Current Date

Search
Close this search box.
Search
Close this search box.

മതപ്രബോധനത്തിലെ മര്യാദകള്‍

mic.jpg

‘പ്രബോധനത്തില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഒന്ന് യുക്തിയും മറ്റൊന്ന് സദുപദേശവും. യുക്തിയുടെ താല്‍പര്യമിതാണ്: വിഡ്ഢികളെപ്പോലെ കണ്ണുംചിമ്മി പ്രബോധനം നടത്തരുത്. മറിച്ച്, വിജ്ഞാനത്തോടുകൂടി, സംബോധിതരുടെ നിലവാരവും ഗ്രഹണശേഷിയും പരിതഃസ്ഥിതിയും മനസ്സിലാക്കി സ്ഥാനവും സന്ദര്‍ഭവും പരിഗണിച്ചുവേണം സംസാരിക്കാന്‍. എല്ലാ തരത്തിലുമുള്ള ആളുകള്‍ക്കും ഒരേ മാനദണ്ഡം സ്വീകരിക്കരുത്. തങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും രോഗനിര്‍ണയം ആദ്യം സാധിക്കേണ്ടതുണ്ട്. പിന്നീട് അവരുടെ മനസ്സിന്റെ ഉള്ളറകളില്‍നിന്ന് രോഗത്തിന്റെ വേരുകള്‍തന്നെ ഉന്മൂലനം ചെയ്യാന്‍ ഉതകുന്ന വിധത്തിലുള്ള തെളിവുകള്‍കൊണ്ട് അവയെ ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യണം. രണ്ടാമത്തെ കാര്യമിതാണ്: അനുവാചക ഹൃദയത്തില്‍ അനുഭാവവും ഗുണകാംക്ഷയും ഉണര്‍ത്തുന്ന തരത്തിലാവണം ഉപദേശം നല്‍കുന്നത്. ഉപദേശകന്‍ തന്റെ ഔന്നിത്യബോധത്തില്‍ കൗതുകം കൊള്ളുകയാണെന്നും സംബോധിതരെ നിന്ദ്യരും നിസ്സാരക്കാരുമായിട്ടാണ് ഗണിക്കുന്നതെന്നും ഒരിക്കലും അവര്‍ക്ക് തോന്നാനിടവരരുത്. മറിച്ച്, ഉപദേശകന്‍ തങ്ങളുടെ ഉല്‍ക്കര്‍ഷത്തിനു വേണ്ടി തുടിക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ നന്‍മയാണയാള്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ക്കു തോന്നണം.’ . അല്ലാഹുവിന്റെ സരണിയിലേക്കു എങ്ങിനെയാണ് ആളുകളെ ക്ഷണിക്കേണ്ടത് എന്നത് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. ( സൂറ അന്നഹ്ല്‍ 125 )

പക്ഷെ നമ്മുടെ പല പ്രബോധകര്‍ക്കും ഇല്ലാതെ പോകുന്നതും അത് തന്നെയല്ലേ. വിവരം ഉള്ളത് കൊണ്ട് ഒരാള്‍ പണ്ഡിതനാവും എന്ന് പറയാന്‍ കഴിയില്ല, അത് എങ്ങിനെ സമൂഹത്തിനു ഉപകാര പ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താം എന്ന വിവേചന ബുദ്ധി കൂടി ആവശ്യമാണ്. പ്രബോധനം സന്ദര്‍ഭത്തിനും ആള്‍ക്കും, പരിതസ്ഥിതിക്കും അനുസരിച്ച് കൂടുതല്‍ നയത്തോടും മയത്തോടും കൂടിയും, സത്യസന്ധമായും ആയിരിക്കേണ്ടതാണ്. സംഭാഷണം പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നം വെച്ചുകൊണ്ടാവരുത്. സത്യം ഗ്രഹിപ്പിക്കുകയാവണം ലക്ഷ്യം. സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്. അല്ലാത്തപക്ഷം, പ്രതിയോഗി ഉത്തരംമുട്ടി പരാജയപ്പെട്ടാല്‍പോലും സത്യത്തോടു ഇണങ്ങാതിരിക്കുകയായിരിക്കും ഉണ്ടാകുക. പക്ഷെ നമ്മുടെ പ്രഭാഷകര്‍ പലപ്പോഴും ഈ അടിസ്ഥാനം മറന്നു പോകുന്നു. താല്‍ക്കാലിക വിജയം മാത്രമായി അവരുടെ സംവാദങ്ങളും പ്രഭാഷണങ്ങളും മാറി പോകുന്നു.

അടുത്തിടെ ഒരു പ്രഭാഷകന്‍ ഹിന്ദു വിശ്വാസത്തെ അപകീര്‍ത്തിപെടുത്തി എന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ പറയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. പക്ഷെ അത് പൊതുസമൂഹം സ്വീകരിച്ചത് മറ്റൊരു രൂപത്തിലും. ഏറ്റവും വലിയ അക്രമം അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്നത് തന്നെയാണ്. എന്ന് കരുതി മറ്റു തിന്മകള്‍ നിസ്സാരമാണ് എന്ന് വരില്ല. വിശ്വാസികള്‍ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹിനെ വിളിച്ചു പ്രാര്‍ത്ഥിക്കില്ല എന്നും അല്ലാഹു നിഷിദ്ധമാക്കിയ ആത്മാവിനെ വധിക്കില്ല എന്നും വ്യഭിചരിക്കില്ല എന്നൊക്കെ ഒരേ വാചകത്തില്‍ തന്നെയാണ് ഖുര്‍ആന്‍ പറഞ്ഞു വെച്ചത്. പലപ്പോഴും പ്രഭാഷകരില്‍ നിന്നും നഷ്ടമാകുന്നത് ഗുണകാംക്ഷ എന്ന വികാരമാണ്. കേള്‍ക്കുന്നവര്‍ നന്നാവണം എന്നതിനേക്കാള്‍ തന്റെ വിവരവും പ്രതിഭയും തെളിയിക്കാനാണ് അവര്‍ക്കു താല്‍പര്യം. അത് കൊണ്ട് തന്നെ പൊതു സമൂഹം എങ്ങിനെ സ്വീകരിക്കുന്നു എന്നത് അവര്‍ക്കു വിഷയമാകില്ല. നരകത്തിലേക്ക് പോകും എന്നതിനേക്കാള്‍ ഗുണകാംക്ഷാപരമായ സമീപനം സ്വര്‍ഗത്തിലേക്ക് എങ്ങിനെ അടുപ്പിക്കാം എന്നതിനാണ്. അത് കൊണ്ട് തന്നെ ഈ പ്രഭാഷണത്തിന് മറുപടിയായി ഒരു ഹിന്ദു സഹോദരന്‍ വൈകാരികമായി പ്രതികരിക്കുന്നതും കണ്ടു.

പ്രവാചകന്‍ മക്കയില്‍ പതിമൂന്നു വര്‍ഷം പ്രബോധനം നടത്തി. ശേഷം പ്രവാചകന്‍ മദീനയിലേക്ക് പോയി. വിശ്വാസികളും അവിശ്വാസികളും തമ്മില്‍ പല യുദ്ധങ്ങളും നടന്നു. അവസാനം ഹുദൈബിയയില്‍ വെച്ച് ഇരു കൂട്ടരും ഉടമ്പടി ഒപ്പുവെച്ചു. അപ്പോഴും അവര്‍ക്കു അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനെ അംഗീകരിക്കാന്‍ ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. പ്രവാചകനായ മുഹമ്മദിനെ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അതെ സമയം ഇന്ന് പ്രബോധകര്‍ തന്നെ വെറുക്കപ്പെടുന്നു. എന്ത് കൊണ്ട് എന്ന് അവര്‍ സ്വയം വിലയിരുത്തണം. അത് സത്യം പറഞ്ഞത് കൊണ്ട് മാത്രമാകില്ല അത് പറയാന്‍ ഉപയോഗിച്ച രീതിയുടെ കൂടി വിഷയമാണ്. സമൂഹത്തെയും സാഹചര്യത്തെയും പരിഗണിക്കാതെ നടത്തുന്ന ഒന്നും ഗുണം ചെയ്യില്ല എന്നുറപ്പാണ്. തങ്ങള്‍ ആരാണെന്നു ജനത്തോടു നിങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് ഗുഹാ വാസികളോട് ഉപദേശിക്കുന്നത് അതിന്റെ ഭാഗമാണ്. ഒരു വേല തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബാഗ്ദാദ് തടസ്സമാണ് എന്ന തിരിച്ചറിവാണ് ഇമാം ഷാഫി അവര്‍കളെ ഈജിപ്തിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. യുക്തിയും ഗുണകാംക്ഷ ബോധവുമില്ലാതെ ആല്ലാവിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കാന്‍ അള്ളാഹു പോലും ആവശ്യപ്പെടുന്നില്ല എന്ന് കൂടി ഓര്‍ക്കണം.

Related Articles