Current Date

Search
Close this search box.
Search
Close this search box.

സത്യപാതയിലെ ധീരനായ പോരാളി

ലോകോത്തര പണ്ഡിതവര്യരിൽ പ്രമുഖനായ ഡോ.യൂസുഫുൽ ഖറദാവിയും ഈ നശ്വരമായ ലോകത്തിൽ നിന്നും വിടവാങ്ങി. ഐക്യത്തിന്റെ പ്രണേതാവായിരുന്നു എന്നും അദ്ദേഹം. നിസാരമായ പ്രശ്നങ്ങളുടെ പേരിൽ രാജ്യങ്ങളും സമുദായങ്ങളും ഭിന്നിച്ചു നിൽക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. സ്നേഹത്തിലൂടെയും ഐക്യത്തിലൂടെയുമാണ് ഏതൊരു സമൂഹത്തിന്റെയും കെട്ടുറപ്പും പുരോഗതിയും സാധ്യമാവുക എന്ന് അദ്ദേഹം പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരുന്നു. സാമ്രാജ്യത്വത്തിനെതിരെയും സയണിസത്തിനെതിരെയും ശക്തമായ നിലപാടുകളിലൂടെ ഏറെ ശ്രദ്ധേയനായ മഹാ മനീഷിയായിരുന്നു അദ്ദേഹം. അറബ് – ഇസ്‌ലാമിക ലോകത്ത് അസ്വാരസ്യങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന അമേരിക്കൻ കുതന്ത്രത്തിനെതിരെ എന്നും ഉറങ്ങാതെയുള്ള കാവലിൽ ആയിരുന്നു അദ്ദേഹം. ലോകത്തുടനീളം വിവിധ മേഖലകളിൽ മഹത്തായ സേവനങ്ങൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന നിരവധി തലമുറകളുടെ ഗുരുവര്യൻ, വർത്തമാന ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ മഹാ പണ്ഡിതൻ . ഇങ്ങിനെ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ഏറെയുണ്ട്.

ഇസ്‌ലാമിന്റെ സാമൂഹിക ക്രമങ്ങളിലും സാമ്പത്തിക ദർശനത്തിലുമുള്ള അദ്ദേഹത്തിന്റെ സുഗ്രാഹ്യത ഏറെ ശ്രദ്ധേയമാണ്. ആധുനിക വിഷയങ്ങളിൽ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ ഫത്‌വകൾ ഏറെ സ്വീകാര്യവും സ്പഷ്ടവുമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും മുസ്ലിം സമുദായവും നേരിടുന്ന പുതിയ പ്രശ്നങ്ങളിലും വിഷയങ്ങളിലും ഉള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഏറെ വില മതിക്കപ്പെടുന്നതാണ്. ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം ഗുരുവും മാർഗദർശിയുമാണ്.

1926 ഇൽ ഈജിപ്തിലെ ത്വൻതക്ക് സമീപമുള്ള ഒരു ഗ്രാമമായ സ്വഫ്തു തുറാബിലാണ് അദ്ദേഹം ജനിച്ചത്. തൻറെ ബുദ്ധിശക്തിയും ചിന്താശേഷിയും ചെറുപ്പം മുതൽക്ക് തന്നെ പ്രകടമാക്കിയ അദ്ദേഹം കുഞ്ഞുനാളിൽ തന്നെ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. ജന്മഗ്രാമത്തിൽ തന്നെ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഉപരിപഠനം പൂർത്തീകരിച്ചത് ലോക പ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായ അൽ അസ്ഹർ സർവകലാശാലയിൽ നിന്നാണ്. 1953 ഇൽ മത തത്വശാസ്ത്രത്തിൽ ബിരുദവും ശേഷം ബിരുദാനന്തര ബിരുദവും നേടിയത് ഒന്നാം റാങ്കോട് കൂടിയാണ്. 1958 ഇൽ ഭാഷയിലും സാഹിത്യത്തിലുമുള്ള ബിരുദം ഉന്നത മാർക്കോട് കൂടിയാണ് കരസ്ഥമാക്കിയത്. പിന്നീട് 1960 ഇൽ ഖുർആൻ നിദാന ശാസ്ത്രത്തിലും ഹദീസ് ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. പഠനവും മനനവും ജീവിത സപര്യയാക്കിയ അദ്ദേഹം 1973 ഇൽ ” സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സക്കാത്തിന്റെ സ്വാധീനം” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. അധ്യാപനത്തിലൂടെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക കർമ്മരംഗത്തേക്ക് കാലെടുത്തുവെച്ചത്.

അദ്ദേഹം ആദ്യമായി ലഖ്‌നോവിലുള്ള നദ്‌വയിൽ എത്തുന്നത് അലി മിയാന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു. 1975 ഇൽ നദ്‌വത്തുൽ ഉലമയുടെ 85 ആം വാർഷികത്തോടനുബന്ധിച്ചു നടത്തിയ മഹാ സമ്മേളനത്തിൽ ഖറദാവിയെ കൂടാതെ ലോകത്തെമ്പാടുമുള്ള പല വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തിരുന്നു.

പല പണ്ഡിതരെയും പോലെ കേവലം വിജ്ഞാനമേഖലയുടെ ദന്തഗോപുരങ്ങളിൽ മാത്രം സ്വന്തത്തെ തളച്ചിട്ട വ്യക്തിയായിരുന്നില്ല അദ്ദേഹം. താൻ ആർജിച്ച അറിവിന്റെ പ്രായോഗിക വരൽക്കരണം സമൂഹത്തിൽ ആർജവത്തോടെ നടപ്പിലാക്കാൻ പരിശ്രമിച്ച പോരാളി കൂടിയായിരുന്നു അദ്ദേഹം. അഭിനവ ഫറോവമാരുടെയും കൊട്ടാരം പണ്ഡിതന്മാരുടെയും ഇസ്‌ലാം വിരോധത്തിനെതിരെ തന്റെ നിലപാടുകളിൽ പാറ പോലെ ഉറച്ചു നിന്നു. നെറികേടുകൾക്കെതിരെ എന്നും ഉറച്ച ശബ്ദത്തിൽ തന്റെ നിലപാടുകൾ ഉച്ചത്തിൽ വിളിച്ചു പറയാൻ അദ്ദേഹത്തിന് യാതൊരു ഭയവുമുണ്ടായിരുന്നില്ല. സയണിസത്തിന്റെ ചതിപ്രയോഗത്തിലൂടെ രൂപവൽക്കരിക്കപ്പെട്ട ഇസ്രാഈലിന്റെ അസ്തിത്വം പോലും അദ്ദേഹം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയും നിരവധി പ്രവാചകന്മാരുടെ കർമ്മമേഖലയുമായ ഫലസ്തീനും ഖുദ്സ്ഉം എന്നും അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങളായിരുന്നു. ഖുദ്‌സ് വിമോചനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകൾ അറബ് ലോകത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. ഖുദ്‌സിന്റെ വിമോചനത്തിന് വേണ്ടി സമരം ചെയ്യുന്ന ധീരപോരാളികൾക്ക് അദ്ദേഹം എന്നും പ്രതീക്ഷയും പ്രചോദനവും ആയിരുന്നു. ഇലാഹിനോടുള്ള ഇശ്‌ഖിൽ പടപ്പുകളോടുള്ള ഭയം അലിഞ്ഞു ഇല്ലാതെയാവുകയായിരുന്നു അദ്ദേഹത്തിൽ. നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറാവാതിരുന്നത് കൊണ്ടാണ് പലപ്പോഴും തന്റെ യുവത്വത്തിൽ ഈജിപ്തിലെ ജയിലറകൾക്കുള്ളിൽ കഴിയേണ്ടി വന്നത്.

ലോക പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ അല്ലാമാ അബുൽ ഹസൻ അലി നദ്‌വിയോട് അങ്ങേയറ്റമുള്ള സ്നേഹവും ആദരവും ആയിരുന്നുശൈഖ് യൂസുഫുൽ ഖറദാവിക്ക് . അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും കുറച്ചൊക്കെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു. “ഞൻ അറിഞ്ഞ ശൈഖ് അബുൽ ഹസൻ അന്നദ്‌വി” എന്ന ശൈഖിന്റെ പുസ്തകം അവർ തമ്മിലുള്ള ആദരവ് നിറഞ്ഞ ബന്ധത്തിന്റെ വലിയൊരു തെളിവ് കൂടിയാണ്. “അറബികളിലേക്കുള്ള അനറബികളുടെ അംബാസഡർ” എന്നാണ് അലിമിയാനെ ഖറദാവി പലപ്പോഴും വിശേഷിപ്പിക്കാറുണ്ടായിരുന്നത്. 1951ഇൽ അബുൽ ഹസൻ നദ്‌വി ഈജിപ്ത് സന്ദർശിച്ചത് മുതലാണ് അവരുടെ സ്നേഹബന്ധം ആരംഭിക്കുന്നത്. അതിനു മുമ്പ് നദ്‌വിയുടെ “മാദാ ഖസിറൽ ആലം ബിൻഹിതാത്തിൽ മുസ്‌ലിമീൻ” എന്ന വിഖ്യാത ഗ്രന്ഥ അദ്ദേഹം വായിച്ചിരുന്നു. ആ പുസ്തകത്തിന്റെ വായനയിലൂടെയാണ് ഖറദാവി നദ്‌വിയിലേക്ക് ഏറെ ആകൃഷ്ടനാവുന്നത്. നദ്‌വിയുടെ ആ ആദ്യ സന്ദർശനവേളയിൽ ഖറദാവി അൽ അസ്ഹറിൽ ഉസൂലുദ്ധീൻ കോളേജിൽ വിദ്യാർത്ഥിയായിരുന്നു. ഏറെ ബഹുമാനത്തോടെയും ആദരവോടെയുമായിരുന്നു വിദ്യാർത്ഥിയായിരുന്ന ഖറദാവി അദ്ദേഹവുമായി അന്ന് ബന്ധപ്പെട്ടത്. അദ്ദേഹത്തിന് പരിചയമുള്ള അന്ന് അൽ അസ്ഹറിലുണ്ടായിരുന്ന ചില ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ശൈഖ് നദ്‍വിയുമായി അടുത്ത് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ ആ ഊഷ്മള ബന്ധം ആലിമിയാന്റെ മരണം വരെ തുടരുകയും ചെയ്തു.

അദ്ദേഹം ആദ്യമായി ലഖ്‌നോവിലുള്ള നദ്‌വയിൽ എത്തുന്നത് അലി മിയാന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു. 1975 ഇൽ നദ്‌വത്തുൽ ഉലമയുടെ 85 ആം വാർഷികത്തോടനുബന്ധിച്ചു നടത്തിയ മഹാ സമ്മേളനത്തിൽ ഖറദാവിയെ കൂടാതെ ലോകത്തെമ്പാടുമുള്ള പല വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തിരുന്നു. അന്നത്തെ ശൈഖുൽ അസ്ഹർ ആയിരുന്ന അബ്ദുൽ ഹലീം മഹമൂദ്, അന്നത്തെ ഈജിപ്ഷ്യൻ ഔഖാഫ് മന്ത്രിയായിരുന്ന മുഹമ്മദ് ഹുസൈൻ അദ്ദഹബി, യു.എ.ഇയിലെ ചീഫ് ജസ്റ്റിസായിരുന്ന അഹ്‌മദ്‌ അബ്ദുൽ അസീസ് അൽ മുബാറക്, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിലെ മതകാര്യ ഡയറക്ടർ ആയിരുന്ന ശൈഖ് അബ്ദുല്ല അൻസാരി, ശരീഅഃ ഡിപ്പാർട്ടമെന്റ് ഡയറക്ടർ അബ്ദുൽ മുഇസ്സ്, അബ്ദുൽ സത്താർ തുടങ്ങിയവരും ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. അന്നൊക്കെ ഫോട്ടോയെടുക്കുന്നതിനെ കുറിച്ച് പൊതുവിൽ ഉത്തരേന്ത്യൻ പണ്ഡിതന്മാർക്കിടയിൽ വലിയ താല്പര്യംഇല്ലായിരുന്നു. സാധാരണ അവരുടെ പരിപാടികളിൽ ഫോട്ടോകൾ എടുക്കാറുമുണ്ടായിരുന്നുമില്ല. എന്നാൽ ഖറദാവിയുടെ ആ സന്ദർശന വേളയിൽ അലി മിയാൻ തമാശ രൂപേണ പറഞ്ഞത് “ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി ഞങ്ങൽ ഫോട്ടോഗ്രാഫി അനുവദനീയമാക്കിയിരിക്കുന്നു.” എന്നായിരുന്നു. ഇതൊക്കെ അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വിളിച്ചറിയിക്കുന്നതാണ്. വിവിധ ആശയധാരകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ തന്നെ യോജിപ്പിന്റെ മേഖലകൾ എങ്ങിനെയാണ് കണ്ടെത്തുക എന്നത് അവർ തമ്മിലൂടെയുള്ള ആധാനപ്രധാനങ്ങളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. ശാഖാപരമായ വിഷയങ്ങളിലും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും തർക്കിച്ചും പരസ്പരം ഒറ്റുകാരായും മാറുന്ന പുതിയ കാലത്തെ പണ്ഡിതന്മാർക്കും നേതാക്കൾക്കും ഖറദാവിയുടേയും നദ്‍വിയുടെയും ജീവിതത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്. പ്രത്യേകിച്ച് പരസ്പരം ഭീകരവാദപട്ടം ഒട്ടിക്കാൻ മത്സരിക്കുന്ന ഈ സമയത്ത്. ഈ സമ്മേളനത്തിന് ശേഷം അദ്ദേഹം നദ്‌വയിൽ പിന്നീടും പല തവണ വന്നിട്ടുണ്ട്. അഅസംഗഢിലെ “ദാറുൽ മുസന്നിഫീൻ” സംഘടിപ്പിച്ച “ഓറിയന്റലിസ്റ്റുകളും ഇസ്‍ലാമും” എന്ന തലക്കെട്ടിലുള്ള സമ്മേളനം ആയിരുന്നു അതിലൊന്ന്, ഇതിൽ ശൈഖിന്റെ കൂടെ ഖത്തർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മാരായിരുന്ന ഡോ.അബ്ദുൽ അലീം അദ്ദീബ്, ഡോ.അലി അൽ മുഹമ്മദി എന്നിവരും പങ്കെടുത്തിരുന്നു.

അദ്ദേഹത്തിന്റെ നദ്‌വയിലെക്കുള്ള മറ്റൊരു സന്ദർശനം 1997ഇൽ ആയിരുന്നു. ഈയുള്ളവനും അന്ന് നദ്‌വയിൽ പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ശൈഖ് ഖറദാവിയുടെ ശിഷ്യത്വം സ്വീകരിക്കാനുള്ള മഹാ ഭാഗ്യം അങ്ങിനെ ഈയുള്ളവനും പേരിനു ലഭിച്ചിട്ടുണ്ട്. ഘനഗംഭീരമായ ഖുർആൻ പാരായണവും ചടുലതയോടെയുള്ള അദ്ദേഹത്തിന്റെ ക്‌ളാസുകളും ഞങ്ങൾ വിദ്യാർത്ഥികൾ അക്ഷരാർത്ഥത്തിൽ ആഘോഷപൂർവം ആസ്വദിക്കുകയായിരുന്നു. ഏതാണ്ട് ഒരു മാസത്തിൽ താഴെയുള്ള കാലയളവാണെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വൈജ്ഞാനിക ഉത്സവ കാലമായിരുന്നു. ഈജിപ്ഷ്യൻ ജയിലിൽ വെച്ച് ഏൽക്കേണ്ടി വന്ന മർദ്ദനത്തിന്റെ പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. നമസ്കാരത്തിൽ അദ്ദേഹത്തിന് നമ്മൾ ഇരിക്കുന്നത് പോലെ ഇരിക്കാൻ കഴിയുമായിരുന്നില്ല. അതിന്റെ കാരണം യുവത്വത്തിൽ ജയിലറകൾക്കുള്ളിൽ നിന്നും ലഭിച്ച കൊടിയ മർദനമായിരുന്നു എന്ന് അദ്ദേഹം തന്റെ ഒരു ക്ലാസിൽ പറഞ്ഞത് ഏറെ ആവേശഭരിതരായാണ് ഞങ്ങൾ കേട്ടിരുന്നത്. അദ്ദേഹം ക്ലാസ്സൂ എടുക്കാൻ എത്തിയാൽ സൂചി വീണാൽ കേൾക്കാൻ കഴിയുന്ന നിശബ്ദതയായിയിരിക്കും ലെക്ച്ചറർ ഹാളിൽ. ക്ലാസിനു ശേഷം വിദ്യാർത്ഥികൾ ചോദിക്കുന്ന ഏത് ചോദ്യങ്ങൾക്കും ഒഴുക്കോടെയുള്ള മറുപടികൾ ആണ് ലഭിക്കുക. മനോഹരവും ഗംഭീരവുമായ അദ്ദേഹത്തിന്റെ “മുഹാദിറകൾ” കേട്ടിരിക്കുമ്പോൾ സമയം പോവുന്നത് അറിയുകയേ ഇല്ലായിരുന്നു. കേട്ടാലും കേട്ടാലും ഒരിക്കലും മതിവരാത്ത വാഗ്‌ധോരണി ആയിരുന്നു അത്. ഖുർആനും സുന്നത്തും വെച്ച് കൊണ്ട് ആധുനിക സമസ്യകളുടെ കുരുക്കഴിക്കുന്നത് വലിയ അത്ഭുതത്തോടെയാണ് ഞങ്ങൾ കേട്ടിരുന്നത്. ഇസ്‌ലാമിനെതിരെ വരുന്ന ഏതൊരു വിമർശനവും അദ്ദേഹം ആ “മുഹാദറകളിൽ” അനായാസേന കൈകാര്യം ചെയ്തിരുന്നു. ഇന്ത്യയിലും കേരളത്തിലുമുള്ള പണ്ഡിതന്മാരെ ഏറെ ആദരവോടെയാണ് അദ്ദേഹം കണ്ടിരുന്നത്. കേരളത്തിലും അദ്ദേഹം നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്. കേരളത്തിൽ അവസാനമായി വന്നത് ശാന്തപുരം അൽ ജാമിഅ പ്രഖ്യാപനത്തിനു വേണ്ടിയാണ്. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും കാതിൽ അലയൊലി സൃഷിടിക്കുന്നുണ്ട്. ഇന്ത്യക്കാരോടും മലയാളികളോടും അദ്ദേഹത്തിന് പ്രത്യേകം താല്പര്യവും വാത്സല്യവുമായിരുന്നു ഇപ്പോഴും. ഖത്തർ യൂണിവേസിറ്റി വിദ്യാർത്ഥികൾക്കും ഖത്തറിലേ ഇസ്‌ലാമിക പ്രവർത്തകർക്കുമാണ് അതിനെ കുറിച്ച് ഏറെ വാചാലമാവാൻ കഴിയുക.

1961 മുതൽ ഖത്തറിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം 120ഓളം ശ്രദ്ധേയമായ പ്രൗഡമായ ഗ്രന്ധങ്ങൾ ആണ് രചിച്ചിട്ടുള്ളത്. മതപരമായ വിഷയങ്ങളിൽ പുതിയ തലമുറക്ക് ദിശാബോധവും ഉന്നതമായ വീക്ഷണങ്ങളും ഉണ്ടാവണമെന്ന തന്റെ തീവ്രമായ ആഗ്രഹസാഫല്യമാണ് ഖത്തർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശരീഅഃ കോളേജ്. 1977 മുതൽ 1990 വരെ അദ്ദേഹം തന്നെയായിരുന്നു അതിന്റെ പ്രിൻസിപ്പൽ. കേരളത്തിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിത്യസ്ത മേഖലകളിൽ സ്തുത്യര്ഹമായ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ആധുനിക കാലത്തെ നിരവധി ഇസ്‌ലാമിക പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അനുസ്മരണങ്ങൾ എഴുതിയ ശൈഖ് യൂസുഫുൽ ഖറദാവിയും അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. സയ്യിദ് അബുൽ അഅലാ മൗദൂദിയുടെ ജനാസ നമസ്കാരത്തിന് ലാഹോറിൽ വെച്ച് നേതൃത്വം നൽകാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഏറെ ആഴവും പരപ്പുമുള്ള ചിന്തകളുടെ നിദർശനം ആയിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനകളും. തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ ശക്തമായ നിലപാടുകൾ ആയിരുന്നു എന്നും അദ്ദേഹം എടുത്തിരുന്നത്. തീവ്ര ചിന്തയിലും ആശയത്തിലും പെട്ടുപോവുന്ന ചെറുപ്പക്കാരെ അതിൽ നിന്നും മോചിപ്പിക്കാൻ അദ്ദേഹം തന്റെ പ്രസംഗത്തിലും എഴുത്തിലും ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. എങ്കിലും ചില രാജ്യങ്ങളിൽ ഇന്നും അദ്ദേഹം ഭീകരപ്പട്ടികയിൽ ആണെന്നത് മറ്റൊരു കാര്യം. “ഇസ്‌ലാം ജീർണതക്കും തീവ്രതക്കും മദ്ധ്യേ” എന്നത് അദ്ദേഹം എത്ര മാത്രം ഭീകരവാദത്തിനെതിരാണ് എന്നതിന്റെ ഉദാഹരണം ആണ്. യുവാക്കളുടെ ധാർമ്മികാവൽക്കരണത്തിനു വേണ്ടിയും അവരുടെ സമസ്‌ത മേഖലയിലുമുള്ള ഉദ്ധാരണത്തിനും വേണ്ടി അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. “ഇന്നത്തെ ചെറുപ്പമാണ് ഭാവിയുടെ പ്രതീക്ഷ” എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രചനയിലൂടെയോ പ്രസംഗത്തിലൂടെയോ കടന്നു പോവാത്ത ഒരാളും ആധുനിക ഇസ്‌ലാമിക ലോകത്തുണ്ടാവില്ല എന്ന് പറഞ്ഞൽ അത് അതിശയോക്തി ആവുകയില്ല. അത്രക്കും ജനകീയനായിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. വർത്തമാനകാലത്ത് ഇസ്‌ലാമിന് നേരെ വിവിധ കോണുകളിൽ നിന്ന് വരുന്ന ആശയപരമായ വിമർശനങ്ങൾക്ക് കൃത്യവും യുക്തവുമായ മറുപടികൾ നൽകാൻ അദ്ദേഹത്തോളം കഴിവുള്ള മറ്റൊരു പണ്ഡിതനും ഇല്ലായിരുന്നു. വിവിധ സെമിനാറുകളിലും വൈജ്ഞാനിക സമ്മേളനങ്ങളിലും പങ്കെടുക്കാനായി ഏതാണ്ട് ലോകത്തെല്ലായിടത്തും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്.ഖത്തറിലെ ഉമർ ബിൻ അബ്ദിൽ അസീസ് ജുമാ മസ്ജിദ്‌ലെ ഖുതുബകൾ പുതിയ വിഷയങ്ങളിലുള്ള ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളായിരുന്നു.

അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സേവന മേഖലയായിരുന്നു ജീവകാരുണ്യ മേഖല എന്നത്. സമൂഹത്തിൽ അശരണരും ആലംബഹീനരുമായ മനുഷ്യരുടെ ഉന്നമനത്തിനായി അദ്ദേഹം നിരന്തരമായ പരി ശ്രമങ്ങൾ നടത്തുകയുണ്ടായി. അതിനു വേണ്ടി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ കരസ്പർശം അനുഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും അദ്ദേഹം മുൻകൈ എടുത്ത സ്ഥാപിച്ച ചാരിറ്റി സംവിധാങ്ങളും സ്ഥാപനങ്ങളും ഇന്ന് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

ബഹ്റൈനുമായി വളരെ ഹൃദ്യമായ ബന്ധമാണ് അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നത്. നിരവധി തവണ അദ്ദേഹം ഔദ്യോഗികമായ പല പരിപാടികളിലും വിവിധ എൻ.ജി.ഓകൾ നടത്തിയ വൈജ്ഞാനിക പരിപാടികളിലും സംബന്ധിക്കുവാൻ വേണ്ടി ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. 2011 ഇൽ രാജ്യത്ത് ശിയാക്കളുടെ നേതൃത്വത്തിൽ നടന്ന അസ്വാരസ്യങ്ങളെ അദ്ദേഹം തള്ളിപറഞ്ഞിട്ടുണ്ട്. ഒരു ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഈ വിഷയത്തിലുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. സുന്നികൾക്കെതിരെയുള്ള ശിയാക്കളുടെ നീക്കമായിട്ടാണ് അദ്ദേഹം ആ കലഹത്തെ വിശേഷിപ്പിച്ചത്. അവസാനമായി ഇവിടെ വന്നപ്പോൾ അന്ന് മുഹറഖിലും മറ്റുമായി നടന്ന അദ്ദേഹത്തിന്റെ പ്രഭാഷണ പരിപാടിയിലും സ്വീകരണ പരിപാടിയിലും മലയാളികളുൾപ്പെടെ അത്ഭുതാവഹമായ ജനക്കൂട്ടമായിരുന്നു എത്തിച്ചേർന്നത്. ബഹ്റൈനുമായുള്ള തൻറെ സുദൃഡമായ ബന്ധത്തെ കുറിച്ച് അദ്ദേഹം തന്റെ വെബ്‌സൈറ്റിൽ വിശദമായി എഴുതിയിട്ടുണ്ട്. 1962 ലാണ് അദ്ദേഹം ആദ്യമായി ബഹ്‌റൈൻ സന്ദർശിക്കുന്നത്.

ആധുനിക കാലത്തെ നിരവധി ഇസ്‌ലാമിക പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അനുസ്മരണങ്ങൾ എഴുതിയ ശൈഖ് യൂസുഫുൽ ഖറദാവിയും അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. സയ്യിദ് അബുൽ അഅലാ മൗദൂദിയുടെ ജനാസ നമസ്കാരത്തിന് ലാഹോറിൽ വെച്ച് നേതൃത്വം നൽകാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles