Your Voice

കര്‍ക്കരയെ കൊന്നതാരാണെന്നാണ് അവര്‍ പറഞ്ഞു വെക്കുന്നത്

രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ത് കര്‍ക്കരെ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും പ്രഗത്ഭനായ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടത്. സ്വന്തം ജീവന്‍ പോലും ത്യജിച്ചാണ് അദ്ദേഹം ഭീകരരെ നേരിടാന്‍ പുറപ്പെട്ടത്. മൂന്നു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ദേഹത്തിലൂടെ തുളച്ചു പോയിട്ടുണ്ട്. ആരാണ് ആ വെടി യുതിര്‍ത്തത് എന്നത് ഇപ്പോഴും അവ്യക്തമാണ്. നാടിനു വേണ്ടി ജീവന്‍ നല്‍കിയ അദ്ദേഹത്തെ രാജ്യം അശോക ചക്ര നല്‍കിയാണ് ആദരിച്ചത്.

മലേഗോവ് സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി എന്ന കാരണത്താലാണ് അദ്ദേഹം സംഘ് പരിവാറിന്റെ കണ്ണിലെ കരടായത്. ‘തന്റെ ശാപമാണ് അദ്ദേഹം കൊല്ലപ്പെടാന്‍ കാരണം’ എന്ന് വന്നാല്‍ ദേശത്തെ ഭീകരരില്‍ നിന്നും രക്ഷിക്കാന്‍ ജീവന്‍ നല്‍കിയ മഹത്തുക്കള്‍ അനാദരിക്കലാണ്. ഭീകരരുമായുള്ള സംഘട്ടനത്തില്‍ നമ്മുടെ പട്ടാളക്കാര്‍ എമ്പാടും മരിക്കാറുണ്ട്. അതവരുടെ ശാപമാണ് ?. അടുത്തിടെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കുറിച്ചും ഭീകരര്‍ അങ്ങിനെ പറയും. കള്ളന്മാരും കുറ്റവാളികളും പോലീസിനെയും നീതിന്യായ വ്യവസ്ഥകളെയും കുറിച്ച് ഇങ്ങിനെ പറയുക എന്നത് പുതിയ കാര്യമല്ല. അവര്‍ തന്നെയാണ് നാട്ടിലെ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എന്നതാണ് അതിലെ ഏറ്റവും വലിയ ദുരന്തം.

വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ച് കര്‍ക്കരെ കേള്‍ക്കുന്നത്. അപ്പോള്‍ തന്നെ അദ്ദേഹം രംഗത്തിറങ്ങി. പിന്നീട് നാം കാണുന്നത് അദ്ദേഹത്തിന്റെ മൃതദേഹമാണ്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കിട്ടിയ ബുള്ളറ്റും ഭീകരര്‍ ഉപയോഗിച്ച ബുള്ളറ്റും വ്യത്യസ്തമായിരുന്നു എന്നൊക്കെ അന്ന് നാം വായിച്ചിരുന്നു. നിരവധി ദുരൂഹതകളും അന്ന് പറഞ്ഞു കേട്ടിരുന്നു. ഒരിക്കലും ഭീകരുടെ വെടിയേറ്റല്ല കര്‍ക്കരെ മരണപ്പെട്ടത് എന്ന് പറഞ്ഞവര്‍ തന്നെയുണ്ട്. കസബിനെ തൂക്കി കൊന്നതോടെ അത്തരം ചര്‍ച്ചകളുടെ അവസാനമായി എന്ന് വേണം പറയാന്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര ദേശാഭിമാനികളെ അവമതിക്കുന്ന രീതിയിലേക്ക് സംഘപരിവാര്‍ നീങ്ങുന്നു എന്നതും കാണാതിരുന്നു കൂടാ.

സംഘ പരിവാര്‍ പ്രതിയായ ഭീകര പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ട് വന്നു എന്നതാണ് കര്‍ക്കരെ ചെയ്ത തെറ്റ്. ഒരു ജനതയുടെ ശാപം മുഴുവന്‍ പേറി നടക്കുന്നവരാണ് സത്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ചവരെ ശപിക്കുന്നത്. ഒരിക്കല്‍ കര്‍ക്കരെ പുറത്തു കൊണ്ട് വന്ന പ്രതിയാണ് സ്വാധി പ്രഗ്യാസിംഗ് ഠാക്കൂര്‍. കേസില്‍ ജാമ്യം കിട്ടിയ അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. നാട്ടിലെ നിയമം നേരായ വഴിയിലൂടെ നീക്കുന്ന പോലീസുകാര്‍ക്കുള്ള താക്കീതാണ് അവരുടെ ശാപത്തിന്റെ കഥ. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ആരും രക്ഷപ്പെടില്ല എന്ന സന്ദേശം കൂടി ഈ ശാപത്തിന്റെ പിന്നിലുണ്ട്. ഹേമന്ത് കര്‍ക്കരെ എന്ന നല്ല ഓഫീസറുടെ ഓര്‍മകള്‍ പോലും അക്രമികളെ വേദനിപ്പിക്കും. അത് കൊണ്ടാണ് നന്മ ഒരിക്കലും മരിക്കില്ലെന്നു നാം പറഞ്ഞു വരുന്നതും.

Facebook Comments
Related Articles
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker