Your Voice

നീതി പുലരാതെ പോയ സൊഹ്‌റാബുദ്ദീന്‍ കേസ്

സൊഹ്റാബുദ്ദീന്‍ കേസും അങ്ങിനെ വായുവില്‍ ലയിച്ചു. തെളിവ് പോരാ എന്നാണു കോടതി പറയുന്നത്. അപ്പോഴും കോടതി ഒരു കേസുമായി ബന്ധപ്പെട്ടവരൊക്കെ എന്ത് കൊണ്ട് മരിച്ചു പോയി എന്ന് ചോദിച്ചു കാണില്ല. പിടിക്കപ്പെടുമ്പോള്‍ ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യ, അടുത്ത കൂട്ടുകാരന്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍, വിധി പറഞ്ഞ ജഡ്ജി എന്നിവരാണ് വഴിക്കു വഴി മരണത്തിനു കീഴടങ്ങിയത്.

ഷെയ്ഖ് ഒരു തീവ്രവാദ ബന്ധമുള്ള വ്യക്തിയാണ് എന്ന നിലയിലാണ് ഗുജറാത്ത് പോലീസ് മുന്നോട്ട് പോയത്. ഭാര്യയുടെ കൂടെ മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കു വെച്ച് പോലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തു. ശേഷം രണ്ടു പേരുടെയും ശവമാണ് ലോകം കാണുന്നത്. അതിനെയാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറയുന്നതും. കൊല്ലപ്പെടുന്നതിന് മുമ്പ് ഭാര്യ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നും ആരോപണമുണ്ട്. ഈ കേസില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അവിഹിതമായും അസാധാരണമായും ഇടപെട്ടു എന്നത് ഗൗരവമായി കാണണം എന്നതാണ് ജസ്റ്റിസ് ലോയയുടെ കണ്ടെത്തല്‍. അദ്ദേഹവും മരണത്തിനു കീഴടങ്ങി എന്നതാണ് ഈ കേസിലെ അസാധാരണത്വം.

മൊത്തത്തില്‍ ഒരു മാഫിയ മയമാണ് കേസ് എന്നാണ് പൊതു സംസാരം. ചിലരെ രക്ഷിക്കാന്‍ മറ്റു ചിലരെ ഇല്ലാതാക്കുക എന്ന ഹിന്ദി സിനിമയുടെ യഥാര്‍ത്ഥ രൂപമാണ് ഈ കേസിന് പിറകില്‍ നടന്നത്. അതില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ ബി ജെ പി അദ്ധ്യക്ഷന്റെ പങ്കായിരുന്നു കേസിനു പിന്നിലെ ചര്‍ച്ചയുടെ മര്‍മം.

സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ ബി, സുഹൃത്ത് തുള്‍സിറാം പ്രജാപതി എന്നിവരെ ഹൈദരാബാദില്‍ നിന്നും സംഗ്ലിയിലേക്കുള്ള യാത്ര മദ്ധ്യേ 2005 നവംബര്‍ 22 നാണ് ഗുജറാത്ത് പോലീസ് പിടികൂടിയത്. അവിടെ നിന്നും നാല് ദിവസം കഴിഞ്ഞു പിന്നെ കണ്ടത് അദ്ദേഹത്തിന്റെ ശവമായിരുന്നു. ഷെയ്ഖ് നരേന്ദ്ര മോഡിയെ കൊല ചെയ്യാന്‍ ശ്രമിച്ചു എന്നായിരുന്നു പോലീസ് പറഞ്ഞത്. മറ്റൊരു സ്ഥലത്തു നിന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ ശവവും ലഭിച്ചു. അതും മാനഭംഗപ്പെടുത്തിയ രീതിയില്‍. 2006 ഡിസംബര്‍ 27 ന് സൊഹ്‌റാബുദ്ദീന്റെ കൊലപാതകത്തിന്റെ സാക്ഷിയായ തുള്‍സിറാം പ്രജാപതി ഗുജറാത്ത്, രാജസ്ഥാന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. കോടതിയിലേക്ക് കൊണ്ട് പോകുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാണു പോലീസ് ഭാഷ്യം.

ഷെയ്ഖ് എന്തായിരുന്നു എന്നതിനേക്കാള്‍ എന്തിനു വേണ്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നതായിരുന്നു ലോകത്തിനു താല്പര്യം. ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു ഈ കേസ്. കൊടും ഭീകരര്‍ എന്നും കൊല്ലപ്പെട്ടവരെ കുറിച്ച് കോടതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടു ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ല എന്നതാണ് സുപ്രീം കോടതി ഒരിക്കല്‍ പറഞ്ഞത്. ഇപ്പോഴിതാ എല്ലാവരും നിരപരാധികളാണ് എന്നും കോടതി പറയുന്നു. അടുത്ത കാലത്തു നാം കേള്‍ക്കുന്ന വിധികള്‍ നമ്മെ ഭയപ്പെടുത്തണം. തെളിവില്ലാത്ത കേസുകളുടെ കൂട്ടത്തില്‍ ഒന്ന് കൂടി എന്നതിനേക്കാള്‍ നമ്മെ ഭയപ്പെടുത്തുന്നത് കോടതി വിധികളെ ആരൊക്കെയോ സ്വാധീനിക്കുന്നു എന്നാകുമോ? .
തെളിവുകള്‍ കോടതിക്ക് പ്രാധാന്യമാണ്. നല്‍കേണ്ടവര്‍ അത് നല്‍കാതിരുന്നത് കോടതിയില്‍ തെളിവ് വരില്ല. എല്ലാത്തിനെയും തങ്ങളുടെ കാല്‍ ചുവട്ടില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ഫാസിസം നാട് വാഴുന്ന കാലത്തു ഉയര്‍ന്നു വരുന്ന സംശയങ്ങള്‍ പലപ്പോഴും അസ്ഥാനത്താകില്ല.

Facebook Comments
Related Articles
Close
Close