Current Date

Search
Close this search box.
Search
Close this search box.

രമേശ് ബിദുരിയും ഇന്ത്യയുടെ അധ:പതനവും

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ലമെന്റ് മണ്ഡലമായ സൗത്ത് ഡല്‍ഹിയെ പ്രതിനിധാനം ചെയ്യുന്നയാളാണ് ബി.ജെ.പിയുടെ രമേശ് ബിദൗരി എം.പി. മറ്റു രാജ്യങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ വരുമാനത്തേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള ജനങ്ങളാണ് ഈ മണ്ഡലത്തിലുള്ളതെന്നാണ് പ്രത്യേകത. അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത് അവരെയും അവരുടെ ഉള്ളിലെ വികാരങ്ങളെയും കുറിച്ച് ചിലത് പറയുന്നുണ്ട്. അതിനനുസരിച്ച ബിദുരിയുടെ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന സമയത്തെല്ലാം പലപ്പോഴും ഇത് അദ്ദേഹം ലജ്ജയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.

ഈ രാജ്യത്ത് ആദ്യം അവകാശപ്പെടാനുള്ളത് ഹിന്ദുക്കള്‍ക്കാണെന്നും അല്ലെങ്കില്‍ അതിന് വ്യക്തി ഹിന്ദുവാണെന്നുമാണ് ബിദുരിയും അദ്ദേഹത്തിന്റെ പല ഘടകക്ഷികളുടെയും ധാരണ. അതിലെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംകള്‍, രണ്ടാംതരം പൗരന്മാരായും ഹിന്ദുക്കളുടെ കഷ്ടപ്പാടുകള്‍ സഹിച്ചും ജീവിക്കണമെന്നും അവരെ ഇകഴ്ത്താനും അപമാനിക്കാനും ആക്രമിക്കാനും തരംതാഴ്ത്താനും അവര്‍ ആഗ്രഹിക്കുന്നത് പറയാനും പ്രവര്‍ത്തിക്കാനും കഴിയുമെന്നുമാണ് അവര്‍ കരുതുന്നത്.

2014ല്‍ ബിധുരിയുടെ ബോസ് ആദ്യമായി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ ഇസ്ലാമോഫോബിക് ആശയങ്ങളും അക്രമങ്ങളും ക്രമാനുഗതമായി വളര്‍ന്നു. ഇത് വിദ്വേഷ പ്രസംഗങ്ങളുടെയും ആള്‍ക്കൂട്ടക്കൊലകളുടെയും ഒരു കുത്തൊഴുക്കിനാണ് ഇത് തിരികൊളുത്തിയത്. എന്നാല്‍ ഇവയെല്ലാം അവസാനിച്ചെന്ന് നാം ചിന്തിക്കുമ്പോഴെല്ലാം, ബി.ജെ.പിയുടെയോ അതിന്റെ സഖ്യകക്ഷിയായ ഹിന്ദുത്വ-തീവ്രവാദ പശ്ചാതലത്തില്‍ നിന്നുള്ള ആരെങ്കിലും ഒരു പുതിയ വിവാദമുണ്ടാക്കുന്നു.

ഒരു പാര്‍ലമെന്റ് അംഗം മറ്റൊരു അംഗത്തെ ‘ഭീകരന്‍’, ‘കത്വ’ ‘ഉഗ്രവാദി മുല്ല’, ‘മുല്ല അടങ്ക്വാദി’ (മുസ്ലിം തീവ്രവാദി) എന്ന് വിളിക്കുന്നത് നാം ഇന്ത്യന്‍ ചരിത്രത്തില്‍ കേട്ടിട്ടില്ല. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കുന്‍വര്‍ ദാനിഷ് അലിയായിരുന്നു ബിദുരിയുടെ അധിക്ഷേപത്തിനിരയായത്.

വാട്സ്ആപ്പില്‍ നിന്നും തെരുവിലേക്കും അവിടെ നിന്ന് ടെലിവിഷന്‍ സ്റ്റുഡിയോയിലേക്കും അവിടെ നിന്ന് പാര്‍ലമെന്റിലേക്കും വരെ എത്തിനില്‍ക്കുകയാണ് മുസലിംകള്‍ക്കെതിരായ വെറുപ്പിന്റെ നീണ്ട യാത്ര. മുസ്ലിം ആയതിന്റെ പേരില്‍ ഒരു എം.പിയെ ആക്രമിച്ചത് ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് കൊട്ടിഘോഷിക്കുന്ന പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ്. അത് തടയാത്തിടത്തോളം, ഇന്ത്യയുടെ അപകടകരമായ വംശാവലിക്ക് ഇത് ഒരു അനിവാര്യമായി മാറും. ഇന്ത്യന്‍ സമൂഹത്തിനോ രാഷ്ട്രീയത്തിനോ നിലവില്‍ ഇത് തടയാന്‍ കഴിയുമെന്നതിന്റെ സൂചനകളൊന്നുമില്ല.

‘… നിങ്ങളുടെ നേതൃത്വത്തില്‍ ഒരു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇത് സംഭവിച്ചുവെന്നത് ഈ മഹത്തായ രാഷ്ട്രത്തിലെ ന്യൂനപക്ഷ അംഗവും എം.പിയും എന്ന നിലയില്‍ എനിക്ക് ഹൃദയഭേദകമാണ്,’ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെഴുതിയ കത്തില്‍ അലി പറഞ്ഞു. ബിദുരിക്ക് താക്കീത് നല്‍കുകയാണെന്നും ഇത്തരം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ ‘കര്‍ശന നടപടി’ സ്വീകരിക്കുമെന്നുമായിരുന്നു ബിര്‍ളയുടെ പ്രതികരണം.

പ്രതിപക്ഷ എം.പിമാരെ വളരെ ചെറിയ കാരണങ്ങള്‍ക്ക് സസ്‌പെന്റ് ചെയ്തതിനും അവരുടെ മൈക്കുകള്‍ ഓഫ് ചെയ്യുന്നതിനും അറിയപ്പെട്ടയാളാണ് ഈ ബിര്‍ള. ഇത് പക്ഷപാതപരമായ പെരുമാറ്റം മാത്രമല്ല, ഹിന്ദു സമൂഹത്തില്‍ ഇസ്ലാമോഫോബിയയുടെ ദുരുപയോഗവും അക്രമവും സാധാരണ നിലയിലായതെങ്ങനെയെന്നാണ് ബിദുരി പ്രതിഫലിപ്പിച്ചത്.

സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ വരെ മുസ്ലീം വിരുദ്ധ വികാരങ്ങള്‍ എളുപ്പത്തില്‍ സ്വീകാര്യമാണെന്നാണ് മുന്‍ ബി.ജെ.പി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും മുന്‍ ബിജെപി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ മുഖഭാവത്തില്‍ നിന്നും മനസ്സിലായത്. ഈ ക്രൂരതയില്‍ ഇരുവരും സ്വതസിദ്ധമായി പുഞ്ചിരിക്കുകയും ചിരിക്കുകയും ചെയ്തു. ഇതില്‍ അവര്‍ കാര്യമായ തെറ്റൊന്നും കണ്ടില്ല. മുസ്ലീങ്ങളെ കളിയാക്കുക എന്നത് ഇപ്പോള്‍ ഒരു ദേശീയ കായിക വിനോദമാണ്.

ബിധുരിയുടെ സ്വരം ഒറ്റപ്പെട്ട സംഗതിയല്ല. സമാനമായ ഭാഷ അദ്ദേഹത്തിന്റെ പാര്‍ട്ടി അനുയായികളും സഖ്യകക്ഷികളും പതിവായി ഉപയോഗിക്കാറുണ്ട്. ഇതിന് വലിയ അനന്തരഫലങ്ങളൊന്നുമുണ്ടാകാറില്ല. അതേ ആഴ്ച തന്നെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ആഹ്വാനം ചെയ്തിരുന്നു. അസമില്‍ ശര്‍മയ്ക്കെതിരെ കോണ്‍ഗ്രസ് കേസ് കൊടുത്തിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത മുസ്ലിംകള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ ആവേശം കാണിക്കുന്ന രീതിക്ക് വിരുദ്ധമായി, പോലീസ് ജാഗ്രതയോടെയോ പ്രവര്‍ത്തിക്കുമെന്ന് നാം ഇവിടെ പ്രതീക്ഷിക്കുന്നില്ല.

ബിധുരിയെപ്പോലുള്ളവരുടെ നിലപാടുകള്‍ക്കെതിരെ പോരാടണമെങ്കില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളും ശക്തമായ പോരാട്ടം ആരംഭിക്കണം. തൃണമൂല്‍ എം.പിയായ മഹുവ മൊയ്ത്രയെപ്പോലെയുള്ളവര്‍ ഇത്തരം വിദ്വേഷത്തിനെതിരെ നിലകൊള്ളുന്നയാളാണ്. ‘ഇപ്പോള്‍ മിക്കവരും ഇതില്‍ തെറ്റൊന്നും കാണുന്നില്ല’ എന്ന് മൊയ്ത്ര പറഞ്ഞത് ശരിയാണ്. ‘ഇന്ത്യന്‍ മുസ്ലിംകള്‍ അവരുടെ സ്വന്തം നാട്ടില്‍ ഭയപ്പാടോടെ ജീവിക്കുന്ന അവസ്ഥയിലേക്ക് അവരെ ചുരുക്കി. അവര്‍ എല്ലാം സഹിച്ചുകൊണ്ട് ജീവിക്കുന്നു. ക്ഷമിക്കണം, പക്ഷേ ഞാന്‍ ഇത് വിളിച്ചുപറയുകയാണ്,’ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ മൊയ്ത്ര പറഞ്ഞു.

ബിധുരിയുടെ ഇത്തരം നിലപാടുകള്‍, ഇനിയും പലരും വിളിച്ചുപറയണം. പ്രത്യേകിച്ചും, ഇന്ത്യയിലെ മുന്‍നിര പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അധിക്ഷേപത്തിനും അക്രമത്തിനും എതിരെ ഈയടുത്ത കാലത്ത് അവര്‍ പലപ്പോഴും വ്യതിചലിക്കുകയും കൃത്യമായി മറുപടി പറയാതെയും നിശബ്ദത പാലിക്കുകയോ ആണ് ചെയ്തിട്ടുള്ളത്.

ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍, ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ നടത്തുന്ന പ്രമോദ് മുത്തലിക്കിനെ ഒരിക്കല്‍ ഗോവയില്‍ പ്രവേശിക്കുന്നത് ബിജെപി സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഗോവില്‍ ‘ഹിന്ദു സമൂഹത്തെ പ്രകോപിപ്പിക്കുമെന്ന’ ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു അത്.

ന്യൂനപക്ഷങ്ങള്‍,രാഷ്ട്രീയ എതിരാളികള്‍, വിമതര്‍ എന്നിവര്‍ക്കെതിരെ ബിജെപി സര്‍ക്കാരുകള്‍ പതിവായി പ്രയോഗിക്കുന്ന ചില നിയമങ്ങള്‍ ഉപയോഗിച്ച് മുത്തലിക്കിനെപ്പോലുള്ളവരെ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.

ബിധുരി പാര്‍ലമെന്റില്‍ അലിയോട് അട്ടഹസിക്കുന്നതിന് ഒരു ദിവസം മുമ്പ്, ന്യൂനപക്ഷ വിഷയങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫെര്‍ണാണ്ട് ഡി വരേനെസ്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഹിയറിംഗിനെക്കുറിച്ചുള്ള യു.എസ് കമ്മീഷനോട് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചും ഇന്ത്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവമേറിയതും വളരുന്നതുമായ ആശങ്കകള്‍’ പ്രകടിപ്പിച്ചിരുന്നു.

മതപരവും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള ദുരുപയോഗങ്ങളുടെയും വന്‍തോതിലുള്ള ആക്രമങ്ങളുടെയും വ്യാപ്തി കാരണം, അസ്ഥിരത, അതിക്രമങ്ങള്‍, കലാപങ്ങള്‍ എന്നിവയുടെ ലോകത്തെ പ്രധാന ഉത്പാദകരില്‍ ഒന്നായി ഇന്ത്യ മാറാനുള്ള സാധ്യതയുണ്ടെന്നും ഇത് കേവലം വ്യക്തിയോ പ്രാദേശികമോ അല്ല, വ്യവസ്ഥാപിതവും മത ദേശീയതയുടെ പ്രതിഫലനവുമാണെന്നുമാണ് യു.എന്‍ പ്രത്യേക വക്താവ് ചൂണ്ടിക്കാട്ടിയത്.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ തന്ത്രപരമായുള്ള രാഷ്ട്രീയ നിശബ്ദതയുടെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അലിക്കെതിരായ ബിദുരിയുടെ ആക്രമണം കാണിക്കുന്നത്. സോണിയാ ഗാന്ധിയുടെ വീട് കത്തിക്കണമെന്ന ശര്‍മ്മയുടെ ആഹ്വാനം സൂചിപ്പിക്കുന്നത് പോലെ മുതിര്‍ന്ന ബിജെപി നേതാക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും ഭാഷ ഡോഗ് വിസിലുകള്‍ക്കപ്പുറമാണ്. മുസ്ലിംകളോടും മറ്റ് ന്യൂനപക്ഷങ്ങളോടും ഹിന്ദുത്വ തീവ്രവാദികള്‍ പറയുന്നതും ചെയ്യുന്നതും കോണ്‍ഗ്രസ് വലിയതോതില്‍ അവഗണിക്കുകയും അതിനെതിരെ നിലകൊള്ളാതിരിക്കുകയും ചെയ്താല്‍, അവര്‍ക്ക് മത്സരിക്കാന്‍ ഒരു രാജ്യം പോലും ഇവിടെ അവശേഷിക്കില്ല.

 

അവലംബം: ദി സ്‌ക്രോള്‍

വിവ: സഹീര്‍ വാഴക്കാട്

Related Articles