Your Voice

വലതുപക്ഷ നവനാസ്തികതയുടെ വിപണനമേള

ഞായറാഴ്ച കോഴിക്കോട്ട് നടന്ന, സി. രവിചന്ദ്രന്‍ നേതൃത്വം നല്‍കുന്ന യുക്തിവാദി ഗ്രൂപ്പിന്റ ‘അന്തര്‍ദേശീയ സമ്മേളനം’ -ലിറ്റ്മസ് ’19- പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിയ രവിചന്ദ്രന്‍ ആരാധകരും നാസ്തികരും മതവിശ്വാസികളും അതല്ലാത്തവരും അടങ്ങിയ സാമാന്യം വലിയ സദസ്സ്, സ്വതന്ത്രചിന്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുക്തിവാദികള്‍ക്ക് കൊട്ടിഘോഷിക്കാനും ആത്മവിശ്വാസം പകരാനും പോന്നതായിരുന്നു. ജീവിതകാലം മുഴുവന്‍ ഇസ്‌ലാം വിരുദ്ധതയില്‍ ഹോമിച്ച കേരളത്തിലെ മറ്റാരു യുക്തിവാദി നേതാവ് ഇ എ ജബ്ബാറിന്റെ ഈയിടെ നടന്ന ഫ്രീ തിങ്കേഴ്‌സ് മീറ്റിലെ കാലിയായ കസാലകള്‍ വെച്ച് നോക്കുമ്പോള്‍, ജബ്ബാറിന്റെ എതിര്‍വശം നില്‍ക്കുന്ന, വലതുപക്ഷ നവനാസ്തികനായ രവിചന്ദ്രന് ഈ സമ്മേളനത്തിന്റെ പേരില്‍ സായൂജ്യമടയാന്‍ വകയുണ്ട്.

സ്വന്തം പേരിന്റെയും സമുദായത്തിന്റെയും പ്രിവിലജ്, സംവരണ വിരുദ്ധത, മുതലാളിത്തത്തിനും കോര്‍പറേറ്റുകള്‍ക്കും പരസ്യ പിന്തുണ, സംഘ് പരിവാറിനോട് സോഫ്റ്റ് കോണര്‍, ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും മേല്‍വിലാസം, ഇസ്ലാം വിരുദ്ധത, സോഷ്യല്‍ മീഡിയയിലെ നിറഞ്ഞ സാന്നിധ്യം – ഇത്രയും പോരെ ഇന്നത്തെ കാലത്ത് കേരളത്തില്‍ ഒരാള്‍ക്കു അത്യാവശ്യം ശ്രദ്ധ പിടിച്ചുപറ്റാന്‍. രവിചന്ദ്രന് കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍സ്റ്റന്റ് പബ്‌ളിസിറ്റിയുടെ കാരണം ഇതൊക്കെത്തന്നെയാവണം.

സമ്മേളനത്തില്‍ പങ്കെടുത്ത സ്വതന്ത്ര ചിന്തകരുടെ പശ്ചാത്തലം കൂടി അറിഞ്ഞാല്‍ ഇത് മനസ്സിലാക്കാന്‍ കുറെക്കൂടി എളുപ്പമാവും. ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും തെറി വിളിക്കുന്നതില്‍ ജബ്ബാറിനെയും തോല്‍പിച്ചു കളഞ്ഞ ജാമിദയാണ് പരിപാടിയില്‍ ഏറ്റവും വലിയ കയ്യടി വാങ്ങിയത്. പ്രവാചകനെയും മുസ്‌ലിംകളെയും താറടിക്കാന്‍ വേണ്ടി, ഖുര്‍ആന്‍, ഹദീസ് ഉദ്ധരണികള്‍ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും, കേള്‍ക്കുന്നവര്‍ക്ക് ചിന്തിക്കാനുള്ള ഒരു ഗാപ് പോലും നല്‍കാതെ അന്തരീക്ഷത്തിലേക്ക് എയ്തുവിട്ട് ജാമിദ പതിവു ശൈലിയില്‍ കത്തിക്കയറിയപ്പോള്‍, സദസ്സ് ഉന്മാദലഹരിയിലായിരുന്നു. യുട്യുബില്‍ പലരും അനാവരണം ചെയ്ത ജാമിദയുടെ നുണകള്‍ അതേപടി ആവര്‍ത്തിക്കപ്പെടുമ്പോള്‍, വംശീയച്ചുവയുള്ള മതനിന്ദയുടെ വാക്കുകള്‍ കേട്ട് പുളകമണിഞ്ഞ് ആര്‍ത്ത് ചിരിക്കുന്ന സദസ്സ്, രവിചന്ദ്രന്റെ ആരാധകന്‍മാരുടെ ബൗദ്ധിക നിലവാരത്തിനപ്പുറം സ്വതന്ത്ര ചിന്തയുടെ ഭീകരമായ മറ്റൊരു മുഖം വെളിപ്പെടുത്തുകയായിരുന്നു.

ജാമിദയുടെ പ്രസംഗത്തിന് പുറമെ ക്രിസ്ത്യാനികള്‍ ചരിത്രത്തില്‍ നടത്തിയെന്ന് പറയപ്പെടുന്ന കൂട്ടക്കൊലകളുടെ സ്ഥിതി വിവരണക്കണക്കുകള്‍ നിരത്തിയ ഒരു പ്രഭാഷണവും കേരളത്തിലെ ചില ക്രിസ്ത്യന്‍ വൈദികരുമായി ബന്ധപ്പെട്ട സ്ത്രീപീഢന കഥകള്‍ വിശദമായി വിവരിക്കുന്ന മറ്റൊരു പ്രഭാഷണവും മത വിമര്‍ശനം എന്ന ഗണത്തില്‍ ഉണ്ടായിരുന്നു. ഇതരമതങ്ങളെയും ആള്‍ദൈവങ്ങളെയും ടാര്‍ഗറ്റ് ചെയ്ത് കൊണ്ടുള്ള പ്രഭാഷണങ്ങള്‍ അജണ്ടയില്‍ നിന്ന് ഒഴിവായിപ്പോയത് യാദൃശ്ചികമാണോ?

സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കു അനൗപചാരികവിലക്ക് കല്‍പിക്കപ്പെട്ട സമ്മേളനത്തില്‍, സംഘ് പരിവാര്‍ എന്ന വാക്ക് ഉച്ചരിക്കപ്പെട്ടത് പ്രശസ്ത കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പ്രഭാഷണത്തില്‍ മാത്രമാണെന്ന് തോന്നുന്നു. ഞാന്‍ നിരീശ്വരവാദിയല്ല എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങി, യുക്തിവാദികള്‍ മതവാദികളെപ്പോലെ സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന അസഹിഷ്ണുതയെ വിമര്‍ശിച്ചും, ആത്മീയതയെ വാഴ്ത്തിയും, ആത്മീയരഹിതമായ മതപൗരോഹിത്യത്തെ തളിപ്പറഞ്ഞും മുന്നോട്ടു പോയ പൊയ്ത്തുംകടവിന്റെ പ്രഭാഷണം ആ വേദിയില്‍ ഒരു അച്ചടിപ്പിശക് പോലെ അനുഭവപ്പെട്ടു. പ്രസംഗത്തോടുള്ള സ്വതന്ത്രചിന്തകരുടെ വിമ്മിട്ടം സദസ്സിന്റെ പതിഞ്ഞ കയ്യടിയില്‍ പ്രകടമായിരുന്നു.

നാസ്തികതയുടെ ആശയത്തെക്കുറിച്ചും ദര്‍ശനത്തെക്കുറിച്ചും വല്ലതും കേള്‍ക്കാം എന്ന് കരുതി പോയവര്‍ക്ക് നിരാശയായിരുന്നു ഫലം. നാസ്തികത പച്ചയായി പറയുന്നവരാണ് തങ്ങള്‍ എന്ന അവകാശവാദം വേദിയില്‍ മുഴങ്ങിക്കേട്ടുവെങ്കിലും പ്രഭാഷണങ്ങളില്‍ അതൊന്നും കാണാനുണ്ടായിരുന്നില്ല. ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ ചെയ്താല്‍ ആര്‍ക്കും കിട്ടാവുന്ന ശാസ്ത്ര, സാങ്കേതിക വിവരങ്ങള്‍ പറയുന്ന ചെറു പ്രഭാഷണങ്ങളായിരുന്നു അധികവും. പരിണാമവാദത്തെക്കുറിച്ച ഒരു പ്രഭാഷണം പഴഞ്ചന്‍ വാദങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. മനുഷ്യനിലെ അനാവശ്യം എന്ന് കരുതപ്പെടുന്ന ചില അവയവങ്ങള്‍ (അപന്റിക്‌സ് ഉദാഹരണം) സൃഷ്ടിയുടെ അപൂര്‍ണതയായും പരിണാമത്തിന്റെ തെളിവായും ചൂണ്ടിക്കാണിക്കുന്ന ആ പ്രഭാഷണം എത്ര നൂറ്റാണ്ട് പിറകിലാണ് നമ്മുടെ നാട്ടിലെ യുക്തിവാദികള്‍ സഞ്ചരിക്കുന്നത് എന്ന് തെളിയിക്കുന്നു. നട്ടെല്ലിലെ ‘അറ്റുപോയ വാലിന്റെ കുറ്റി’ പോലെ പരിണാമപ്രക്രിയയില്‍ അവശേഷിച്ചതാണ് ഇത്തരം അവയവങ്ങള്‍ എന്ന് അനുമാനിച്ച ഡാര്‍വിന്‍ തന്നെ, കാലങ്ങള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ ഈ അവയവങ്ങളുമായി ജനിക്കുന്നതെന്ത് കൊണ്ട് എന്ന ചോദ്യത്തിന് തന്റെ കയ്യില്‍ ഉത്തരമില്ല എന്ന് പറഞ്ഞിരുന്നു. അനാവശ്യം എന്ന് കരുതപ്പെട്ട പല അവയവങ്ങളുടെയും ഉപയോഗങ്ങള്‍ പില്‍ക്കാലത്ത് ശാസ്ത്രം കണ്ടെത്തുകയുമുണ്ടായി. ഇത്തരം സന്ദേഹങ്ങള്‍ പ്രസംഗം കേട്ട പലരുടെയും മനസ്സില്‍ ഉയര്‍ന്നിരിക്കാമെങ്കിലും ചോദിക്കാനുള്ള ഒരവസരവും സ്വതന്ത്രചിന്തകര്‍ ഒരുക്കിയിരുന്നില്ല.

ദോഷം പറയരുതല്ലോ, സാമാന്യം ദീര്‍ഘിച്ച ഒരു ചോദ്യോത്തര സെഷന്‍ ഉണ്ടായിരുന്നു. ഹോമിയോ, ആയുര്‍വേദം തുടങ്ങിയ ബദല്‍ ചികിത്സാ സമ്പ്രദായങ്ങള്‍ അശാസ്ത്രീയമെന്ന് സ്ഥാപിക്കാനായിരുന്നു അത്. അലോപ്പതി ഡോക്ടര്‍മാരുടെ ഒരു പാനലിനോട് സദസ്സില്‍ നിന്ന് പലരും ഉന്നയിച്ച സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടികള്‍ ലഭിച്ചതുമില്ല . ഒരാള്‍ സ്വതന്ത്രചിന്തകനാവണമെങ്കില്‍ ഹോമിയോയും അലോപതിയുമൊക്കെ അശാസ്ത്രീയമാണെന്ന് വിശ്വസിച്ചേ പറ്റൂ എന്നാണ് രവിചന്ദ്രമതം. കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാന്‍ വേറെ എന്ത് വേണം! ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ച മറ്റൊരു പ്രഭാഷണത്തില്‍ കേട്ടത് ഇന്ത്യയിലെ പഴം പച്ചക്കറികളില്‍ അമിതമായി കീടനാശിനികള്‍ ഉപയോഗിക്കുന്നുവെന്നത് ഔദ്യോഗിക സ്ഥിതിവിവരണക്കണക്കുകള്‍ പ്രകാരം തെറ്റാണെന്നും, അത് ജൈവകൃഷി ലോബിയുടെ പ്രചാരവേലയാണെന്നുമാണ്. എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചു കൊണ്ടു രവിചന്ദ്രന്‍ മുമ്പൊരിക്കല്‍ നടത്തിയ പ്രഭാഷണം കുപ്രസിദ്ധമാണല്ലോ.

നാസ്തികയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന്, എല്ലാ മതങ്ങളിലെയും പുരോഹിതവര്‍ഗത്തിന്റെ അന്ധവിശ്വാസജടിലവും മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളോടുള്ള നിഷേധാത്മകമായ പ്രതികരണം. മതം ചുമത്തുന്ന ധാര്‍മികവും സദാചാരപരവുമായ വിലക്കുകളില്‍ നിന്ന് മോചനം നേടി ഭോഗാസക്തമായ ഒരു ജീവിതം നയിക്കാനുള്ള ത്വരയാണ് രണ്ടാമത്തെ പ്രേരകം. ഇതിന്റെ കൂടെ ലിബറല്‍ മുതലാളിത്തചിന്താഗതിയും ഇസ്‌ലാം വിരുദ്ധതയും കൂടി ചേര്‍ന്നാല്‍ നവനാസ്തികതയായി. ഇടതു വശം ചേര്‍ന്ന് പോയിരുന്ന ക്ലാസിക്കല്‍ നാസ്തികതയെക്കാള്‍ ആഗോളതലത്തില്‍ തന്നെ ഇതിന് വിപണന സാധ്യത വളരെ കൂടുതലാണ്. ഈ വലതുപക്ഷ നവനാസ്തികതയാണ് രവിചന്ദ്രന്‍ ടീം കേരളത്തില്‍ ഇപ്പോള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. ഏത് വിപണനമേളയിലും ആള്‍ത്തിരക്ക് കൂടി വരുന്ന കാലമാണിത്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker