Current Date

Search
Close this search box.
Search
Close this search box.

മൗലാനാ വഹീദുദ്ദീൻ ഖാൻ (1925-2021)

ഭുവനപ്രസിദ്ധനായ ഇന്ത്യൻ പണ്ഡിനായിരുന്നു വിടപറഞ്ഞ മൗലാനാ വഹീദുദ്ദീൻ ഖാൻ. 1925ന് ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിൽ ജനിച്ച അദ്ദേഹം സ്വതന്ത്രപൂർവ ഇന്ത്യയുടെ ചലനങ്ങൾക്കു സാക്ഷിയായ പണ്ഡിതന്മാരുടെ കുട്ടത്തിലെ അവസാനത്തെ കണ്ണികളിലൊന്നായിരുന്നു. ലോകത്തെ സ്വാധീനിച്ച 500 മുസ്ലിംകളുടെ കൂട്ടത്തിലിടം നേടിയ അദ്ദേഹം ബഹുവിഷയങ്ങളിൽ ഗ്രന്ഥരചന നടത്തിയിട്ടുള്ളയാളാണ്. പാരമ്പര്യ ഇസ്ലാമിക വിജ്ഞാനീയങ്ങളും ആധുനി വിജ്ഞാനശാസ്ത്രങ്ങളും സമഞ്ചസമായി സമ്മേളിപ്പിച്ച് അദ്ദേഹം നടത്തിയ വൈജ്ഞാനിക മുന്നേറ്റങ്ങൾ ചരിത്രപരമായിരുന്നു. വിശുദ്ധ ഖുർആന് അദ്ദേഹമെഴുതിയ തദ്കീറുൽ ഖുർആൻ എന്ന ഉറുദു വ്യാഖ്യാനം പിൽക്കാലത്ത് ഹിന്ദി, അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായി എണ്ണപ്പെടുന്ന രചന. ഇതിനു പുറമേ ഇസ്ലാം, മോഡേണിസം, സയൻസ്, ഫിലോസഫി, പ്രവാചകജീവിതം, ബഹുസ്വരസമൂഹത്തിലെ ജീവിതം തുടങ്ങിയ വിവധവിഷയങ്ങളിലായി ഇരുനൂറോളം ഗ്രന്ഥരചനകൾ നടത്തിയിട്ടുണ്ട്.

ഇസ്ലാമിന്റെ സമാധാനമുഖം വർത്തമാനലോകത്ത് മനോഹരമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം സദാബദ്ധശ്രദ്ധനായിരുന്നു. അതുകൊണ്ട് തന്നെ വിവിധ അന്താരാഷ്ട്ര സമാധാന സംഘടനകളുടെ അംബാസിഡറായും അദ്ദേഹം സേവനം ചെയ്തു. തന്റെ വൈജ്ഞാനിക സേവനങ്ങളുടെയും സമാധാനസന്ദേശപ്രചരണത്തിന്റെയും ഫലമായി ഒട്ടനവധി അന്താരാഷ്ട്ര- ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് അദ്ദേഹം. മുൻ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മീഖായീൽ ഗോർബച്ചേവിന് കീഴിലുള്ള അന്താരാഷ്ട്ര സമാധാനപുരസ്‌കാരം, 2000ൽ പത്മഭൂഷൺ, മദർ തെരേസയുടെ കീഴിലുള്ള ദേശീയ വ്യക്തിത്വ പുരസ്‌കാരം, രാജീവ്ഗാന്ധി ദേശീയസദ്ഭാവന അവാർഡ്, അവസാനമായി 2021 ജനുവരിയിൽ പത്മവിഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

അദ്ദേഹത്തിന്റെ പഠനങ്ങളും ലേഖനങ്ങളും പ്രധാനമായി ഉൾക്കൊള്ളിച്ച് 1976ൽ ആരംഭിച്ച മാസികയായിരുന്നു ‘അർരിസാല.’ പിന്നീട് 1984ൽ ഇതിന്റെ ഇംഗ്ലീഷ് പതിപ്പും 1990ൽ ഹിന്ദി പതിപ്പും പ്രസിദ്ധീകരണം ആരംഭിച്ചു. ആത്മാന്വേഷികളുടെ വഴികാട്ടി, ദൈവത്തെ കണ്ടെത്തൽ, സമാധാനത്തിന്റെ ആയുസ്സ്, സമാധാനത്തിന്റെ പ്രവാചകന്റെ ആത്മീയജീവിതവും വിജയത്തിന്റെ രഹസ്യവും, ബഹുഭാര്യത്വം, ഇസ്ലാമും സമാധാനവും, ഇന്ത്യൻ മുസ്ലിമിനെക്കുറിച്ചുള്ള അനുകൂല ചിന്തകൾ, ഇസ്ലാം: ഒരു ലഘുപരിചയം എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്.

ഇസ്ലാമും മോഡേണിസവുമായി സന്ധിക്കുന്ന വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. സ്ത്രീസ്വാതന്ത്ര്യം, മുത്തലാഖ്, ഹിജാബ് തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം രചനകൾ നിർവഹിച്ചിട്ടുണ്ട്. സമാധാനാപ്രിയനായ ഗാന്ധിയൻ കൂടിയായ എല്ലാ രാഷ്ട്രീയ ചിന്താ പ്രസ്ഥാനങ്ങളോടും വ്യക്തമായ അകലം കാത്തുസൂക്ഷിച്ച്, ആരോഗ്യകരവും സൃഷ്ടിപരവുമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിച്ചയാളായിരുന്നു. ഇസ്ലാമിക ചിന്താപ്രസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഒന്നിനോടും വ്യക്തമായ ആഭിമുഖ്യം വെച്ചുപുലർത്താതെ, തന്റേതായ തനതായ രീതിയിൽ, എല്ലാവർക്കും സ്വീകാര്യമാവുന്ന രീതിയിൽ അദ്ദേഹം ജീവിച്ചു. സൂഫീ ചിന്താധാരയായിരുന്നു പ്രധാന മേഖല.

ലോകത്തിന്റെ വിവിധരാഷ്ട്രങ്ങളിൽ നിന്നായി, പല ഭാഷക്കാരുമായ അനേകായിരം വായനക്കാരും കേൾവിക്കാരും അദ്ദേഹത്തിനുണ്ട്. ഒന്നര മില്ല്യണിലധികം ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ, അവസാനദിവസങ്ങളിൽ വരെ സജീവമായി നടന്നിരുന്നു ലൈവുകൾക്ക് ലഭിച്ചിരുന്ന പിന്തുണ അക്കാര്യം വിളിച്ചറിയിക്കുന്നുണ്ട്. പ്രഭാഷണങ്ങളായും രചനകളായും ഒരു നൂറ്റാണ്ടോളം വൈജ്ഞാനിക സേവനം നടത്തിയ വഹീദുദ്ദീൻ ഖാന്റെ വിടവ് ഇന്ത്യൻ മുസ്ലിമിനെന്ന പോലെ ലോകമുസ്ലിംകൾക്കും തീരാനഷ്ടമാണ്.

Related Articles