Current Date

Search
Close this search box.
Search
Close this search box.

യുവജന യാത്രയിലെ സ്ത്രീ സാന്നിധ്യം ശുഭ സൂചനയാണ്

പതിവില്‍ നിന്നും ഭിന്നമായി മുസ്ലിം ലീഗ് സദസ്സുകളില്‍ സ്ത്രീ സാന്നിധ്യം കൂടുതല്‍ കാണുന്നു. അതിനെതിരെ കേരളത്തിലെ ഒരു മത സംഘടനയുടെ നേതാവ് രംഗത്തു വന്നെങ്കിലും അതൊരു ചര്‍ച്ചയായി തീര്‍ന്നില്ല എന്നതാണ് കാര്യം. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട ജാഥയാകുമ്പോള്‍ തീര്‍ച്ചയായും മുസ്ലിം സ്ത്രീകള്‍ തന്നെയാകും കൂടുതല്‍. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തില്‍ ഇത്തരം ഇടപെടലുകള്‍ തീത്തും സ്വാഗതാര്‍ഹമാണ്.

സ്ത്രീകള്‍ പുരുഷന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന വിശ്വാസം ഇസ്‌ലാമിനില്ല. സ്ത്രീയും പുരുഷനും മനുഷ്യ വര്‍ഗ്ഗത്തിലെ രണ്ടു ജാതികള്‍ മാത്രം. ഒന്നിന്റെ അഭാവത്തില്‍ സംഭവിക്കുക മനുഷ്യ കുലത്തിന്റെ അവസാനമാണ്. സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങള്‍ ഇസ്ലാം നിര്‍ണയിച്ചിട്ടുണ്ട്. സമൂഹം എന്ന നിലയില്‍ സ്ത്രീയും അവളുടെ ഭാഗം പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരുഷനോടൊപ്പം എത്തിയിരിക്കുന്നു. രാഷ്ട്രീയമായി പലയിടത്തും പുരുഷനേക്കാള്‍ മുന്നിലാണ് സ്ത്രീകളുടെ സ്ഥാനം. അത് കൊണ്ട് തന്നെ സ്ത്രീകള്‍ പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരള മുസ്ലിം സമുദായത്തിന്റെ കൂടുതല്‍ പിന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനം ലീഗ് തന്നെ. അത് കൊണ്ട് മുസ്ലിം സ്ത്രീ ശാക്തീകരണത്തില്‍ അവരുടെ സ്ഥാനം വലുതാണ്. മുമ്പില്ലാത്ത രീതിയില്‍ അവരുടെ ജാഥകളില്‍ സ്ത്രീകളുടെ സാന്നിധ്യം ദര്‍ശിക്കുന്നു. അതൊരു നല്ല കാര്യമായി വേണം മനസ്സിലാക്കാന്‍. മറ്റെല്ലാ സമുദായങ്ങളും പുരുഷനെ പോലെ തന്നെ സ്ത്രീകളെയും സാമൂഹികമായി ഉപയോഗപ്പെടുത്തുന്നു. അതെ സമയം മുസ്ലിം സ്ത്രീകള്‍ പല കാരണങ്ങള്‍ കൊണ്ട് വീടിനകത്താണ്. ഇസ്ലാമിക സംസ്‌കാരം ഉയര്‍ത്തി പിടിച്ച് അവര്‍ക്ക് ഇടപെടാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

യുവജന യാത്രയില്‍ കാണുന്ന സ്ത്രീ സാന്നിധ്യം ശുഭ സൂചനയാണ്. അവരുടെ സേവനം സമൂഹത്തിനു ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു വിപ്ലവകരമായ മാറ്റമാവും. സ്ത്രീകളുടെ ഒന്നാമത്തെ സ്ഥാനം വീട് തന്നെ. വീടിനു പുറത്തും സ്ത്രീക്ക് സ്ഥാനമുണ്ട് എന്ന് നാം മറക്കരുത്. സമൂഹത്തിന്റെ നേര്‍ പകുതിയായി സ്ത്രീകള്‍ കൂടി ചേര്‍ന്നാലേ സമൂഹം പൂര്‍ണമാകൂ എന്നത് കൂടി ചേര്‍ത്ത് വായിക്കാന്‍ നാം നിര്‍ബന്ധിതരാണ്.

Related Articles