Your Voice

സൗദി എണ്ണ പ്ലാന്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും അമേരിക്കയുടെ ശുഷ്‌കാന്തിയും

കുറെ കാലമായി മുടങ്ങാതെ കാണുന്ന ചില ടി വി പരിപാടികളുണ്ട്. അതില്‍ ചിലതു അമേരിക്കന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടക്കാറുള്ള സംവാദങ്ങള്‍ അതിലൊന്നാണ്. മറ്റൊന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ തിരഞ്ഞടുക്കപ്പെട്ടതിനു ശേഷം നടത്തുന്ന സംസാരമാണ്. ഏകദേശം പ്രസിഡന്റുമാര്‍ അടുത്ത നാല് കൊല്ലം എന്ത് ചെയ്യാന്‍ പോകുന്നു എന്നതിന്റെ ഒരു ചെറിയ രൂപം അവിടെ നിന്നും കിട്ടും. പതിവുപോലെ ട്രംപിന്റെ പ്രസംഗവും കേട്ടിരുന്നു. പക്ഷെ അതില്‍ അദ്ദേഹം തന്റെ മക്കളെയും മരുമക്കളെയും പരിചയപ്പെടുത്തി എന്നൊഴിച്ചാല്‍ മറ്റൊരു രാഷ്ട്രീയവും പറഞ്ഞില്ല. ശക്തമായ വംശീയത പറഞ്ഞു കൊണ്ടാണ് ട്രംപ് രംഗത്തു വന്നത്. അതിന്റെ ആദ്യ പടിയായി പല രാഷ്ട്രങ്ങളെയും ഭീകര പട്ടികയില്‍ പെടുത്തി. അവിടുത്തെ തന്നെ കോടതികളുടെ ഇടപെടല്‍ കാരണം പലതും നടക്കാതെ പോയ ചരിത്രവും നമുക്കറിയാം. അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യില്‍ ഒരു ന്യൂക്ലിയര്‍ ഫുട്‌ബോള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ന്യൂക്ലിയര്‍ കോഡ് എന്നും അതിനെ കുറിച്ച് പറയും. സംഭവം പന്തല്ല ഒരു സ്യൂട്‌കേസ് മാത്രമാണ്. 2016 തിരഞ്ഞെടുപ്പ് സമയത്തു അന്നത്തെ പ്രസിഡന്റ് ഒബാമ രണ്ടു കാര്യങ്ങളിലാണ് ആശങ്ക പ്രകടിപ്പിച്ചത്. ആണവ കോഡുകള്‍ കൈകാര്യം ചെയ്യാനോ അമേരിക്കയെ ആക്രമണത്തില്‍ നിന്ന് സുരക്ഷിതമായി സംരക്ഷിക്കാനോ ഡൊണാള്‍ഡ് ട്രംപിന് കഴിയില്ലെന്നായിരുന്നു ആ ആശങ്കയെന്ന് പറയപ്പെടുന്നു.

ട്രംപ് അധികാരത്തില്‍ വന്നാല്‍ പല ദുരന്തങ്ങളും സംഭവിക്കുമെന്ന് ലോകം ഭയപ്പെട്ടിരുന്നു. ട്രംപ് വളരെ കര്‍ക്കശക്കാരനായാണ് രംഗത്തു വന്നത്. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും അമേരിക്കന്‍ മാധ്യമങ്ങളില്‍ അദ്ദേഹത്തെ ഒരു കോമാളിയുടെ അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. ആദ്യമായി അദ്ദേഹത്തിന് ഉടക്കാന്‍ ഭാഗ്യം ലഭിച്ചത് വടക്കന്‍ കൊറിയയുമായാണ്. പക്ഷെ ഒന്നും സംഭവിക്കാതെ വിഷയം അവസാനിച്ചു. ഇറാനുമായി അമേരിക്കയുടെ ഉടക്കിന് ഇറാന്‍ വിപ്ലവത്തോളം പഴക്കമുണ്ട്. ഇറാന്റെ ആണവമോഹങ്ങള്‍ക്ക് തിരികൊളുത്തിയത് അമേരിക്കയാണ്. 1967-ല്‍ ടെഹ്റാന്‍ സര്‍വകലാശാലാ കാമ്പസില്‍ ഇറാന്റെ ആദ്യ ആണവ റിയാക്ടര്‍ അമേരിക്ക പണിതുകൊടുത്തു. റിയാക്ടറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനവും-സമ്പുഷ്ടീകൃത യുറേനിയവും-നല്‍കി. തങ്ങളുടെ പാവ സര്‍ക്കാരിനെ ജനം നാട്ടില്‍ നിന്നും ഓടിച്ചപ്പോള്‍ പകരം വന്നത് പൂര്‍ണമായി അമേരിക്കന്‍ വിരുദ്ധ സര്‍ക്കാരാണ്.

അമേരിക്കയെ ശത്രുവായി ഇറാനും ഇറാനെ ശത്രുവായി അമേരിക്കയും കണ്ടു വരുന്നതാണ് ആധുനിക ചരിത്രം. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഷാ പഹ്ലവി അധികാരത്തില്‍ നിന്നും ഒഴിയുന്നത് വരെ ആ ബന്ധം തുടര്‍ന്ന് പോന്നു. പിന്നീടുണ്ടായ മാറ്റങ്ങള്‍ കാര്യങ്ങള്‍ അടിമേല്‍ മറിച്ചു. 1979 മുതല്‍ തന്നെ അമേരിക്ക ഇറാനുമേല്‍ കുരുക്കുകള്‍ മുറുക്കിയിരുന്നു. ബന്ദി വിഷയത്തിലായിരുന്നു ആദ്യ ഇടപെടല്‍. പിന്നീട് പ്രസിഡന്റ് ക്ലിന്റന്റെ കാലത്തു കൂടുതല്‍ ശക്തമായ വ്യാപാര ഉപരോധം നടപ്പിലാക്കി. അതില്‍ തന്നെ പിന്നീട് ചില മാറ്റങ്ങള്‍ വന്നു. 2005 ല്‍ യുറേനിയം സമ്പുഷ്ടീകരണം എന്ന വിഷയത്തില്‍ ബുഷ് ഭരണകൂടം ശക്തമായ മറ്റൊരു ഉപരോധം കൊണ്ട് വന്നു. എണ്ണ സമൃദ്ധമായ ഇറാനില്‍ എണ്ണ കെട്ടിക്കിടക്കുന്ന അവസ്ഥ സംജാതമായി. ഒബാമ ഭരണകൂടത്തിന്റെ അവസാനത്തില്‍ ഉപരോധത്തിന് അയവു വന്നു. അത് ഇറാന് വലിയ ആശ്വാസം നല്‍കി. എണ്ണ കയറ്റുമതിയില്‍ നിന്നും വരുമാനം ലഭിക്കാന്‍ അത് കാരണമായി.

അവിടേക്കാണ് ട്രംപ് കടന്നു വരുന്നത്. ഇറാനും ആറ് വന്‍ ശക്തികളും തമ്മില്‍ 2015-ലുണ്ടാക്കിയ ആണവക്കരാറില്‍ (ജോയന്റ് കോംപ്രിഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍-ജെ.സി.പി.ഒ.എ.-എന്ന് ഔദ്യോഗികനാമം) നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറി എന്നിടത്തു നിന്നാണ് പുതിയ വിഷയങ്ങള്‍ ആരംഭിക്കുന്നത്. പശ്ചിമേഷ്യയില്‍ ആരാണ് കൂടുതല്‍ കരുത്തര്‍ എന്ന കാര്യത്തില്‍ ഇറാനും സഊദിയും തമ്മില്‍ ശീത സമരം തുടങ്ങിയിട്ട് കാലമേറെയായി. തൊട്ടടുത്തുള്ള ഇറാഖ്,സിറിയ,യമനിലെ ഹൂത്തികള്‍ എന്നിവരുടെ നിയന്ത്രണം ഇറാന് തന്നെയാണ്. ലബനാനിലും അവരുടെ സ്വാധീനം കാണാം. ഇറാനെതിരെ അമേരിക്കയെ പുറത്തിറക്കുന്നത് സഊദിയാണ് എന്ന ആരോപണം ഇറാനുണ്ട്.

ഇറാനെക്കാള്‍ കൂടുതല്‍ തങ്ങളുടെ ഹിതം നടക്കാന്‍ നല്ലത് സഊദിയാണ് എന്ന തിരിച്ചറിവ് അമേരിക്കക്കുമുണ്ട്. ചുരുക്കത്തില്‍ പശ്ചിമേഷ്യ വല്ലാത്ത അവസ്ഥയിലാണ്. അമേരിക്ക ഇറാനെ ആക്രമിക്കും എന്നാരും കരുതുന്നില്ല. അതെ സമയം നിലവിലുള്ള സാഹചര്യം കൂടുതല്‍ മോശമാക്കാന്‍ അവര്‍ക്ക് കഴിയും. ഹൂതികള്‍ യു എ ഇ യെ ആക്രമിക്കും എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. സഊദിയിലെ അരാംകോക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് ഇറാന്‍ പറയുമ്പോഴും അത് ഇറാനാണ് എന്ന് ആദ്യം പറഞ്ഞത് അമേരിക്കയാണ്. ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് സഊദിയും അതേറ്റു പറഞ്ഞത്. ഇറാന്റെ സഹായമില്ലാതെ ഹൂതികള്‍ക്കു അത്തരം ഒരു ആക്രമണം നടത്താന്‍ കഴിയില്ല എന്ന് ഉറപ്പാണ്.

ഇറാനുമായുള്ള കരാറില്‍ നിന്നുമുള്ള ഏകപക്ഷീയമായ പിന്മാറ്റത്തെ അമേരിക്കക്ക് ന്യായീകരിക്കേണ്ടി വരും. അതിനു ഇറാനില്‍ പരമാവധി കുറ്റം കാണാന്‍ അവര്‍ ശ്രമിക്കും. യെമനും സിറിയയും നിലനില്‍ക്കുന്ന കാലത്തോളം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം സാധ്യമല്ല എന്നുറപ്പാണ്. അതില്‍ കൂടുതല്‍ എണ്ണ ഒഴിക്കുക എന്നതാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. വിഷയങ്ങളെ പരിഹരിക്കുക എന്നതിനേക്കാള്‍ കൂടുതല്‍ മോശമാക്കാം എന്നതാണ് ട്രംപ് മോഡല്‍. താന്‍ ഇറങ്ങി പോകുന്നതിനു മുമ്പ് തന്റെ ആഗ്രഹമായ യുദ്ധം സംഭവിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. പക്ഷെ ഇറാനുമായുള്ള യുദ്ധം ഒരു ദുരന്തമാകുമെന്ന ഭയത്തില്‍ തന്നെയാണ് പശ്ചിമേഷ്യ എന്നത് കൊണ്ട് അതിനുള്ള സാധ്യത വളരെ ദൂരെയാണ് എന്നതാണ് മറ്റൊരു സമാധാനം.

Facebook Comments
Related Articles
Show More
Close
Close