Current Date

Search
Close this search box.
Search
Close this search box.

ആത്മസാഫല്യം തേടിയുള്ള പ്രയാണമാണ് ഹജ്ജ്

‘മക്കയിലേക്കുള്ള തീര്‍ഥാടനം ഒരു ആരാധനയാണ്; എല്ലാ ആരാധനാ ചടങ്ങുകളുടെയും സുമോഹന സമ്മേളനമായ ആരാധന’ -മൗലാന മൗദൂദി

ഓരോ മുസ്‌ലിമിന്റെയും അഭിലാഷമാണ് മക്കയിലേക്കുള്ള തീര്‍ഥാടനം. തീര്‍ഥാടനത്തെ താലോലിച്ചുകൊണ്ടാണ് മുസ്‌ലിം ചേതസ് വികസിക്കുന്നത്. പൂര്‍ണതയിലേക്കുള്ള ചിറകടിയാണ് തീര്‍ഥാടനം. ആത്മാവിനെ സ്ഫുടം ചെയ്യുന്നു അത്. ഹൃദയംകൊണ്ട് ആധ്യാത്മികമായ കവിതകള്‍ രചിക്കുന്ന പ്രക്രിയയാണ് തീര്‍ഥാടനം. നമസ്‌കാരം, ധനവ്യയം, പ്രാര്‍ഥന, മന്ത്രം, വേദപാരായണം, തിരുചര്യാ അനുധാവനം തുടങ്ങി എല്ലാ ആരാധനകളും അതിലുണ്ട്. തീര്‍ഥാടനത്തിലൂടെ മുസ്‌ലിം ദൈവാനുരാഗിയാവുന്നു. പുണ്യഭൂമിയില്‍ പശ്ചാത്തപിച്ചും കണ്ണീരൊഴുക്കിയും ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ദൈവത്തിലേക്കുള്ള മടക്കത്തിന്റെ പ്രതീകമാണ് തീര്‍ഥാടനമെന്ന് അലി ശരീഅത്തി പറയുന്നുണ്ട്.

തീര്‍ഥാടനത്തിന് അറബിയില്‍ ഹജ്ജെന്നാണ് പറയുന്നത്. സന്ദര്‍ശനം ഉദേശിക്കുകയെന്നാണ് ഭാഷയില്‍ അതിനര്‍ഥം. ദുല്‍ഹജ്ജ് മാസം കഅ്ബയും അതുള്‍ക്കൊള്ളുന്ന പ്രദേശങ്ങളും ആരാധനാ ഭാവത്തോടെ സന്ദര്‍ശിച്ച് നിശ്ചിത ചടങ്ങുകള്‍ നിര്‍വഹിക്കലാണ് സാങ്കേതികമായ അര്‍ഥത്തില്‍ ഹജ്ജ്. തീര്‍ഥാടനത്തിലെ ഓരോ ചടങ്ങും ഓരോ ഉദേശ്യമാണ്. അവയുടെ ലക്ഷ്യമോ, ദൈവത്തിലേക്കുള്ള യാത്രയും. കഅ്ബയാണ് തീര്‍ഥാടനത്തിന്റെ കേന്ദ്രം. ദൈവത്തിന്റെ കുറിമാനമാണത്. ശില്‍പഭംഗിയോ, കലയോ, കൊത്തുപണിയോ കഅ്ബക്കില്ല. പരുപരുത്ത ശിലകളാലും വെളുത്ത കുമ്മായത്താലും നിര്‍മിതമായ ലാളിത്യം വഴിഞ്ഞൊഴുകുന്ന കെട്ടിടമാണത്. എന്നാല്‍, കഅ്ബക്ക് അതിന്റെ തന്മയത്വമുണ്ട്. ആരാധനക്കുവേണ്ടി നിര്‍മിതമായ ഭൂമിയിലെ ആദ്യത്തെ ഭവനമാണത്. ഏകദൈവത്വമാണ് അതിന്റെ ആശയപരമായ അടിത്തറ.

തീര്‍ഥാടനത്തിന് വലിയ സ്ഥാനമാണ് ഇസ്‌ലാം നല്‍കുന്നത്. ശാരീരികമായും സാമ്പത്തികമായും പ്രാപ്തിയുള്ളവര്‍ നിര്‍ബന്ധമായും തീര്‍ഥാടനം നിര്‍വഹിക്കണം: ”ആ മന്ദിരത്തില്‍ എത്തിചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് തീര്‍ഥാടനം നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് ദൈവത്തോടുള്ള ബാധ്യതയാണ്”(ആലുഇംറാന്‍: 97). തിരുചര്യ അരുളുന്നു: ”ജനങ്ങളേ, ദൈവം നിങ്ങള്‍ക്ക് തീര്‍ഥാടനം നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍, നിങ്ങളത് നിര്‍വഹിക്കുക”(മുസ്‌ലിം).

ബോധോദയം
ആത്മസാഫല്യം തേടിയുള്ള യാത്രയാണ് തീര്‍ഥാടനം. ജീവിതം ആത്യന്തികമായി ദൈവത്തിലേക്കുള്ളതാണെന്നും യഥാര്‍ഥ ജീവിതം പാരത്രിക ജീവിതമാണെന്നും അത് ഓര്‍മിപ്പിക്കുന്നു. പവിത്രത(ഇഹ്‌റാം) യുടെ വസ്ത്രം ധരിക്കുന്നതോടെയാണ് തീര്‍ഥാടനത്തിന് തുടക്കമാവുന്നത്. വിശുദ്ധിയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണത്. ഭൗതികതയുടെ ഉടയാടകള്‍ ദൂരെകളഞ്ഞ് വിശുദ്ധിയുടെ വിഹായസിലേക്കുള്ള പരിവര്‍ത്തനമാണത്. പവിത്രതയുടെ വസ്ത്രം മരണത്തെയും ശവപ്പുടവയെയും സംബന്ധിച്ച ഓര്‍മ ഉള്ളകത്തില്‍ കൊണ്ടുവരുന്നു. പവിത്രതയുടെ വസ്ത്രം ധരിച്ചാല്‍ ഒന്നിനെയും ഹിംസിക്കാന്‍ പാടില്ല. എല്ലാം പവിത്രമാണെന്നതാണ് അതിന്റെ പൊരുള്‍.

ആദര്‍ശബോധത്തെ ഊട്ടിയുറപ്പിക്കുന്നു തീര്‍ഥാടനം. തീര്‍ഥാടകരില്‍നിന്ന് എപ്പോഴും ഒഴുകുന്ന മന്ത്രധ്വനി(തല്‍ബിയത്ത്) ഇപ്രകാരമാണ്: ”ഞാനിതാ നിനക്ക് ഉത്തരം നല്‍കിയിരിക്കുന്നു; ദൈവമേ, ഞാനിതാ ഹാജരായിരിക്കുന്നു. ഞാനിതാ നിനക്ക് ഉത്തരം നല്‍കിയിരിക്കുന്നു; നിനക്ക് പങ്കുകാരനേയില്ല; ഞാനിതാ ഹാജരായിരിക്കുന്നു. നിശ്ചയം, മുഴുവന്‍ സ്തുതികളും അനുഗ്രഹവും അധികാരവും നിനക്ക് മാത്രം; നിനക്ക് പങ്കുകാരനേയില്ല”(ബുഖാരി). ഈ മന്ത്രോച്ചാരണത്തിലൂടെ ദൈവത്തിന്റെ അവകാശമായ ദൈവികത്വത്തെ വകവെച്ചുകൊടുക്കുകയാണ് തീര്‍ഥാടകര്‍. ദൈവമാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. അതിനാല്‍, അവനാണ് എല്ലാറ്റിന്റെയും അധികാരമുള്ളത്. അധികാരം അവനായതിനാല്‍, എല്ലാറ്റിന്റെയും വിധികര്‍ത്താവും അവന്‍ തന്നെ. അതിനാല്‍, ദൈവത്തിന് മാത്രമേ മനുഷ്യന്‍ വിധേയപ്പെടാന്‍ പാടുള്ളൂ.

തീര്‍ഥാടനമെന്നാല്‍ അറഫയാണെന്ന് പ്രവാചകന്‍ മൊഴിഞ്ഞിട്ടുണ്ട്. ദുല്‍ഹജ്ജ് ഒമ്പത് ഉച്ചമുതല്‍ സൂര്യാസ്തമയംവരെ അറഫയില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും വേദപാരായണത്തിലും നിമഗ്നമാവണം. അറഫ തിരിച്ചറിവാണ്. താനൊരു ബിന്ദുവാണെന്നും ദൈവം പരമമായ യാഥാര്‍ഥ്യമാണെന്നും അറഫയില്‍ തീര്‍ഥാടകര്‍ ഗ്രഹിക്കുന്നു. ദൈവത്തില്‍ നിന്നാണ് തുടക്കം; അവനുവേണ്ടിയാണ് ജീവിതം; അവനിലേക്കാണ് ഒടുക്കം… ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് ഉന്മുഖമാവുന്നു തീര്‍ഥാടകന്‍. തിരിച്ചറിവുകളുടെ സാഗരമാണിവിടെ ഇരമ്പുന്നത്. പ്രപഞ്ചത്തെക്കുറിച്ച തിരിച്ചറിവ്, സ്വന്തത്തെക്കുറിച്ച തിരിച്ചറിവ്, ദൈവത്തെക്കുറിച്ച തിരിച്ചറിവ്… ഓരോ തിരിച്ചറിവും പരസ്പരം സഹവര്‍ത്തിക്കുന്നു. സ്വന്തത്തെ തിരിച്ചറിയുന്നവര്‍ ദൈവത്തെ തിരിച്ചറിയുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തെ തിരിച്ചറിയുന്നവര്‍ ദൈവത്തെ തിരിച്ചറിയുന്നുവെന്ന് സോക്രട്ടീസ്. ഒരാള്‍ ദൈവത്തെ തിരിച്ചറിഞ്ഞാല്‍, മുഴുവന്‍ തിരിച്ചറിവുകളുടെയും താക്കോലാണ് സ്വായത്തമാക്കിയിരിക്കുന്നത്.

അറഫയിലെ ധ്യാനനിരതമായ നിമിഷങ്ങള്‍ക്കുശേഷം, ദുല്‍ഹജ്ജ് ഒമ്പതിന്റെ രാവില്‍ തീര്‍ഥാടകര്‍ മുസ്ദലിഫക്കടുത്ത് മശ്അറില്‍ താമസിക്കണം. മശ്അറിന്റെ അര്‍ഥം ബോധമെന്നാണ്. പൂര്‍ണമായ ബോധത്തിലേക്ക് ഊര്‍ന്നുപോവുന്ന ഇടമാണ് മശ്അര്‍. ബോധമാണ് മനുഷ്യന് ആദ്യം ഉണ്ടാവേണ്ടത്. ചിന്തയാണ് അതിന്റെ അടിത്തറ. കേവല വിജ്ഞാനത്തിനപ്പുറം, ബോധത്തിന്റെ പശിമയുള്ള വിജ്ഞാനമേ വിജയത്തിന് കാരണമാവുള്ളൂ. ആത്മബോധം, മനുഷ്യബോധം, പ്രപഞ്ചബോധം, ദൈവബോധം……. ബോധങ്ങളുടെ തുടര്‍ച്ചക്ക് അറ്റമില്ല. ”നിങ്ങള്‍ അറഫയില്‍നിന്ന് മടങ്ങിയാല്‍, പവിത്രമായ മശ്അറില്‍ ദൈവത്തെ സ്മരിക്കുക”(അല്‍ബഖറ: 198) യെന്ന് വിശുദ്ധവേദം ഉണര്‍ത്തുന്നുണ്ട്. കൂടാതെ, മശ്അറിലെ ജനലക്ഷങ്ങളുടെ രാപാര്‍ക്കല്‍ പരലോക(മഹ്ശറി) ത്തെയും പ്രജ്ഞയില്‍ കൊണ്ടുവരുന്നു.

കഅ്ബാ പ്രദക്ഷിണം, ജംറയിലെ കല്ലേറ്, ഹജറുല്‍ അസ്‌വദിന്റെ ചുംബനം, തലമുണ്ഡനം, എന്നിവ തീര്‍ഥാടനത്തിലെ ചടങ്ങുകളാണ്. കഅ്ബയെ ചുറ്റുമ്പോള്‍, തീര്‍ഥാടകന്‍ പ്രകൃതിയുടെ മാര്‍ഗമായ വിധേയത്വത്തെയാണ് ആവാഹിക്കുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രാദികളുമൊക്കെ അവയുടെ വഴിത്താരകളില്‍ സഞ്ചരിക്കുന്നു. പ്രകൃതിക്ക് ദൈവം അവലംബമെന്നപോലെ, മനുഷ്യനും ദൈവം തന്നെയാണ് അവലംബം. അവന് ചുറ്റുമാണ് ജീവിതം കറങ്ങേണ്ടത്. മിനയിലെ താമസം പ്രധാനമാണ്. പ്രത്യാശയുടെ ഇടമാണ് മിന. അവിടുത്തെ താമസത്തിനിടെ ജംറയില്‍ കല്ലെറിയണം. പിശാചിനെ കീഴടക്കിയതിന്റെ പ്രതീകമാണത്. മനുഷ്യന്റെ ശത്രുവാണ് പിശാച്. മനുഷ്യനെ നേര്‍വഴിയില്‍നിന്ന് തെറ്റിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് പിശാച്. ചരിത്രത്തിന്റെ സൂചികയാണ് കറുത്തശില. പൂര്‍വസൂരികളുടെ ചുംബനങ്ങളും സ്പര്‍ശനങ്ങളും അഭിവാദ്യങ്ങളും അത് ഏറ്റുവാങ്ങിയിട്ടുണ്ട്. അവരോടുള്ള കണ്ണിചേരലാണ് കറുത്തശിലയോടുള്ള തീര്‍ഥാടകരുടെ ആദരവ്. ഭൗതിക കാമനകളില്‍നിന്നും ദൈവേതര ശക്തികളോടുള്ള വിധേയത്വത്തില്‍നിന്നുമുള്ള പൂര്‍ണമായ മുക്തിയുടെ പ്രഖ്യാപനമാണ് തലമുണ്ഡനം.

ത്യാഗോദയം
ത്യാഗത്തിന്റെ തീച്ചൂളയില്‍ മാത്രം വേവുന്ന ആരാധനയാണ് തീര്‍ഥാടനം. ത്യാഗത്തെ പുണര്‍ന്നവര്‍ക്കേ തീര്‍ഥാടനം വിജയകരമായി സ്വാംശീകരിക്കാനാവുള്ളൂ. മോഹം, വീട്, നാട്, ദേശം, കുടുംബം തുടങ്ങി എല്ലാം ദൈവത്തിനുവേണ്ടി മാറ്റിവെക്കാന്‍ തീര്‍ഥാടകര്‍ സന്നദ്ധമാവുന്നതില്‍ നിന്നാണ് അതിന്റെ തുടക്കം. ആരോഗ്യവും സമ്പത്തും തീര്‍ഥാടനത്തിന് അവശ്യ ഘടകങ്ങളാണ്. അതിനാല്‍, തീര്‍ഥാടനം ശാരീരികവും സാമ്പത്തികവുമായ ത്യാഗമാണ്. ത്യാഗത്തിന്റെ ചരിതങ്ങളാല്‍ നിബിഢമാണ് മക്ക. മക്കയുടെ ചരിത്രത്തില്‍ തെളിഞ്ഞുവരുന്ന മൂന്ന് വ്യക്തികളാണ് പ്രവാചകന്‍ ഇബ്‌റാഹീമും പത്‌നി ഹാജറയും മകന്‍ ഇസ്മഈലും. ത്യാഗത്തിന്റെ വന്‍ വൃക്ഷങ്ങളാണവര്‍. അവരില്ലാതെ തീര്‍ഥാടനമില്ല.

തീര്‍ഥാടനത്തിലെ സുപ്രധാന ചടങ്ങാണ് സ്വഫ-മര്‍വ കുന്നുകള്‍ക്കിടയിലുള്ള ഓട്ടം. ആദ്യം സ്വഫയിലേക്കും പിന്നീട് മര്‍വയിലേക്കും ഏഴ് തവണ ഓടണം. ഹാജറയിലേക്കുള്ള സഞ്ചാരമാണ് സ്വഫ-മര്‍വ ഓട്ടം. അഥവാ അവരെ ഹൃദയത്തിലേറ്റാനുള്ള ശ്രമം. നിര്‍ണായക മുഹൂര്‍ത്തത്തിലാണ് ഹാജറ പ്രവാചകന്‍ ഇബ്‌റാഹീമിന്റെ ഇണയാവുന്നത്. പ്രായമേറെ ചെന്നതിനുശേഷം, ഇബ്‌റാഹീമിന് ഹാജറയില്‍ ജനിച്ച അരുമ സന്താനമായിരുന്നു ഇസ്മാഈല്‍. അങ്ങനെ ഇരിക്കവെയാണ്, ഹാജറയെയും കുഞ്ഞിനെയും മക്കയില്‍ പാര്‍പ്പിക്കണമെന്ന് ഇബ്‌റാഹീമിനോട് ദൈവം കല്‍പിക്കുന്നത്. മനുഷ്യവാസമോ, ജലലഭ്യതയോ ഇല്ലാത്ത പ്രദേശമായിരുന്നു അപ്പോള്‍ മക്ക. ദൈവിക തീരുമാനമായതിനാല്‍ മാത്രം അതുള്‍ക്കൊണ്ടു ഹാജറ. നിമിഷങ്ങള്‍ പോകവെയാണ് കൈവശമുള്ള ഭക്ഷണങ്ങള്‍ തീരുന്നുവെന്ന സത്യം ഹാജറ തിരിച്ചറിയുന്നത്. ഇനിയെന്ത് ചെയ്യും? കുഞ്ഞ് കരയുന്നുണ്ട്. ഹാജറ ആലോചിച്ചു. സ്വഫയിലേക്കും തുടര്‍ന്ന്, മര്‍വയിലേക്കും ഓടിക്കയറി ജലം അന്വേഷിച്ചു. ഏഴ് തവണ അതാവര്‍ത്തിച്ചു. ഫലം നിരാശയായിരുന്നു. എല്ലാം ദൈവത്തിന് വിട്ട് തിരികെ വരുമ്പോഴാണ്, കുഞ്ഞിന് സമീപം ഒരു തിളക്കം ശ്രദ്ധയില്‍പ്പെടുന്നത്. ഇസ്മഈലിന്റെ കാലിനടിയില്‍നിന്ന് ഉറവ ധാരധാരയായി ഒഴുകുകയാണ്. ഹാജറയും മകനും വേണ്ടുവോളം വെള്ളം കുടിച്ചു. ഈ ഉറവയത്രെ സംസം. സ്വഫ-മര്‍വ ഓട്ടം ഹാജറയുടെ ത്യാഗത്തെയാണ് കുറിക്കുന്നത്. പ്രത്യാശാ നിര്‍ഭരമായ ത്യാഗത്തില്‍ നിമഗ്നമായാല്‍, വിജയം കാലിനടിയില്‍നിന്ന് ഉറവയായി ഒഴുകും.

തീര്‍ഥാടനത്തിലെ മറ്റൊരു ചടങ്ങാണ് ബലികര്‍മം. മിനയില്‍വെച്ചാണ് ബലി നടത്തേണ്ടത്. ദൈവം ഇബ്‌റാഹീമിനോട് സ്വപ്നത്തിലൂടെ ഇസ്മഈലിനെ ബലിയറുക്കാന്‍ കല്‍പിച്ചു. ഇബ്‌റാഹീം കല്‍പന നിറവേറ്റാന്‍ സന്നദ്ധമാവുകയും മകനെ അറുക്കാന്‍ തുനിയുകയും ചെയ്ത വേളയിലാണ്, ”തീര്‍ച്ചയായും താങ്കള്‍ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു”(അസ്സ്വാഫാത്ത്: 105) വെന്ന അരുളപ്പാടുണ്ടാവുന്നത്. മകന് പകരം ഉരുവിനെ ദാനമായി നല്‍കി ദൈവം. പരമമായ ത്യാഗമാണ് ബലി. ആസക്തികള്‍ക്ക് ചുറ്റുമാണ് മനുഷ്യ ജീവിതം. കുടുംബം, സമ്പത്ത്, തറവാട്, സ്ഥാനം, പദവി തുടങ്ങിയവ ഒരു പരിധി വിട്ടാല്‍ ആസക്തികളായി രൂപാന്തരപ്പെടും. ഇബ്‌റാഹീമിനെ സത്യത്തില്‍നിന്ന് തെറ്റിക്കാന്‍ സാധ്യതയുള്ള പരീക്ഷണമായേക്കാമായിരുന്നു മകന്‍ ഇസ്മഈല്‍. അതുകൂടി തരണം ചെയ്യുമ്പോഴായിരുന്നു ഇബ്‌റാഹീം പൂര്‍ണതയിലേക്ക് ചുവടുവെക്കുക. മകനനെ ബലി നല്‍കാന്‍ സന്നദ്ധമായതിലൂടെ അദ്ദേഹം പൂര്‍ണത പ്രാപിച്ചു. ഓരോരുത്തരുടെയും ആസക്തികള്‍ എന്താണെന്ന് അവരവരാണ് തിരിച്ചറിയേണ്ടത്. ആസക്തികളുടെ കണ്ഠനാഡിയില്‍ കത്തിവെച്ച് മലിന രക്തങ്ങള്‍ ഒഴുക്കുമ്പോഴാണ് ത്യാഗത്തിന്റെ പര്‍വങ്ങള്‍ പ്രാപിക്കുന്നത്.

സമത്വോദയം
സമത്വത്തിന്റെ ധാരാളം ചിത്രങ്ങള്‍ തീര്‍ഥാടനം കോറിയിടുന്നുണ്ട്. ആദ്യാവസാനം ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്നേ തീര്‍ഥാടനം നിര്‍വഹിക്കാനാവുള്ളൂ. തീര്‍ഥാടനത്തില്‍ ജാതിയില്ല; ദേശമില്ല; കുടുംബമില്ല……. അതെ, മനുഷ്യര്‍ക്കിടയില്‍ ഭേദചിന്ത ഉയര്‍ത്തുന്ന ഒന്നുമില്ല. കലഹമില്ല; വിദ്വേഷമില്ല; വെറുപ്പില്ല; തര്‍ക്കമില്ല; കലാപമില്ല……. അതെ, മനുഷ്യരെ പരസ്പരം അകറ്റുന്ന ദൂഷ്യങ്ങള്‍ ഒന്നുമില്ല. എന്നാല്‍, തീര്‍ഥാടനത്തില്‍ സ്‌നേഹമുണ്ട്; സമാധാനമുണ്ട്; സമത്വമുണ്ട്; സാഹോദര്യമുണ്ട്. മനുഷ്യരെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന എല്ലാമുണ്ട്.

ദൈവത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണ്. വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല; പുരുഷന്മാരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ല; രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ല; കറുത്തവരെന്നോ വെളുത്തവരെന്നോ വ്യത്യാസമില്ല. എല്ലാവരും ആദമിന്റെയും ഹവ്വയുടെയും സന്താനങ്ങളും സന്തതികളുമാണ്. എല്ലാവരും മണ്ണിന്റെ മണവും ആത്മാവിന്റെ ചേരുവയുമുള്ള സൃഷ്ടികളും. തീര്‍ഥാടന വേളയില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യമായിരുന്നുവെന്ന് മാല്‍കം എക്‌സ് തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ സമത്വവും സഹസൃഷ്ടി സ്‌നേഹവും ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാമിക ആശയം തന്നില്‍ പുതിയ ബോധോദയം തീര്‍ത്തുവെന്ന് ഇസ്‌ലാമിന്റെ തീരത്തണഞ്ഞ ജര്‍മന്‍ ബുദ്ധിജീവിയായ മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ തീര്‍ഥാടന അനുഭവങ്ങളില്‍ കുറിച്ചിട്ടുണ്ട്.

ബലികര്‍മം ഒരുഭാഗത്ത് ത്യാഗമാണെങ്കില്‍, മറുഭാഗത്ത് സമൂഹത്തോടുള്ള സ്‌നേഹവുമാണ്. രണ്ടര്‍ഥങ്ങളില്‍ ബലി സഹജരോടുള്ള കാരുണ്യമായി മാറുന്നു. ഒന്ന്, ബലി നല്‍കേണ്ടത് മനുഷ്യനെയല്ല, ഉരുവിനെയാണ്. ഇസ്മഈലിന് പകരം ആടിനെ ബലി നല്‍കാനുള്ള ദൈവിക കല്‍പന, മനുഷ്യനെ ബലി നല്‍കുന്ന മുഴുവന്‍ ബഹുദൈവത്വ സങ്കല്‍പങ്ങള്‍ക്കും എതിരെയുള്ള സന്ദേശമായിരുന്നു. മനുഷ്യനോളം ആദരണീയനായ ഒരു അസ്തിത്വവും പ്രപഞ്ചത്തിലില്ല. മനുഷ്യന്റെ മൂല്യം നിലനിര്‍ത്തിയാവണം ജീവിതം. മനുഷ്യനെ അടിമയാക്കരുത്. അടിമത്തമല്ല, സ്വാതന്ത്ര്യമാണ് അടിസ്ഥാനം. അടിമത്തം സമത്വത്തിന്റെ വിപരീതമാണ്. ബലി എല്ലാവിധ അടിമത്ത സമ്പ്രദായത്തെയും നിരാകരിക്കുന്നു. മനുഷ്യാടിമത്തില്‍നിന്നും ദൈവാടിമത്തിലേക്കുള്ള ഉയര്‍ച്ചയാണ് ബലി. രണ്ട്, ബലിമാംസം വിതരണം ചെയ്യേണ്ടത് മനുഷ്യരിലാണ്. ബഹുദൈവ സമ്പ്രദായ പ്രകാരമുള്ള മനുഷ്യദൈവങ്ങളെ ഭക്ഷിപ്പിക്കാനുള്ളതല്ല ബലിമാംസം. ദൈവം ആഹാരം നല്‍കുന്നു. മനഷ്യനത് സ്വീകരിക്കുന്നു. ആഹാരം ആവശ്യമുള്ള ദൈവമല്ല, ആഹാരം നല്‍കുന്ന ദൈവമാണ് യഥാര്‍ഥ ദൈവം. ആഹാരം കഴിക്കുന്ന ദൈവമെന്ന ആശയം അസംബന്ധമാണ്. മനുഷ്യനെ കൊല്ലുക, ദൈവത്തെ ഊട്ടുക എന്ന വീക്ഷണം ഇസ്‌ലാമിന് അന്യമാണ്. വിശപ്പും ദാരിദ്ര്യവുമാണ് എക്കാലത്തെയും മുഖ്യപ്രശ്‌നം. വിശപ്പും ദാരിദ്ര്യവും ഇല്ലാതാവുന്ന ക്ഷേമലോകത്തെയാണ് ബലി സ്വപ്നം കാണുന്നത്. ഒരുപക്ഷേ, ബലിമാംസത്തിലൂടെ മാത്രം ദാരിദ്ര്യം തുടച്ചുനീക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. അപ്പോള്‍, മറ്റ് വഴികള്‍ ബലിക്കൊപ്പം ചേര്‍ക്കുകയാണ് വേണ്ടത്. അല്ലാതെ, ബലിമാംസത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കിയാല്‍, ബലികര്‍മം ചൈതന്യം നഷ്ടപ്പെട്ട ചടങ്ങായി ചുരുങ്ങും.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles