Current Date

Search
Close this search box.
Search
Close this search box.

തുർക്കി പണ്ഡിതനായ ശൈഖ് യൂസുഫ് ഖരാജെ നദ്‌വിയും യാത്രയായി

ഇന്നലെ, തുർക്കിയിലെ ഒരു FB സുഹൃത്തിന്റെ പോസ്റ്റിൽ നിന്നാണ് ശൈഖ് യൂസുഫ് സാലിഹ് ഖരാജെ നദ്‌വിയുടെ മരണത്തെക്കുറിച്ച് അറിഞ്ഞത്. ഈ വാർത്ത ഒരു ഇടിമിന്നൽ പോലെയാണ് അനുഭവപ്പെട്ടത്. ഡസൻ കണക്കിന് തുർക്കി യൂണിവേഴ്സിറ്റി വിദ്യാർഥികളുമായി വാട്സപ്പിലൂടേയും ഫേസ്ബുക്കിലൂടേയും ബന്ധമുണ്ടെങ്കിലും തുർക്കി വംശജനായ ഒരേയൊരു പണ്ഡിതനുമായേ നിരന്തര ബന്ധമുണ്ടായിരുന്നുള്ളൂ. ഖരാജെയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒന്നും അദ്ദേഹത്തിൽ നിന്ന് ഇതുവരെ കേട്ടിട്ടില്ലായിരുന്നു. അധ്യാപകൻ, ചരിത്രകാരൻ , ഗവേഷകൻ, യോഗ്യനായ വിവർത്തകൻ, ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാന്റെ ഗുരു, മുൻ പ്രസിഡന്റ് അബ്ദുല്ലാ ഗുലിന്റെ കളിക്കൂട്ടുകാരൻ എന്നിങ്ങനെ പല വിശേഷണങ്ങളാണദ്ദേഹത്തിന് .

തുർക്കി ഭാഷയിൽ മൗദൂദി, കാന്ധലവി, നദ്‌വി എന്നിവരുടെ ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളിലൂടെ ഇന്ത്യയെ തുർക്കികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് അദ്ദേഹം ആയിരുന്നുവെന്ന് പറയാം. തഫ്ഹീമുൽ ഖുർആൻ മൂന്നു വാള്യമായി സംഗ്രഹിച്ച് അദ്ദേഹം തുർക്കിയിൽ പ്രസിദ്ധീകരിച്ചു.

തുർക്കിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഖൈസ്വരി നഗരത്തിലെ “യെശിലി ഹിസ്വാർ” ഗ്രാമത്തിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ പിറന്ന ഖരാജെ നാട്ടിലെ തന്റെ ഗുരുവായ മുഫ്തി ഹിശാമിന്റെ ശുപാർശകത്തുമായി തലസ്ഥാന നഗരിയിലെ പള്ളികളിലെല്ലാം കീശയിലുള്ള വെറും പതിനഞ്ചു ലിയറയുമായി തന്റെ പതിനാറാം വയസ്സിൽ ഇസ്തംബൂളിലെത്തിയ ഖരാജെ എന്ന കൗമാരക്കാരൻ അവിടത്തെ ജാമിഇലെ ഇമാം തൗഫീഖ് ഖോജയുടെ ഉപദേശ പ്രകാരമാണ് അറബി പഠിക്കാനിറങ്ങി പുറപ്പെടുന്നത്. ആഴ്ചകളോളം ട്രൈയിനിലും കാൽനടയായും ഏറെ സഞ്ചരിച്ച് യോഗ്യരായ ഉസ്താദുമാരെ തേടിയലഞ്ഞ് അവസാനം ഇന്ത്യയിലെത്തി ഏകദേശം നാലു വർഷക്കാലം (1959 – 62 ) ലഖ്നോവിലെ നദ്‌വത്തുൽ ഉലമയിൽ അവധിലെ ഒരു സമ്പന്ന കുടുംബത്തിന്റെ സ്പോൺസർഷിപ്പിൽ ആലിമിയ്യത്ത് കരസ്ഥമാക്കുകയായിരുന്നു . ഉറുദു സ്വദേശ വാസികളെപ്പോലെ പഠിക്കുകയും മരണം വരെ ഉറുദുക്കാരുമായി ഉറുദുവിൽ തന്നെ കത്തിടപാടുകൾ നടത്തുകയും ചെയ്തു പോന്നു. അലി മിയാന്റെ ശിഷ്യത്വമാണ് അദ്ദേഹത്തെ ഇന്ത്യയിൽ പിടിച്ചു നിർത്തിയ പ്രധാന ഹേതു. ഇന്ത്യയിൽ നിന്ന് നേടിയ അറിവിന്റെ ഉറവകൾ വഹിച്ചുകൊണ്ട് ’62 ൽ അദ്ദേഹം നാട്ടിലെത്തി. ശേഷം ഇമാം ഖതീബ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായി നിയമിതനായി. അവിടത്തെ അദ്ധ്യാപന കാലയളവിൽ എർദോഗാനുൾപ്പെടെ നൂറുകണക്കിന് മിടുക്കരും പ്രഗത്ഭരുമായ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പ്രത്യേക ശിക്ഷണത്തിൽ അവിടെ നിന്ന് ബിരുദം നേടി. ധാരാളം പ്രശസ്ത പണ്ഡിതന്മാർ, സജീവ പ്രസംഗകർ, തുർക്കിയിലെ മികച്ച സർവകലാശാല പ്രൊഫസർമാരടക്കമുള്ള ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ട്.

1999 ലാണ് തുർക്കിക്കാരനായ യൂസുഫ് സ്വാലിഹ് ഖരാജെ നദ്‌വിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. തുടർന്ന് പലപ്പോഴായി ബന്ധം തുടർന്നു പോന്നു. ഒന്നിലധികം തവണ തന്റെ അടുത്ത വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ചില തുർക്കി കോളേജുകളിൽ എനിക്കദ്ദേഹം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.

തുർക്കി ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ട ശൈഖ് നദ്‌വിയുടെ പുസ്തകങ്ങളുടെ സ്വാധീനത്തെക്കുറിച്ച് അലി മിയാൻ തന്നെ പറയുന്നു: എന്റെ പുസ്തകങ്ങൾ തുർക്കിയിൽ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. തുർക്കി ഭാഷയിൽ ലഭിച്ച സ്വീകാര്യത മറ്റൊരു ലോക ഭാഷയിലും അവക്ക് ലഭിച്ചില്ലായെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല (മജാലിസെ ഹസന: 205/6 ) . കമാലാനന്തര തുർക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ രഹസ്യ റിപ്പോർട്ടുകളിലൊന്നിൽ നദ്‌വിയുടെ രിജാലുൽ ഫി കരി വദ്ദഅ് വ പ്രത്യേകം പറയുന്നുണ്ട്. ആ സീരീസ് തുർക്കിയിൽ പരാവർത്തനം നടത്തിയത് ഖരാജെയായിരുന്നു. മൗലാനാ മുഹമ്മദ് യൂസുഫ് കാന്ധലവിയുടെ ഹയാതുസ്സ്വഹാബ : സീരീസും ഖരാജെ തുർക്കിയിലാക്കി.

അല്ലാഹു അദ്ദേഹത്തെ അവന്റെ ഇഷ്ടദാസന്മാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ . അദ്ദേഹത്തിന്റെ വൈജ്ഞാനിക യാത്രകളേയും സേവനങ്ങളേയും സ്വീകരിക്കുമാറാവട്ടെ .ആമീൻ

റഫറൻസ് :
1-നിദാഎ ഇസ്ലാം മാഗസിൻ ലക്കം 77-78
2- ഫേസ് ബുക്ക് അനുസ്മരണ കുറിപ്പുകൾ .

Related Articles