Current Date

Search
Close this search box.
Search
Close this search box.

സന്തുലിത ജീവിതം = സന്തുഷ്ട ജീവിതം

പ്രാപഞ്ചിക വ്യവസ്ഥയിൽ പാലിക്കപ്പെടുന്ന അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ് സന്തുലിതാവസ്ഥ. പ്രപഞ്ചത്തിൻറെ സൃഷ്ടിപ്പിലും പരിപാലനത്തിലും മാത്രമല്ല മനുഷ്യ സൃഷ്ടിപ്പ് ഉൾപ്പടെയുള്ള മുഴുവൻ കാര്യങ്ങളിലും സന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. സൗരയൂഥ വ്യവസ്ഥയിൽ സന്തുലിതത്വം ഇല്ലായിരുന്നുവെങ്കിൽ, സകല ജീവജാലങ്ങൾക്കും ഭൂമി വാസയോഗ്യമാവുമായിരുന്നില്ല. സൂര്യൻ നിലകൊള്ളുന്ന സ്ഥാനത്തിന് നേരിയ വിത്യാസം സംഭവിച്ചാൽ പോലും, അത് താപ വർധനക്കോ കുറവിനോ നിമിത്തമാവുകയും ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കുകയും ചെയ്യുമായിരുന്നു.

സന്തുലിതത്വത്തിന് മറ്റൊരു ഉദാഹരണമാണ് വൃക്ഷങ്ങളുടേയും ചെടികളുടെയും കാര്യം. അവയുടെ വളർച്ചക്ക് വിത്ത്, ജലസേചനം, മണ്ണ്, വളം, കാലാവസ്ഥ തുടങ്ങി പല ഘടകങ്ങൾ സന്തുലിതമായി ചേർന്നാൽ മാത്രമേ അവ ഫലം കായ്ക്കുകയുള്ളൂ. ഈ ഘടകങ്ങളിൽ അസന്തുലിതത്വം ഉണ്ടായാൽ അത് ഫലം കായ്ക്കുന്നതിനെ ബാധിക്കുമല്ലോ. കാലവർഷം കൂടിയാലും കുറഞ്ഞാലും കർഷകർ ദുരിതമനുഭവിക്കുന്നു. കൃഷിയുടെ വളർച്ചക്കും മൺസൂൺ സന്തുലിതമായി ലഭിക്കേണ്ടതുണ്ട്.

മുനഷ്യൻറെ കാര്യത്തിലും സന്തുലിതത്വം പ്രധാനമാണ്. ക്രോമസോമുകളിലുണ്ടാവുന്ന വേരിയേഷൻ കുട്ടികളിൽ അംഗവൈകല്യങ്ങൾക്ക് കാരണമാവുന്നു. ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ശരീരം, മനസ്സ്, ആത്മാവ്, സാമൂഹ്യം എന്നീ നാല് ഘടകങ്ങൾ ചേർന്നാണ് മനുഷ്യാസ്ഥിത്വം രൂപംകൊള്ളുന്നത്. മനുഷ്യൻറെ ആരോഗ്യത്തിന് ചുരുങ്ങിയത് ഈ നാല് ഘടകങ്ങളും സ്വരച്ചേർച്ചയോടെയും സന്തുലിതമായും നിലകൊള്ളേണ്ടതുണ്ട്. അത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

ശാരീരികാരോഗ്യം പരിരക്ഷിക്കാൻ പോഷകാഹാരത്തോടൊപ്പം, ഉറക്ക്, വ്യായാമം, വിശ്രമം എന്നിവ ആവശ്യമാണ്. മനസ്സിനേയും ആത്മാവിനേയും ശാന്തമാക്കാൻ പ്രാർത്ഥന, ധ്യാനം, യോഗ എന്നിവക്ക് സാധിക്കുന്നതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സഹജീവികളുമായുള്ള ഊഷ്മളമായ ബന്ധങ്ങൾ ആരോഗ്യത്തിന് പ്രധാനമാണ്. ആത്മാവിനും മനസ്നിനും അമിത പ്രധാന്യം നൽകി ശരീരത്തെയും സാമൂഹ്യ ബന്ധങ്ങളെയും അവഗണിക്കരുത്.

ശാരീരികാവശ്യങ്ങളെ നിരാകരിച്ച് ആത്മാവിന് പ്രാധാന്യം നൽകിയ പ്രവാചകൻറെ അനുചരൻ അബുദ്ദർദ്ദാഇന് തൻറെ സഹൃത്ത് സൽമാനുൽ ഫാരിസി നൽകിയ ഉപദേശം ഇങ്ങനെ: നിശ്ചയം നിൻറെ രക്ഷിതാവിന് നിന്നിൽ അവകാശമുണ്ട്. നിനക്ക് നിന്നോടും അവകാശമുണ്ട്. കുടുംബത്തിനും നിന്നിൽ അവകാശമുണ്ട്. ഓ…അബുദ്ദർദ്ദാഅ്…. ഓരോരുത്തർക്കും അവരുടെ അവകാശം നൽകുക. അതിൽ ഉപേക്ഷ വരുത്തരുത്.

പലതരം ജീവിതങ്ങൾ
പലതരം ജീവിതം നയിക്കാൻ നിർബന്ധിതരാണ് നാം. വ്യക്തിപരമായ ജീവിതം, കുടുംബ ജീവിതം, രഹസ്യ ജീവിതം, തൊഴിൽപരമായ ജീവിതം തുടങ്ങി പലതരം ജീവിതം നമുക്കുണ്ട്. എല്ലാറ്റിനും സന്തുലിത പ്രാധാന്യം നൽകി ജീവിക്കുമ്പോഴാണ് സന്തുഷ്ടമായി ജീവിക്കാൻ കഴിയുക. തൊഴിലിൽ ഉയർച്ച ലഭിക്കാനുള്ള വ്യഗ്രതയിൽ, വർക്ക്ഹോളിക്ക് ജീവിതംനയിക്കുന്നവർക്ക് അവരുടെ വ്യക്തിജീവിതത്തെ ബലിനൽകേണ്ടി വരുന്നു. തൊഴിലിലെ ഈ അസന്തുലിതത്വം വൈയക്തികവും കുടുംബപരവുമായ ജീവിതത്തിലും പ്രതിഫലിക്കും.

കൃത്യമായ ആസൂത്രണത്തോടെ ജീവിതം നയിക്കാൻ സമയം നീക്കിവെക്കുന്നത്, സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കും. വിശ്രമം, ഇടവേള, കുടുംബവുമായി സമയം ചിലവഴിക്കൽ തുടങ്ങിയവ സന്തുലിത ജീവിതത്തിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. തൊഴിലുടമകളും ഇക്കാര്യത്തിൽ ജോലിചെയ്യുന്നവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നത് സ്ഥാപനത്തിൻറെ വളർച്ചയെ സഹായിക്കും. സംതൃപ്തരായ ജോലിക്കാർ ഉപഭോഗ്താക്കളേയും സംതൃപ്തരാക്കാൻ ശ്രമിക്കുന്നതാണ്. ഇത് കമ്പനിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

പ്രയോജനങ്ങൾ
മുകളിൽ വിവരിച്ച കാര്യങ്ങൾ സന്തുലിതമായി നിർവ്വഹിക്കുമ്പോഴാണ്, സന്തുലിതവും സന്തുഷ്ടവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയുക. നമ്മുടെ ശരീരത്തിൻറെ ഒരു ഘടകത്തിന് മാത്രം പ്രാധാന്യം നൽകുകയും, മറ്റു ഘടകങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് ജീവിതത്തിൻറെ സന്തുലിതാവസ്ഥക്ക് ഭംഗംവരുത്തും. മുകളിൽ വിവരിച്ച നാല് ഘടകങ്ങൾക്കും തുല്യ പരിഗണന നൽകിയാലാണ് സന്തുലിതമായ ജീവിതം നയിക്കാൻ കഴിയുക. അത് നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ജീവിതത്തിൻറെ ഉന്മേശവും പ്രസരിപ്പും വർധിപ്പിക്കും. അങ്ങനെ സന്തുലിത ജീവിതം സന്തുഷ്ടമായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നതാണ്.

Related Articles