Current Date

Search
Close this search box.
Search
Close this search box.

ശഅബാൻ 15: ഹദീസ് നിദാന ശാസ്ത്രം പറയുന്നത്

ധാരാളമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഇതെങ്കിലും ബഹുമാന്യ പണ്ഡിതരുടെയും പഠിതാക്കളുടെയും ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. സാധാരണ നിലയിൽ ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയുടെ ശ്രേഷ്ഠത പറയുന്ന ഹദീസുകളെ രണ്ടായി തരം തിരിക്കാറാണ് പതിവ്.

ഒന്ന് : പ്രസ്തുത രാത്രി ചില പ്രത്യേകതകൾ ഉണ്ടെന്നും ആ രാത്രി അല്ലാഹു ഭൂനിവാസികളെ നോക്കുമെന്നും, പരസ്പരം ശത്രുതയോ ശിർക്കോ പുലർത്തുന്ന വ്യക്തികൾ ഒഴികെ മറ്റുള്ളവർക്ക് മുഴുവൻ പൊറുത്തു കൊടുക്കും എന്ന് പറയുന്ന ഹദീസുകൾ.

രണ്ട്: ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകമായ അമലുകൾ സുന്നത്താണ് എന്ന് പ്രസ്താവിക്കുന്ന മറ്റു ചില ഹദീസുകൾ.

ഇതിൽ ഒന്നാമത്തേത് പൊതുവേ ഗണിക്കപ്പെടുന്നത് പ്രകാരം സ്വഹീഹോ ഹസനോ ആണ്. അവയുടെ പരമ്പരകളിലൊക്കെ ചില ദൗർബല്യങ്ങൾ ഉണ്ടെങ്കിലും റിപ്പോർട്ടുകളുടെ ആധിക്യം പരിഗണിച്ച്‌ അവയെ സ്വീകരിക്കുന്നു. തദടിസ്ഥാനത്തിൽ ആ രാവിന് പ്രത്യേകത ഉണ്ടെന്നും അല്ലാഹുവിന്റെ മഗ്ഫിറത്തിനെ കാംക്ഷിക്കാമെന്നും വിശദീകരിക്കപ്പെടുന്നു.

പ്രഥമദൃഷ്ട്യാ ഈ വാദത്തെ അനുകൂലിക്കുന്ന ധാരാളം റിപ്പോർട്ടുകൾ കാണാവുന്നതാണ്. മുആദ് ബ്നു ജബൽ,ആയിഷ, അബൂ സഅലബ, അബൂ മൂസ (റ ) തുടങ്ങി അനവധി സഹാബികളിൽ നിന്നും ഈ വിഷയത്തിൽ ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഈ റിപ്പോർട്ടുകൾ ഒക്കെയും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുർബലമോ ന്യൂനമോ ആണ്. എന്നാൽ ധാരാളം റിപ്പോർട്ടുകൾ പല വഴികളിൽ കൂടി ഉദ്ധരിച്ചതിന്റെ പേരിൽ ഉലൂമുൽ ഹദീസിന്റെ തന്നെ നിയമങ്ങൾ വച്ചുകൊണ്ട് ആ രാത്രിക്ക് അടിസ്ഥാനം ഉണ്ടെന്ന് വിശദീകരിക്കുകയാണ് ചില പിൽക്കാല പണ്ഡിതർ ചെയ്തത്.

എന്നാൽ ഹദീസ് നിദാന ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായ മുൻകാല ഹദീസ് നിരൂപകർ ഈ ഹദീസുകളെ മുഴുവൻ തിരസ്കരിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത വിസ്മരിക്കപ്പെട്ടുപോയിരിക്കുന്നു. ഇമാം ബുഖാരി, ദാറഖുത്നി, അബൂ ഹാതിം റാസി, ഉഖൈലി തുടങ്ങിയവർ പ്രത്യുത ഹദീസുകളെ തിരസ്കരിച്ചവരിൽ പ്രമുഖരാണ്.

അവരുടെ നിലപാട് നമുക്കിങ്ങനെ ചരുക്കി മനസ്സലാക്കാം : ഈ ഹദീസുകളുടെ പരമ്പരയിലുള്ള ചില വ്യക്തികൾക്ക് സംഭവിച്ച അബദ്ധങ്ങൾ കാരണം -കൃത്യത ഇല്ലായ്മ കാരണം- മഖ്ഹൂൽ എന്ന താബിഈയുടെ വാക്കുകൾ വ്യത്യസ്ത സഹാബിമാരിലേക്ക് ചേർക്കപ്പെടുകയാണ് ഉണ്ടായത്. മറ്റു ചില ഹദീസുകൾ ‘നുസ്ഖ മുൻകറ’ യിലൂടെ ഉദ്ധരിക്കപ്പെട്ടതാണ്. എന്നാൽ റാവികളിൽ മാത്രം ശ്രദ്ധയൂന്നിയ ശൈഖ് അൽബാനിയെ പോലെയുള്ളവർ ‘ കുഴപ്പമില്ല ‘ എന്ന് വിധിയെഴുതിയിട്ടുണ്ട് എന്നത് തെറ്റിനെ ശരിയാക്കുകയില്ല. പ്രഥമദൃഷ്ട്യാ അവയൊക്കെ വ്യത്യസ്ത സനദുകൾ ആയി തോന്നുമെങ്കിലും ‘മഖാരിജുൽ ഹദീസ്’ ഒന്നായതിന്റെ പേരിൽ ആ തോന്നലുകൾക്ക് പ്രസക്തിയില്ല.

അതുകൊണ്ടുതന്നെയാവാം ഇമാം ദാറഖുതുനി അടക്കമുള്ള പണ്ഡിതർ ഈ ഹദീസുകളെ ‘മുൽത്തരിബ്’ എന്നും ‘മുൻകർ’ എന്നുമൊക്കെ വിളിക്കുന്നത്. ചുരുക്കത്തിൽ ഹദീസ് പണ്ഡിതന്മാരുടെ ഭാഷ്യത്തിൽ ശഅബാൻ 15 മായി ബന്ധപ്പെട്ട ഹദീസുകളിൽ ഒന്നും സ്വീകാര്യമോ തെളിവോ അല്ല എന്ന് വ്യക്തം.

Related Articles