Current Date

Search
Close this search box.
Search
Close this search box.

നാം ഇഷ്ടപ്പെടുന്ന നമ്മെ ഇഷ്ടപ്പെടുന്ന മല

നാം ഇഷ്ടപ്പെടുന്ന നമ്മെ ഇഷ്ടപ്പെടുന്ന മല. ഉഹ്ദ് മലയെ നോക്കി നബി ( സ ) പറഞ്ഞ ഒരു വാചകമാണത്. وَالْجِبَالَ أَوْتَادًا ഭൂമിയുടെ നാട്ടുകല്ലുകൾ/ആണികൾ എന്നതാണ് മലകൾക്ക് ഖുർആൻ നല്കിയിരിക്കുന്ന വിശേഷണം. ആ സൂക്ഷ്മതല പ്രയോഗത്തിലടങ്ങിയിരിക്കുന്നു ഭൂമിയിലെ മനുഷ്യ ജീവിതത്തിൽ പർവ്വതങ്ങൾക്കും മലകൾക്കുമുള്ള പ്രാധാന്യം നമ്മുടെ രാജ്യമായ ഇന്ത്യയുടെ ഭൂപടം നോക്കൂ. വടക്ക് ഹിമാലയപര്‍വതം. മറ്റ് മൂന്ന് ഭാഗത്തും നീലക്കടലാഴം. ഒരു ലോക ഭൂപടമെടുത്ത് വെറുതെ ഒന്നു നോക്കൂ. മലകള്‍ക്കും കടലിനുമിടയില്‍ നിങ്ങള്‍ ഏതെല്ലാം രാജ്യങ്ങള്‍ കാണുന്നുണ്ട്. ആല്‍പ്‌സ് പര്‍വതനിരയുടെ താഴെ ഏതൊക്കെ രാജ്യങ്ങളുണ്ടെന്ന് വെറുതെ ഒന്ന് കണ്ണോടിക്കൂ.

ഇത്തവണത്തെ ലോക പര്‍വതദിനം ഇന്ന് അഥവാ ഡിസംബർ 11 നാണ് . പര്‍വതങ്ങള്‍ സമ്മര്‍ദത്തിലാണ് – കാലാവസ്ഥാ വ്യതിയാനവും പട്ടിണിയും പലായനങ്ങളും നമ്മെ കാത്തിരിക്കുന്നു എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇത്തവണ പര്‍വതദിനം ലോകം മുഴുവൻ – നാം അറിയുന്നില്ലെങ്കിലും – ആചരിക്കുന്നത്. പര്‍വതങ്ങളില്ലെങ്കില്‍ ഇന്ന് കാണുന്ന മനുഷ്യസംസ്‌കാരങ്ങളുണ്ടാവില്ല. പര്‍വതങ്ങള്‍ക്ക് നാശമുണ്ടാകുമ്പോള്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. നമ്മള്‍ പട്ടിണിയിലാവും. ആളുകള്‍ കൂട്ടത്തോടെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവരും. അതാണ് ഈ പര്‍വതദിനം നമ്മളെ ഓര്‍മിപ്പിക്കുന്നത്.

കേരളത്തിന്റെ ഭൂപടം നാമൊന്ന് എടുത്തു നോക്കൂ. മൂന്ന് ഭാഗത്തുമുള്ള മലകളിൽ വന്‍മരങ്ങളുണ്ട്. അവിടെ നല്ല മഴ കിട്ടുന്നതുകൊണ്ടാണ്. നമ്മുടെ പശ്ചിമഘട്ടത്തിൽ നിന്നാണ് കേരളത്തിലെ എല്ലാ നദികളും ഉദ്ഭവിക്കുന്നത്. ലോകത്തിലെ ചെറുതും വലുതുമായ എല്ലാ പര്‍വതങ്ങളും അതിന്റെ താഴ്‌വരകളെ ഇങ്ങനെ സമൃദ്ധമാക്കുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്നത് ചെറിയ നദികളാണെങ്കില്‍ ഇന്ത്യയുടെ വടക്കേയറ്റത്ത് ഹിമാലയത്തില്‍ നിന്ന് മഹാനദികളാണ് എന്ന വ്യത്യാസമേ കാണൂ. മലകളിലെ വനനശീകരണവും വന്‍തോതിലുള്ള ഖനനവും മലിനീകരണവും എല്ലാം നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. പര്‍വതങ്ങളിലെ മഞ്ഞുരുകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഇത് അത്ര നിസ്സാരമല്ല.

ഒന്നുകൂടി കേരളത്തിലേക്ക് വരൂ. ഓഖി വന്നുപോയിട്ട് നാളേറെയായില്ല. ഓഖി എത്രയോ പേരുടെ ജീവനെടുത്തു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും നാം മലയാളികൾക്ക് മലമ്പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്വാറികൾ, മണൽ കടത്തൽ , മരം കടത്തൽ തുടങ്ങിയ മനുഷ്യന്റെ സാധാരണക്കാരന് കണ്ണീരും ഭൂമിക്ക് അസന്തുലിതാവസ്ഥയുമാണ് സമ്മാനിച്ചത്. ടോട്ടോച്ചാനിലെ കൊബായാഷി ഗുരു തന്റെ ശിഷ്യന്മാരോട് പറയുന്ന ഡയലോഗ് മറക്കരുത് : “മലകളിൽ നിന്നൊരു പങ്ക്, കടലിൽ നിന്നൊരു പങ്ക് ” നമ്മുടെ നിത്യജീവിതത്തിൽ ഭക്ഷണത്തിലും അല്ലാതെയും മലകളും പുഴകളും എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന് ഉപരിസൂചിത പ്രമാണങ്ങളും കഥാസന്ദർഭങ്ങളും എമ്പാടും മതി.

(ഡിസം:11 പർവ്വത ദിന ചിന്തകൾ)

Related Articles