാരണം നമ്മുടെ വിധിയെന്താണെന്ന് നമുക്കറിയില്ല. നിലവിലെ നമ്മുടെ സാഹചര്യത്തിന് കീഴടങ്ങുന്നത് ഒരിക്കലും സംതൃപതമായ കാര്യമല്ല. അത് ബലഹീനതയാണ്. തീര്‍ച്ചയായും അത് ദുര്‍ബലതയാണ്. കാലത്തിന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ വെള്ളക്കൊടി പാറിക്കാന്‍ നാഥന്‍ നിങ്ങളോട് പറഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പൊരു പരീക്ഷണമാണ്. പുതിയ ജന്മത്തിന് കഠിനമായ പ്രസവവേദന അനിവാര്യമാണ്. എന്നാലാണ് പുതുജന്മം അതര്‍ഹിക്കുന്നത്. പുതുജന്മം കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങളിലെ പുതിയ പതിപ്പിനെ അന്വേഷിക്കുകയെന്നതാണ്. ഈ പ്രവൃത്തി നമ്മുടെ മരണം വരെ അവസാനിക്കുന്നില്ല. നവീകരിക്കുകയെന്ന പ്രക്രിയ അവസാന ശ്വാസം വരെയും തുടരണം.

മൊഴിമാറ്റം: അര്‍ശദ് കാരക്കാട്

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles