Current Date

Search
Close this search box.
Search
Close this search box.

പീഢിത സമൂഹത്തിന്റെ കൂടെ നിന്ന വിപ്ലവകാരി

പ്രവാചകന് എതിരെ എതിര്‍പ്പുകള്‍ വര്‍ധിച്ചു വന്നു. ഒരു വേള അത് ശാരീരികമായി തന്നെ വളര്‍ന്നു വന്നു. മക്കയിലെ പ്രമുഖര്‍ അപ്പുറത്തായിരുന്നു എന്നതിനാല്‍ ദിനേന ആ എതിര്‍പ്പിന്റെ ശക്തിക്ക് ഘനം കൂടിവന്നു. പ്രത്യേകിച്ച് അബൂലഹബിന്റെ പ്രവര്‍ത്തികള്‍ എല്ലാ പരിധിയും ലംഘിച്ചിരുന്നു. ഹംസയും അന്ന് അപ്പുറത്തായിരുന്നു. പ്രവാചകത്വത്തിന്റെ രണ്ടാം വര്‍ഷമാണ് ഹംസ തന്റെ ഇസ്ലാം പ്രഖ്യാപിക്കുന്നത്. അതൊരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മുസ്ലിമാവുക എന്നത് മോക്ഷത്തിന്റെ മാര്‍ഗമാണ്. അത് വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതെ സമയം മുഹമ്മദിന് എതിരെയുള്ള ആക്രമങ്ങളുടെ ശക്തി കുറക്കാന്‍ ആ പ്രഖ്യാപനം ഒരു കാരണമാണ്. കാരണം മക്കയില്‍ അന്ന് ഹംസയുടെ സ്ഥാനം അങ്ങിനെയായിരുന്നു. അദ്ദേഹം തന്റെ വിശ്വാസം പ്രഖ്യാപിച്ചത് കഅബയുടെ അടുത്ത് വെച്ചായിരുന്നു എന്നും വായിച്ചിട്ടുണ്ട്. ‘ഞാനും മുഹമ്മദിന്റെ ദീനിലാണ്’ എന്ന പ്രഖ്യാപനത്തിന് അന്നത്തെ സാഹചര്യത്തില്‍ പ്രാധാന്യം കൂടുതലാണ്.

പീഡിതരുടെ കൂടെ നില്‍ക്കുക എന്നത് വിശ്വാസവും ഒരേസമയം രാഷ്ട്രീയവുമാണ്. എന്ത്‌കൊണ്ട് മുസ്ലിമായി എന്നതിന് അന്തരിച്ച നജ്മല്‍ ബാബു നല്‍കിയ മറുപടിയും സമാനമാണ്. ഭരണകൂട ഭീകരതയുടെയും ഫാസിസത്തിന്റെയും ഇരകളായ ഒരു ജനതയോടൊപ്പം നില്‍ക്കുക എന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാരണം. എന്നും സമൂഹത്തിലെ അസമത്വങ്ങളോട് പൊരുതി മുന്നേറിയ ഒരു വിപ്ലവകാരിക്ക് അതെ സാധ്യമാകുമായിരുന്നുള്ളൂ. ഇസ്ലാം കേവലം പരലോക മോക്ഷം എന്നതിലപ്പുറം അതിന്റെ വിമോചന രാഷ്ട്രീയം കൂടി ഉള്‍ക്കൊണ്ടാണ് ജോയ് ഇസ്ലാമില്‍ എത്തിപ്പെട്ടത്.

ഇസ്ലാം വാളുകൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും പ്രേമം കൊണ്ടും വളര്‍ത്തുന്നു എന്ന ആരോപണങ്ങള്‍ക്ക് ഒരു തിരുത്താണ് ജോയിയുടെ ഇസ്ലാം ആശ്ലേഷണം. വര്‍ത്തമാന കാലത്തും ഫാസിസത്തെ തടഞ്ഞു നിര്‍ത്താനും പ്രതിരോധിക്കാനും ഇസ്ലാമിന് കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ മാറ്റത്തിന് കാരണം. മാര്‍ക്‌സിയന്‍ വിമോചന ശാസ്ത്രത്തിന്റെ എന്നത്തേയും വാക്താവായിരുന്നു നജ്മല്‍ ബാബു. സമൂഹത്തിലെ ജാതീയ അസമത്വങ്ങളോട് പൊരുതി ജീവിച്ച പിതാവില്‍ നിന്നാണ് ചെറുപ്പത്തില്‍ ജോയ് വിപ്ലവ മന്ത്രം കേട്ടു തുടങ്ങിയത്. ഈഴവനായ കുട്ടിക്ക് ജോയ് എന്ന പേര് തന്നെ അങ്ങിനെയാണ് വന്നത്. മറ്റൊരു സഹോദരി പുത്രിക്ക് ആയിഷ എന്ന് പേര്‍ നല്‍കിയാണ് അദ്ദേഹത്തിന്റെ പിതാവ് ജാതി വിരുദ്ധ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയത്. കുട്ടിയായിരുന്ന ജോയിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ആവേശം നല്‍കി. കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന് കരുത്തു പകരാന്‍ അങ്ങിനെ അദ്ദേഹത്തിന് കഴിഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം നേരിട്ട പീഡനങ്ങള്‍ ധാരാളം. പീഢിത സമൂഹത്തിനു പിന്തുണ നല്‍കുക എന്നതിലപ്പുറം പീഢിത സമൂഹത്തിന്റെ ഒപ്പം തന്നെ നില്‍ക്കുക എന്നതാണ് അദ്ദേഹം തിരഞ്ഞെടുത്ത വഴി. ഇസ്ലാമോഫോബിയയുടെ കാലത്ത് ആ മാറ്റത്തിന് തിളക്കം കൂടുതലാണ്.

പ്രവാചകനെ കുറിച്ച് പരിചയപ്പെടുത്തുമ്പോള്‍ ഖുര്‍ആന്‍ ഉപയോഗിച്ച ചില പദങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ വരണം. മനുഷ്യരെ കെട്ടിവരിയുന്ന ചങ്ങലകളെ മുറിച്ചു കളയുക എന്ന് പറഞ്ഞാല്‍ അത് ഈ ലോകത്ത് നടക്കേണ്ട വിമോചനമാണ്. പീഡിത സമൂഹത്തിന്റെ വിമോചനമാണ് മൂസാ പ്രവാചകനും വിളിച്ചു പറഞ്ഞത്. ഒരു സമൂഹം പീഢിപ്പിക്കപ്പെടുമ്പോള്‍ മാറി നിന്ന് അഭിപ്രായം പറയാതെ ഞാനും ആ വഴിയിലാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഹംസ (റ) യുടെ വഴിയാണു നജ്മല്‍ ബാബുവും തിരഞ്ഞെടുത്തത്. അവരില്‍ ഒരാളായി ജീവിച്ചു മരിക്കാന്‍ അദേഹം തിരഞ്ഞെടുത്ത തീരുമാനം അങ്ങിനെ വേണം വിലയിരുത്താന്‍. സന്മാര്‍ഗം ദൈവികമാണ്. അത് ജനനം കൊണ്ട് ലഭിക്കില്ല. കര്‍മം കൊണ്ട് മാത്രമേ ലഭിക്കൂ. അല്ലാഹു അദ്ദേഹത്തിന്റെ പരലോകം വെളിച്ചമാക്കട്ടെ….

Related Articles