Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്ന് ഇഷ്ടപ്പെട്ട വിവാഹാഘോഷം

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച നാഥൻ ഒരു സന്ദർഭത്തിൽ മലക്കുകളുടെ മുമ്പാകെ നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് മനുഷ്യന്റെ സൃഷ്ടി നടത്തുന്നത്. ഭൂമിയിൽ വസിക്കാൻ വേണ്ടി പടച്ച മനുഷ്യന്റെ സൃഷ്ടിപ്രക്രിയ നിർവഹിച്ചത് സ്വർഗത്തിൽ വെച്ചാണ്. എല്ലാ സൃഷ്ടിയെയും ഇണകളായി പടക്കുക എന്നത് അല്ലാഹുവിന്റെ സുന്നത്ത് അഥവാ നടപടിക്രമമാണ്. മനുഷ്യനെ പടച്ചപ്പോഴും ആണിന് തുണയായി പെണ്ണിന്നും അവൻ ജന്മം നൽകി. അവരിലൂടെ സന്താന വർധന നടത്തിയപ്പോഴും ആൺ പെൺ സന്തുലനം സാധ്യമാക്കി. എതിർ ലിംഗത്തോടുള്ള ആകർഷണ ശേഷി ഓരോരുത്തരിലും നിക്ഷേപിച്ചു. മനുഷ്യ സമൂഹം വ്യാപിച്ചപ്പോൾ ഇണയെ കണ്ടെത്താനും ഇണകളായി ജീവിക്കാനുമുള്ള പ്രേരണ നൽകുന്നതോടൊപ്പം അതിനാവശ്യമായ വ്യവസ്ഥകൾ നിശ്ചയിച്ചു. പല കാലങ്ങളിലായി നിയോഗിതരായ പ്രവാചകന്മാരിലൂടെ മനുഷ്യന് നൽകപ്പെട്ട ദൈവിക വ്യവസ്ഥയിൽ അതാത് കാലത്തിലെ മാനവപുരോഗതിക്കൊത്ത മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മനുഷ്യ സമൂഹത്തിനായ് നൽകപ്പെട്ട ദൈവിക വ്യവസ്ഥയുടെ ഒടുവിലത്തെ എഡിഷൻ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തിൽ നൽകപ്പെട്ടു. അത് മനുഷ്യ ജീവിതത്തെ ആമൂലാഗ്രം സ്പർശിക്കുന്നതായിരുന്നു. സ്വാഭാവികമായും ദാമ്പത്യ ജീവിത സംബന്ധിയായ പാഠങ്ങൾ അത് ഉൾക്കൊള്ളുന്നുണ്ട്. തദ്സംബന്ധമായി അർറൂം അധ്യായത്തിൽ പങ്കുവെക്കുന്ന സൂക്തത്തിന്റെ ആശയസാരം ഇതാണ് : നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചു തന്നത് ദൈവിക ദൃഷ്ടാന്തമാണ്. അതിന്റെ ലക്ഷ്യമാകട്ടെ നിങ്ങൾ പരസ്പരം ശാന്തിയും സമാധാനവും നുകരുകയാണ്. അത് സാധ്യമാക്കാനാവശ്യമായ പ്രണയ, കാരുണ്യ വികാരങ്ങൾ നിങ്ങൾക്കിടയിൽ ചേരുവയാക്കി വെച്ചിട്ടുമുണ്ട്. ചിന്താശേഷിയുള്ള സമൂഹത്തിന് വിസ്മയങ്ങൾ ദർശിക്കാൻ കഴിയും. وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓاْ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ(الروم:21)

വിവേചന ശേഷിയില്ലാത്ത ജന്തുജാലങ്ങൾക്ക് ശരീരകാമനകൾ പൂർത്തീകരിക്കാൻ ബന്ധങ്ങളോ പരിസരമോ തടസ്സമാവാറില്ല. ലോക നാഥന്റെ ഖലീഫമാരായ മനുഷ്യന്റെ കാര്യം അങ്ങിനെയല്ല. സ്വാഭാവികമായ ശാരീരികേഛയുടെ പൂർത്തീകരണത്തിന് ഇണയെ പ്രാപിക്കുകയെന്നത് പ്രകൃതിയുടെ തേട്ടമാണ്. അതിന് പ്രത്യേകിച്ച് നിയമങ്ങളോ വ്യവസ്ഥകളോ വേണ്ടതില്ലെന്ന് കരുതുന്നവരും ആ ആശയത്തിന്റെ പ്രചാരകരായി പ്രവർത്തിക്കുന്നവരും മുമ്പെന്ന പോലെ ഇന്നും ലോകത്തെവിടെയും ഉണ്ട്. അല്ലാഹുവിന് വിധേയപ്പെട്ട് ജീവിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട സവിശേഷ വിഭാഗമായ മനുഷ്യരിൽ പൂർണാർപ്പണ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് നിലപാട് പ്രഖ്യാപിച്ചവരാണ് വിശ്വാസികൾ. വിശ്വാസികൾക്ക് തങ്ങളുടെ ജീവിതവും മരണവും അടക്കം നാഥന് സമർപ്പിക്കാനുള്ളത് തന്നെ. ജീവിതത്തിന്റെ സൗന്ദര്യവും തികവും ഇലാഹിന്റെ വിധി വിലക്കുകളെ പൂർണമായി ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിലൂടെ സാധ്യമാകുന്നതാണ്. ദൈവികമായ അനേകം ജീവിത പാഠങ്ങളിൽ സുപ്രധാനമായ ഒന്നു തന്നെയാണ് വിവാഹം. അതിനാൽ, വിശ്വാസിക്ക് വിവാഹം ഇസ്‌ലാമികമായ ഒരു ഉത്തരവാദിത്തമാണ്. പുണ്യമാക്കപ്പെട്ട ഇബാദത്തുമാണ്. ഒരുവിധമൊക്കെ വേണ്ടെന്ന് വെക്കാവുന്ന കേവലമായ ഐഛിക സൽപ്രവർത്തിയല്ല ഇസ്‌ലാമിൽ നികാഹ്.

വിവാഹം ഏതൊരാളുടേയും ജീവിതത്തിലെ ഒരു നിർണായക സന്ദർഭമാണ്. വിവാഹത്തിലൂടെ അയാൾ പുതിയ അനുഭവങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഇന്നലെ വരെ ആരുമല്ലാതിരുന്നവർ ഇന്ന് ഇണകളാകുന്നു. കൂട്ടുകാരാകുന്നു. ആത്മമിത്രങ്ങളാകുന്നു. ഒന്നും ഒന്നുമാകുന്ന രണ്ടുരുകി വലിയ ഒന്നായിത്തീരുന്നു. പരസ്പരം ന്യൂനത മറക്കുന്ന, അലങ്കരിക്കുന്ന വസ്ത്രമായി മാറുന്നു. അല്ലാഹുവിനെ മുൻ നിർത്തി, ജനത്തെ സാക്ഷിയാക്കി യുവതിയുടെ പിതാവ് ‘എന്റെ മകളെ താങ്കൾക്ക് നിശ്ചിത മഹ്റിന് ഇണയാക്കിത്തന്നിരിക്കുന്നു’ എന്ന് യുവാവിനോട് പറയുന്നു. അതിന് മറുപടിയായി യുവാവ് ‘ ഞാനത് സ്വീകരിച്ചിരിക്കുന്നു’ എന്ന് തിരിച്ച് പറയുന്നു. അതോടെയാണ് ഈ അദ്ഭുതം സംഭവിക്കുന്നത്.

നികാഹ് വഴി സ്വായത്തമാക്കുന്നത് വലിയ അനുഗ്രഹങ്ങളാണ്. എന്തെന്നാൽ, വിശ്വാസത്തിന്റെ സംരക്ഷണത്തിനും ജീവിതത്തിന്റെ വിശുദ്ധിക്കും മനസ്സിന്റെ ശാന്തിക്കും വിവാഹം സഹായകമാകുന്നു. ആവശ്യ പൂർത്തീകരണത്തിന് വിഹിതമായ മാർഗമേ അവലംബിക്കാവൂ എന്നത് ദൈവവിധിയാണ്. ജീവിതം ഹിതകരമാക്കുന്നതിന്ന് വിവാഹം എന്ന മാർഗമവലംബിക്കുന്നത് മതത്തിന്റെ മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്നതിന് ഏറെ അനിവാര്യമാണ്. ‘വിവാഹത്തിലൂടെ മതത്തിന്റെ പാതിയാണ് ഒരാൾ കൈവരിക്കുന്നത്. ബാക്കി പകുതിയിൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കട്ടെ’ എന്ന തിരുമൊഴി അതാണ് പഠിപ്പിക്കുന്നത്.

മനസ്സിന്റെ വികാരങ്ങളായ പ്രണയവും കാരുണ്യവുമാണ് വിവാഹ ജീവിതത്തിലൂടെ ഏതൊരാളും അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും. പരസ്പരം പുണർന്ന് പ്രാപിക്കുന്ന ശാന്തിയും സമാധാനവും വ്യക്തിപരമായ ജീവിതത്തിൽ പ്രസരിപ്പിക്കുന്നത് ദൈവിക സുഗന്ധമാണ്. ദിവ്യ വെളിച്ചത്തിൽ മുന്നേറുന്നവരിലൂടെ സമൂഹത്തിനും അതിന്റെ ഗുണഫലങ്ങൾ ആസ്വദിക്കാനാവുന്നു. അർഹതപ്പെട്ട അവകാശികൾക്ക് പകർന്ന് നൽകാതെ കരുതിവെക്കുന്ന പ്രണയം നിശ്ഫലമാണ്. പ്രകടിപ്പിക്കേണ്ടവർ പാത്തുവെക്കുന്ന / നിഷധിക്കപ്പെടുന്ന സ്നേഹമാണ് അളവറ്റ വിപത്തുകൾക്ക് കാരണമാകുന്നത്. ജീവിതം അഭിനയമല്ല; സത്യശുദ്ധ യാഥാർഥ്യമാണ്. ആത്മാർഥ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പരസ്പരം പ്രണയം ഒഴുകേണ്ട രംഗമാണ് ദാമ്പത്യം.

വിവാഹം ആഗ്രഹിക്കുന്ന യുവാവിനും യുവതിക്കും പരസ്പരം കാണാനും സംസാരിക്കാനും മനസ്സിലാക്കാനും അവസരവും സാവകാശവും ഉണ്ടാകണം. അടിച്ചേൽപിച്ചോ സമ്മർദം ചൊലുത്തിയോ സംഭവിക്കേണ്ടതല്ല വിവാഹം. അങ്ങിനെ ഒരു കാലം കഴിഞ്ഞ് പോയിട്ടുണ്ട്. കെട്ടിയേൽപിക്കൽ സാധ്യമല്ലാത്ത വിധം തലമുറ മാറി. ഒന്നിച്ച് ജീവിക്കേണ്ടവർ പരസ്പരം ബോധിച്ചാൽ, ഇഷ്ടപ്പെട്ടാൽ മാത്രം സംഭവിക്കേണ്ടതാണ് വിവാഹം. എല്ലാ രംഗത്തുമെന്ന പോലെ വൈവാഹിക രംഗത്തും അവഗണിക്കപ്പെടാൻ സാധ്യതയുള്ള വിഭാഗമാണ് സ്ത്രീകൾ. സ്ത്രീയെ സവിശേഷം ആദരിച്ചതാണ് ഇസ്‌ലാമിന്റെ പ്രമാണങ്ങളും ചരിത്രവും. വിവാഹത്തിൽ പെണ്ണിന്റെ സമ്മതത്തിന് വലിയ പ്രാധാന്യം നൽകിയതിന്റെ ന്യായവും മറ്റൊന്നല്ല. അത് സാക്ഷ്യപ്പെടുത്തുന്ന പ്രവാചക പാഠങ്ങൾ ധാരാളം കണ്ടെടുക്കാം. പെണ്ണിന്റെ സമ്മതമില്ലാത്ത വിവാഹങ്ങൾ അസാധുവാക്കാൻ അവൾക്ക് തന്നെ അനുവാദം നൽകുന്നുണ്ട് സ്ത്രീവിമോചകൻ കൂടിയായ പ്രവാചകൻ.

വിവാഹവും ജീവിതവും ആഗ്രഹിക്കുന്നവർ അതെങ്ങിനെയും ആയിക്കോട്ടെ എന്ന് വെച്ചിട്ടില്ല ദീൻ. അതിന് അതിന്റേതായ ചിട്ടകളും വ്യസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. ആണും പെണ്ണും മാത്രം തമ്മിൽ തീരുമാനിച്ച് ഒന്നിച്ചാൽ ഇസ്‌ലാമിക ജീവിതമാകില്ല. വിവാഹം സാധുവാകാൻ രക്ഷകർത്താവിന്റെ സമ്മതവും അവശ്യമാണ്. പ്രഹസനമാകാത്ത വിവാഹാലോചനയുടെ നടപ്പുരീതികൾ ദമ്പതികൾക്ക് ഗുണകരമാണ്. അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ സൂക്ഷ്മാന്വേഷണവും ആവശ്യം തന്നെ. നന്മ ലക്ഷ്യമാക്കി മക്കളുടെ ശുഭ ജീവിതത്തെ കരുതി ന്യൂനതകൾ വെളിപ്പെടുത്താൻ അനുവദിക്കപ്പെട്ട സന്ദർഭമാണ് വിവാഹാലോചനയുടേത്. എന്നാൽ, അനാവശ്യമായ ഇടപെടലുകൾ നടത്തി, ചെറിയ കാര്യങ്ങൾ പർവതീകരിച്ചവതരിപ്പിച്ച്, ഇല്ലാത്തത് ആരോപിച്ച് വിവാഹം മുടക്കുന്ന ചിലർ അപൂർവം നാടുകളിൽ കാണപ്പെടാറുണ്ട്. കല്യാണം മുടക്കികൾ എന്ന ശാപപ്പേരിലാണവർ അറിയപ്പെടുന്നത്. അവർ സമൂഹത്തോട് ചെയ്യുന്നത് വലിയ ദ്രോഹമാണ്. അവർ നാടിന്റെ ശാപമാണ്. ഇഹത്തിൽ അവർ എത്ര മാന്യരാണെങ്കിലും പരലോകത്ത് അപമാനിതരായിരിക്കും, ശിക്ഷാർഹരായിത്തീരും.

തന്റേതല്ലാത്ത കാരണങ്ങളാൽ വൈവാഹിക ജീവിതം സാധ്യമാകാത്തവരുടെ വിഷയത്തിൽ സമൂഹത്തിന് ബാധ്യതയുണ്ട്. മഹല്ലിന്റെയും സംഘടനകളുടെയും പ്രദേശത്തിന്റെയും ചിന്താവിഷയമാകേണ്ട കാര്യമാണത്. യുവതീ യുവാക്കളെ ബോധവൽക്കരിക്കുന്നതിലും കുടുംബ ജീവിതത്തിലേക്ക് അവരെ എത്തിക്കുന്നതിലും തലമുറയെ വളർത്തുന്നതിലുമെല്ലാം ആവശ്യമായ പരിശീലനം നൽകുന്നതിൽ ഈ സംവിധാനങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാനുണ്ട്.

ഇണകളായി ജീവിക്കാൻ തീരുമാനിക്കുന്നവർ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്നതോടൊപ്പം ദാമ്പത്യ ജീവിതത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ പാഠങ്ങൾ ഖുർആനും ഹദീസും ചരിത്രവും വർത്തമാനവും അടിസ്ഥാനമാക്കി പഠിക്കണം, ഉൾക്കൊള്ളണം. ദൈവിക താൽപര്യങ്ങളിൽ നിന്ന് രൂപപ്പെടുന്ന ബന്ധത്തിന്‌ നല്ല ദൃഢതയുണ്ടാവും. ക്ഷമിക്കാനും പൊറുക്കാനും വിട്ടുവീഴ്ച്ച ചെയ്യാനും ഏറെ സന്നദ്ധമാകേണ്ടവരാണ് ഇണകൾ. വിവാഹ പ്രായമാകുമ്പോൾ വായനയിലൂടെ ജീവിതത്തെക്കുറിച്ച നല്ല ധാരണ സമ്പാദിക്കുന്നത് തെളിമയോടെ ജീവിതത്തെ രൂപപ്പെടുത്താൻ സഹായകമാകും. ആരുടെയും ജീവിതം മറ്റൊരാളുടേതു പോലെ അല്ല; ആവില്ല. എന്നിരുന്നാലും ജീവിതാനുഭവങ്ങളുള്ള നന്മേഛുക്കളിൽ നിന്ന് ഉപദേശനിർദേശങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. അപരിചിതമായ ജീവിത സന്ദർഭങ്ങളെ കുറിച്ച ധാരണ സമ്പാദിക്കാനും തെറ്റുധാരണകൾ ഇല്ലാതാക്കാനും ഉചിതമായ തീരുമാനങ്ങളിലൂടെ ചലിക്കാനും അതനിവാര്യമാണ്. അങ്ങിനെ നല്ല നിയ്യത്തിന്റെ അടിത്തറയിൽ നിരന്തരമായ പ്രാർഥനയിലൂടെ മനോഹര ജീവിത സൗഥം കെട്ടിപ്പടുക്കാം.

വിവാഹം സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സന്ദർഭമാണ്. കർമശാസ്ത്രപരമായി നിക്കാഹിന് വരനും വലിയ്യും രണ്ട് സാക്ഷികളും മതിയാകുമെങ്കിലും രണ്ട് പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത് ജനങ്ങളറിയുക എന്നത് പ്രധാനം തന്നെയാണ്. ‘നിങ്ങൾ വിവാഹം പരസ്യമാക്കുക’ എന്ന് പ്രവാചകൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ് നാട്ടിൽ നിന്നും അകലെ ഒരിടത്ത് വെച്ച്, നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യമില്ലാതെ നടന്ന സമൂഹ വിവാഹത്തിൽ വെച്ച് ജീവിതം ആരംഭിച്ച ദമ്പതികളോട്, അവരെ പലയിടത്തും കണ്ട് തെറ്റുധരിച്ച ഒരു അയൽവാസി വീട്ടിൽ വന്ന് മാപ്പ് പറഞ്ഞതിന് സാക്ഷിയായിട്ടുണ്ട്. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കാൻ ശുഭകരമായ ആ ചടങ്ങിന് സാക്ഷിയാകാനും വധൂവരന്മാരുടെ നന്മക്കും നല്ല ഭാവിക്കും വേണ്ടി പ്രാർഥിക്കാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽക്കാരെയും ക്ഷണിക്കുന്നതു നല്ലതാണ്. ഓരോ വിവാഹവും ബന്ധുക്കളിലേക്കും അയൽക്കാരിലേക്കും എത്തിക്കുന്ന സന്തോഷവും ആഹ്ലാദവും ചെറുതല്ല. കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും അയൽപക്ക ബന്ധങ്ങളും ഊഷ്മളമാക്കുക എന്ന നിലയിൽ വിവാഹാഘോഷ സംഗമങ്ങൾ വളരെ നന്മനിറഞ്ഞതാണ്. അതിഥികളായി വരുന്നവർക്ക് മാന്യമായ ആഹാരം നൽകി സൽക്കരിക്കുക എന്നതാകട്ടെ പുണ്യ പ്രവൃത്തിയുമാണ്. ആ അർഥത്തിൽ സാധ്യതയനുസരിച്ച് വിവാഹ വിരുന്ന് എണ്ണത്തിലും വണ്ണത്തിലും നന്നാക്കാം. വരനെ സംബന്ധിച്ചേടത്തോളം അത്തരമൊരു സൽക്കാരം നിർബന്ധമാണെന്ന് പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. വിവാഹത്തിന് സദ്യ ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരുമൊഴിയുണ്ട്. അതിനാണ് വലീമ എന്ന് പറയുന്നത്. വിവാഹം കഴിഞ്ഞ വിവരം അറിയിച്ച പ്രമുഖ സ്വഹാബി അബ്ദുർറഹ്‌മാനുബ്നു ഔഫിനോട് ഒരു ആടിനെ അറുത്ത് വിരുന്നൊരുക്കാമായിരുന്നില്ലേ എന്ന് റസൂൽ(സ) ചോദിക്കുന്നുണ്ട്. പ്രവാചകന്റെ വിവാഹങ്ങളിലും അത്തരം വിരുന്നുകൾ നൽകപ്പെട്ടിട്ടുണ്ട്. സൈനബു(റ)മായുള്ള വിവാഹത്തിനായിരുന്നു വലിയ സദ്യ. ഒരു ആടിനെ അറുത്തുകൊണ്ടായിരുന്നു അത്. മാംസാഹാരമില്ലാതെയും നബി(സ) വിവാഹ സൽക്കാരം നടത്തിയിട്ടുണ്ട്. നാട്ടിലെ പാവപ്പെട്ട മനുഷ്യർ ക്ഷണിക്കപ്പെടാത്ത വിവാഹ ഭക്ഷണമാണ് ഏറ്റവും മോശമായത് എന്ന തിരുമൊഴി ഏറെ ഗൗരവതരമാണ്. ഈയിടെ നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത സുഹൃത്ത് വിശേഷിപ്പിച്ചത് ‘നാട്ടിലെ എല്ലാ പാവപ്പെട്ടവരും ക്ഷണിക്കപ്പെട്ട വിവാഹം’ എന്നായിരുന്നു. ക്ഷണം സ്വീകരിക്കലും നോമ്പുകാരനാണെങ്കിൽ പോലും വിവാഹ സദസ്സിൽ ഹാജറാവലും പ്രാർഥിക്കലും വിശ്വാസിയുടെ കടമയാണ്. അനിവാര്യമെങ്കിൽ ആതിഥേയന്റെ സമ്മർദത്താൽ സുന്നത്ത്നോമ്പ് മുറിച്ച് ആഹാരം കഴിക്കുന്നതും തെറ്റല്ല.

ആഹാരം റബ്ബിന്റെ ഏറെ വലിയ നിഅ്മത്താണ്. ഭക്ഷണത്തിന് ലക്ഷ്യവും സംസ്കാരവുമുണ്ട്. നമ്മുടെ ആഹാര സംസ്കാരം കൈമോശം വന്നത് കാണാതിരിക്കാനാവില്ല. വിവാഹ ഭക്ഷണം ഒരു കാലത്ത് വലിയ ദാനമായിരുന്നു. അന്ന് മനുഷ്യർ മുഴുപ്പട്ടിണിയും അർഥ പട്ടിണിയുമായിരുന്നു. കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുന്ന രാജ്യത്ത് വിശേഷിച്ച് കേരളത്തിൽ ഇന്ന് ആഹാരം കൊണ്ട് ചിലർ പൊങ്ങച്ച പ്രകടനമാണ് നടത്തുന്നത്. ഫുഡ് ഫെസ്റ്റിവൽ പോലെ ആറാടുകയാണ്. ലക്ഷങ്ങൾ പൊടിപൊടിക്കുകയാണ്. വിരലിലെണ്ണിയാൽ പോലും തീരാത്തത്ര തരങ്ങൾ, വർണങ്ങൾ ആഹാരത്തിലെ അഹങ്കാരമല്ലാതെ മറ്റെന്താണ്. ഇന്ന് മുസ്‌ലിം സമുദായം നടത്തിക്കാണിക്കുന്ന വിവാഹാഘോഷങ്ങൾ നമ്മുടെ പൂർവികരുടെ വിവാഹ സങ്കൽപത്തിൽ നിന്നും പ്രവാചക പാഠങ്ങളിൽ നിന്നും എത്രത്തോളം മാതൃക സ്വീകരിച്ചുകൊണ്ടുള്ളതാണ് എന്നത് കനപ്പെട്ട ഒരു ചോദ്യമാണ്.

വിവാഹത്തിലെ പ്രധാന ഘടകങ്ങളിലൊന്ന് മഹ്റാണ്. വരൻ വധുവിന് നൽകുന്ന നിർബന്ധ ധനമാണ് വിവാഹമൂല്യം. അതിന് പരിധി നിർണയിച്ചിട്ടില്ല. വരന്റെ സാമ്പത്തിക നിലയാണ് മഹ്റിന്റെ തോത് നിശ്ചയിക്കേണ്ടത്. അതിന്റെ അവകാശം വധുവിനാണ്. ആ ബോധം ഇനിയും വളർന്നിട്ടില്ല. ചരിത്രത്തിൽ സാമ്പത്തിക ശേഷി കുറഞ്ഞ പുരുഷന്മാർക്ക് മാത്രമേ ഇണകളെ ലഭിക്കാതെ പ്രയാസപ്പെട്ടത് നാം കണ്ടിട്ടുള്ളൂ. വനിതകൾക്ക് ഇസ്‌ലാമിന്റെ ചരിത്രത്തിൽ അത്തരമൊരനുഭവമുണ്ടായിട്ടില്ല. ജീവിതത്തിലെവിടെയുമെന്ന പോലെ ഭാരരഹിതമായ ജീവിതമാണ് ഇസ്‌ലാം സ്ത്രീക്ക് നിർണയിച്ചത്. വധു ആവശ്യപ്പെടുന്ന മഹ്ർ നൽകാൻ വരൻ ബാധ്യസ്തനാണ്. ഒരു ഇളവും യുവതികളുടെ ഭാഗത്ത് നിന്നും ഇല്ലാതായപ്പോൾ യുവാക്കൾക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ച ഖലീഫ ഉമറിന് സമുദായത്തിലെ സ്ത്രീകളിൽ നിന്ന് വിമർശനമേൽക്കേണ്ടി വന്നിട്ടുണ്ട്. യുവാക്കളുടെ ഭാരം ലഘൂകരിക്കാൻ മഹ്റിന്റെ അളവ് കുറച്ചൂടേ എന്നാണ് ഉമർ(റ) മിമ്പറിൽ വെച്ച് ചോദിച്ചത്. കൂമ്പാരം വാങ്ങിക്കോളാൻ അല്ലാഹു പറഞ്ഞിരിക്കെ കുറക്കണമെന്ന് ആവശ്യപ്പെടാൻ ഉമറിന് അവകാശമില്ലെന്ന് വനിതയുടെ മറുപടി. കേട്ട മാത്രയിൽ അവിടെ വെച്ച് രാഷ്ട്ര നായകൻ മാപ്പ് പറഞ്ഞതാണ് അനുഭവം. കാലം മാറി. സമുദായത്തിന്റെ കോലവും പലതായി മാറി. എന്നിരിക്കെ പെൺകുട്ടികളുടെ രക്ഷിതാക്കൾ എത്രമാത്രം പ്രയാസമാണ് അനുഭവിക്കുന്നത്. സ്ത്രീധനം എന്ന മഹാവിപത്ത് ഇനിയും നാട് നീങ്ങിയിട്ടില്ല. കണക്ക് പറയുന്നതിന്ന് ഒരളവോളം മാറ്റം വരുമ്പോഴും കൊടുക്കാതിരിക്കാൻ കഴിയില്ല എന്നിടത്താണ് പെൺവീട്ടുകാരും. അനാവശ്യ ചുമടുകളേറ്റി അശാന്ത ജീവിതം തെരഞ്ഞെടുക്കുകയാണ്.

ആരാധനാ മനസ്സോടെ നടക്കേണ്ട ആഘോഷമാണ് വിവാഹം. നികാഹിന്റെ രൂപം തികച്ചും ആത്മീയമാണ്. അല്ലാഹുവിനെ സ്തുതിച്ചും പ്രവാചകനായ് സ്വലാത്ത് ചൊല്ലിയും നന്മ ഉദ്ബോധിപ്പിച്ചും കൊണ്ട് ദമ്പതികൾക്കായി നടത്തുന്ന പ്രാർഥനയാണ് ഏറ്റം ആകർഷകമായത്. സമൂഹം നവ ദമ്പതികൾക്കായ് പ്രാർഥിക്കുന്നതും വലീമയുമാണ് നികാഹ് സംഗമത്തിന്റെ ലക്ഷ്യം. വലിയ്യും വരനും നികാഹിന്റെ വചനങ്ങൾ ഉരുവിടുന്നതാണതിന്റെ വൈകാരികമായ മർമം. അതിലപ്പുറം പാട്ടും മുട്ടും ആഘോഷത്തിന്റെ ഭാഗമാക്കാം. ഇസ്‌ലാം നിശ്ചയിച്ച അതിരുകൾ ഈ സന്ദർഭത്തിലും ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. ദിവസങ്ങൾ നീണ്ട, വിവിധങ്ങളായ പേരുകളിൽ വിളിക്കപ്പെടുന്ന ആഘോഷങ്ങളുടെ നീളം ധൂർത്തിന്റെയും ദുർവ്യയത്തിന്റെയും ഭാഗമാണ്.

വധൂവരന്മാർക്ക് വിവാഹ സുദിനത്തിൽ പ്രത്യേക വസ്ത്രങ്ങൾ അണിയുന്നതിന് ന്യായമുണ്ട്. ഒരു ദിവസത്തേക്ക് മാത്രമായുള്ള വസ്ത്രത്തിന് ഒരുമാസത്തെ അധ്വാനത്തിന്റെ വില മാറ്റിവെക്കുന്നത് വിവേകമല്ല. ദിവസങ്ങൾ നീണ്ട മാമാങ്കത്തിന് ഓരോ ദിവസവും ബന്ധുക്കളെല്ലാം വ്യത്യസ്തമായ പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്നത് ആശാസ്യവുമല്ല. അതിന്റെ പേരിൽ അവഹേളനവും അവഗണനയും കാണിക്കുന്നത് അക്രമമല്ലാതെ മറ്റെന്താണ്? ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും മറ്റലങ്കാരങ്ങൾക്കും താങ്ങാനാവാത്ത ലക്ഷങ്ങളുടെ ബാധ്യതകൾ സൃഷ്ടിച്ച് ഇസ്‌ലാമിലെ ലളിത വിവാഹത്തെ വലിയ ഭാരമാക്കി മാറ്റിയിരിക്കുന്നു. സമ്പത്തുള്ളവർക്ക് ഒന്നും ഒരു ഭാരമല്ല. ദൈവഭയം ഇല്ലെങ്കിൽ അവരെ അതൊട്ടും ബാധിക്കാനും പോകുന്നില്ല.

സാമ്പത്തിക പരാധീനതകളുമായി ജീവിക്കുന്ന കുടുംബങ്ങളിലെ മക്കളുടെ മനസ്സിലും അത്തരം ആഗ്രഹങ്ങൾ മൊട്ടിടുന്നു. തങ്ങളുടെ പരിപാടികളും അങ്ങനെയാവാം എന്നവർ തീരുമാനിക്കുന്നു. മതവിധികളോ പിതാവിന്റെ സാമ്പത്തിക സ്ഥിതിയോ ഉൾക്കൊള്ളാതെ കാര്യസാധ്യത്തിനായ് മക്കൾ വാശിപിടിക്കുന്നു , ഭീഷണിപ്പെടുത്തുന്നു , വെല്ലുവിളിക്കുന്നു. പ്രിയ മക്കളുടെ ആ ആഗ്രഹ സഫലീകരണത്തിനായ് രക്ഷിതാക്കൾ വലിയ ബാധ്യതകൾ വരുത്തിവെക്കുന്നു. കുന്നുകൂടുന്ന കടവും അതുവഴിയുള്ള പലിശയും അവസാനിക്കാത്ത പ്രവാസവും ഒടുങ്ങാത്ത നോവുമായി എത്ര രക്ഷിതാക്കളുടെ ജീവിതങ്ങളാണ് ഉരുകിത്തീരുന്നത്? സന്തോഷിച്ചിരിക്കേണ്ട നാളുകളിൽ എത്ര പേരാണ് കണ്ണീരോടെ കഷ്ടപെടുന്നത്. പാതിവഴിയിൽ നടുവൊടിഞ്ഞ കണ്ണീരിൽ സന്തോഷങ്ങൾ അലിഞ്ഞില്ലാതാവുന്നത്.

പവിത്രമായി നടക്കേണ്ട വിവാഹത്തിന്റെ പേരിൽ എന്തു മാത്രം അന്തക്കേടുകളും അനാചാരങ്ങളും അനാശാസ്യങ്ങളുമാണ് നടമാടിക്കൊണ്ടിരിക്കുന്നത്. ഓരോന്നും മുന്നിൽ വെച്ച് ചിന്തിക്കുക, ഇതിൽ അല്ലാഹുവിന്റെ കൽപനയോ പ്രവാചകന്റെ നിർദേശമോ പൂർവ സൂരികളായ മഹത്തുക്കളുടെ മാതൃകയോ നല്ലത് എന്ന് പറയാവുന്ന വല്ല നാട്ട് നടപ്പോ ഇതിൽ ഉള്ളടങ്ങിയിട്ടുണ്ടോ എന്ന് . അതൊന്നുമില്ലെന്ന് കണ്ടിട്ടും ഒരു മനസ്താപവുമില്ലാതെയാണ് ഈ അരുതായ്മകൾക്ക് പണവും കണ്ണും കാതും നൽകുന്നതെങ്കിൽ വിശ്വാസത്തെ തൊട്ട് കരളുണങ്ങിയതിന്റെ അടയാളമായിക്കണ്ട് ഉടൻ ചികിത്സ തേടേണ്ടതാണ്. പടച്ചവനെയും പരലോകത്തെയും ഓർത്ത് ഇനിയും പുനരാലോചനക്ക് സമയമായില്ലേ ?

ദൈവപ്രീതി ലക്ഷ്യമാക്കുന്നതാണ് ആഗ്രഹിക്കുന്ന ജീവിതമെന്ന് വാക്കു കൊണ്ടും കർമം കൊണ്ടും നാം സ്വയവും പരസ്പരവും ബോധ്യപ്പെടുത്തണം. എന്നിട്ടും സംഭവിക്കുന്ന പാകപ്പിഴവുകളിൽ നാഥനോട് പൊറുക്കലിനെ തേടാം. സ്വർഗത്തിൽ ഇണകളും മക്കളും പേരക്കിടാങ്ങളുമായി അനശ്വരമായി സംഗമിക്കുന്നതിനെ പറ്റിയും ഓർത്ത് യാത്ര തുടരാം. ദീനീ സംസ്കാരം നിറഞ്ഞ അകവും പുറവുമായി രാവും പകലും ആനന്ദകരമാക്കാം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles