Current Date

Search
Close this search box.
Search
Close this search box.

കുരച്ചുചാടി കൂറു തെളിയിക്കുന്നവർ

കോൺഗ്രസിലെ മുസ്ലിം നേതാക്കൾക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല, പണ്ടുമുതലേ അതങ്ങനെ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ ഉറച്ച കോൺഗ്രസുകാരനായിരുന്ന ജിന്നാ സാഹിബ് കോൺഗ്രസ് വിട്ട് മുസ്ലിം ലീഗിലെത്തിയത്. ടി കെ ഹംസ എന്ന കോൺഗ്രസുകാരൻ സി.പി.എം ലേക്കെത്തിയതും കൊരമ്പയിൽ അഹമ്മദ് ഹാജി എന്ന കോൺഗ്രസുകാരൻ മുസ്‌ലിംലീഗിൽ എത്തിയതും കേരളത്തിലെ അനുഭവങ്ങളാണ്. ഏറ്റവുമൊടുവിൽ താനൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി രണ്ടുതവണ ജയിച്ച വി.അബ്ദുറഹ്മാൻ കോൺഗ്രസിൽ നിന്ന് വിട്ടുവന്നവനാണ്.

“മുസ്ലിങ്ങളുടെ ഏക പ്രാതിനിധ്യസംഘടന” (The sole representative body of Indian muslims) എന്ന് സ്വാതന്ത്ര്യത്തിനു മുമ്പ് ബാരിസ്റ്റർ എം.എ ജിന്ന നടത്തിയ അവകാശവാദം അറിഞ്ഞോ അറിയാതെയോ വകവെച്ചു കൊടുക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഈ അബദ്ധം കോൺഗ്രസ് പിന്നെയും തുടർന്നു. എന്നിട്ടും കുറെയേറെ ആളുകൾ കോൺഗ്രസിൽ തുടർന്നു.അവർക്കൊന്നും അർഹിക്കുന്ന പരിഗണന ലഭിക്കാറില്ല. വല്ല പരിഗണനയും കിട്ടണമെങ്കിൽ മുസ്ലിം ലീഗിനെതിരെ കുരച്ചു ചാടി എന്തെങ്കിലും പുലമ്പിക്കൊണ്ടിരിക്കണം. അക്കാലത്തെ കോൺഗ്രസിന്റെ കടുത്ത ലീഗ് വിരോധം മനസ്സിലാക്കാൻ ഒരു സംഭവം മാത്രം തൽക്കാലം അനുസ്മരിക്കാം.

എഴുപതുകളുടെ തുടക്കത്തിൽ “ഭാരതരത്നം” എന്ന ഉപപാഠപുസ്തകത്തെപ്പറ്റി വിവാദമുയർന്നു. പ്രസ്തുത പാഠപുസ്തകം പിൻവലിക്കണമെന്ന ശക്തിയായ ആവശ്യം മുസ്ലിം ലീഗും പോഷകസംഘടനകളായ യൂത്ത് ലീഗ്, എം.എസ്.എഫ് വിഭാഗങ്ങളും മുഖപത്രമായ ‘ചന്ദ്രിക’യും ഉന്നയിച്ചു. ഇന്ത്യാ വിഭജന ചരിത്രം പറയുന്നതിനിടയിൽ മുസ്‌ലിംലീഗിനെ അലോസരപ്പെടുത്തുന്ന പരാമർശങ്ങൾ അതിലുണ്ടായിരുന്നു. വിവാദങ്ങൾക്കിടെ അന്ന് കോൺഗ്രസിനേക്കാൾ ശക്തമായിരുന്ന യൂത്ത് കോൺഗ്രസ് നേതൃത്വം ലീഗിനോട് ഇങ്ങനെ ആവശ്യപ്പെട്ടു : ” നിലവിലുള്ള മുസ്ലിം ലീഗ് 1906ലെ മുസ്ലിം ലീഗിന്റെ തുടർച്ചയാണോ എന്ന് വ്യക്തമാക്കണം…. ” ഇതിന് അന്ന് മറുപടി നൽകിയത് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായിരുന്നു സയ്യിദ് ഉമർ ബാഫഖി തങ്ങളായിരുന്നു. അതിങ്ങനെ : “….1906ലെ ലീഗിന്റെ തുടർച്ച തന്നെയാണ്, അതിൽ ആർക്കും ഒരു സന്ദേഹവും വേണ്ടതില്ല…. ” മുഖപത്രമായ ‘ചന്ദ്രിക’യും പോഷക സംഘടനകളുമെല്ലാം ഉമർ ബാഫഖി തങ്ങളുടെ നിലപാടിനോട് തികച്ചും ചേർന്ന് നിന്നു.( ഈ പ്രസ്താവനയെ ലീഗ് നേർക്കുനേരെ തിരുത്തിയിട്ടില്ല ) പിന്നീട് ലീഗ് പിളർന്നപ്പോൾ ഉമർ ബാഫഖി തങ്ങൾ, ചെറിയ മമ്മൂക്കേയി, എം.കെ ഹാജി, തുടങ്ങിയവർ ഉൾക്കൊള്ളുന്ന വിഭാഗം സ്വീകരിച്ച നാമം പഴയ പേരായ സർവ്വേന്ത്യാ മുസ്ലിം ലീഗ് (All india muslim league ) എന്നാണ്. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഇവരെയൊക്കെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കോൺഗ്രസിന്റെ പകതീർക്കലായിരുന്നു വെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

കോൺഗ്രസിൽ ഉറച്ച് നിന്ന് നിരന്തരം ലീഗിനെ കഠിനമായി വിമർശിച്ചു കൊണ്ടിരിക്കുന്നവരെ അന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നത് “ദേശീയ മുസ്‌ലിംകൾ ” എന്നായിരുന്നു. കോൺഗ്രസിൽ എന്തെങ്കിലും പരിഗണന നേടിയെടുക്കാൻ മുസ്‌ലിംലീഗിനെ ശക്തമായി വിമർശിക്കുന്നതിന് പുറമെ പലരും മുസ്ലീങ്ങളുടെ പൊതു നിലപാടുകളിൽ നിന്ന് വ്യത്യസ്തമായതോ വിപരീതമായതോ ആയ നിലപാട് സ്വീകരിക്കും. ഇപ്പോൾ കേരള ഗവർണറായ ആരിഫ് മുഹമ്മദ് ഖാനും കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദും ഉദാഹരണങ്ങളിൽ ചിലതുമാത്രം .

ഇന്ന് ചരിത്രം മാറി മുസ്‌ലിംലീഗ് കോൺഗ്രസുമായി ഗാഢമായ ആത്മബന്ധം വളർത്തിയെടുത്തു. കോൺഗ്രസിന് ലീഗിനെ കൂടാതെ നിലനിൽക്കാൻ തന്നെ പറ്റില്ലെന്ന ഗതികേടും വന്നു. കമ്മ്യൂണിസ്റ്റുകളും മുസ്‌ലിംലീഗുമായി പലപ്പോഴായി ബന്ധപ്പെട്ടിട്ടുണ്ട്. ആകയാൽ പഴയപോലെ ലീഗിനെതിരെ കുരച്ചു ചാടി തങ്ങളുടെ “കൂറ് ” തെളിയിക്കാൻ സാധ്യമല്ല; അത് വേണ്ടത്ര ഫലപ്രദവുമല്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലും കഥ ഇതുതന്നെയാണ്. ഇപ്പോൾ തങ്ങൾക്ക് പാർട്ടിയോടുള്ള കൂറ് തെളിയിക്കാൻ അവർ തിരഞ്ഞെടുത്തത് ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ സ്ഥാപകനായ മൗലാനാ മൗദൂദിയെയുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മുസ്ലീങ്ങൾ പലപ്പോഴും സംശയത്തിന്റെ കരിനിഴലിലാണ്. 1980കളിൽ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് നേതാവിന് തങ്ങളുടെ പാർട്ടി യോഗത്തിൽ വിശുദ്ധ ഖുർആൻ നിലത്തിട്ടു ചവിട്ടിത്തേച്ചു കാണിക്കേണ്ടി വന്നിരുന്നതായി അക്കാലത്ത് വായിക്കാൻ കഴിഞ്ഞിട്ടുണ്ട് ;അങ്ങനെയൊക്കെ ചെയ്താലും എത്ര തന്നെ മതേതരമായി, (ഇസ്ലാം വിരുദ്ധമായി ) നിന്നാലും മുസ്ലീങ്ങളെ പൂർണമായി വിശ്വാസത്തിലെടുക്കുക ഇല്ലെന്ന് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങി മതനിഷ്ഠയൊക്കെ പുലർത്തി പരലോക ചിന്തയിൽ കഴിയുന്ന പഴയ കമ്മ്യൂണിസ്റ്റ് സഹയാത്രികരിൽ ചിലർ സ്വകാര്യ സംഭാഷണങ്ങളിൽ വ്യക്തമാക്കിയ കാര്യമാണ്. അല്പം ഇസ്ലാമിക ചിന്തയും മത ഭക്തിയും ഒരു മുസ്ലിം സഖാവിൽ ദൃശ്യമായാൽ,മസ്ജിദുകളിൽ ജുമുഅക്കും മറ്റും പങ്കെടുത്താൽ, ഇസ്ലാമിക കൃതികളുമായും പ്രസിദ്ധീകരണങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടാൽ പിന്നെ ആ സഖാവിന്റെ പാർട്ടിക്കുറ് സംശയത്തിന്റെ കരിനിഴലിലായിരിക്കുമെന്ന് പലർക്കും അറിയാം. ആകയാൽ ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനുമെതിരെ ഇടയ്ക്കിടെ കുരച്ചുചാടി കൊണ്ട് കുറ് തെളിയിക്കാൻ പെടാപ്പാട് പെടുകയാണ്. ഇതാണ് സഖാവ് എളമരം കരീം ഉൾപ്പെടെയുള്ള പലരുടെയും ദുരവസ്ഥ. ജമാഅത്തെ ഇസ്ലാമിക്കെതിരെ അടിക്കടി ശബ്ദിച്ചു കൊണ്ട് തങ്ങളുടെ പാർട്ടി കൂറും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ( ജമാഅത്തെ ഇസ്ലാമിയെ കൊണ്ട് അവർക്ക് കിട്ടുന്ന ഉപകാരമാണിത്) അതീവ മതേതരത്വം പുലർത്തിക്കൊണ്ട് അനുഭവിക്കുന്ന ഒരുതരം അപകർഷതാബോധത്തെ അവർ മറച്ചുവെക്കാൻ ശ്രമിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തെ വിമർശിക്കാനും, മുസ്ലിം സംഘടനകളെ എതിർക്കാനും മാപ്പിള സഖാക്കളെ തന്നെ നന്നായി പിരികേറ്റി,
ഹരംകേറ്റി ഇറക്കിവിടുന്നതിലൂടെ മാർക്സിസ്റ്റുകളും മറ്റും മറ്റൊരു രസം കൂടി അനുഭവിക്കുന്നുണ്ട്. മുസ്ലിമിനെ ഉപയോഗിച്ച് തന്നെ, ഇസ്ലാമിനെയും മുസ്ലീങ്ങളെയും പ്രഹരിക്കാൻ സാധിക്കുന്നുവെന്നതാണത്. ഇതുവഴി സമുദായത്തിൽ ശൈഥില്യവും ശണഠയുമുണ്ടാക്കാനും , മുസ്ലിം കുടുംബങ്ങളിൽ അസ്വസ്ഥതയുണ്ടാക്കാനും അവർക്ക് സാധിക്കുന്നു.അമുസ്ലിം സഖാക്കളെകാൾ ഇസ്‌ലാമിനോടും ഇസ്ലാമിക പ്രസ്ഥാനങ്ങളോടും തീക്ഷ്ണവും തീവ്രവുമായ വിരോധം പുലർത്തുന്നത് മുസ്ലിം സഖാക്കളാണ്. മാന്യതയുള്ള, മിതവാദികളായ ചില അമുസ്ലിം സഖാക്കൾ പറയുന്നത് മാപ്പിള സഖാക്കൾ പാർട്ടി നേതൃത്വത്തെ വഴിതെറ്റിക്കുന്നുണ്ടെന്നാണ്.(കെ.ടി ജലീൽ പിണറായി വിജയനെ വഴിതെറ്റിച്ചുവോ?) ഏറെ അപ്രധാനമെന്ന് പറയാവുന്ന രണ്ടരമന്ത്രിസ്ഥാനമാണ് ഏറെ മതേതരമായതിന്റെ താൽക്കാലിക “ലാഭം”. മുസ്ലിം സമുദായം അടുത്തകാലത്തായി അനുഭവിക്കുന്ന വളരെ ചെറിയ ചില്ലറ ആനുകൂല്യങ്ങൾ ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെടുമ്പോൾ സുധീരം പ്രസ്തുത അനീതിയെ ചോദ്യം ചെയ്യാതെ ഒരു സമിതിയെ നിയോഗിക്കുന്നതിന് മൗനാനുവാദം നൽകുന്ന സമുദായ നേതൃത്വം അവരറിയാതെ മഴുത്തായ്കളായി മാറുന്നുണ്ടോ??.
പ്രസ്തുത കോടതിവിധിയെ എതിർത്തവരെ തന്നെ ഈ സമിതിയിലെ അംഗങ്ങളാക്കാൻ ശ്രമിച്ചേക്കും-ശരിയായ കെണി തന്നെ.

Related Articles