Your Voice

ഔലിയാക്കള്‍ പുതിയ കണ്ടുപിടുത്തമല്ല

വലിയ്യ് എന്നതിന് പ്രവാചകനോളം പഴക്കമുണ്ട്. പ്രവാചകന്റെ സഹാബത്തിനെ ആ ഗണത്തില്‍ നമുക്ക് ഉള്‍പ്പെടുത്താം. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പള്‍ തന്നെ സ്വര്‍ഗം വാഗ്ദാനം ചെയ്തവരും കൂട്ടത്തിലുണ്ട്. പക്ഷെ ഇന്നത്തെ പലരുടെയും വിശദീകരണവും പ്രഭാഷണവും കേട്ടാല്‍ വലിയ്യ് എന്നത് ഇസ്ലാമില്‍ പുതിയ ഒന്നാണ് എന്ന് തോന്നിപ്പോകും. അല്ലാഹുവിന്റെ വലിയ്യ് എന്നത് ഒരു ഉന്നത പദവിയാണ്. അവര്‍ ഈ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനിന്റെ സഹായികളും പകരം പരലോകത്തില്‍ അവര്‍ക്ക് മലക്കുകളുടെ സഹായവും ലഭിക്കുന്നു. അല്ലാഹുവിന്റെ ഔലിയാക്കളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു വെച്ച അടയാളം അവര്‍ വിശ്വാസികളും ജീവിത വിശുദ്ധി കൈകൊണ്ടവരും എന്നതായിരുന്നു.

അതെ സമയം തൗഹീദിനെ പോലും നിഷ്പ്രഭമാക്കിയാണ് പല കറാമത്തുകളും രംഗത്ത് വരുന്നത്. അല്ലാഹു റബ്ബാണ് എന്ന് വിശ്വസിക്കല്‍ തൗഹീദിന്റെ അടിസ്ഥാനമാണ്. ഈ ലോകത്തിന്റെ സൃഷ്ടിപ്പ്,പരിപാലനം എന്നീ കാര്യങ്ങളില്‍ മറ്റാര്‍ക്കും പങ്കില്ല എന്ന വിശ്വാസം തൗഹീദിന്റെ ഭാഗമാണ്. അദൃശ്യം അറിയുക എന്നതും അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമായ കാര്യമാണ്. അപ്പോഴാണ് പുതിയ പല ചിന്താ ധാരകളും ഉടലെടുക്കുന്നത്. ലോകത്തിന്റെ കൈകാര്യ കര്‍തൃത്വം അല്ലാഹുവിനല്ല അത് ചില വലിയ്യുകള്‍ക്കാണ് എന്നവര്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്നു. അല്ലാഹു ആ ആ പണി ആരെയും ഏല്‍പിച്ചിട്ടില്ല. പ്രവാചകനെ പോലും. പക്ഷെ നമ്മുടെ കേരളത്തില്‍ ജനിച്ച ചില വലിയ്യുകളെ അല്ലാഹു ആ പണി ഏല്‍പ്പിച്ചു എന്നാണ് പൗരോഹിത്യം പറഞ്ഞു വരുന്നത്. ഇത്തരം നിലപാടുകള്‍ തൗഹീദില്‍ നിന്നുള്ള ശുദ്ധമായ തെറ്റലാണ്. ഇസ്ലാമിന്റെ പേരില്‍ പുതിയ രീതികളും വിശ്വാസങ്ങളും നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്നു. പൗരോഹിത്യം വിളമ്പി നല്‍കുന്ന അബദ്ധങ്ങള്‍ അണികള്‍ തൊണ്ട തൊടാതെ വിഴുങ്ങുകകയും ചെയ്യുന്നു.

അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നത് ഒരു പദവിയാണ്. അതിന്റെ ഫലം അവര്‍ പരലോകത്തില്‍ അനുഭവിക്കും. കറാമത്തുകള്‍ അള്ളാഹു അവര്‍ക്കു നല്‍കുന്ന ബഹുമാനമാണ്. അത് അവരുടെ ജീവിത ത്യാഗത്തിന്റെ ഫലമാണ്. സഹാബികളെ നമുക്ക് ഒന്നാമത്തെ വലിയ്യുകള്‍ എന്ന് വിളിക്കാം. നാം കേള്‍ക്കുന്ന രീതിയിലുള്ള അത്ഭുത കഥകളുടെ ലോകത്തല്ല അവര്‍ ജീവിച്ചത്. പകരം മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ ദുരന്തങ്ങളും സന്തോഷങ്ങളും അവര്‍ നേരിട്ടു. അവര്‍ അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തിലെ സഹായികളായിരുന്നു. ദീനിന്റെ സഹായി എന്നിടത്തു നിന്നും ഒരു മജീഷ്യന്‍ എന്ന നിലയിലേക്ക് അല്ലാഹുവിന്റെ വലിയ്യുകള്‍ മാറ്റപ്പെടുന്നു. പലപ്പോഴും ഇസ്ലാമിന് അന്യമായ കഥകളാണ് നാം പറഞ്ഞു കേള്‍ക്കാറ്. ദര്‍ഗ്ഗകളെ കേന്ദ്രീകരിച്ചാണ് പലയിടത്തും ദീന്‍ തന്നെ മുന്നോട്ടു പോകുന്നത്. മടവൂര്‍ വലിയ്യിനെ കുറിച്ച് പൗരോഹിത്യം പറഞ്ഞു പറയുന്ന കഥകള്‍ അത്തരത്തില്‍ പെട്ടതാണ്.

സൂഫി ത്വരീകത്തുകള്‍ ഇസ്ലാമിന് വരുത്തി വെച്ച പ്രഹരം വളരെ വലുതാണ്. പലപ്പോഴും അവരുടെ വിശ്വാസവും ഇസ്ലാമിക വിശ്വാസവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. അല്ലാഹുവില്‍ നിന്നും നേരിട്ടു വിവരം ലഭിക്കുന്നവര്‍ എന്ന സ്ഥാനവും അവര്‍ വലിയ്യുകള്‍ക്കു ചാര്‍ത്തി നല്‍കിയിട്ടുണ്ട്. വലിയ്യിനു ഇസ്ലാമില്‍ സ്ഥാനമുണ്ട്. പ്രവാചകന്മാര്‍ക്കും. എല്ലാ സ്ഥാനവും നിര്‍ണയിക്കപ്പെട്ടതാണ്. മതത്തില്‍ പല പുതിയ ആചാരങ്ങളും വലിയ്യിന്റെ പേരിലാണ് ഉടലെടുക്കുന്നത്. സ്വന്തമായി മത തീരുമാനാമുണ്ടാക്കാന്‍ വലിയ്യിനു ഇസ്ലാം അവകാശം നല്‍കുന്നില്ല. ലോകത്തിന്റെ നിയന്ത്രണം അല്ലാഹു ആരെയും എല്‍പ്പിച്ചതായി ഇസ്ലാം പറയുന്നില്ല. എല്ലാം നിയന്ത്രിക്കുന്നവന്‍ എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. പക്ഷെ പുതിയ രീതികള്‍ ഭയപ്പെടുത്തുന്നതാണ്. പ്രവാചകന്മാര്‍ തങ്ങള്‍ മനുഷ്യര്‍ മാത്രമാകുന്നു എന്ന് പലപ്പോഴും പറയേണ്ടി വന്നത് ആളുകളില്‍ നിന്നും പല ചോദ്യങ്ങളും ഉയര്‍ന്നത് കൊണ്ടാണ്. അതെ സമയം അവര്‍ക്കില്ലാത്ത അവകാശ വാദമാണ് പലപ്പോഴും അനുയായികള്‍ തങ്ങളുടെ ശൈഖിനു നല്‍കി വരുന്നത്.

ഇസ്ലാമിലെ തൗഹീദ് കൃത്യമാണ്. അതിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ ഏകത്വവും. അല്ലാഹു ഏകനാണ് എന്നത് കൊണ്ട് വിവക്ഷ അവന്‍ അധികാര അവകാശങ്ങിലും ഏകന്‍ എന്നത് കൂടിയാണ്. അല്ലാഹുവിനു മാത്രം നല്‍കേണ്ട വിശേഷണം മറ്റാര്‍ക്കും നല്‍കരുത് എന്നത് കൂടി അതിന്റെ ഭാഗമാണ്. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് പോലെ സഹായം തേടുന്നത് പോലെ മറ്റാരെയും വിളിച്ചു സഹായം തേടലും പ്രാര്‍ത്ഥിക്കലും ആ രീതിയില്‍ തെറ്റ് തന്നെ. അങ്ങിനെ ഒരു രീതി ഇസ്‌ലാം പഠിപ്പിച്ചില്ല. ഇസ്ലാമും ജാഹിലിയ്യത്തും തമ്മില്‍ വേര്‍പിരിയുന്ന വരകള്‍ തച്ചുടക്കാന്‍ പൗരോഹിത്യം ആഞ്ഞു ശ്രമിക്കുകയാണ്. പാമരരായ തങ്ങളുടെ അണികളില്‍ അവര്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട് എന്ന് കൂടി ചേര്‍ത്ത് പറയണം. മടവൂര്‍ ഷെയ്ഖ് ഒരു വലിയ്യാകാം. അത് അദ്ദേഹവും അല്ലാഹുവും തമ്മിലുള്ള വിഷയമാണ്. അതിന്റെ ഫലം പരലോകത്ത് അദ്ദേഹം നേടിയേക്കാം. അത് വെച്ച് മറ്റുള്ളവരുടെ പരലോകം നഷ്ടമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ പാടില്ല എന്ന് കൂടി പറയണം.

Facebook Comments
Show More

Related Articles

Check Also

Close
Close
Close