ഫാഷിസ്റ്റ് വർണ / വംശ വെറിയുടെ ത്രിശൂലധാരികൾ ഏറ്റവും ഭയപ്പെടുന്നത് ശരിയായ ചരിത്രാവിഷകാരത്തെയാണ്. ഒരു സമൂഹത്തിന്റെ വേരുകൾ ഇളക്കാൻ ആ സമൂഹത്തിന്റെ ചരിത്രപരമായ പങ്ക് അട്ടിമറിക്കപ്പെടണം. ചരിത്ര വ്യക്തിത്വങ്ങളുടെ കാവിവത്കരണം, ചരിത്ര സ്ഥലങ്ങൾ വെട്ടിപ്പിടിക്കൽ, ചരിത്ര പ്രസിദ്ധങ്ങളായ സ്ഥലനാമങ്ങൾ ഇളക്കി മാറ്റൽ തുടങ്ങി വ്യത്യസ്ത മുഖങ്ങളുണ്ട് ഫാഷിസത്തിന്റെ ചരിത്ര ധ്വംസനനത്തിന്. ഫാഷിസ്റ്റ് അസഹിഷ്ണുക്കളും അവരുടെ കേട്ടെഴുത്തുകാരും തമസ്കരണത്തിനു വിധേയമാക്കിയ വിഖ്യാത ചരിത്ര പുരുഷനത്രെ ശിവജി!
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ശ്രീ. രാം പുനിയാനി എഴുതുന്നു:
“ശിവജിയുടേത് ഏതെങ്കിലും മതത്തിൽ അധിഷ്ഠിതമായ ഭരണമായിരുന്നില്ല. ഭരണകാര്യത്തിൽ മാനുഷികമായ ഒരു സമീപനമായിരുന്നു അദ്ദേഹം കൈക്കൊണ്ടിരുന്നത്. കരസേനയിലേക്കും നാവിക സേനയിലേക്കും സൈനികരെയും ഓഫീസർമാരെയും തെരഞ്ഞെടുക്കുമ്പോഴും മതം പരിഗണിക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ സൈന്യത്തിൽ മൂന്നിലൊന്നും മുസ് ലിംകളായിരുന്നു എന്നതാണ് യാഥാർഥ്യം. സിന്ധി സംബാൽ ആയിരുന്നു അദ്ദേഹത്തിന്റെ നാവികസേനാ മേധാവി.
ഔറംഗസീബിനു വേണ്ടി രാജാ ജയ് സിംഗ് നയിച്ചിരുന്ന രജപുത്ര സേനയുമായാണ് ശിവജിക്ക് മുഖ്യ യുദ്ധങ്ങൾ നടത്തേണ്ടി വന്നത്. ആഗ്രാ കോട്ടയിൽ ബന്ധനസ്ഥനായി കഴിയവേ, അവിടെ നിന്ന് രക്ഷപ്പെടുന്നതിന് അദ്ദേഹത്തെ സഹായിച്ച രണ്ടു കാവൽക്കാരിൽ ഒരാൾ മദരി മെഹ്താർ എന്ന മുസ് ലിം ആയിരുന്നു. ശിവജിയുടെ രഹസ്യ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സെക്രട്ടറിയും മുസ് ലിം ആയിരുന്നു. മൗലാനാ ഹൈദർ അലി. പീരങ്കിപ്പടയുടെ മേധാവിയായിരുന്നത് ഇബ്രാഹിം ഗർധി എന്ന മുസ് ലിമായിരുന്നു.
തലസ്ഥാന നഗരിയായ റായ് ഗഡിൽ കൊട്ടാരത്തിനു സമീപം ജഗദീശ്വര ക്ഷേത്രത്തിന്നടുത്ത് തന്നെ ശിവജി ഒരു മുസ് ലിം ആരാധനാലയവും പണി കഴിപ്പിച്ചിരുന്നു. മുസ് ലിം സ്ത്രീകളോടും കുട്ടികളോടും ഒരു വിധത്തിലും മോശമായി പെരുമാറരുതെന്ന് ശിവജി ഉദ്യോഗസ്ഥന്മാർക്ക് കർശന നിർദേശം നൽകാറുണ്ടായിരുന്നു… മതമൈത്രിയുടെ കാര്യത്തിൽ ശിവജി എന്തു മാത്രം തൽപരനായിരുന്നു എന്നാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. തന്റെ സാമ്രാജ്യം വികസിപ്പിക്കുക എന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. ശിവജിയെ മുസ് ലിം വിരുദ്ധനും ഇസ് ലാം മത വിരോധിയുമായി ചിത്രീകരിക്കുന്നത് സത്യത്തെ അപഹസിക്കുന്നതിന് സമമാണ് ”
(ഉദ്ധരണം: വർഗീയ രാഷ്ടീയം മിത്തും യാഥാർഥ്യവും. ഭാഗം: ഒന്ന്. വിവർത്തനം: ടി.വി വേലായുധൻ. പ്രതീക്ഷ ബുക്സ്)
കുറിപ്പ്: ബീജാപ്പൂർ സുൽത്താന്മാരുടെ കൊട്ടാരത്തിലാണ് ശിവജി വളർന്നതെന്നും ശിവജിയുടെ അച്ഛൻ ബീജാപ്പൂർ സുൽത്താന്റെ സേനാനായകനായിരുന്നുവെന്നും ചരിത്രകാരനായ ഡോ: ഹുസൈൻ രണ്ടത്താണി രേഖപ്പെടുത്തിയിട്ടുണ്ട്. ശിവജിയുടെ പിതാവിന്റെ പേര് ഷാജി എന്നും പിതൃ സഹോദരന്റെ പേര് ഷാ ശരീഫ് എന്നുമത്രെ! അവർക്ക് ഈ മുസ് ലിം പേരുകൾ ലഭിക്കാൻ കാരണം ശിവജിയുടെ മുത്തച്ഛനുണ്ടായിരുന്ന ദീർഘമായ മുസ് ലിം ബന്ധമായിരുന്നു!(മുസ് ലിം ഇന്ത്യയുടെ ചരിത്ര വായന. ഐ.പി. ബി)
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5