Current Date

Search
Close this search box.
Search
Close this search box.

പി സി ജോർജ്ജ് ആരോപിച്ച മരുന്ന്‌ തുള്ളിയുടെ രക്തസാക്ഷിയാണ് ഞാൻ

പി സി ജോർജ്ജ് ആരോപിച്ച മരുന്ന്‌ തുള്ളി പ്രയോഗത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ. ജീവിതത്തിൽ പല സന്ദർഭങ്ങളിലായി ഏറ്റ അത്തരം പ്രയോഗങ്ങളിൽ ചിലത്!

1 മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ആദ്യ സ്ഥാനക്കാരനെ വീട്ടിലേക്ക് പോവാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു ഒരു താത്തകുട്ടി ക്ഷണിച്ചപ്പോൾ അവർ എനിക്കെന്തോ ഒരു വെള്ളം കലക്കി തന്നിരുന്നു. വിചാരിക്കാതെ കിട്ടുന്ന അംഗീകാരം ഇത്ര വർഷം കഴിഞ്ഞും ഞാൻ ഓർത്തു വെക്കുന്നത് ആ മരുന്നിന്റെ ശക്തി കൊണ്ട് തന്നെയാവും. മോട്ടിവേഷൻ ക്‌ളാസ് ഒന്നും ഇല്ലാത്ത അക്കാലത്തു ഒരു കൂലിപ്പണിക്കാരന്റെ മകന് അത്തരം മരുന്ന് തുള്ളികൾ താങ്ങാനുള്ള ശേഷി ഉണ്ടാവില്ലെന്ന് ജോർജുമാർ ഇപ്പോഴെങ്കിലും വിളിച്ചു പറയുന്നതിൽ ഞാൻ കൃതാർത്ഥനാണ്.

2 പിന്നെ ദീർഘകാലത്തെ ഇടവേള. പിന്നെ പോളിടെക്‌നിക് കാലത്തെ ഹോസ്റ്റൽ ജീവിതത്തിൽ ഒരു ലക്ഷദ്വീപ് കാരൻ. സിനിമക്ക് പോവുമ്പോഴും, ചായ കുടിക്കാൻ പോവുമ്പോഴും ഒക്കെ എന്നെ വിളിക്കും. ആ ചായ വാങ്ങിച്ചുതരലിൽ എന്തോ ഒരു പ്രയോഗം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഹോസ്റ്റൽ ജീവിതമല്ലേ. എന്റെ ചാരിത്ര്യത്തെയും ലക്ഷദ്വീപുകാരനെയും ചേർത്ത് കൂട്ടുകാർ കഥകൾ മെനഞ്ഞപ്പോൾ ഓസിന്‌ കിട്ടിയ സിനിമയും, ചായയും വേദനയോടെ ഉപേക്ഷിച്ചു. ജോർജുമാർ പല വേഷത്തിൽ പല ഭാവത്തിൽ എന്നും ഉണ്ടായിരുന്നു എന്ന് സാരം. മനുഷ്യരെ അകറ്റുന്ന വിഷപ്രയോഗവുമായി. അന്നത് നേരിടാൻ ധൈര്യം ഇല്ലാത്തതിനാൽ ലക്ഷദ്വീപിന്റെ മരുന്ന് പ്രവാഹം കൂടുതൽ കിട്ടിയില്ല.

3 കാസർഗോഡ് ജോലി ചെയ്യുന്ന സമയം. അന്നൊക്കെ വർഗീയ കൊലകളാൽ സമ്പന്നമായിരുന്നു. അപ്രതീക്ഷിതമായ ബന്ദ്‌. എല്ലാം നിശ്ചലം. തുടർകൊലയുണ്ടെങ്കിൽ പട്ടിണി രണ്ടു ദിവസത്തേക്ക് നീളാം. പക്ഷെ സൈക്കിളിൽ ആരെങ്കിലും എത്താതിരിക്കില്ല. പഠിപ്പിച്ചു എന്ന ഒറ്റക്കാരണത്താൽ മാഷിന് ഭക്ഷണവും കൊണ്ട്. മുസ്ലിം അടുക്കളയിൽ വെന്തതിൽ മരുന്ന് ഇറ്റിച്ചിട്ടുണ്ടാവും എന്ന് പറയേണ്ടതില്ലല്ലോ?

4 ജീവിതത്തിലെ ആദ്യത്തെ റമദാൻ. ഒടുവിലത്തെ പത്ത്. കീഴുപറമ്പിൽ ഒരു പള്ളിയിലാണ് ചിലവഴിച്ചത്. ചിര സുഹൃത്തും കൂടെയുണ്ട്. അത്താഴത്തിനും, നോമ്പ് തുറക്കും മുടങ്ങാതെ അവന്റെ ഉമ്മ കൊടുത്തയക്കുന്ന ഭക്ഷണവുമായി അനിയനെത്തും. ആ ഭക്ഷണത്തിൽ എന്തോ ചേർത്തിട്ടുണ്ടെന്ന് കട്ടായം.

ഇനിയുമുണ്ട് ഓർമ്മകൾ. സുലൈമാനിയിൽ മുഹബ്ബത്ത് ചേർക്കുന്ന മായാജാലങ്ങൾ.

ഏറെക്കാലം കഴിഞ്ഞു (വിശുദ്ദ ഖുർആൻ , അദ്ധ്യായം 76 മനുഷ്യനിലെ ആയത്ത് 8-9 വായിക്കുമ്പോൾ എനിക്കീ മരുന്ന് പ്രയോഗങ്ങൾ തികട്ടിവരും.

8 : ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും.

9 : അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഈ വേദത്തെയും, വേദാനുസാരം ജീവിക്കുന്ന മനുഷ്യരെയും പേടിച്ചു തന്നെയാണ് ജോർജുമാർ, ജോർജുമാർക്ക് സ്വീകരണം കൊടുക്കുന്ന സഭകൾ. ജോർജുമാരെ കൊണ്ട് ചൂട് ചോറ് മാന്തിക്കുന്ന സംഘികൾ, കേസെടുത്തപ്പോൾ ജാമ്യത്തിന് പഴുതുമായി സഹായിച്ച ഭരണകൂടവുമൊക്കെ വിറക്കുന്നത്. പല പേടികളും ഫോബിയ ആയി മാറും.

NB : ഇത്ര മരുന്നുകൾ ഏറ്റിട്ടും എനിക്ക് കുട്ടികൾ ഉണ്ടായത് വൈദ്യശാസ്ത്രത്തിന് പിടികിട്ടാത്ത ഒരു പ്രഹേളികയാണ്.

Related Articles