Current Date

Search
Close this search box.
Search
Close this search box.

ഒറ്റ ശരീരമാവുക നാം

“നിങ്ങൾ ഒറ്റക്കെട്ടായി അല്ലാഹുവിൻ്റെ പാശം മുറുകെപ്പിടിക്കുവിൻ.ഭിന്നിച്ചു പോകരുത്. അല്ലാഹു നിങ്ങളിൽ ചൊരിഞ്ഞ അനുഗ്രഹമോർക്കുകയും ചെയ്യുവിൻ. പരസ്പരം വൈരികളായിരുന്ന നിങ്ങളുടെ മനസ്സുകളെ അവൻ തമ്മിലിണക്കിച്ചേർത്തു. അങ്ങനെ അവൻ്റെ മഹത്തായ അനുഗ്രഹത്താൽ നിങ്ങൾ പരസ്പരം സഹോദരങ്ങളായിത്തീർന്നു. വാസ്തവത്തിൽ നിങ്ങൾ ഒരഗ്നികുണ്ഠത്തിൻ്റെ തെല്ലിലായിരുന്നു. ആ അവസ്ഥയിൽ അവൻ നിങ്ങളെ അതിൽ നിന്നു രക്ഷിച്ചു. ഈ വിധം അല്ലാഹു അവൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കിത്തരികയാണ്. നിങ്ങൾ നേർമാർഗം പ്രാപിക്കേണ്ടതിന്” (ഖുർആൻ: 3: 103)

ഇതേ അധ്യായത്തിൽ തന്നെ നിങ്ങൾ അല്ലാഹുവിനെ മുറുകെ പിടിക്കണമെന്നും ( വാക്യം:101) മുസ് ലിംകളായിട്ടല്ലാതെ നിങ്ങൾ മരിച്ചു പോകരുതെന്നും (വാക്യം: 102) ഉണർത്തിയിട്ടുണ്ട്. അവയൊക്കെ ചേർത്തുവായിക്കുമ്പോഴാണ് മുസ് ലിം ഉമ്മത്തിൻ്റെ ഐക്യം എത്രമേൽ പ്രധാനമാണെന്ന്ബോധ്യപ്പെടുക. ആ ഐക്യം പക്ഷെ വിശുദ്ധ ഖുർആ ലക്ഷ്യമിടുന്ന രീതിയിൽ തന്നെയാവണം. എങ്കിലേ ഫലപ്രദമാകുകയുള്ളു.

ഖുർആൻ ബോധന കർത്താവ് ടി.കെ ഉബൈദിനെ ഉദ്ധരിക്കാം:
“അല്ലാഹുവിൻ്റെ ഗ്രന്ഥം. അതാകുന്നു വിണ്ണിൽ നിന്ന് മണ്ണിലേക്കു നീട്ടിയ അല്ലാഹുവിൻ്റെ പാശം. അതിലൂടെയാണ് അല്ലാഹു മനുഷ്യരോട് സംവദിക്കുന്നത്. അത് ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെയാണ് മനുഷ്യൻ അല്ലാഹുവിനോട് ബന്ധപ്പെടുന്നത്.

ദൈവിക പാശം മുറുകെ പിടിക്കുന്നതിനെ ഒറ്റക്കെട്ടായി എന്നും ഭിന്നിച്ചു പോകരുത് എന്നും ആവർത്തിച്ച് ഊന്നിപ്പറഞ്ഞിരിക്കുന്നു. വിശ്വാസികൾ അല്ലാഹുവിൻ്റെ ഗ്രന്ഥത്തെയും അവൻ്റെ പ്രവാചകൻ്റെ ചര്യയെയും വ്യക്തിപരമായി അവനവന് യോജിച്ച വിധത്തിൽ അവലംബിച്ചാൽ പോരാ. അവർ വിശുദ്ധ വേദത്തിൽ അധിഷ്ഠിതമായ ഒരു സമാജമായി വർത്തിക്കണം. ഒറ്റ ശരീരം പോലെയാണവർ. അതിലെ ഓരോ അംഗവും ആ ശരീരത്തിൻ്റെ ഓരോ അവയവമാണ്. മൊത്തം ശരീരത്തെ അവഗണിച്ചു കൊണ്ട് അതിൻ്റെ ഒരവയവത്തിനും നിലനിൽക്കാനാവില്ലല്ലോ. അതുപോലെ സമാജത്തെ അവഗണിച്ചു കൊണ്ട് ഓരോ വിശ്വാസിക്കും സ്വന്തം നിലയിൽ വിശ്വാസിയായി നില നിൽക്കാനാവില്ല.
ഒരിക്കൽ പ്രവാചകൻ (സ) പറയുകയുണ്ടായി “വിശ്വാസികൾ ഒറ്റ ശരീരം പോലെയാണ്. അതിലെ ഒരവയവത്തിനു രോഗം ബാധിച്ചാൽ ശരീരം മുഴുവൻ അതിൻ്റെ പേരിൽ വേദനിക്കും. അനേകം കല്ലുകൾ കൊണ്ട് പടുത്തുയർത്തിയ ഒരു കെട്ടിടത്തോടും നബി(സ) വിശ്വാസികളുടെ സമൂഹത്തെ ഉപമിച്ചിട്ടുണ്ട്. അതിലെ ഓരോ കല്ലും മറ്റു കല്ലുകളുമായി ചേർന്നാണ് കെട്ടിടത്തെ ബലപ്പെടുത്തുന്നതും നിലനിർത്തുന്നതും. മുസ് ലിം സമാജത്തിൻ്റെ അവയവങ്ങളെ കൂട്ടിയിണക്കുന്ന നാഡി ഞരമ്പുകളാണ് ഖുർആനും സുന്നത്തും. അവയുടെ ശരിയായ പ്രവർത്തനത്തിലൂടെയാണ് സമാജം സജീവവും സക്രിയവുമാകുന്നത് ”

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles