Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുമതം സംസ്കാരമായും ഇസ്ലാം മതമായും വിലയിരുത്തുന്ന കാലം

മത വസ്ത്രങ്ങൾ മതേതര വിദ്യഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രാബല്യത്തിൽ കൊണ്ട്വന്ന ഹിജാബ് നിരോധനം, മതേതര വാദികളെന്ന് അവകാശപ്പെടുന്ന സമൂഹത്തിന് മുന്നിൽ തങ്ങളുടെ ഭക്തി തെളിയിക്കാനുള്ള ബാധ്യത മുസ്ലിം സ്ത്രീകളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്.

ഹിജാബ് ധരിക്കുന്നത് അവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് വാദിക്കുന്ന ഇക്കൂട്ടർ ഒരേ സമയം, മൂഢ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുമായി ലിബറലിസത്തിന്റെ വക്തക്കളായി മാറുന്നുവെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
മതേതര ഇന്ത്യയിൽ ന്യൂനപക്ഷ സമൂഹത്തിന് വിധേയത്വം പ്രകടിപ്പിക്കേണ്ട അതിഗുരുതരമായ സാഹചര്യമാണ് നിലവിൽ സംജാതമായിരിക്കുന്നത്. ഹിജാബ് ധാരികളായ മുസ്ലിം സ്ത്രീകളുടെ മതം പ്രശ്നവത്കരിക്കപ്പെടുമ്പോഴും ഇന്ത്യ പരിപൂർണ്ണ മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. ഖേദകരമെന്ന് പറയട്ടെ, ഹിന്ദുത്വ ആശയങ്ങളും കർമ്മങ്ങളും ഇന്ത്യൻ സംസ്കാരമായി വർഗീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിച്ച് കൊണ്ടിരിക്കുന്നത്.

അജ്ഞതയുടെ ഇരുട്ടിൽ നിന്ന് മോചനം നേടി ജ്ഞാനത്തിന്റെ വെളിച്ചം കരസ്ഥമാക്കാനെന്നോണം രാജേശ്വരി ദേവിക്ക് തിരികൊളുത്തിയാണ് ഒട്ടുമിക്ക സാംസ്കാരിക പരിപാടികളും ആരംഭിക്കാറുള്ളത്. വേദ ദേവിയായ സാവിത്രിയോടുള്ള ആദരസൂചകമായി ഋഗ്വേദത്തിൽ പരാമർശിക്കപ്പെട്ട ഗ്യാനമന്ത്രത്തിന്റെ അകമ്പടിയോടാണ് സർവ്വ സംഗമങ്ങളും ആരംഭിക്കാറുള്ളതും. ദുർഗ്ഗ ദേവി, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവികളുടെ അധികാര പ്രസരണ പ്രശംസയായി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേ മാതരമാണ് ഇന്ത്യ ദേശീയ ഗാനമായി കൊണ്ടാടുന്നത്. കലാലയങ്ങളിൽ വന്ദേ മാതരം പാരായണം ചെയ്യപ്പെടാത്ത സുവിശേഷ അവസരങ്ങൾ വളരെ വിരളമാണെന്ന് തന്നെ പറയാം.
ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തിലാണ് മതത്തിന് സ്ഥാനമില്ലെന്ന മുടന്തൻ ന്യായയുമയർത്തി മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഒരു പ്രത്യേക മതത്തിന് സ്ഥാനം കൊടുത്തുകൊണ്ടുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കാപട്യം തുറന്നു കാട്ടുക എന്നതിനപ്പുറം ഇന്ത്യൻ മതേതരത്വ സ്വഭാവത്തിൽ വിശ്വാസികളായി കാണപ്പെടുന്നവരാരൊക്കെ എന്ന ചോദ്യം ഇനി ഉയരുരതെന്നതാണിവിടെ പ്രധാനം. ഹിന്ദു പ്രത്യയശാസ്ത്രങ്ങളിലെ ഉന്നത ജാതി സമ്പ്രദായത്തെ നിരാകരിക്കുകയും ഇന്ത്യൻ പൗരന്മാർക്കിടെയിൽ മത വിഭാഗീയത അരുതെന്ന് അനുശാസിക്കുന്ന മൂല്യങ്ങളാണ് ഇന്ത്യൻ മതേതര സ്വഭാവത്തിന്റെ അടിത്തറ എന്ന് കൂടി ചേർത്തി വായിക്കേണ്ടിയിരിക്കുന്നു.

തിലകക്കുറിയും സിന്ദൂരവും കുങ്കുമവും ധരിച്ചെത്തിയ ഹിന്ദു വിദ്യാർഥികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക് താക്കീതു നൽകി, അവ സാംസ്കാരിക ചിഹ്നങ്ങളാണെന്ന് ഉദ്ഘോഷിച്ച കർണ്ണാടക വിദ്യഭ്യാസ മന്ത്രിയുടെ നിലപാട് തീർച്ചയായും ഗൗരവത്തിൽ ചർച്ചചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. ഹിന്ദു മതത്തിലെ മേൽകൊയ്മയുടെ വലതുപക്ഷ വാദത്തെ പ്രതിധ്വനിപ്പിക്കുന്നതിന് പകരം മത വിശ്വാസങ്ങളുടെ ഭാഗമായിരുന്നിട്ട് കൂടി സാംസ്കാരിക, മതേതര മൂല്യങ്ങളുടെ ബാക്കിപത്രമായിട്ടാണ് അദ്ദേഹമിതിനെ കാണുന്നതെന്ന് വേണം പറയാൻ.

ദുർഗ പൂജ സാംസ്കാരിക മഹോഝവമായി കൊണ്ടാടുന്ന സെക്യുലർ ലിബറൽ ചിന്താഗതിക്കാരെന്ന് സ്വയം അവകാശപ്പെടുന്ന ബുദ്ധിജീവികളുടെ സംസാര ശൈലിയാണ് അദ്ദേഹം അനുദാവനം ചെയ്യുന്നതെന്ന് വ്യക്തം. ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ ഇന്ത്യൻ സംസ്കാരമെന്ന് വിശേഷിപ്പിക്കുകയും ഹിന്ദുത്വം പടുത്തുയർത്തിയ സാംസ്കാരിക അപജയത്തെ നിരന്തരം വിമർശന വിധേയമാക്കി ഉത്തരേന്ത്യയിലെ ഉയർന്ന ജാതിക്കാർ ആഘോഷിക്കുന്ന ഗംഗാ ജമുനി ആചാരത്തിൽ കാലക്രമേണ വന്നു ഭവിച്ച നഷ്ടത്തിൽ ദുഖിക്കുകയും ചെയ്യുന്ന ‘ബുദ്ധിജീവികൾ’ വികലമായ ചിന്താഗതികൾ കൊണ്ട് സമൂഹത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നതിൽ സംശയമില്ല.
ന്യൂനപക്ഷം മതഭക്തരായും ഭൂരിപക്ഷ ജനവിഭാഗം ദേശിയതയുടെ വക്തക്കാളായി വ്യഖാനിക്കപ്പെടുന്ന സാമൂഹ്യ പശ്ചാത്തലത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് സാരം.

നിലവിലെ രാഷ്ട്ര ഭരണകൂടത്തിന്റെ അതിക്രമങ്ങളെ വിലകുറച്ചു കാണാനോ നിസ്സാരമായി തളളിക്കളയാനോ അല്ല ഇവിടെ ശ്രമിക്കുന്നത് മറിച്ച് മതവും രാഷ്ട്രവും കൂട്ടികലർത്തി മുസ്ലിം വിശ്വാസികൾക്കെതിരെ നടക്കുന്ന വിദ്വേശ പൂർണ്ണമായ മനുഷ്യത്വ രഹിത പ്രവർത്തനങ്ങളുടെ അണിയറ തന്ത്രങ്ങൾ കൂടി മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്.

ആൾക്കൂട്ട കൊലപാതകങ്ങൾ, വിദ്വേശ പ്രസംഗങ്ങൾ, പോലീസ് നരഹത്യ, ഒാൺലൈൻ ലേലങ്ങൾ തുടങ്ങിയ അക്രമങ്ങൾ മുസ്ലിം സമൂഹത്തിന് നേരെ നിരന്തരം പൊട്ടിപ്പുറടുന്ന സാഹചര്യത്തിൽ മുസ്ലിം സ്വത്വം അപകട സൂചനയായും ഹിന്ദു വിശ്വാസ സംഹിതകൾ ദേശീയ സംസ്കാരങ്ങളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. മറ്റു അധിസ്ഥിത വിഭാഗക്കാരായ ദലിതരേയും ആദിവാസികളേയും പോലെ മുസ്ലീംങ്ങൾ മത സമൂഹമെന്ന നിലയിൽ ദേശീയ സംസ്കാരത്തിന്റെ ഭാഗമാകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത.

മതവും രാഷ്ട്രവും തമ്മിലുള്ള കലഹങ്ങൾ രൂപപ്പെടുമ്പോൾ എല്ലാവരേയും ഇന്ത്യക്കാരായി കാണാനും ഇന്ത്യൻ സാംസ്കാരിക അടയാളങ്ങൾ അവരിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് കാണാനുമാണ് ലിബറലുകൾ പൊതുവേ താൽപര്യപ്പെടാറുള്ളത്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ദേശീയ പതാക കൈയ്യിലേന്തുന്ന മുസ്ലിം സ്ത്രീകൾ രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായി ചിത്രീകരിക്കപ്പെടുകയും അതേ സമയം ദേശീയ മുദ്രാവാക്യങ്ങളുടെ അഭാവത്തിൽ
അണിനിരക്കുന്ന ഹിജാബ് ധാരികൾ ഭരണഘടനാ മൂല്യങ്ങളെ ശിഥിലീകരിക്കുന്നവരായി മുദ്രകുത്തപ്പെടുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് വേണം പറയാൻ. ഹിന്ദു മതത്തെ ദേശീയവത്കരിക്കപ്പെടുമ്പോഴും മതേതരത്വത്തിന്റെ വ്യവാഹരങ്ങൾക്കപ്പുറം ഹിജാബ് ധാരികളായ സ്ത്രീകൾ കേവലം മത ഭക്തരായി മാത്രം വ്യാഖ്യാനിക്കപ്പെടുന്നത് ഇസ്ലാമിനോടുള്ള അകാരണമായ ഭയത്തിന്റെ അനന്തരഫലമാണെന്നതിൽ സംശയമില്ല.
ദേശീയതയെ സൂചിപ്പിക്കുന്ന അടയാളപ്പെടുത്തലുകളൊന്നുമില്ലാത്തതിനാൽ ഹിജാബ് ധാരികളായ മുസ്ലിം സ്ത്രീകൾ അധസ്ഥിത വിഭാഗമായി അവശേഷിക്കുന്നുവെന്നതാണ് സത്യം. പൗരത്വ പ്രക്ഷോഭങ്ങളിലും ജാമിയയിലെ പോലീസ് നരഹത്യകൾക്കിടെയിലും മറ്റും നിരന്തരം പ്രകടിപ്പിച്ച അചഞ്ചലമായ നിശ്ചയദാർഢ്യം പൊതു സമൂഹത്തിന് മുന്നിൽ നിരർഥകമായി പോകുന്നതിന്റെ പ്രധാന കാരണവും മുസ്ലിം സമൂഹത്തിന്റെ വിധേയത്വമാണ്. ഹിജാബ് സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നുവെന്ന വികൃതാശയം മുസ്ലിം സ്ത്രീകൾ അടിച്ചമർത്തപ്പെട്ടവരാണെന്ന നിഗമനത്തിലാണ് ലിബറലുകളെ കൊണ്ടെത്തിച്ചത്. സെക്യലർ സ്ത്രീകൾക്ക് കല്യാണം, ജീവിത പങ്കാളികൾ, ലൈംഗികത, മാതൃത്വം, കരിയർ തുടങ്ങിയ കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം വകവെച്ചു നൽകുന്നുണ്ടെന്നവകാശപ്പെടുന്ന ലിബറൽ സങ്കൽപ്പങ്ങളിൽ പാരസ്പര്യ വൈരുദ്ധ്യം മുഴച്ചു നിൽക്കുന്നുണ്ട് താനും.

മതത്തെ പുരുഷാധിപത്യത്തിന്റെ ആസ്ഥാന കേന്ദ്രമായി കണക്കാക്കുന്ന ഇന്ത്യൻ ഫെമിനിസ്റ്റ് ചിന്താഗതികൾ പലതവണകളിലായി മത സംവാദങ്ങളെ വിദ്യഭ്യാസത്തിലേക്ക് സമർഥമായി വഴി തിരിച്ച് വിട്ടതായി കാണാം. മത നിയമങ്ങളുടെ ബന്ധനത്തിൽ നിന്നും മുസ്ലിം സ്ത്രീകളെ രക്ഷപ്പെടുത്തുകയെന്ന ചേതോ വികാരമാണത്രേ ഇതിന് പിന്നിൽ. വിദ്യഭ്യാസ അവകാശ സംരക്ഷണത്തിൽ ഹിജാബ് ഉപേക്ഷിക്കുന്നതിന്റെ യുക്തിയെന്താണന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സെക്യുലർ ഫെമിനിസ്റ്റ് തത്വജ്ഞാനികൾ ധൈഷണിക പോരാട്ടം തുടങ്ങിയിട്ടുണ്ടെന്നതാണ് ഇതിലെ തമാശ. ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന മുൻധാരണ വെച്ചു പുലർത്തുന്ന കാലത്തോളം അതിനുത്തരം കണ്ടെത്തുക അവർക്ക് പ്രയാസമാണ്.

മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യവും അവരുടെ വിശ്വാസം പൊതു സമൂഹത്തിന് മുന്നിൽ വിശദീകരിക്കാൻ ആവശ്യപ്പെടുന്നതിനും പകരം നിരന്തരം നിരാകരിക്കുന്ന മതകീയ ബോധത്തെ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നതായിരിക്കും മതേതരത്വത്തിന് കൂടുതൽ സഹായകരമാകുക.

എപ്പോഴും മതഭക്തനായി മാത്രം സ്വയം വിശേഷിപ്പിച്ച ഗാന്ധിയിൽ തന്നെ ആദർശങ്ങൾ കണ്ടെത്തുന്നുവെന്നതാണ് മതേതരത്വത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം. മരണവേളയിൽ ‘ഹേയ് റാം’ മന്ത്രിച്ച ഗാന്ധീ വചനം അനശ്വരമാക്കപ്പെടുന്ന ഇന്ത്യയിലാണ് ജയ് ശ്രീറാം വിളിച്ച് പിന്നാലെ കൂടിയ ആൾക്കൂട്ടത്തോട് അള്ളാഹു അക്ബർ എന്ന് തിരിച്ച് പ്രതികരിക്കുന്നത് വൻ പാതകമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. കുറച്ചു കൂടി മതേതര ബോധം സിദ്ധിച്ചവളാണെന്ന് തെളിയിക്കാൻ ഒരു പക്ഷേ ജയ് ഹിന്ദ് ഉറക്കെ വിളിച്ച് പറയുന്നതായിരുന്നു ഉചിതമെന്ന് ഇതിനോടകം പലരും അവളെ ഉപദേശിച്ചിരിക്കുന്നു. എന്നാൽ ഗാന്ധി വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ ‘ഹിന്ദ്’ ജീവൻതുടിക്കുന്ന അന്തസത്തയായി നിലകൊണ്ടിരുന്നില്ലേ? എന്നിട്ടും ഗാന്ധിയുടെ ഹേ റാം മന്ത്രം എന്തു കൊണ്ട് വിമർശന വിധേയമാകുന്നില്ല?.

മതേതരത്വം മതത്തെ സഹനത്തോടെ ഉൾക്കൊള്ളുന്നുവെന്നതിനപ്പുറം നിശ്ചിത വിഭാഗക്കാരുടെ മതം മാത്രം എന്തുകൊണ്ട് പ്രശ്നവത്കരിക്കപ്പെടുന്നില്ല എന്നതാണ് ഇവിടെ പ്രധാനം. ഗാന്ധിയുടെ മതവിശ്വാസം രാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങൾക്കുള്ളിലാണന്ന് വാദിക്കുന്നവർ ജീവിക്കുന്ന അതേ രാജ്യത്താണ് മുസ്കാന്റെ ഭക്തി രാഷ്ട്ര വിരുദ്ധമാണെന്ന പേരിൽ ചോദ്യം ചെയ്യപ്പെടുന്നത്!

വിവ- ആമിർ ഷെഫിൻ

Related Articles