Current Date

Search
Close this search box.
Search
Close this search box.

മാതൃകയാക്കേണ്ടത് പ്രവാചക ജീവിതം

prophet.jpg

ഒരു മനുഷ്യന്‍ എന്ന നിലയില്‍ ജീവിതത്തില്‍ പ്രവാചകനോളം വിഷമം അനുഭവിച്ച ആളുണ്ടാവില്ല. ജനനം മുതല്‍ മരണം വരെ പ്രവാചകന്‍ കടന്നു പോയ ദുര്‍ഘടമായ വഴികള്‍ നമ്മുടെ മുന്നിലുണ്ട്. ജനിക്കുമ്പോള്‍ തന്നെ അനാഥന്‍, ഉമ്മയുടെ മരണം, ഇതെല്ലം പ്രവാചകന്‍ നേരിട്ട് അനുഭവിച്ചു. ബാല്യത്തില്‍ എത്തിയപ്പോള്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബും മരണത്തിനു കീഴടങ്ങി. പിന്നീട് പ്രവാചകനെ ഏറ്റെടുത്തത് അബൂ താലിബും. യുവാവായ മുഹമ്മദ് ആ നാട്ടിലെ നന്മയുടെ പ്രതീകമായിരുന്നു. അധാര്‍മികതയുടെ ഇടയിലും പ്രവാചകന്‍ ധാര്‍മികതയുടെ അടയാളമായി നില കൊണ്ടു.

പ്രവാചകത്വം ലഭിക്കുന്നതോടെ പ്രവാചകന്റെ ജീവിതത്തിലെ ദുരിതങ്ങള്‍ ആരംഭിച്ചു എന്ന് വേണം പറയാന്‍. ജനത്തില്‍ നിന്നും തിരിച്ചു പ്രതീക്ഷിച്ചു കൊണ്ടു ഒരു ഗുണവും ചെയ്യരുത് എന്നാണു പ്രവാചകനെ അല്ലാഹു ഉപദേശിച്ചത്. ഒപ്പം അല്ലാഹുവിനു വേണ്ടി വിഷമങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സ്ഥൈര്യത്തോടെ നേരിടണം എന്നാണ് അല്ലാഹു നല്‍കിയ ഉപദേശം. പ്രവാചകന് നാല് പെണ്മക്കളായിരുന്നു. അവരില്‍ മൂന്നു പേരുടെയും വിവാഹം പ്രവാചകത്വത്തിന്റെ മുമ്പേ നടന്നിരുന്നു. രണ്ടു മക്കളെ വിവാഹം കഴിച്ചിരുന്നത് അബൂലഹബിന്റെ മക്കളും. പ്രവാചകനെതിരെ അബൂലഹബ് നടത്തിയ വ്യക്തി ഹത്യകളും കുതന്ത്രങ്ങളും കൂടി വന്നു. അബൂലഹബിനെ പേരെടുത്തു പറഞ്ഞു ഖുര്‍ആനില്‍ സൂറത്ത് ഇറങ്ങി. ഈ സമയത്തു മക്കളെ വിളിച്ചു കൊണ്ടു അബൂലഹബ് പറഞ്ഞത് ‘നിങ്ങള്‍ മുഹമ്മദിന്റെ മക്കളെ ഒഴിവാക്കുന്നത് വരെ ഞാന്‍ നിങ്ങളുമായി സംസാരിക്കില്ല’ എന്നായിരുന്നു. തങ്ങളുടെ മാതാവ് ഖദീജ ഇസ്ലാം സ്വീകരിച്ചപ്പോള്‍ മക്കളും ഇസ്ലാം സ്വീകരിച്ചു എന്നതും ഒരു കാരണമാണ്.

പ്രവാചകന്റെ ആണ്‍മക്കള്‍ ആരും അധിക കാലം ജീവിച്ചില്ല. അതിനിടയില്‍ പെണ്മക്കളെ ഒന്നിച്ചു വിവാഹ മോചനം ചെയ്യപ്പെടുക. ഒരു പിതാവ് തകര്‍ന്നു പോകാന്‍ മറ്റു കാരണങ്ങള്‍ വേണ്ട. അതെ സമയം തന്നെ മക്കയില്‍ ശത്രുക്കളുടെ ദ്രോഹം വര്‍ധിച്ചു വന്നു. എല്ലാത്തിനും സാക്ഷിയായതു മകള്‍ ഫാത്തിമ. അതിനിടയില്‍ മക്കയില്‍ എതിരാളികളുടെ ദ്രോഹങ്ങള്‍ക്കു പ്രതിരോധമായിരുന്ന അബൂ താലിബിന്റെ മരണവും. എന്തിനും ഏതിനും ശക്തമായ പിന്തുണ നല്‍കിയിരുന്ന ഖദീജയുടെ വിയോഗം. ഒരാള്‍ തകരാന്‍ ഇതെല്ലാം ധാരാളമാണ്. ജീവിതത്തിലെ എല്ലാ തണലുകളും നഷ്ടമായ ഒരാളെയാണ് മക്കയില്‍ നാം കാണുന്നത്. പിതാവും പെണ്‍മക്കളും കൂടി ജീവിതം മുന്നോട്ടു നയിച്ചതില്‍ നമുക്ക് മാതൃകയുണ്ട്. ഭൂമിയില്‍ അപ്പോള്‍ പ്രവാചകനെ സഹായിക്കാന്‍ നാം ആരെയും കണ്ടില്ല. അല്ലാഹുവിന്റെ സഹായമല്ലാതെ.

ശേഷം നാം കാണുന്നത് സ്വന്തം നാട് വിട്ടു പോകേണ്ട അവസ്ഥ വന്ന ഒരാളെയാണ്. ജനിക്കുകയും ജീവിക്കുകയും ചെയ്ത മണ്ണില്‍ നിന്നും പറിച്ചു നടേണ്ടി വരിക എന്നതിനേക്കാള്‍ വലിയ ദുരന്തം വേറെയില്ല. മക്കയോട് വിട പറയുമ്പോള്‍ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ അത് സൂചിപ്പിക്കുന്നു. മദീനയില്‍ ആദ്യ കാലങ്ങളില്‍ വിശപ്പടക്കാന്‍ പോലും പ്രവാചകനും കുടുംബവും ബുദ്ധിമുട്ടി. അങ്ങിനെ ജീവിതത്തിന്റെ പച്ചയായ സത്യങ്ങള്‍ നേരില്‍ കണ്ടും അനുഭവിച്ചുമാണ് പ്രവാചകന്‍ ജീവിച്ചു മരിച്ചത്.

പ്രവാചകനെ കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും താല്പര്യം അവിടുത്തെ അത്ഭുത കഥകള്‍ പറയാനാണ്. പ്രവാചക ജീവിതത്തില്‍ അങ്ങിനെ പലതും നടന്നിട്ടുണ്ട്. നമുക്ക് മാതൃക അതിലല്ല. പകരം അവിടുത്തെ ജീവിതത്തിലാണ്. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ വന്നപ്പോള്‍ അവര്‍ എങ്ങിനെ നേരിട്ടു എന്നതാണ് നമുക്ക് പഠിക്കാനുള്ളത്. ഒരു പിതാവ് എന്ന നിലയില്‍ പലരും പതറി പോകുന്ന സാഹചര്യങ്ങളെ വിശ്വാസ ദാര്‍ഢ്യത്തോടെ പ്രവാചകന്‍ നേരിട്ടു എന്നതാണ് മാതൃക. ഇല്ലാത്ത പ്രവാചക അവശേഷിപ്പിന്റെ പിന്നില്‍ പോകാനാണ് പലര്‍ക്കും താല്പര്യം. എന്നും നിലനില്‍ക്കുക പ്രവാചക മാതൃകകള്‍ പിന്തുടരാന്‍ ചിലരുടെ വിശ്വാസം പോരാതെ വരുന്നു.

Related Articles