Current Date

Search
Close this search box.
Search
Close this search box.

ശഅ്ബാൻ അവഗണിക്കപ്പെട്ടുകൂടാ

റജബിൽ കർമങ്ങൾ നട്ടുപിടിപ്പിക്കുകയും ശഅ്ബാനിൽ വെള്ളമൊഴിച്ചുകൊടുക്കുകയും ചെയ്യാത്തവർക്ക് റമളാനിൽ കൊയ്ത്തിനു സാധിക്കില്ലല്ലോ. അതുകൊണ്ട് ശഅ്ബാനിൽ ആരാധനകൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് റമളാനിനെ വരവേൽക്കാൻ വിശ്വാസികൾ ശ്രമിക്കണം.

قَالَ الْإِمَامُ ابْنُ رَجَبٍ:
قَالَ أَبُو بَكْرٍ الْوَرَّاقِ الْبَلْخِي: شَهْرُ رَجَبٍ شَهْرٌ لِلزَّرْع، وَشَعْبَان شَهْرُ السَّقْي لِلزَّرْع، وَرَمَضَانُ شَهْرُ حَصَادِ الزَّرْعِ.
وَعَنْهُ قَالَ: مَثَلُ شَهْرِ رَجَبٍ مَثَلُ الرِّيح، وَمَثَلُ شَعْبَان مَثَلُ الْغَيْم وَمَثَلُ رَمَضَانَ مَثَلُ الْقَطْر.
وَقَالَ بَعْضُهُمْ: السَّنَةُ مِثْلُ الشَّجَرَة، وَشَهْرُ رَجَبٍ أَيَّامُ تَوْرِيقِهَا وَشَعْبَان أَيَّامُ تَفْرِيعِهَا، وَرَمَضَانُ أَيَّامُ قَطْفِها وَالْمُؤْمِنُون قُطَّافُهَا. جَدِيرٌ بِمَن سَوَّدَ صَحِيفَتَهُ بِالذُّنُوبِ أَنْ يُبَيِّضَهَا بِالتَّوْبَة فِي هَذَا الشَّهْرِ.-لَطَائِفِ الْمَعَارِفِ.
അബൂബക്ർ അൽ വർറാഖ് അൽ ബൽഖി പറയുന്നു:
റജബ് കൃഷിയിറക്കുന്ന മാസമാണ്. ശഅ്ബാൻ കൃഷി നനക്കാനുള്ള മാസമാണ്. റമദാനാകട്ടെ വിള കൊയ്യാനുള്ള മാസവും. അദ്ദേഹത്തിൽ നിന്നു തന്നെ ഉദ്ധരിക്കപ്പെടുന്നു: റജബ് മാസത്തിന്റെ ഉപമ കാറ്റിനെ പോലെയാണ്. ശഅ്ബാൻ കാർമേഘത്തെപ്പോലെ, റമദാനോ മഴയെപ്പോലെയും. വേറെ ചിലർ പറഞ്ഞു: വർഷം വൃക്ഷത്തെപ്പോലെയും, റജബ് മാസം അതിന് ചില്ലകൾ വളരുന്നതു പോലെയും, റമദാനാകട്ടെ അതിന്റെ കനികൾ പറിക്കുന്ന ദിവസങ്ങളാണ്. സത്യവിശ്വാസികൾ അത് പറിയ്ക്കുന്നവരും.- ലത്വാഇഫുൽ മആരിഫ്).

ശഅ്ബാൻ മാസത്തിൻറെ പ്രത്യേകത
നബി തിരുമേനി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാൻ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല, റമദാനിലല്ലാതെ. അതേപ്പറ്റി ചോദിക്കപ്പെട്ട സന്ദർഭത്തിൽ പൊതുവേ ആളുകൾ അശ്രദ്ധ വരുത്താൻ സാധ്യതയുള്ള മാസമാണതെന്നുംൻറെ, യഥാർത്ഥത്തിൽ അല്ലാഹുവിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസമാണതെന്നും, അതിനാൽ എന്റെ കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമ്പോൾ നോമ്പ് നോറ്റ ഏറ്റവും പരിശുദ്ധമായ അവസ്ഥയിലാകണമെന്ന് എനിക്കാഗ്രഹമുണ്ടെന്നും അതിനാലാണ് താനത്രയധികം ദിവസം ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നതെന്നും തിരുമേനി (സ) വ്യക്തമാക്കുകയുണ്ടായി.

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ. رَوَاهُ الْبُخَارِىُّ: – 1969. كَانَ يَصُومُ شَعْبَانَ كُلَّهُ. أَخْرَجَهُ الْبُخَارِىُّ وَمُسْلِمٌ.
ആയിശ (റ)പറയുന്നു: അല്ലാഹുവിന്റെ റസൂൽ (സ) പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു.എത്രത്തോളമെന്നു വെച്ചാൽ തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറേ ഇല്ലാ എന്ന് ഞങ്ങൾ പറയുവോളം. അത്പോലെ തിരുമേനി നോമ്പെടുക്കാറില്ല എന്ന് പറയുവോളം ചില സന്ദർഭങ്ങളിൽ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാൽ ഒരു മാസവും പൂർണ്ണമായി നോമ്പനുഷ്ഠിച്ചതായി റമദാനിലല്ലാത്ത മറ്റൊരു മാസവും ഞാൻ കണ്ടിട്ടില്ല. റമദാൻ കഴിഞ്ഞാൽ പിന്നെ ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാൻ കണ്ടിട്ടില്ല. (ബുഖാരി,മുസ്ലിം)

മറ്റു ചില റിപ്പോർട്ടുകളിൽ ശഅ്ബാൻ മുഴുവൻ നബിതിരുമേനി (സ) നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം. ഇത്തരം ധാരാളം ഹദീസുകളിൽ നിന്ന് നബി (സ) ഏറ്റവും കൂടുതൽ സുന്നത്ത് നോമ്പുകൾ അനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നുവെന്ന് മനസ്സിലാവുന്നു.

രഹസ്യം
ഇതിന്റെ രഹസ്യത്തെപ്പറ്റി സ്വഹാബിവര്യൻ ഉസാമ (റ) റസൂലിനോട് അന്വേഷിക്കുകയുണ്ടായി. അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും താങ്കൾ നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ? തിരുമേനി പറഞ്ഞു: റജബിന്റേയും റമദാനിന്റേയും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാർത്ഥത്തിൽ ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്.അതിനാൽ ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.(നസാഈ)

عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ؟. قَالَ: « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِى وَأَنَا صَائِمٌ ».- صَحِيحٌ النِّسَائِيُّ: 2357
ഇവിടെ പരാമർശിക്കപ്പെട്ട റജബ്, പവിത്രമാസങ്ങളിൽ പെട്ടതാണ്. മറ്റൊന്ന് പരിശുദ്ധമായ റമദാനും. അവ രണ്ടിനും ഇടയിലുള്ള ശഅ്ബാൻ ശ്രദ്ധിക്കാതെപ്പടാതെ പോവുക സ്വാഭാവികം. എന്നാൽ അവഗണിക്കേണ്ട മാസമല്ല അതെന്നും പ്രത്യുത പരമാവധി സൽക്കർമ്മങ്ങൾ വർദ്ധിപ്പിച്ച് തങ്ങളുടെ കർമ്മരേഖ അല്ലാഹുവിന് സമർപ്പിക്കപ്പെടാൻ പാകത്തിൽ ഒരുങ്ങിയിരിക്കുകയും ചെയ്യേണ്ട മാസമാണ് ശഅ്ബാൻ എന്നും, ആ മാസത്തിൽ ചെയ്യാവുന്ന പുണ്യകർമ്മങ്ങളിൽ ഏറ്റവും ഉത്തമം സുന്നത്ത് നോമ്പുകൾ ആണെന്നും പഠിപ്പിക്കുകയാണ് നബി തിരുമേനി (സ).

Related Articles