Current Date

Search
Close this search box.
Search
Close this search box.

സെബ്രനീസ ശഹീദുകൾ നമ്മോട് പറയുന്നത്!

അല്ലാഹുവിൻ്റെ സുഗന്ധോദ്യാനത്തിലെ പൂമരത്തിൽ കാറ്റു വീഴുമ്പോൾ സ്വർഗത്തിൽ ഇതളൂർന്നു വീഴുന്ന ചെമ്പനീർ പൂക്കളാണ് രക്തസാക്ഷികളെന്നു നിരീക്ഷിക്കുന്നുണ്ട് സ്വൂഫീ ഗുരു..!

അതി മനോഹരമാണ് ബോസ്നിയ – ഹെർസഗോവിന ഭൂപ്രകൃതി. വസന്തം കുളിച്ചു കയറുന്ന നീരൊഴുക്കുകളും തൊടികളും താഴ് വാരങ്ങളും! നിലാവസ്തമിക്കാത്ത ബോസ്നിയൻ മലനിരകളിൽ, തലസ്ഥാനമായ സരയാവോ നഗരത്തിൽ നിന്ന് 140 കി.മീറ്റർ കിഴക്ക് കോടമഞ്ഞിൻ്റെ കുളിരും പച്ചപ്പും നിറഞ്ഞ പ്രകൃതി വിരിച്ച പുഷ്പശയ്യക്കു താഴെ 8,372 ശുഹദാക്കൾ ഉറങ്ങുന്ന ഒരിടമുണ്ട്! സെബ്രനീസ!

1995 ജൂലൈ 11നും തുടർ ദിവസങ്ങളിലും നടന്ന സെർബ് സൈനികരുടെ അതിഭീകരമായ വംശഹത്യയിൽ രക്ത സാക്ഷികളായ സ്ത്രീകളും കുട്ടികളും വ്യദ്ധരുമെല്ലാം വിശുദ്ധമായ ഈ സ്വർഗത്തോപ്പിൽ മുഖം ചേർത്തുറങ്ങുന്നു!

(സെബ്രനീസയിൽ, മരണത്തിൻ്റെ മലഞ്ചെരുവിൽ വന്നിറങ്ങിയ മലക്കുകൾ അല്ലാഹുവിൻ്റെ പ്രിയപ്പെട്ട അടിമകളുടെ ആത്മാക്കളെ സുഗന്ധം പൂശി സ്വർഗീയ ഉടയാടകളിൽ പൊതിഞ്ഞ് വാനലോകത്ത്, കരുണാമയൻ്റെ ചാരത്ത് സമർപ്പിക്കുമ്പോൾ ഭൂമിയിലെ മനുഷ്യരുടെ കിരാത ചെയ്തികളെ പറ്റി നാഥനോട് “തർ ക്കിച്ചു ” കാണുമോ..?)

ഒരു വശത്ത് തീവ്രാനുരാഗത്തിൻ്റെ മുഗ്ധ നൈർമല്യം! മറുവശത്ത് അഗാധവും അതിഗഹനവുമായ ജ്ഞാനവും യുക്തിവിചാരവും! ഇവ രണ്ടിൻ്റെയും മനോജ്ഞമായ സമന്വയമാണ് ശഹാദത്ത്. രക്ത സാക്ഷ്യ സൗഭാഗ്യം നൽകി അല്ലാഹു ആദരിച്ചവർ ഉപ്പൂറ്റികൾ തമ്മിലുരച്ച താണ തരം മരണത്തിൽ നിന്ന് മുക്തി നേടിയവരാണെന്ന് ഒരു വിഖ്യാത ഇറാനിയൻ ധിഷണ എഴുതിയിട്ടുണ്ട്!

“നിങ്ങളിൽ നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നു” എന്ന ഖുർആൻ വാക്യം: 3:40 വ്യാഖ്യാനിച്ചുകൊണ്ട് ശഹീദ് സയ്യിദ് ഖുത്വുബ് “ഫീ ദിലാലി”ൽ പറയുന്നത് കാണുക: “അല്ലാഹുവിനാൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് രക്തസാക്ഷികൾ. അതു കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള മരണം ( വിശ്വാസികൾ അന്യായമായി കൊലചെയ്യപ്പെടുന്നത് ) ഒരു വിപത്തോ, വിനാശമോ, നഷ്ടമോ അല്ല. അല്ലാഹുവിൻ്റെ ആദരവും പരിഗണനയുമാകുന്നു. അല്ലാഹു ശഹാദത്ത് കനിഞ്ഞേകിയവർ.. തൻ്റെ സഹവാസവും സാമീപ്യവും കൊണ്ട് പ്രത്യേകം അനുഗ്രഹിച്ചവർ”
(ഖുർആൻ്റെ തണലിൽ. മലയാള പരിഭാഷ: 1:749)

പോയ കാലത്ത് ഉസ്മാനിയ്യാ ഖിലാഫത്തിൻ്റെ ഭാഗമായിരുന്നു ബോസ്നിയ ഉൾപ്പെടുന്ന ബാൾക്കൺ പ്രദേശങ്ങൾ. യൂറോപ്പിലെ അന്തസ്സുള്ള ഭരണാധികാരിയെന്നു വാഴ്ത്തപ്പെട്ട അലി ഇസ്സത്ത് ബെഗോവിച്ചിൻ്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ ഇസ് ലാം വീണ്ടും തണൽ വിരിക്കുമോ എന്നതായിരുന്നു യൂറോപ്പിൻ്റെ ആകുലത! തൊണ്ണൂറുകളിൽ യൂഗോസ്ലാവിയ തകർന്നപ്പോഴാണ് യൂറോപ്യൻ വംശവെറി പച്ചയായി തല നീട്ടുന്നത്! നാസികളെപ്പോലെ പരമ്പരാഗതമായിത്തന്നെ സങ്കുചിത തീവ്ര വംശീയത പുലർത്തുന്നവരാണ് സെർബുകാർ. പൗരസ്ത്യ ഓർത്തഡോക്സ് സഭയോട് നിശിതമായ വിധേയത്വം പുലർത്തുന്ന ഇക്കൂട്ടർ ബോസ്നിയ – ഹെർസഗോവിന എന്ന സ്വതന്ത്ര രാഷ്ട്രത്തിന്മേൽ ചാടി വീണത് “വംശശുദ്ധീകരണം” ( എത്നിക് ക്ളെൻ സിങ്) നടത്താനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു! കത്തോലിക്കാ ക്രിസ്ത്യാനികളായ ക്രോട്ടുകൾ ആദ്യകാലങ്ങളിൽ മുസ് ലിംകൾക്കൊപ്പമായിരുന്നെങ്കിലും നരമേധങ്ങളുടെ നിർണായക ഘട്ടത്തിൽ അവർ ചുവടു മാറി സെർബു പക്ഷം ചേർന്നു..! സെർബ് പ്രസിഡണ്ടും രക്തദാഹിയുമായ റാഡോവൻ കറാജിച്ചും പട്ടാള മേധാവിയും കശാപ്പുകാരനുമായ റാറ്റ്കോ മാഡിച്ചും ഒപ്പം പഴയ യൂഗോ ഫെഡറൽ സേനയും കൂടി ബോസ്നിയ എന്ന സ്വപ്നകന്യക ക്കും ശാന്ത പ്രകൃതരായ ജനതക്കും മേൽ ചാടി വീണു! ഒപ്പം “സമാധാന “ത്തിൻ്റെ ദൂതുമായി എത്തിയ നാറ്റോ സൈനികർ പൂർണമായും നിശബ്ദത പാലിച്ചു!

അതോടെ ബ്രിട്ടനിലെ എക്കണോമിസ്റ്റ് പത്രം എഴുതിയതു പോലെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ക്രൂരതയായിത്തീർന്നു ബോസ്നിയൻ വംശഹത്യ! 20 ലക്ഷത്തോളം ജനസംഖ്യയുള്ള നാട് അക്ഷരാർഥത്തിൽ തകർന്നു! ഒരു ലക്ഷത്തോളം പേർ മരണപ്പെട്ടു! അരക്ഷത്തോളം സ്ത്രീകൾ ബലാത്സംഗത്തിന്നിരയായി! ലക്ഷങ്ങൾ അഭയാർഥികളായി!

തങ്ങളുടെ ഹൃദയത്തിൽ ഒരു ഇസ് ലാം / മുസ് ലിം രാഷ്ട്രത്തെ പൊറുപ്പിക്കാൻ യൂറോ-അമേരിക്കൻ സഖ്യം തയ്യാറായിരുന്നില്ലാ എന്നതാണ് ബോസ്നിയ – ഹെർസഗോവിന, കോസോവ ദുരന്തങ്ങളുടെ ബാക്കിപത്രം! ചരിത്രം പഠിച്ചാലറിയാം കീഴടങ്ങി കുരിശു വരക്കാൻ ഒരുക്ക മായിരുന്നെങ്കിൽ ബോസ്നിയൻ യുദ്ധം (മുസ് ലിം വംശഹത്യ ) സംഭവിക്കുമായിരുന്നില്ല!

എന്നാൽ ധീരോദാത്തമായി ചെറുത്തു നിൽക്കാനായിരുന്നു ബോസ്നിയൻ യുവാക്കളുടെയും യുവതികളുടെയും തീരുമാനം.! ആ “ഇസ്തിഖാമത്തി”ൻ്റെ അനന്തരമായിട്ടാണ് അവർ സെബ്രനീസ എന്ന സ്വർഗീയാരാമം പണിതുയർത്തിയത്!

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles