Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ഥികള്‍ക്ക് സകാത്തിന്‍റെ ഓഹരി

ചോദ്യം – സ്വദേശത്തും വിദേശത്തുമൊക്കെ വലിയ ഫീസ് നല്കി പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സകാത്തിന്‍റെ ഓഹരി നല്കാന്‍ പാടുണ്ടോ?

ഉത്തരം – സകാത്തിന്‍റെ അവകാശികള്‍ ആരൊക്കെയാണെന്ന് വളരെ കൃത്യമായി അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫഖീര്‍, മിസ്കീന്‍, സകാത്ത് ജോലിക്കാര്‍, മനസ്സ് ഇണക്കപ്പെടേണ്ടവര്‍, കടബാധിതര്‍, അടിമമോചനം, വഴിയാത്രക്കാരന്‍, ദൈവമാര്‍ഗ്ഗത്തില്‍ എന്നിങ്ങനെ എട്ട് വിഭാഗമാണ് അവര്‍. ഈ വിഭാഗങ്ങളില്‍ മാത്രമേ സകാത്ത് സംഖ്യ വിനിയോഗിക്കാന്‍ പാടുള്ളൂ. അതിലപ്പുറമുള്ള മേഖലകളില്‍ സദഖയാണ് വിനിയോഗിക്കേണ്ടത്.

വിദ്യാര്‍ഥികളോ, അനാഥരോ, പണ്ഡിതരോ ഒന്നും സകാത്തിന്‍റെ നേരിട്ടുള്ള അവകാശികള്‍ അല്ല. കാരണം അവരില്‍ തന്നെ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും ഉണ്ടാവാം. അനാഥന്‍ ആണെങ്കിലും പിതാവില്‍ നിന്ന് അനന്തരാവകാശമായി സ്വത്ത് ലഭിച്ചവര്‍ ഉണ്ടാവാം. എന്നാല്‍ മുകളില്‍ പറഞ്ഞ എട്ട് വിഭാഗതില്‍ പെട്ട വിദ്യാര്‍ഥിയെയോ അനാഥയെയോ പണ്ഡിതനെയോ മുന്‍ഗണനയില്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല; എന്നല്ല അവരാണ് കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നവര്‍.

ഒരു വിദ്യാര്‍ഥി അവന് ഏറ്റവും അനുയോജ്യമായതും, അതുവഴി സമൂഹത്തിന് പ്രയോജനം ഉണ്ടാവുകയും ചെയ്യുന്ന ഒരു കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കുമ്പോള്‍ അതിലേക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ഒന്നാമതായി പിതാവിന്‍റെ ബാദ്ധ്യതയാണ്. പിതാവ് ഞെരുക്കം ഉള്ള വ്യക്തി ആണെങ്കില്‍ സമൂഹം അയാളെ ഇക്കാര്യത്തില്‍ സഹായിക്കണം. കാരണം ഈ വിദ്യാര്‍ഥി പ്രസ്തുത കോഴ്സ് പൂര്‍ത്തിയാക്കുന്നതിലൂടെ സമൂഹത്തിന് തന്നെയാണ് പ്രയോജനം ലഭിക്കുക. എന്നാല്‍ നാട്ടില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രസ്തുത കോഴ്സ് ഉണ്ടായിരിക്കുകയും അഡ്മിഷന്‍ ലഭിക്കാന്‍ സാദ്ധ്യതയും ഉണ്ടായിരിക്കെ ആ വിദ്യാര്‍ഥി സ്വന്തം താല്‍പര്യം മാത്രം പരിഗണിച്ച് ഇതേ കോഴ്സ് വിദേശത്ത് തന്നെ ചെയ്യണം എന്നു ശാഠ്യം കാണിക്കുന്നുവെങ്കില്‍, അവനെ സകാത്തില്‍ നിന്ന് സഹായിക്കേണ്ടതില്ല. കാരണം നാട്ടില്‍ തന്നെ കുറഞ്ഞ ചെലവില്‍ അതിനുള്ള സാദ്ധ്യത അവന്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

അതേസമയം, മിടുക്കന്മാരായ നിര്‍ദ്ധനരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നതിലേക്ക് സകാത്ത് ഫണ്ട് ഉപയോഗിക്കുകയും ചെയ്യാം. സകാത്ത് ഫണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. അവരുടെ ഉത്തരവാദിത്തം വളരെ ഭരിച്ചതാണ്. വിശ്വാസികള്‍ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന സകാത്ത് തുക അര്‍ഹരില്‍ മാത്രമേ എത്തുന്നുള്ളൂവെന്നും, അര്‍ഹരായവരില്‍ എല്ലാവരെയും കണ്ടെത്തുന്നുവെന്നും അവര്‍ ഉറപ്പിക്കണം. ഇക്കാര്യത്തില്‍ അവരില്‍ നിന്നുണ്ടാവുന്ന വീഴ്ചകള്‍ക്ക് അവര്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടതുണ്ട് എന്ന ബോദ്ധ്യം സകാത്ത് കൈകാര്യം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായി ഉണ്ടായിരിക്കണം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles