ഒരു പ്രത്യേക വിഭാഗത്തിനെതിരെ കടുത്ത പകയും വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് പിന്നാക്ക ജനവിഭാഗത്തിനു മേൽ ചാതുർവർണ്യം അടിച്ചേൽപ്പിച്ച് രാഷ്ട്രീയം നേട്ടം കൊയ്യാനുള്ള സംഘ് ഫാഷിസം എത്രമേൽ തല കുത്തനെ നിർത്തിയാലും ചരിത്രത്തെ പൂർണമായും മായ്ച്ചു കളയാൻ സാധ്യമല്ല തന്നെ.
മനുഷ്യരെ വിഭജിക്കുന്ന ജാതി മതിലുകൾ മറിച്ചിട്ട് നവോത്ഥാനം സാധ്യമാക്കിയതിൽ മുഖ്യപങ്കുവഹിച്ച ചരിത്ര സംഭവമാണല്ലോ വൈക്കം സത്യഗ്രഹം. പട്ടികളും പൂച്ചകളും നടക്കുന്ന പൊതുവഴിയിൽ കൂടി കീഴാള മനുഷ്യനു നടക്കാൻ പാടില്ലെന്ന, ലോക ചരിത്രത്തിൽ തന്നെ കേട്ടുകേൾവി പോലുമില്ലാത്ത അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ഒരു വ്യവസ്ഥിതിയെ പിഴുതെറിയാൻ തുടങ്ങിയതായിരുന്നു ഇതിഹാസതുല്യമായ വൈക്കം സമരം.
ജാതി വെറി നിർമൂലനം ചെയ്ത് അധ:കൃതന് വഴി നടത്തം മുതൽ ക്ഷേത്ര പ്രവേശം വരെ സാധ്യമാക്കി എന്നതാണ് വൈക്കം സമര സത്യഗ്രഹത്തിൻ്റെ വിജയം.
ഒരു ഘട്ടത്തിൽ ഈ സമരത്തിന് നേതൃത്വം നൽകിയത് പ്രമുഖ മനുഷ്യാവകാശപ്പോരാളിയും ചിന്തകനുമായ ഇ.വി രാമസ്വാമി നായ്ക്കറായിരുന്നു. “തന്തൈപ്പെരിയോർ” എന്നു വിളിക്കപ്പെടുന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ ബുദ്ധനു ശേഷം ഇന്ത്യ കണ്ട സാമൂഹിക പരിഷ്കർത്താക്കളിൽ പ്രഥമസ്ഥാനം അർഹിക്കുന്ന വിപ്ലവകാരിയാണ്. “അയിത്താചരണവും വൈക്കം സമരവും” എന്ന പേരിൽ അദ്ദേഹത്തിൻ്റെ ഒരു പുസ്തകമുണ്ട്. മൈത്രി ബുക്സ്, തിരുവനന്തപുരം മൊഴി മാറ്റി മലയാളത്തിലിറക്കിയ ഈ ഗ്രന്ഥത്തിൽ രാമസ്വാമി എഴുതുന്നു:
“ഒരു ദിവസം ആലപ്പുഴയിൽ ഇസ് ലാമിലേക്ക് മതം മാറിയ ഒരാൾ ഒരു നായരുടെ കടയിൽ സാമാനങ്ങൾ വാങ്ങാൻ ചെന്നു. അദ്ദേഹത്തെ നായർ തല്ലി. അത് (സവർണ ) ഹിന്ദുക്കളും മുസ് ലിംകളും തമ്മിലുള്ള സംഘട്ടനമായിത്തീർന്നു. ഇതുപോലുള്ള സംഘട്ടനങ്ങൾ പലയിടത്തും വ്യാപിച്ചു. ബ്രാഹ്മണനായിരുന്ന അന്നത്തെ ദിവാൻ, സർ.സി.പി രാമസ്വാമി അയ്യർ സംഘർഷങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തി.
കീഴ്ജാതികളായ ഈഴവരും പുലയരും മുസ് ലിംകളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് രാജാവിന് അറിവുകിട്ടി. ഹിന്ദു മതത്തെ നാശത്തിൽ നിന്നും രക്ഷിക്കണമെന്നുണ്ടെങ്കിൽ സകല അയിത്ത ജാതികൾക്കും കൂടി ക്ഷേത്ര പ്രവേശനം അനുവദിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നായിരുന്നു രാജാവിനു ലഭിച്ച ഉപദേശം. ബ്രാഹ്മണർ രാജാവിന് ദീർഘായുസ്സുണ്ടാവാൻ ഒരു യജ്ഞം നടത്തുന്ന സമയമായിരുന്നു അത്. മാത്രമല്ല രാജാവ് തൻ്റെ ജന്മദിനത്തിൽ പ്രജകൾക്കായി എന്തെങ്കിലും നല്ല കാര്യം ചെയ്യുന്ന ഒരു കീഴ് വഴക്കവുമുണ്ട്.
തൻ്റെ ജന്മദിനത്തിൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും കീഴാള – ഹിന്ദു – അയിത്ത ജാതികൾ ഉൾപ്പെടെ എല്ലാവർക്കുമായി തുറന്നുകൊടുക്കേണ്ടതാണെന്ന് രാജാവ് വിളംബരം പുറപ്പെടുവിച്ചു. ഇതാണ് ഈ സമരത്തിൻ്റെ ചരിത്രം. ങ്ങനെയാണ് തൊട്ടുകൂടാത്തവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാൻ അവകാശം സിദ്ധിച്ചത് ” ( പുറം: 24)
കുറിപ്പ്: കേരള സർക്കാർ സംഘടിപ്പിച്ച, 603 ദിവസം നീളുന്ന “വൈക്കം സത്യഗ്രഹ ശതാബ്ദി ” യുടെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും “തന്തൈ പെരിയോർ” ഉൾപ്പെടെയുള്ള സമരനായകരുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE