Current Date

Search
Close this search box.
Search
Close this search box.

മാധ്യമങ്ങളുടെ ഫലസ്തീൻ വേട്ട!

ഓരോ വാക്കിനും തനതായ അർഥമുണ്ട്. അവ മനുഷ്യനിലുണ്ടാക്കുന്ന ധാരണയും വ്യത്യസ്തങ്ങളാകും. ആക്രമണം, തിരിച്ചടി എന്നീ വാക്കുകൾ പരസ്പര വിരുദ്ധമായ ആശയങ്ങളാണ് നൽകുന്നത്. ഒന്ന് അന്യായമായ ആക്രമണത്തെയും മറ്റൊന്ന് ന്യായമായ പ്രത്യാക്രമണത്തെയും സൂചിപ്പിക്കുന്നു.

പാശ്ചാത്യ ലോകത്തെ പത്രങ്ങളും ചാനലുകളും ശ്രദ്ധിക്കുന്നവർക്കറിയാം ഈ ഇരട്ടത്താപ്പിൻ്റെ കടുപ്പം.

ഒരിക്കൽ പോലും ഫലസ്തീനികളുടെ ചെറുത്തു നിൽപ്പുകളെ തിരിച്ചടികളെന്നു വിശേഷിപ്പിക്കാൻ അവർ തയ്യാറാവില്ല! ഇസ്രായേലിൻ്റെതാകട്ടെ എപ്പോഴും തിരിച്ചടി (retaliation) ആയിരിക്കും!

ഫലസ്തീനികളെ അതിക്രമികളും ഇസ്രായേലിനെ നീതിമാന്മാരുമായി ചിത്രീകരിക്കുന്നതിൽ ഈ രണ്ട് പദപ്രയോഗങ്ങൾക്കുമുള്ള പങ്ക് ചെറുതല്ല. ഏതാനും വാക്കുകളിൽ മാത്രമുണ്ടാകുന്ന ദുരന്തമല്ലിത്. പാശ്ചാത്യൻ മാധ്യമങ്ങളിലും അത് പകർത്തി വെക്കുന്ന ഇന്ത്യൻ മാധ്യമങ്ങളിലും ഒട്ടെല്ലാ പ്രയോഗങ്ങളും ഈ മാരക രോഗത്തിനു വിധേയമാണ്!

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ അധിനിവേശ രാഷ്ട്രമാണ്. ഫലസ്തീനിൽ കാണപ്പെടുന്ന ഏതൊരു ഇസ്രായേൽ പട്ടാളക്കാരനും അധിനിവേശ സൈനികനാണ്. അയാളെ നേരിടുന്നത് സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമാണ്.

എന്നാൽ പടിഞ്ഞാറൻ മാധ്യമങ്ങൾക്ക് യഹൂദ പട്ടാളക്കാർ സുരക്ഷാ സൈന്യമാണ്! അതു കൊണ്ടു തന്നെ ഒരിക്കൽ പോലും, കടന്നു വന്ന അധിനിവേശ സൈനികരെ അതിക്രമകാരികളായി (Invaders) വിശേഷിപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ല! ഫലസ്തീനികൾ വിമോചന പോരാളികളായും പരിഗണിക്കപ്പെടുന്നില്ല!

അധിനിവേശ സൈന്യത്തെ ആയുധം ഉപയോഗിച്ച് എതിർക്കുന്നത് അന്തർദേശീയ യുദ്ധ നിയമമനുസരിച്ച് പോലും ന്യായമാണ്. യുദ്ധത്തിലൂടെ കൈവശപ്പെടുത്തിയ സ്ഥലത്ത് ‘വിജയിച്ച’ രാഷ്ട്രം അവരുടെ പൗരന്മാരെ കുടിയിരുത്താൻ പാടില്ലെന്ന് ഐക്യരാഷ്ട്രസഭ അനുശാസിച്ചിട്ടുണ്ട്. ഫലസ്തീനിലെ ജൂത കുടിയേറ്റക്കാർ ഈ നിയമപ്രകാരം കുറ്റവാളികളാണ്.

പക്ഷെ ഈ വസ്തുതകളൊന്നും പുറത്തറിയാതിരിക്കാൻ ഗസ്സ ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളത്രയും ഇസ്രായേൽ അന്യായമായി കൈവശപ്പെടുത്തിയതാണെന്ന് പറയാതിരിക്കലാണല്ലോ ബുദ്ധി!

ശിഷ്ടം: പടിഞ്ഞാറിൻ്റെ ഇന്ത്യൻ / കേരളീയ കേട്ടെഴുത്തുകാരും തമ്പ്രാക്കളുടെ മുമ്പിൽ ഓഛാനിച്ചു നിൽക്കുന്നു!

(അധിക വായനക്ക്: ഫലസ്തീനും പാശ്ചാത്യ മാധ്യമങ്ങളും. എൻ. എം ഹുസൈൻ. ഐ.പി.എച്ച്)

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles