Current Date

Search
Close this search box.
Search
Close this search box.

Your Voice

ആ പിണങ്ങോട് ഇനി ഇല്ല

പിണങ്ങോടെന്ന ഗ്രാമത്തെ പുറം ലോകത്തെത്തിച്ച അബൂബക്കർ (ഞങ്ങളുടെ പോക്കറാജി) അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായി. إنا لله و إنا إليه راجعون. ഔപചാരികമായ എന്തെങ്കിലും ഡിഗ്രിയോ, പട്ടമോ അദ്ദേത്തിനുണ്ടായിരുന്നില്ല. ഉപജീവനത്തിന് കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന പാവപ്പെട്ട പിതാവിന് ഉന്നത വിദ്യാഭ്യാസം ചെയ്യിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ഒരു IAS പട്ടത്തിനു പോലും യോഗ്യതയും പ്രതിഭയുമുണ്ടായിരുന്ന പോക്കറാജി കേവലം ഒരു പിണങ്ങോട് അബൂബക്കർ എന്ന പേരിൽ അറിയപ്പെട്ടു. പക്ഷെ പട്ടങ്ങളും ബിരുദങ്ങളുമുള്ള പലരെയും കവച്ചു വച്ച് ഓരോ പടികളും കയറിപ്പിടിക്കാൻ ആ പ്രതിഭാധനനായ വ്യക്തിത്വത്തിന് കഴിഞ്ഞു.

ഇന്നലെയോടെ എല്ലാം അവസാനിച്ചു. വിശ്രമമില്ലാത്ത ലോകത്തു നിന്ന് സമ്പൂർണ വിശ്രമത്തിലേക്ക് അദ്ദേഹം നീങ്ങി. അനുഗ്രഹീത മാസത്തിൽ യാത്രയായ അദ്ദേഹത്തിന് അല്ലാഹു ഐശ്വര്യ പൂർണമായ പാരത്രിക ജീവിതം പ്രദാനം ചെയ്യട്ടെ. ഇത്തരുണത്തിൽ എന്റെ പ്രിയ ജേഷ്ഠ സഹോദരൻ പറഞ്ഞത് ഇങ്ങനെ വായിക്കാം. പ്രതിനായകനിൽ നിന്ന് പ്രതിപുരുഷനിലേയ്ക്ക് കനൽ പാതകൾ താണ്ടിയെത്തിയ ഫക്കീർ,
ദിവ്യാനുരാഗിയെ പോലെ,മോക്ഷത്തിന്റെ പൊരുൾ തേടിയലഞ്ഞ സൂഫി, വിജ്ഞാനത്തിന്റെ മഹാവിസ്മയത്തിലേയ്ക്ക്, വീട് വിട്ടിറങ്ങിയ സഞ്ചാരി, ദിശ നിർണയിക്കാത്ത ബാല്യ കൗമാരങ്ങളെയും, ദിശാഭംഗം വന്ന യവ്വനത്തെയും, വകഞ്ഞു മാറ്റി, പ്രപഞ്ച സത്യം തേടി നടന്ന ആത്മാന്വേഷി, പരമ്പരാഗത കിതാബുകൾക്കപ്പുറം ജീവിതത്തിന്റ പാഠപുസ്തകം ഓതിപ്പടിച്ച മുതഅല്ലിം, ക്ഷുഭിത യവ്വനത്തിന്റെ നിലയില്ലാ കടലിൽ തിരമാലകളെണ്ണിക്കളിച്ചും തറയിൽ കല്ലുകൊണ്ടെഴുതിയും, കല്ലിൽ കരിക്കട്ടകൾ കൊണ്ട് വരച്ചും ജിവിതം എഴുതിപ്പഠിച്ച പണ്ഡിതൻ …

ഇതൊന്നും അതിശയോക്തിയല്ല, അതിശയകരമായി അബൂബക്കർ ജീവിത സാഹചര്യങ്ങളെ അതിജീവിച്ചത് ഇതിലുമെത്രയോ അപാരമായാണ്, ആരും അദ്ദേഹത്തെ പഠിപ്പിച്ചില്ല, പക്ഷേ എല്ലാ പരീക്ഷകളും, പരീക്ഷണങ്ങളും ജയിച്ച് അയാൾ തിരിച്ചെത്തി, പിണങ്ങോട് അബൂബക്കറായി. കുല കുടുംബ മഹിമയിലെ, പ്രതാപികളുടെ നാട്ടിൽ ആചാരബന്ധമായ യാഥാസ്ഥിക വിചാരങ്ങളുടെ വാർപ്പ് മാതൃകകളെ അബൂബക്കർ ഒറ്റയാനായി ചോദ്യം ചെയ്തു, അതിലെ അധർമ്മങ്ങളെ, തിന്മകളെ ഉഛാടനം ചെയ്യാനായി തനിച്ചു പൊരുതി, പുരോഗമനേഛുകൾക്ക് അയാൾ റിവഷനിസ്റ്റായി, യാഥാസ്ഥികർക്ക് അനഭിമതനും, എങ്കിലും തിരിച്ചറിവിന്റെ ബോധ്യത്തിൽ നിലയുറപ്പിച്ച് പിൻവാങ്ങാതെ പൊരുതിപ്പൊരുതിക്കയറി, ഒടുവിൽ പ്രതിനായകനിൽ നിന്ന് പ്രതിപുരുഷനായുയർന്നു, പിണങ്ങോട് അബൂബക്കർ.

അക്കാദമിക് വിദ്യാഭ്യാസം പോലും ശെരിയായി ലഭിച്ചിട്ടുണ്ടോ എന്നറിയില്ല എന്നിട്ടും, കേരളത്തിളും, അയൽസംസ്ഥാനങ്ങളിലും, വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന, പതിനായിരത്തോളം മദ്രസ്സകളും, അനുബന്ധ വിദ്യാലയങ്ങളുമുള്ള മഹത്തായ സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ ചെയർമാൻ, സ്ഥാനം വരേ ഉയർന്നു, ആ ഔന്നിത്യത്തിൽ നിന്നും ഇറങ്ങിവന്ന്, അനാഥത്വം അനുഭവിക്കുന്ന പിണങ്ങോട് ഖിദ്മത്തുൽ ഇസ്ലാം സുന്നിമഹല്ല് ജമാഅത്തിന്റെ പ്രസിഡണ്ട്‌ സ്ഥാനം ഏറ്റെടുത്ത്, നാടിനോടുള്ള പ്രതിബദ്ധത വീഴ്ചയില്ലാതെ നിർവഹിച്ചു, ആ വിനയവും എളിമയും ശിരസ്സിലണിഞ്ഞ തൂവെള്ളത്തലപ്പാവിന് പൊൻകിരീടത്തിന്റെ പ്രൗഢി നൽകി, പ്രൗഢമായ പ്രബന്ധങ്ങളും, പ്രോജ്ജ്വലമായ പ്രഭാഷണങ്ങളും കൊണ്ട്, അബൂബക്കർ ആരാധകരുടെ ഹൃദയം കവർന്നു. ആ ശബ്ദഗരിമക്ക് മുമ്പിൽ സദസ്സ് സ്തബ്ധമായി, വാഗ്ധോരണികൾ കേട്ട് , വിസ്മയിച്ചിരുന്നു, പ്രസംഗിക്കാൻ വേണ്ടിയെന്നോണം, അള്ളാഹു അനുഗ്രഹിച്ചു നൽകിയ അബൂബക്കറിന്റെ ശബ്‌ദം പിന്നെ പിണങ്ങോടിന്റെ ശബ്ദമായി.

വിടും, പള്ളിയും, മഹല്ലും, നാടും നാട്ടാരെയുമെല്ലാം, നാട്യങ്ങളില്ലാതെ നടന്നു ചെന്ന് കണ്ടു. ശുഭ്രവസ്ത്രമണിഞ്ഞു, തലയെടുപ്പോടെ, വെയിലും മഴയും നിഴലും നിലാവും കടന്ന് ചെന്നു അവരെ കേട്ടു, വല്ലായ്മകൾ പറഞ്ഞെത്തുന്നവരെ ഇല്ലായ്മകളറിയിക്കാതെ ഉള്ളതിൽ നല്ലത് കൊടുത്തു വിട്ടു, പണവും പദവികളും യദേഷ്ടം കൈവന്നപ്പോഴും,. ധർമ്മാധർമങ്ങൾ ചികഞ്ഞെടുത്ത് മൂല്യങ്ങളെ കാത്തു. ആരു ചെയ്താലും ശെരിതെറ്റുകൾ നോക്കി സ്വീകരിക്കാനും, നിഷേധിക്കാനുമുള്ള ആർജ്ജവം കാട്ടി. അങ്ങിനെ മതകീയനായ അബൂബക്കർ, മതേതരത്വത്തിന്റെ മാതൃകാ മനുഷ്യനായി സമ്മതി നേടി.

അങ്ങിനെ,വാഗ്മിയും, ഗുരുവും, യോഗിയും, ത്യാഗിയും, സൂഫിയും,, തപസ്സിയും, നേതാവും,ഒക്കെയായി, ദിവ്യ സ്നേഹം മാത്രം കാംക്ഷിച്ച്, വിശ്രമമില്ലാതെ ദിക്കുകൾ താണ്ടി നടന്ന അഭിവന്ദ്യനായ ഞങ്ങൾ പിണങ്ങോട്ടു കാരുടെ പ്രിയപ്പെട്ട പോക്കറാജി യാത്രയായി. രണ്ട് തലമുറയെ സംശുദ്ധമായി സന്ധി ചേർക്കുന്ന മഹനീയ കണ്ണിയാണ് അബൂബക്കർ. ആ കർമ്മം അർത്ഥവത്തായി നിറവേറ്റപ്പെടുകയും, ഞങ്ങൾക്ക് ശേഷമുള്ള തലമുറയ്ക്കും, ഈ കരുത്തുറ്റ നേതൃത്വം ലഭിക്കാൻ അവസരം ഉണ്ടാകും വിധം സർവ്വ ശക്തൻ, അദ്ദേഹത്തിന് മഗ്ഫിറത്തും മർഹത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.

Related Articles