Current Date

Search
Close this search box.
Search
Close this search box.

വഖ്ഫ് ബാധ്യതയാണ് ; അധികാരമല്ല

മരിച്ചാലും നിലക്കാത്ത ഉറവയാണ് സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം വഖ്ഫ് . അതിന്റെ നനവ് നിത്യദാനം നിർവഹിക്കുന്നവന്റെ ഖബറിലെത്തുമെന്നാണവരുടെ വിശ്വാസം; നാളെ വിചാരണ നാളിൽ തണലാവാനും അത്തരം വഖ്ഫുകൾ ഇടയാക്കുമെന്നും അവർ കരുതുന്നു. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ വഖ്ഫ് സ്വത്തുക്കൾ കേവലം ധർമമായ സ്വത്തുവകകൾ മാത്രമല്ല, വിശ്വാസികൾക്ക് മരണശേഷവും പുണ്യം ലഭിക്കുന്ന പ്രധാന മൂന്നു ഘടകങ്ങളിലൊന്നാണത്.

സദ് വൃത്തരായ സന്താനങ്ങളും ഉപകാരപ്പെടുന്ന വിജ്ഞാനങ്ങളുമാണ് മറ്റുള്ളവ. വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടതും, നിലനിർത്തേണ്ടതും വിശ്വാസി സമൂഹത്തിൻ്റെ സാമൂഹ്യ ബാധ്യതയാണ്. സർക്കാറുകൾ സമ്മതിച്ചാലുമില്ലെങ്കിലും.

ഒരു വസ്തു / മുതൽ സ്വന്തം അധികാര പരിധിയിൽ നിന്ന് പടച്ചവന്റെ തൃപ്തി ഉദ്ദേശിച്ച് പ്രത്യേകാവശ്യത്തിന് മാത്രമായി തടഞ്ഞ് വെക്കുന്ന പുണ്യകർമമാണ് വാസ്തവത്തിലത് . അത് പടപ്പുകളുടേയോ സംഘടനകളുടേയോ അവകാശത്തിൽ നിന്നും പടച്ച തമ്പുരാന്റെ മാത്രം അധികാരത്തിലാവുമ്പോഴാണ് അക്ഷരാർഥത്തിൽ വഖ്ഫാവുകയുള്ളൂ.

വഖ്ഫ് / എൻഡോവ്‌മെന്റിൽ റിയൽ എസ്റ്റേറ്റ്, ഫാമുകൾ, സ്ഥലങ്ങൾ, കിണറുകൾ മറ്റുള്ളവ സ്ഥിര ആസ്തികളും വ്യാവസായിക യന്ത്രങ്ങളും ഉപകരണങ്ങളും ഫലവൃക്ഷങ്ങളുടെ വരുമാനങ്ങളും പോലുള്ളവയും ഉൾപ്പെടും.

വഖ്ഫിന്റെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്:

1- നൽകാനും ചെലവഴിക്കാനുമുള്ള സർവ്വശക്തനായ റബ്ബിന്റെ കൽപ്പനകൾ വ്യക്തി / സാമൂഹ്യ ജീവിതത്തിൽ പാലിക്കുക.

2- സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ തത്വവും സാമൂഹിക സന്തുലിതാവസ്ഥയും കൈവരിക്കുക; അങ്ങനെ സ്നേഹവും സാഹോദര്യവും സ്ഥിരതയും സമതുലിതാവസ്ഥയും നിലനിൽക്കുക.

3- പണത്തിന്റെ നിലനിൽപ്പും ശാശ്വതതയും വഖ്ഫുകളിൽ നിന്നുള്ള വരുമാനവും സമൂഹത്തിനുള്ള നേട്ടവും ഉറപ്പാക്കുക.

4- സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സാമൂഹിക വികസന ലക്ഷ്യങ്ങൾ കൈവരിക്കുക.

5- രക്ത / ആദർശ ബന്ധങ്ങൾ ഉയർത്തിപ്പിടിക്കുകയും ബന്ധുക്കളുടെയും ആവശ്യമുള്ളവരുടെയും ഭാവി ഉറപ്പാക്കുകയും അവരെ നിരാശ്രയരുമാക്കുക.

വഖ്ഫ് പൊതുവേ രണ്ട് തരങ്ങളായി തിരിച്ചിരിക്കുന്നു. മൂന്നാമത്തേത് അവയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, അവ ഇനിപ്പറയുന്നവയാണ്:

1- സിവിൽ വഖ്ഫ്: വ്യക്തികൾ സിവിൽ സമൂഹത്തിലെ ചില വ്യക്തികളുടെയോ അവരുടെ സന്തതികളുടെയോ, ബന്ധുക്കളുടെയോ പ്രയോജനത്തിനായി ഉണ്ടാക്കിയിരിക്കുന്നത്. പഴയ കാലത്തെ വിദ്യാലയങ്ങൾ അത്തരത്തിലുള്ളവയായിരുന്നു.
ഉദാ: മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ

2- ചാരിറ്റി വഖ്ഫ് : ഒന്നോ അതിലധികമോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തപ്പെടുന്നത്.
അതിനായി ചെലവഴിക്കുന്നതെല്ലാം സർവ്വശക്തനായ അല്ലാഹുവിനുള്ള ഇബാദതാണ് എന്ന നിലയിൽ വിശ്വാസികൾ ഏറ്റെടുത്ത പദ്ധതികൾ ഈ ഗണത്തിലാണ് വരുക.
ഉദാ: പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾ

3- സംയുക്ത വഖ്ഫുകൾ: സിവിൽ, ചാരിറ്റബിൾ പദ്ധതികൾ സംയോജിപ്പിക്കുന്നത്.
ഉദാ: ആതുരാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ശൈഖ് റഹീബാനി ഹമ്പലി വിശദീകരിച്ചതുപോലെ, വഖ്ഫിന്റെ സാധുതയ്ക്ക് പ്രധാനപ്പെട്ട ചില വ്യവസ്ഥകളുണ്ട്:
1- വഖ്ഫ് വിനിയോഗിക്കാൻ അനുവദനീയമായ ഉടമയുടേതാണെന്നും അദ്ദേഹം നികുതിദായകനാണെന്നും; വളരെ ചെറുപ്പമോ വിഡ്ഢിയോ ഭ്രാന്തനോ അല്ലെന്നും ബോധ്യപ്പെടണം.
2- വഖ്ഫ് രൊക്കം വസ്തുവാവണം ; കടമായി തിരിച്ചു കിട്ടാനുള്ളത് വഖ്ഫാവില്ല.
3- വഖ്ഫ് നീതിയെ അടിസ്ഥാനമാക്കിയുള്ളതാവണം ; വഖ്ഫ് കാരണം അനന്തരാവകാശികൾ നിസ്വരാവരുത് .
4- മസ്ജിദ് അല്ലെങ്കിൽ ഇന്ന വസ്തു എന്ന് പ്രത്യേകമായി എടുത്തു പറയേണ്ടതാണ്.
5- വഖ്ഫിന്റെ പ്രധാന വ്യവസ്ഥകളിലൊന്ന്, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമായിരിക്കണം; അവ ലഭ്യമാവുന്നുണ്ടെന്നുറപ്പു വരുത്തണം.
6- തനിക്ക് ആവശ്യമുള്ളപ്പോൾ വിൽക്കുന്നതിനോ മറ്റുള്ളവർക്ക് നൽകുന്നതിനോ ഉള്ള വ്യവസ്ഥ വെച്ചു കൊണ്ടുള്ള വഖ്ഫുകൾ സാധുവല്ല.

ഈ വ്യവസ്ഥകൾ വായിച്ചതിനു ശേഷം നിലവിലുള്ള വഖ്ഫുകളുടെ സ്റ്റാറ്റസ് ഒന്നു പഠിക്കുന്നത് നല്ലതാണ്. നമ്മുടെ രാജ്യത്ത് വലിയ വലിയ സ്റ്റേഡിയങ്ങളും പാർട്ടി ഓഫീസുകളും റെയിൽവേ സ്റ്റേഷനുകളടക്കമായി പരിവർത്തിക്കപ്പെട്ട വഖ്ഫുകൾ ഒരു സമുദായം അവയോട് പുലർത്തിയ നിസ്സംഗതയുടെ അടയാളപ്പെടുത്തലുകളാണ്.മറ്റു സംസ്ഥാനങ്ങളെക്കാൾ താരതമ്യേന വഖ്ഫിന്റെ അധിനിവേശവും പിടിച്ചടക്കലും
കുറവുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടു പോലും എത്രയോ ഏക്കറുകണക്കിന് ഭൂമി അന്യാധീനപ്പെടുകയോ അവയുടെ വരുമാനങ്ങൾ ” ചെലവായി(ൽ) ” പോവുകയോ ചെയ്യുന്നു.

ചില ആദ്യ കാല വഖ്ഫുകൾ

നബിയുടെ വാഹനമായ കോവർ കുതിരയും ആയുധവും ഫദക് / ഖൈബർ ഭൂമിയുമെല്ലാം സമൂഹത്തിന് ബാക്കിവെച്ചാണ് അദ്ദേഹം വഫാതാവുന്നത്. ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലാഹുവിന്റെ മാർഗത്തിൽ വഖ്ഫ് ചെയ്യലാണ് നന്മയും ഉത്തമമായ ദാനവുമെന്ന് ഖുർആൻ പറയുന്നതിനെ സ്വഹാബത് അങ്ങനെത്തന്നെ നെഞ്ചിലേറ്റുകയായിരുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് ചിലവഴിക്കുന്നതുവരെ പുണ്യം പ്രാപിക്കുകയില്ല തന്നെ.(3: 92) എന്ന വാചകം തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ‘ബൈറുഹാഇലെ ‘ തോട്ടം വഖ്ഫ് ചെയ്ത ‘അബൂത്വൽഹമാർ ‘ ഇസ്ലാമിക ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതു കൊണ്ടാണ്.

പ്രവാചകൻ (സ) യെ അത്യധികം സ്നേഹിച്ച മുഖൈരീഖ് എന്ന ജൂതന്റെ ദാനം സുവിദിതമാണ്. മദീനയിലെ തൻ്റെ ഏഴ് തോട്ടങ്ങളാണ് അദ്ദേഹം ഇസ്ലാമിന് വേണ്ടി ഇഷ്ടദാനം ചെയ്തത്. ജൂതനായിരിക്കെ തന്നെ അദ്ദേഹം ഉഹുദ് യുദ്ധത്തിൽ മുസ്ലിം സൈന്യത്തിന് വേണ്ടി ശത്രുക്കൾക്കെതിരെ പോരാടി. കൊല്ലപ്പെടുകയാണെങ്കിൽ തൻ്റെ സമ്പത്ത് മുഴുവൻ പ്രിയ സ്നേഹിതൻ മുഹമ്മദിന് നൽകണമെന്ന് മുഖൈരീഖ് വസ്വിയ്യത്ത് ചെയ്യുകയായിരുന്നു. ഉഹ്ദ് ദിവസം അദ്ദേഹം കൊല്ലപ്പെടുകയും നബി (സ) അദ്ദേഹത്തിൻ്റെ ഏഴ് തോട്ടങ്ങളും വഖ്ഫ് സ്വത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതായിരുന്നു ഇസ്ലാമിലെ ആദ്യ വഖ്ഫ് എന്ന നിലയിൽ സീറതു ഇബ്നി ഹിശാമടക്കമുള്ള ചരിത്ര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നത്. ഉമറി(റ)ന്റെ ഖൈബറിലെ ഇഷ്ടദാനമാണ് മുഹാജിറുകൾ ഇസ്ലാമിലെ ആദ്യ വഖ്ഫായി കാണുന്നതെങ്കിൽ മുഖൈരീഖിന്റെ വഖ്ഫായിരുന്നു പ്രഥമ വഖ്ഫെന്നാണ് അൻസ്വാറുകളുടെ വിശ്വാസം.

ഈ രണ്ടു വാദങ്ങളേയും ഇമാം ഇബ്നു ഹജർ (റഹ്) തന്റെ ഫത്ഹുൽ ബാരിയിലെടുത്തെഴുതുന്നുണ്ട്. മദീനയിലേക്കുള്ള പലായന വഴിയിൽ വെച്ച് നബി (സ) യുടെ മേൽനോട്ടത്തിൽ നിർമ്മിക്കപ്പെട്ട ഖുബാ പള്ളിയും മദീനത്തെത്തി സൗഹാർദ്ദ (ഇഖാഅ്) സംസ്ഥാപനത്തിനത്തിന് ശേഷമാരംഭിച്ച മസ്ജിദുന്നബവിയുമെല്ലാം ഇത്തരം വഖ്ഫുകളുടെ ആദ്യ ചിത്രങ്ങളാണ് മനസ്സിൽ തെളിയിക്കുന്നത്..

പ്രവാചക (സ)ന്റെയും അനുചരന്മാരുടെയും കാലഘട്ടത്തിൽ വഖ്ഫുകൾ പള്ളികളും കൃഷിയിടങ്ങളും മറ്റുമായിരുന്നുവെങ്കിൽ ഉമവി കാലഘട്ടത്തിൽ കിഴക്ക് ചൈനയുടെ പ്രാന്തപ്രദേശങ്ങളിലേക്കും പടിഞ്ഞാറ് ഫ്രാൻസിന്റെ അതിർത്തികളിലേക്കും എത്തിയ ഇസ്‌ലാമിക ഖിലാഫതിന്റെ വികാസം കാരണം വഖ്ഫുകൾ വർദ്ധിച്ചു. അവയുടെ മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക സ്വതന്ത്ര വകുപ്പ് സ്ഥാപിക്കുകയും വഖ്ഫ് ഭരണം നിയമ സംരക്ഷണ വകുപ്പ് നേരിട്ട് മേൽനോട്ടം വഹിക്കുകയും ചെയ്തു.

അബ്ബാസി കാലഘട്ടത്തിലാണ് വഖ്ഫ് സ്ഥാപനത്തിന്റെ വികാസം കാര്യമായുണ്ടായത് . അതിന്റെ ഓഫീസർ സ്വദർ എന്ന് അറിയപ്പെടുമായിരുന്നു. ആശുപത്രികൾ, ലൈബ്രറികൾ, വിവർത്തന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നാഗരിക – സാംസ്കാരിക കേന്ദ്രങ്ങളും അവയുടെ വരുമാനത്തിന്റെ കണക്കുകൾ പോലും വഖ്ഫിലാണ് എണ്ണിയിരുന്നത്.

മംലൂക്കുകളുടെ ഭരണകാലത്ത് വഖ്ഫുകൾ കൂടുതൽ വികസിക്കുകയും അതിന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുകയുമുണ്ടായി. വഖ്ഫുകളുടെ ഭരണത്തിനും മേൽനോട്ടത്തിനുമായി മൂന്ന് ബ്യൂറോകൾ സ്ഥാപിക്കപ്പെട്ടു :
1. പൊതുപള്ളികൾക്കുള്ള കേന്ദ്രം.
2. രണ്ട് ഹറമുകൾക്ക് മാത്രമായുള്ള പ്രത്യേക ഓഫീസ്.
3. സിവിൽ വഖ്ഫ് ഓഫീസ്.

ഉസ്മാനി കാലഘട്ടത്തിൽ പ്രത്യേകിച്ച് ബനൂ ഉസ്മാനിലെ സ്ത്രീകൾക്കിടയിൽ, വഖ്ഫ് നേർച്ച പോലെയായിരുന്നു . സുൽത്വാന്മാരും വഖ്ഫ് വിഷയത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തി. പ്രജകളുടെ വികസനത്തിനും നാടിന്റെ ശാസ്ത്രീയ പുരോഗതിക്കും അനുസൃതമായി മെഡിക്കൽ കോളേജുകളും നിലവിലുള്ള ആശുപത്രികളിലെ ആതുര സേവനങ്ങളും ഉൾപ്പെടുത്തുന്നതിനായി വഖ്ഫ് വരുമാനം പര്യാപ്തമായിരുന്നു. ദരിദ്രർക്കുള്ള ബീമാരിസ്താനുകൾ ജാതി- മത ഭേദമന്യേ എല്ലാവർക്കും ആശാകേന്ദ്രങ്ങളായി മാറി.

പുതിയ കാലഘട്ടത്തിൽ, പല മുസ്ലിം രാജ്യങ്ങളും വിവിധ മേഖലകളിലെ വഖ്ഫുകൾക്ക് അർഹമായ പരിഗണന നൽകി വരുന്നു. അവയിൽ പല രാജ്യങ്ങൾക്കും ഔഖാഫിനായി (എൻഡോവ്മെന്റുകൾക്കായി ) പ്രത്യേക മന്ത്രാലയങ്ങളും വകുപ്പുകളും തന്നെ സ്ഥാപിച്ചിട്ടുണ്ട്. കാരണം വിശ്വാസികളെ സംബന്ധിച്ചേടത്തോളം അധികാരത്തിന്റെ ചക്കരക്കുടമല്ല വഖ്ഫുകൾ ; പരലോകത്ത് നാഥന്റെ മുമ്പിൽ ചോദ്യം ചെയ്യപ്പെടുന്ന ബാധ്യതയാണവ.

റഫറൻസ് :
1-نهاية المحتاج ، لابن شهاب الرملي ج 5، ص 358
2 – الإنصاف في بيان أحكام الأوقاف . المستشار القانوني رامي احمد الغالبي.جامعة بغداد- العدد(50).
3 – اقتصاديات الوقف، تأليف د. عطية عبدالحليم صقر، ص16
4- വിക്കിപ്പീഡിയ

Related Articles