Current Date

Search
Close this search box.
Search
Close this search box.

രഹസ്യാന്വേഷണവും കാപട്യമാണ്

പ്രവാചക കാലത്തു നേരിട്ട വലിയ പ്രതിസന്ധി സമൂഹത്തിലെ കപടന്മാരില്‍ നിന്നായിരുന്നു. ഒപ്പം നില്‍ക്കുകയും വാര്‍ത്തകള്‍ ശേഖരിക്കുകയും ശേഷം അത് ശത്രുക്കളുടെ കയ്യിലേക്ക് മാറുകയും ചെയുക എന്നതാണ് അവരുടെ നിലപാട്. മറ്റാര്‍ക്കോ വേണ്ടിയാണ് പലപ്പോഴും ഇവര്‍ ചെവി വട്ടം പിടിക്കുക. രഹസ്യം ചോര്‍ത്തുക എന്നത് മാത്രമായി അവരുടെ ഉദ്ദേശം അവസാനിക്കുന്നു. വഹ്യ് ഉണ്ടായിരുന്നു എന്നതിനാല്‍ പ്രവാചകന് കാര്യങ്ങള്‍ പലപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇന്നും നമ്മുടെ സമൂഹത്തില്‍ ഇത്തരം ആളുകളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. അവര്‍ വ്യക്തികളോടും സംഘടനകളോടും പ്രസ്ഥാനങ്ങളോടും അടുത്ത് കൂടി അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു. പ്രവാചകന് കാര്യങ്ങള്‍ മനസ്സിലാവാന്‍ ഉണ്ടായിരുന്ന വഴികളൊന്നും മറ്റുള്ളവര്‍ക്ക് ലഭ്യമല്ല എന്നതിനാല്‍ തന്നെ അത്തരം ആളുകള്‍ സംഘടനകളിലും പലപ്പോഴും നമ്മുടെ സുഹൃത് വലയങ്ങളിലും കയറി കൂടുന്നത് നാം അറിയാതെ പോകുന്നു.

രഹസ്യം എന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും എല്ലാം കാര്യമാണ്. ഒരു വ്യക്തിയുടെയും സംഘടയുടെയും സ്വകാര്യതകള്‍ പുറത്തു പോകാത്ത കാലം വരെയാണ് അവര്‍ക്ക് കെട്ടുറപ്പ് ഉണ്ടാകുക. ആ കെട്ടുറപ്പ് തകര്‍ക്കുക എന്നത് തന്നെയാണ് ഈ രഹസ്യം ചോര്‍ത്തുന്നവര്‍ ആഗ്രഹിക്കുന്നത്. വ്യക്തികളുടെ കാര്യത്തില്‍ പലപ്പോഴും ഈ സ്വകാര്യത സൂക്ഷിക്കാന്‍ കഴിയും. ഒരാള്‍ക്ക് കൂടുതല്‍ അടുത്ത് എന്ന് പറയാന്‍ കഴിയുന്ന കൂട്ടുകാര്‍ അധികവും ഒരാള്‍ തന്നെയാകും. അവര്‍ പരസ്പരം അത്തരം വിഷയങ്ങള്‍ പങ്കു വെച്ചാല്‍ അത് പുറത്തു പോകാനുള്ള സാധ്യത വളരെ കുറവാണ്.

‘ബിത്വാനത്ത്’ എന്നാണ് ഇതിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഒരാളുടെ ഉള്ളുകള്ളികള്‍ എല്ലാവരോടും ഒരേ പോലെ വ്യക്തമാക്കാന്‍ കഴിയില്ല. പലപ്പോഴും അത്തരം വിവരങ്ങളെ ചൂഷണം ചെയ്യാനാകും പലരും ശ്രമിക്കുക. മദീനയുടെ അതിര്‍ത്തികളില്‍ നിവസിച്ചിരുന്ന ജൂത ഗോത്രങ്ങളുമായി (ഔസ്, ഖസ്റജ്) അറബിഗോത്രങ്ങള്‍ പൂര്‍വകാലം മുതല്‍ സുഹൃദ്ബന്ധത്തിലായിരുന്നു. ജൂത-അറബി കുടുംബാംഗങ്ങള്‍ക്കിടയില്‍ വ്യക്തിപരമായിത്തന്നെ അടുത്ത ചങ്ങാത്തമുണ്ടായിരുന്നു. ഗോത്രപരമായും അവര്‍ സഖ്യത്തിലേര്‍പ്പെട്ടിരുന്നു. ഔസും ഖസ്റജും മുസ്ലിംകളായിത്തീര്‍ന്ന ശേഷവും ജൂതരുമായുള്ള പൂര്‍വബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരുകയും വ്യക്തികള്‍ തങ്ങളുടെ പഴയ ജൂതസുഹൃത്തുക്കളുമായി സൗഹൃദത്തിലും സ്നേഹത്തിലും വര്‍ത്തിച്ചുപോരുകയും ചെയ്തു. അന്ത്യപ്രവാചകരോടും അവിടത്തെ ദൗത്യത്തോടും പകപോക്കാന്‍ പറ്റിയ ഒരവസരമായാണ് യഹൂദികള്‍ ഇതുപയോഗിച്ചത്. ഈ പുതിയ പ്രസ്ഥാനത്തില്‍ ചേര്‍ന്നവരുമായി ഹൃദയംഗമമായ സ്നേഹബന്ധത്തിന് അവര്‍ തയ്യാറുണ്ടായിരുന്നില്ല. അന്‍സ്വാരികളോട് പ്രത്യക്ഷത്തില്‍ വലിയ സ്നേഹവും സന്തോഷവും അഭിനയിക്കും. ഹൃദയത്തിലാകട്ടെ അസഹ്യമായ രോഷവും വെറുപ്പുമായിരുന്നു. മുസ്ലിംകളുടെ സ്നേഹത്തില്‍നിന്ന് അവര്‍ അന്യായമായി മുതലെടുത്തുകൊണ്ടിരുന്നു. സംഘടനാരഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് ശത്രുക്കള്‍ക്കറിവുകൊടുക്കുകയും സംഘടനക്കുള്ളില്‍ കുഴപ്പവും ഭിന്നിപ്പും സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു അവരുടെ സ്നേഹാഭിനയത്തിന്റെ ലക്ഷ്യം.

പലപ്പോഴും സംഘടനകള്‍ക്ക് പാരയാവുക ഇത്തരം ആളുകളാവും. അവര്‍ തന്ത്രത്തില്‍ ഒപ്പം നിന്ന് എല്ലാം കയ്യിലാക്കുന്നു. പിന്നെ അത് വെച്ചു അവര്‍ മുതലെടുപ്പ് നാത്തുകയും ചെയ്യുന്നു. കാഫിര്‍ എന്നത് നേരില്‍ കാണാം. അതെ സമയം കപടനെ നേരില്‍ കാണാനും മനസ്സിലാക്കാനും കഴിയില്ല. അത് കൊണ്ടാണ് കപടന് നരകത്തിന്റെ അടിത്തട്ട് തന്നെ ഖുര്‍ആന്‍ പ്രവചിച്ചതും. സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാനാണ് അവര്‍ ഈ രഹസ്യം ഉപയോഗിക്കുക. അത് അവര്‍ക്കാവശ്യമുള്ളപ്പോള്‍ വേണ്ട അളവില്‍ പുറത്തു വിട്ടു കൊണ്ടിരിക്കും. ഒരാളുമായും സംഘടനയുമായും നടന്ന രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുക എന്നതാണ് ഇസ്ലാമിക മാനം. തനിക്കു നേരെ അക്രമം ഉണ്ടായാല്‍ അത് പുറത്തു പറയാം. അല്ലെങ്കില്‍ എന്നും രഹസ്യമായി തന്നെ നില നില്‍ക്കണം. ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പ്രതിപാദിച്ച വിഭാഗം കാഫിറല്ല കപടന്‍ ആണ് എന്ന് കൂടി നാം ഓര്‍ത്ത് വെക്കുക.

Related Articles