Current Date

Search
Close this search box.
Search
Close this search box.

വാര്‍ധക്യത്തിന്റെ നിലവിളികള്‍

കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടയ്ക്ക് വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 69 ശതമാനമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു! പകുതിയിലേറെ പേര്‍ക്കും ഉറ്റ ബന്ധുക്കളുണ്ട്. അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളില്‍ നിന്ന് പിഴയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് ജീവിത ചെലവിനുള്ള തുകയും ഈടാക്കാന്‍ നിയമം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.

മക്കള്‍ ആണും, പെണ്ണുമായി ആറ് പേരുണ്ടെങ്കിലും, ഇത്തിരി അന്നമോ, മരുന്നോ നല്‍കാന്‍ ആരുമില്ലാതെ വിശന്ന് തളര്‍ന്ന് അനാഥരെ സംരക്ഷിക്കുന്ന ഏതെങ്കിലും സ്ഥലം ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സങ്കട കണ്ണീരുമായി ഒരു അമ്മ കണ്ണൂരിലെ അഴീക്കോട് പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന ദയനീയ വാര്‍ത്ത മലയാളത്തിലെ ഒരു പ്രമുഖ പത്രം രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ ഭര്‍ത്താവ് 24 വര്‍ഷം മുമ്പ് മരണപ്പെട്ടു. ഈ അമ്മയുടെ ആണ്‍മക്കള്‍ക്ക് നല്ല ശമ്പളമുള്ള ജോലിയുണ്ട്. എന്നാല്‍ ആണ്‍മക്കളോ, പെണ്‍മക്കളോ അമ്മയെ പരിചരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു അകന്ന ബന്ധു ഇടക്ക് എത്തിച്ചുകൊടുക്കുന്ന അല്‍പം അരി വേവിച്ച് കഴിച്ചായിരുന്നു ജീവന്‍ നിലനിര്‍ത്തിപ്പോന്നത്.

ഈ അമ്മയുടെ ദയനീയാവസ്ഥയില്‍ പ്രയാസം തോന്നിയ പോലീസുകാര്‍ അമ്മയുടെ ഒരു മകളുടെ വീട്ടില്‍ചെന്ന് അമ്മയെ സംരക്ഷിക്കണമെന്ന് പറഞ്ഞുനോക്കിയെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും വാത്സല്യനിധിയായ ആ അമ്മ നിറകണ്ണുകളോടെ പറഞ്ഞത് ‘എന്റെ മക്കളെ ജയിലിലിടാന്‍ ഞാന്‍ സമ്മതിക്കില്ല’ എന്നായിരുന്നു. ഇതാണ് മാതൃഹൃദയം.

വൃദ്ധമാതാവിനോട് സ്വന്തം മകന്‍ കാണിച്ച ക്രൂരത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ‘സ്വന്തം അമ്മയെ തറവാട്ട് വളപ്പില്‍ ഉപേക്ഷിച്ച് മകന്റെ ക്രൂരത. നന്തി ബസാറിലെ, ഇരുപതാം മൈലിലെ ആളൊഴിഞ്ഞ പ്രദേശത്ത് വൃദ്ധയായ അമ്മയെ കസേരയിലിരുത്തി മകനും, ഭാര്യയും കടന്നുകളഞ്ഞു. അമ്മയെ ഉപേക്ഷിച്ച മകനെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു’. സുഖജീവിതത്തിന് തടസ്സമായി മാറുമെന്ന് കരുതി, വൃദ്ധമാതാപിതാക്കളെ വൃദ്ധസദനങ്ങളിലോ, വെളിയിലെവിടെയോ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

അവര്‍ക്ക് വേണ്ടത് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം

നാം ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോള്‍, ആനന്ദതുന്ദിലമായി കണ്‍മിഴിച്ചത് അവരായിരുന്നില്ലേ? നമ്മെ താരാട്ടുപാടി ഉറക്കിയതും താലോലിച്ചോമനിച്ച് വളര്‍ത്തിയതും മറ്റാരുമായിരുന്നില്ല. നമ്മെ ഉറക്കാന്‍ വേണ്ടി ഉറക്കമിളച്ചതും നമ്മുടെ പശി മാറ്റാന്‍ പട്ടിണി കിടന്നതും അവരായിരുന്നില്ലേ. നമ്മുടെ കാലിലൊരു മുള്ള് തറച്ചാല്‍, അവരുടെ നെഞ്ചിലായിരുന്നു അതിന്റെ വേദന ചെന്നു തറച്ചിരുന്നത്. കുഞ്ഞിക്കാലുകള്‍ നിലത്തുറപ്പിച്ച് നാം പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പോഴും തുടര്‍ന്നുള്ള ജീവിതത്തിലെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറാന്‍ ശ്രമിച്ചപ്പോഴും ആനന്ദാശ്രുക്കള്‍ പൊഴിച്ചതും അവര്‍തന്നെ! ഇപ്പോള്‍ വിറയാര്‍ന്ന് നില്‍ക്കുന്ന ഈ കൈകളാണ് അന്ന് നമ്മെ കൈപിടിച്ച് നടത്തിയത്.

കുണ്ടിലും കുഴിയിലും വീഴാതെ നമ്മുടെ ഇംഗിതത്തിനൊത്ത് നമ്മെ ലക്ഷ്യസ്ഥാനത്തേക്ക് നയിച്ചതും ഈ വിറക്കുന്ന കൈകള്‍തന്നെ! കാലചക്രത്തിന്റെ ക്രമാനുസൃത കറക്കത്തില്‍ ഇന്ന് അവരുടെ കണ്‍കളില്‍ പീള കെട്ടിയിരിക്കുന്നു. ആ കണ്ണുകള്‍ക്ക് പഴയ തിളക്കം നഷ്ടമായിരിക്കുന്നു. കാലുകള്‍ ദുര്‍ബലവും കൈകള്‍ അശക്തവുമായിക്കഴിഞ്ഞു. ചുക്കിച്ചുളിഞ്ഞ ചര്‍മത്തിന് ഒട്ടും ആകര്‍ഷകത്വമില്ല. ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് വ്യക്തതയോ ശബ്ദസൗകുമാര്യമോ ഇല്ല. ചന്തമുള്ള ദന്തനിരകളില്ല. ചിരിക്കാന്‍ മോണയേ കാണൂ. അത്യുച്ചത്തില്‍ വിളിച്ചു കൂവിയാലേ വല്ലതുമൊക്കെ അവരുടെ കര്‍ണപുടങ്ങളിലേക്ക് കയറൂ. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടമായി. ഊന്നുവടിയുടെ പിന്‍ബലമില്ലാതെ മുന്നോട്ടു നീങ്ങുക അസാധ്യം.

ദൈന്യത തളം കെട്ടി നില്‍ക്കുന്ന വൃദ്ധമാതാപിതാക്കളുടെ അത്തരമൊരു നിസ്സഹായാവസ്ഥയില്‍ അവരോടുള്ള നമ്മുടെ സമീപനമെന്താണ്? പ്രതികരണമെന്താണ്? മരണത്തിന്റെ കാലൊച്ചക്ക് കാതോര്‍ത്തു നില്‍ക്കുന്ന, ഏറെ അസ്വസ്ഥത ആപാദചൂഡം വന്ന് നിറയുന്ന ജീവിത സായാഹ്നത്തില്‍ നമ്മുടെ പ്രിയ മാതാപിതാക്കള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കാന്‍ നമുക്ക് ബാധ്യതയില്ലേ?

തങ്ങള്‍ക്കാവശ്യമായതും തങ്ങളാഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയുടെ ഘട്ടമല്ലോ വാര്‍ധക്യത്തിന്റേത്. ശാരീരികമായ പലവിധ രോഗങ്ങളും അസ്വസ്ഥതകളും പിടികൂടുകയും മാനസികമായ തളര്‍ച്ചയും നിരാശയും വന്നുഭവിക്കുകയും വീട്ടിലും സമൂഹത്തിലും ഒരു അധികപ്പറ്റായി മാറുകയും ചെയ്തുവെന്ന നിരാശാബോധം അവരെ പിടികൂടുന്നു. പൊയ്പ്പോയ നല്ലകാലത്തെക്കുറിച്ച നഷ്ട സ്മൃതികള്‍ അയവിറക്കി നെടുവീര്‍പ്പിടുന്നു. വല്ലാത്തൊരു അരക്ഷിതബോധം വൃദ്ധമനസ്സുകളെ മഥിക്കുന്നു.

ഇന്നലെവരെ തന്റെ മുഴങ്ങുന്ന ശബ്ദത്തിന് കാതോര്‍ത്തവര്‍, തന്നെ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ തിരിഞ്ഞു കളയുന്ന വല്ലാത്ത ഒരവസ്ഥ വിശേഷം! ഇതിലൊക്കെ ഈ കിളവന്, കിളവിക്ക് എന്ത് കാര്യം? വായടക്കി കിട്ടുന്നത് ഭുജിച്ച് ഒരിടത്തിരുന്നുകൂടെ എന്ന മട്ടിലാണ് പലരുടെയും നോട്ടവും ഭാവവും. പണ്ടൊക്കെ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഏറെ വിലയും നിലയും കല്‍പിച്ചിരുന്നവര്‍, ഇന്നിന്റെ സുഭിക്ഷതയിലെ കോലം മാറ്റത്തില്‍, തങ്ങള്‍ക്കു പുല്ലുവില കല്‍പിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ആത്മ സംഘര്‍ഷത്തെക്കുറിച്ചും പിരിമുറുക്കത്തെക്കുറിച്ചും ആരോര്‍ക്കാന്‍? അവശന്മാര്‍ ആര്‍ത്തന്മാര്‍ ആലംബഹീനര്‍ ഇവരുടെ സങ്കടമാരറിയാന്‍.

കണ്ണും കാതും പല്ലും എല്ലാമെല്ലാം ദൗര്‍ബല്യത്തിലും നിസ്സഹായതയിലും ആയ തങ്ങളെക്കുറിച്ച് ആര്‍ക്കും ഒരു ശ്രദ്ധയും ദയയും പരിഗണനയും ഇല്ലെന്ന തിരിച്ചറിവ് ഇവരെ മഥിക്കുമ്പോള്‍ ഉണ്ടാവുന്ന രോഷവും സങ്കടവും പരാതിയും യഥാര്‍ഥ്യ ബോധത്തോടെ ഉള്‍ക്കൊള്ളാന്‍ നാം സന്നദ്ധമാവാറുണ്ടോ? പിഞ്ചുകുഞ്ഞായിരുന്നപ്പോള്‍ ഇത്തരമൊരു നിസ്സഹായാവസ്ഥയില്‍, നമ്മുടെ കാര്യത്തില്‍ അവര്‍ കാണിച്ച ശ്രദ്ധക്കും സ്‌നേഹവായ്പിനും പരിചരണത്തിനും നന്ദിപൂര്‍വമായ തിരിച്ചുകൊടുപ്പ് അനിവാര്യമാണെന്ന് ബോധം നമുക്കുണ്ടാവാറുണ്ടോ? ഇപ്പോള്‍ നമ്മുടെ വൃദ്ധ മാതാപിതാക്കള്‍ തരണം ചെയ്യുന്ന വൈതരണി നാളെ ഒരു പക്ഷെ, നമ്മെ കാത്തിരിക്കുന്നുവെന്ന തിരിച്ചറിവ് ഗുണം ചെയ്യുക നമുക്ക് തന്നെയല്ലേ? പ്രായം ചെല്ലുന്തോറും നാം വാര്‍ധക്യത്തിന്റെ നിസ്സഹായതയിലേക്കും മരണ ശയ്യയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ബോധം ഉണ്ടാവേണ്ടത് പ്രധാനമാണ്.

ചെറിയ പെന്‍ഷനും വലിയ ടെന്‍ഷനുമായി കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ക്ക് ആശ്വാസത്തിന്റെ, സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശം നല്‍കാന്‍ സ്വന്തം മക്കള്‍ക്കാവില്ലെങ്കില്‍ മറ്റാര്‍ക്കാണതിന് കഴിയുക? വൃദ്ധരെ ആദരിക്കാനും പരിഗണിക്കാനും കഴിഞ്ഞില്ലെങ്കില്‍ പോവട്ടെ; അവരെ അനാദരിക്കാനും പരിഹസിക്കാനും ശ്രമിച്ചാലോ! അറിവില്ലായ്മ മൂലം കൊച്ചുകുട്ടികള്‍ അപ്പനേയോ അപ്പൂപ്പനേയോ പരിഹസിക്കുന്നതും കളിയാക്കിച്ചിരിക്കുന്നതും കുടുംബത്തിലെ മറ്റംഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ വൃദ്ധമാതാപിതാക്കള്‍ അനുഭവിക്കുന്ന മനപ്രയാസം നാം ചിന്തിക്കാറുണ്ടോ? എന്തിന് കൊച്ചുകുട്ടികളുടെ കാര്യം പറയുന്നു! കൊച്ചുകുട്ടികളുടെ പാത പിന്തുടരുന്ന ‘മുതിര്‍ന്നവരെങ്കിലും’ നമ്മുടെ ചില വീടുകളില്‍ കാണില്ലേ? പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ എന്ന് ചോദിച്ചുനടക്കുന്ന കച്ചവടക്കാരോട് ‘ഉണ്ട് ഇവിടെ രണ്ടെണ്ണം’ എന്ന് വീട്ടിലെ പ്രായമായ അച്ഛനമ്മമാരെ നോട്ടമിട്ട് കുട്ടികള്‍ വിളിച്ചു പറഞ്ഞ കഥ എവിടെയോ വായിച്ചതോര്‍ക്കുന്നു.

പ്രായമായവര്‍ വില്‍ക്കപ്പെടേണ്ടവരോ തള്ളപ്പെടേണ്ടവരാണെന്ന മനോഭാവത്തിന്റെ പച്ചയായ ആവിഷ്‌കാരമായി ഈ തമാശ കൈകാര്യം ചെയ്യുന്ന ചില വീടുകള്‍ ഉപഭോഗ സംസ്‌കാരം വിളയാടുന്ന നമ്മുടെ നാട്ടിലും കാണാതിരിക്കില്ല. മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടാക്കി മാസാമാസം സംരക്ഷണത്തുക മുറ തെറ്റാതെ അയച്ചുകൊടുക്കുന്ന ‘ദയാനിധി’കളായ മക്കളുണ്ടിവിടെ. ഇത്തരം വൃദ്ധസദനങ്ങളില്‍ തങ്ങള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ ഒന്നു കാണാന്‍ വര്‍ഷത്തിലൊരിക്കലെങ്കിലും കടന്നുചെല്ലാന്‍ സമയമില്ലാത്ത മക്കളെച്ചൊല്ലി കണ്ണീര്‍ വാര്‍ക്കുന്നവരാണ്. ആഹാരം ഒരു നേരം കിട്ടിയില്ലെങ്കില്‍ പോലും ‘അമ്മേ, അച്ഛാ എന്ന സ്നേഹപൂര്‍വമായ വിളി ഒന്നുകൊണ്ടു മാത്രം ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കളെന്ന വല്ല വിചാരവുമുണ്ടോ നമുക്ക്. കാരുണ്യത്തോടെയുള്ള സ്നേഹപൂര്‍വമായ ഒരു സാന്ത്വന വാക്കിന് ചെയ്യാന്‍ കഴിയുന്നത്ര മറ്റൊന്നിനും ആവില്ലെന്ന് നാം ഓര്‍ക്കണം.

‘ചെറുതെങ്കിലുമന്‍പെഴുന്ന വാക്കൊരുവന്നുത്സവമുള്ളിലേകിടും’ എന്ന കവി വാക്യം എത്ര അര്‍ഥവത്താണ്.

 

Related Articles