Current Date

Search
Close this search box.
Search
Close this search box.

സമസ്ത സ്ഥാപക ദിനം

കേരള മുസ്‍ലിംകള്‍ക്കിടയില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള മതപണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പിറവി ദിനമാണിന്ന്.

മലബാര്‍ കലാപം സൃഷ്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥക്കൊപ്പം പാരമ്പര്യ നിഷേധവും അന്ധമായ മതപരിഷ്‌കരണ വാദവും അജണ്ടയാക്കി നവീനചിന്താഗതിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മുളപൊട്ടിക്കൊണ്ടിരുന്ന സവിശേഷ സാഹചര്യത്തിലായിരുന്നു സമസ്തയുടെ രൂപീകരണം.
പൊതുയോഗങ്ങളിലൂടെ ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതമായ സംവിധാനം രൂപപ്പെടുത്തുന്നതിനായി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ആശീര്‍വാദത്തോടെ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന നിതാന്ത ശ്രമങ്ങളാണ് ഹിജ്‌റ 1344 (1926 ജൂണ്‍ 26) -ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് സമസ്ത രൂപീകരണത്തിലേക്കു വഴിവെച്ചത്.

ഹിജ്‌റ കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 15-നാണ് പിറവി ദിനാഘോഷം വരേണ്ടത്. നവീന ചിന്താഗതികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതോടൊപ്പം സമുദായത്തില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട അനാചാര പ്രവണതകള്‍ക്കെതിരെയും സമസ്ത സക്രിയമായി രംഗത്തിറങ്ങി. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക നവോത്ഥാന രംഗത്ത് അതുല്യ മാതൃകകള്‍ തീര്‍ത്തു. മദ്റസ-മഹല്ല് സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. പതിനായിരത്തിലധികം മദ്‌റസകള്‍ക്കു സാരഥ്യം വഹിക്കുന്ന മറ്റൊരു മതസംഘടന മുസ്ലിം ലോകത്തു തന്നെ വേറെയുണ്ടാവാനിടയില്ല. നിരവധി പള്ളി ദര്‍സുകളും അറബിക് കോളേജുകളും പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കം ഉന്നത മതകലാലയങ്ങള്‍ പുറമെയും.

മതവിദ്യയോടൊപ്പം ആധുനിക വിജ്ഞാനീയങ്ങളും പഠിപ്പിക്കുന്ന മത-ഭൗതിക സമന്വയ വിദ്യാസംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ സമസ്തയുടെ നവോത്ഥാന ചരിത്രത്തില്‍ പുതിയ വഴിത്തിരിവുണ്ടായി.

ദാറുല്‍ഹുദാ ഇസ്‍ലാമിക സര്‍വകലാശാലയും വാഫി സംവിധാനവും മറ്റനേകം സ്ഥാപനങ്ങളും വിപ്ലവാത്മക മുന്നേറ്റമുണ്ടാക്കി. സമന്വയ സംവിധാനങ്ങള്‍ സമൂഹത്തിന് ആപത്താണെന്നു പറഞ്ഞുനടന്നവര്‍ പോലും ഒടുവില്‍ ഈ വഴിയില്‍ തന്നെ അഭയം തേടി. ചെറുപ്പം മുതല്‍ നാളിതുവരെ സമസ്തയുടെ പ്രചാരകനും സേവകനും സംഘാടകനുമായി ചലിക്കാന്‍ കഴിഞ്ഞുവെന്നത് ജീവിതത്തിലെ വലിയൊരു സൗഭാഗ്യമായി കരുതുന്നു.

1961-ല്‍ കക്കാട് വെച്ച് നടന്ന സമസ്ത ഇരുപത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തില്‍ കുട്ടിയായിരിക്കെ പിതാവൊന്നിച്ച് പോയത് ഇന്നും ഓര്‍മയിലുണ്ട്. 1972-ല്‍ തിരുനാവായയില്‍ നടന്ന സമസ്ത സമ്മേളനത്തിന്റെ ഓഫീസ് സെക്രട്ടറിയായി നിയമിതനായത് പ്രസ്ഥാനത്തിന്റെ പൂര്‍വകാല നേതാക്കളുമായും പണ്ഡിതരുമായും അടുത്തിടപെഴകാനുള്ള സുവര്‍ണാവസരം തന്നു. 1973-ലെ ജാമിഅഃ പഠനകാലത്ത് സുന്നി വിദ്യാര്‍ത്ഥികള്‍ക്കായി സമസ്തയുടെ മേല്‍നോട്ടത്തില്‍ സംഘടന രൂപീകരിച്ചപ്പോള്‍ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സംഘടനാരംഗത്ത് കൂടുതല്‍ ഇടപെടലുകള്‍ക്ക് വഴിയൊരുക്കി.

സമസ്തയുടെ പാരമ്പര്യ നയനിലപാടുകള്‍ക്കെതിരെ അകത്തുനിന്നു തന്നെ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് 1989-ല്‍ നാല്‍പത് മുശാവറാംഗങ്ങളില്‍ നിന്ന് ആറു പേര്‍ പുറത്തായത്. ഇന്ത്യയുടെ ബഹുസ്വര പശ്ചാത്തലത്തില്‍ സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ പോലും ഇതര മുസ്‍ലിം സംഘടനകളുമായി സഹകരിക്കരുതെന്ന മുരട്ടുവാദം വെച്ചുപുലര്‍ത്തിയതിനോടൊപ്പം ജാതി-മത ഭേദമന്യെ സര്‍വാദരണീയരായ പാണക്കാട് സയ്യിദുമാരുടെ മത-സാമൂഹിക ഇടപെടലുകളെ ആക്ഷേപിക്കുകയും സാമുദായിക രാഷ്ട്രീയ പ്രസ്ഥാനത്തോട് അന്ധമായ വിരോധം കൊണ്ടുനടക്കുകയും ചെയ്ത അവരുടെ പ്രധാന ആവശ്യം സമസ്തക്ക് ഒരു രാഷ്ട്രീയ ബദല്‍ വേണം എന്നായിരുന്നു.
പ്രതിസന്ധികളെല്ലാം മറികടന്ന് മതപ്രബോധനത്തിന്‍റെ കേരള മോഡല്‍ സൃഷ്ടിച്ച് ഏറ്റവും ജനകീയമായ ഇസ്‍ലാമിക പ്രസ്ഥാനമായി സമസ്ത ഇന്നും പ്രയാണം തുടരുന്നു.

ശതാബ്ദിയോടടുക്കുന്ന പണ്ഡിതസഭയെ കാലോചിതവും അസങ്കുചിതവുമായി വിപുലപ്പെടുത്തേണ്ടതും ദേശീയ തലത്തില്‍ കെട്ടിപ്പടുക്കേണ്ടതും അനിവാര്യമായ ഘട്ടമാണിപ്പോള്‍. കേരളീയ മതസൗഹാര്‍ദാന്തരീക്ഷവും വിദ്യാഭ്യാസ സാമൂഹിക ജാഗരണ മാതൃകകളും രാജ്യവ്യാപകമാക്കുന്നതിന് ദാറുല്‍ഹുദായും പൂര്‍വവവിദ്യാര്‍ത്ഥികളും നടത്തുന്ന ശ്രമകരമായ ദൗത്യങ്ങള്‍ ഈ രംഗത്തെ ശ്രദ്ധേയവും ത്യാഗപൂര്‍ണവുമായ ചുവടുവെപ്പുകളാണ്.

വ്യക്തിതാത്പര്യവും ചൂഷണമനോഭാവവുമില്ലാതെ, പൂര്‍വിക മാതൃകയില്‍ സമസ്തയുമായി സഹസഞ്ചാരം നടത്താനും പണ്ഡിതസഭയെ കൂടുതല്‍ ജനകീയമാക്കാനും നമുക്കെല്ലാം സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. കാലോചിതമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴി പ്രസ്ഥാനത്തിനും അതുവഴി ഇസ്‍ലാമിക മുന്നേറ്റത്തിനും ആവുംവിധമെല്ലാം കരുത്തുപകരുമെന്ന് നമുക്കോരോരുത്തര്‍ക്കും ഇന്നു പ്രതിജ്ഞയെടുക്കാം.

Related Articles