Current Date

Search
Close this search box.
Search
Close this search box.

ഇറ്റലി, ബ്രിട്ടൻ -അല്‍ അസ്ഹര്‍ ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട്

ബ്രിട്ടനിലെയും ഇറ്റലിയിലെയും മുസ്‌ലിംകള്‍ക്കെതിരെ നടന്ന രണ്ട് ‘വംശീയ വിദ്വേഷ’ അതിക്രമങ്ങളെ അല്‍ അസ്ഹര്‍ അപലപിച്ചു. യൂറോപിലെ മസ്ജിദുകളെയും, ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളെയും, മുസ്‌ലിംകളെയും ലക്ഷ്യംവെച്ചുള്ള വംശീയ അതിക്രമങ്ങള്‍ തീര്‍ച്ചയായും വംശീയ വിദ്വേഷത്തിന്റെയും, വര്‍ധിക്കുന്ന ഇസ്‌ലാം ഭീതിയുടെയും ഫലമാണെന്ന് അല്‍ അസ്ഹര്‍ ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

വംശീയ അതിക്രമങ്ങള്‍:

ഇറ്റാലിയന്‍ നഗരമായ ട്രെന്റോയിലെ ഇസ്‌ലാമിക സംസ്‌കാരിക കേന്ദ്രം വംശീയ അതിക്രമങ്ങള്‍ക്ക് വിധേയമായതായി അല്‍ അസ്ഹര്‍ സെന്റര്‍ ഫോര്‍ കോംബാറ്റിങ് എക്‌സ്ട്രീമിസം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വംശീയ അതിക്രമത്തില്‍ കനത്ത നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഈ അതിക്രമം നടത്തിയവരെ ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കാന്‍ ചര്‍ച്ചക്ക് ക്ഷണിച്ച ഇറ്റലിയിലെ ഇസ്‌ലാമിക് സെന്റര്‍ നേതൃത്വങ്ങളെ അല്‍ അസ്ഹര്‍ ഒബ്‌സര്‍വേറ്ററി അനുമോദിച്ചു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുന്നതിലും ചില വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മറ്റുള്ളവരെക്കുറിച്ച് രൂപപ്പെട്ട മുന്‍വിധി ഒഴിവാക്കുന്നതിലും സ്‌കൂളിന് വലിയ പങ്കുണ്ടെന്ന് ഒബ്‌സര്‍വേറ്ററി നിരീക്ഷിച്ചു.

യൂറോപിലെ മസ്ജിദുകളും, ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളും ലക്ഷ്യംവെച്ചുള്ള വംശീയ അതിക്രമങ്ങള്‍ വംശീയ വിദ്വേഷത്തിന്റെ ഫലമാണെന്ന് തീവ്രവാദം തടയുന്ന അല്‍ അസ്ഹര്‍ ഒബ്‌സര്‍വേറ്ററി വ്യക്തമാക്കി. പല സന്ദര്‍ഭങ്ങളിലും അല്‍ അസ്ഹര്‍ വംശീയ വിദ്വേഷത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് അടിസ്ഥാനപരമായി, സമൂഹത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും വിഘാതം സൃഷ്ടിക്കുന്നതാണ്. അതോടൊപ്പം, ഇതിനെ അവഗണിക്കുന്നത് അത് ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നു. വംശീയതയുടെ വിവിധ രൂപങ്ങളും വെടിയുന്നതിനും സഹിഷ്ണുതയുടെ മൂല്യം പ്രചരിപ്പിക്കുന്നതിനുമുള്ള ഏറ്റവും അനുയോജ്യവും ലളിതവുമായ വഴി ചര്‍ച്ചയും മറ്റുള്ളവരെ മനസ്സിലാക്കുകയുമാണെന്ന് ഒബ്‌സര്‍വേറ്ററി ഊന്നിപറഞ്ഞു. ഒന്നാമതായി, മറ്റുളളവരെ സംബന്ധിച്ച അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്ന പ്രതിഭാസമാണ് വംശീയത.

ബ്രിട്ടനിലെ ഹിജാബ് അഴിച്ചുമാറ്റല്‍:

ബ്രിട്ടനില്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അതിന് തിരികൊളുത്തുന്നത് തീവ്ര വലതുപക്ഷമാണെന്ന് അല്‍ അസ്ഹര്‍ സെന്റര്‍ ഫോര്‍ കോംബാറ്റിങ് എക്‌സ്ട്രീമിസം അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ലണ്ടനിലെ ‘ടവര്‍ ഹാംലെറ്റ്‌സ്’ ഗ്രാമത്തില്‍ ട്രെയിനില്‍ കയറാന്‍ വഴിയില്‍ നില്‍ക്കുന്ന മുസ്‌ലിം സ്ത്രീയുടെ ഹിജാബ് നീക്കം ചെയ്യാന്‍ ഒരാള്‍ ശ്രമിച്ചതായും, അവര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും, അവരുടെ ബാഗ് വലിച്ചുകീറിയതായും ഒബ്‌സര്‍വേറ്ററി വ്യക്തമാക്കിയിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങളും തീവ്രവാദവും തമ്മില്‍ വ്യത്യാസമില്ലെന്ന് ഒബ്‌സര്‍വേറ്ററി നിരീക്ഷിച്ചു. അതിന്റെ ഫലങ്ങള്‍ ഒന്നുതന്നെയാണ്. നിരപരാധികളെ ലക്ഷ്യമിടുകയും, അവരുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയും, ജീവന് ഭീഷണിയുണ്ടാക്കുകയും, സമൂഹത്തനകത്ത് ഛിദ്രതയും ധ്രുവീകരണവും വളര്‍ത്തുകയും ചെയ്യുകയെന്നതാണത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുകയും, നിറം, വംശം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്കെതിരെ മുന്‍വിധിയും വംശീയതയും അവസാനിപ്പിക്കുന്നതിനുള്ള ഗൗരവമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ഒബ്‌സര്‍വേറ്ററി ആവശ്യപ്പെട്ടു.

സ്‌പൈയിനിന്റെ മുന്നറിയിപ്പ്:

മതങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ താല്‍പര്യത്തെ കുറിച്ചും, മതത്തിന്റെ പേരിലുള്ള വിദ്വേഷ ഭാഷണങ്ങള്‍ വര്‍ധിച്ചതിനെ കുറിച്ചുമുള്ള എപ്പിസ്‌കോപ്പില്‍ സബ്കമ്മിറ്റി സിമ്പോസിയത്തിന്റെ (മധ്യ, കിഴക്കന്‍ യൂറോപില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനായുള്ള ചര്‍ച്ചാ കൂട്ടായ്മ) സമീപകാല മുന്നറിയിപ്പിനെ പ്രധാനമായി കാണുന്നതായി ഒബ്‌സര്‍വേറ്ററി അറിയിച്ചു.

മനുഷ്യകുലം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ സാഹോദര്യം എന്ന ആശയം സജീവമാക്കാന്‍ സിമ്പോസിയം ആവശ്യപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിന്റേതല്ല, മറിച്ച് മുഴുവന്‍ മനുഷ്യരുടേതാണ്. അതുപോലെ, സമൂഹത്തിലെ വ്യക്തികള്‍ക്കിടയില്‍ സഹകണത്തിന്റെ വിശാലമായ മേഖല തുറക്കുന്ന സ്ഥിര സംവാദങ്ങള്‍ക്കുള്ള സ്ഥാപന വഴികളും കണ്ടെത്തേണ്ടതുണ്ട്. ഈ പ്രവണതയെ ചെറുക്കുന്നതിന് സുപ്രധാനമായ വഴി സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുകയെന്നതാണ്. കാരണം, ലോകത്താകമാനമുള്ള വ്യത്യസ്ത മതങ്ങളുടെ അനുയായികള്‍ക്കിടയില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ആത്മാവ് നിറയ്ക്കാനും, സഹകരണത്തിന്റെ പാലം കെട്ടിപ്പടുക്കാനും ഇതിലൂടെ കഴിയുന്നുവെന്ന് ഒബ്‌സര്‍വേറ്ററി നിരീക്ഷിച്ചു.

വിവ- അ‌ർശദ് കാരക്കാട്

Related Articles