Current Date

Search
Close this search box.
Search
Close this search box.

സ്വയം നിര്‍മ്മിതിയാകുന്ന പൊതു ബോധങ്ങള്‍

റോണി ഒരു ഫിലിപ്പിന്‍ സ്വദേശിയാണ്. എന്റെ ധാരണ അദ്ദേഹം ക്രിസ്ത്യാനി എന്നായിരുന്നു. ഒരേ കെട്ടിടത്തിലാണ് ഞങ്ങള്‍ ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ ക്രിസ്തുമസ് കഴിഞ്ഞ ദിവസം ഞാന്‍ അദ്ദേഹത്തോട് ആശംസകള്‍ അറിയിച്ചു. അപ്പോഴാണ് അദ്ദേഹം മുസ്‌ലിമാണ് എന്ന വിവരം എനിക്ക് ലഭിച്ചത്.

താങ്കള്‍ ഇസ്ലാം സ്വീകരിക്കാന്‍ കാരണമെന്ത് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങിനെ ‘ആദ്യം ജോലി ചെയ്തിരുന്നത് സഊദിയിലായിരുന്നു. അതും ഒരു അമേരിക്കന്‍ കമ്പനിയില്‍. ഇസ്ലാമിനെ കുറിച്ച് എപ്പോഴും മോശം അഭിപ്രായമാണ് ഒപ്പമുള്ളവര്‍ പറയാറ്. എനിക്കാണെങ്കില്‍ ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ കൂടെ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ മുസ്ലിംകളെ മാത്രമാണ് ഞാന്‍ നേരില്‍ കണ്ട മുസ്ലിംകള്‍. പക്ഷെ അവരെല്ലാം നല്ല ആളുകളായിരുന്നു. അവരുടെ പെരുമാറ്റവും സംസാരവും എല്ലാം മാന്യമായിരുന്നു. എന്റെ കൂടെയുള്ളവര്‍ പറയുന്ന ഇസ്ലാമല്ല ഞാന്‍ നേരില്‍ കാണുന്ന ഇസ്ലാം. ഈ വൈരുധ്യം എങ്ങിനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചായി പിന്നെ എന്റെ പഠനം. സാവധാനം പഠനം എന്നെ ഇസ്ലാമില്‍ എത്തിച്ചു”

എന്റെ ബോസുമാരില്‍ ഒരാള്‍ ഓസ്ട്രിയക്കാരനായിരുന്നു. പലപ്പോഴും ഓഫീസിലെ അറബികളുമായി ഇസ്ലാമിനെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം കൗതുകത്തോടെ ശ്രദ്ധിക്കും. ജീവിതത്തില്‍ അവരുടെ നാട്ടില്‍ നിന്നും അദ്ദേഹം ഒരു മുസ്ലിമിനെയും നേരില്‍ കണ്ടിട്ടില്ല. പക്ഷെ അവരുടെ പത്രങ്ങളില്‍ നിന്നും ഒരു പാട് വായിച്ചിട്ടുണ്ട്. കേട്ടിട്ടുമുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നെ റൂമിലേക്ക് വിളിപ്പിച്ചു. അദ്ദേഹം കേട്ട ഇസ്ലാമും അനുഭവിക്കുന്ന ഇസ്ലാമും വളരെ അന്തരമുണ്ടെന്നു പറഞ്ഞു. കേട്ട ഭീകരതയല്ല അനുഭവിക്കുന്ന ഇസ്ലാം എന്നും അദ്ദേഹം പറഞ്ഞു.

താര്‍ത്താരികള്‍ മുസ്ലിം ലോകം കീഴടക്കി തടവുകാരായി പിടിച്ചു കൊണ്ട് പോയ മുസ്ലിംകളിലൂടെ പിന്നീട് അവര്‍ ഇസ്ലാമിലേക്ക് വന്നത് വായിച്ചിട്ടുണ്ട്. ഇന്നും ഇസ്ലാം അനുഭവിക്കുന്നവരുടെ നിലപാടില്‍ മാറ്റം വരുന്നുണ്ട്. നീ പറിക്കുന്നതൊക്കെ ആവശ്യമില്ലാത്ത ആണിയാകും എന്നത് പോലെ ഒരു പൊതു ബോധമാണ് ഇസ്ലാമിന്റെ കാര്യത്തില്‍ ഉണ്ടാക്കി വെച്ചിട്ടുള്ളതു.

അത് മോഡി യുഗത്തിന്റെ മാത്രം സംഭാവനയല്ല. അത് കൊണ്ടാണ് നമ്പി നാരായണന്‍ അവര്‍കളോട് അന്വേഷണ സംഘം ഒരു മുസ്ലിമിന്റെ പേര്‍ പറയാന്‍ പറഞ്ഞതും. അങ്ങിനെ ഒരു നാമം കിട്ടിയാല്‍ കേസിന് ഒരു അന്തരാഷ്ട്ര മാനം നല്‍കാം. പൊതുജനങ്ങള്‍ക്കു അത് വിശ്വസിക്കാന്‍ വിഷമവും കാണില്ല. അന്ന് ഇന്നത്തെ പോലെ ചാനല്‍ സംസ്‌കാരം വന്നിരുന്നില്ല എന്നതില്‍ നാം ദൈവത്തെ സ്തുതിക്കുക. ലവ് ജിഹാദ് ആഘോഷിച്ചത് നാം കണ്ടതാണ്. ഗോളിയില്ലാതെ പലരും ഗോളടിച്ചിരുന്ന കാലം കൂടിയായിരുന്നു അതെന്നു ചേര്‍ത്ത് വായിക്കണം.

നാം ആഘോഷിക്കുന്ന പല കഥകളും ഇത് പോലെ തന്നെയാകാനാണ് സാധ്യത. ചാരക്കേസ് ചാരമായത് നാം നേരില്‍ ദര്‍ശിച്ച സംഭവം. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന പല ഗൂഡാലോചനകളും ഇങ്ങിനെയാണ് പുഷ്പ്പിക്കുന്നതും.

Related Articles