Current Date

Search
Close this search box.
Search
Close this search box.

പ്രവാചക സ്‌നേഹം സംവദിച്ചു തീര്‍ക്കാനുള്ളതല്ല

prophet.jpg

പ്രവാചകന്‍ ജനിച്ചു മരിച്ചിട്ടു കാലമേറെയായി. ആദം നബിയില്‍ നിന്നും ആരംഭിച്ച പ്രവാചകത്വത്തിന്റെ അവസാനത്തെ കണ്ണി എന്നതാണ് മുഹമ്മദ് നബി എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ആദം നബിയില്‍ നിന്നും തുടങ്ങിയ ജീവിത രീതിയാണ് ഇസ്ലാം. ഓരോ കാലത്തും ഓരോ പ്രദേശത്തും ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ പ്രവാചകരെ ദൈവം അയച്ചുകൊണ്ടിരുന്നു. ഒരു മുന്നറിയിപ്പുകാരനും വരാതെ ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് നബിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ജീവിത്തിന്റെ ഓരോ നിമിഷവും പ്രവാകന്റെത് പോലെ മറ്റൊരാളുടെയും കാര്യത്തില്‍ രേഖപ്പെടുത്തി കാണില്ല. അത്ര വിപുലമാണ് ആ ജീവിതം. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോഴാണ് ദീന്‍ പൂര്‍ത്തിയാക്കി എന്ന ഖുര്‍ആന്‍ വചനം അവതരിച്ചതും.

മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന എല്ലാം പ്രവാചകനിലൂടെ ജനത്തെ പഠിപ്പിച്ചു. ചുരുക്കത്തില്‍ തുറന്ന മനസ്സുമായി ഇസ്ലാമിനെ സമീപിക്കുന്നവര്‍ക്കു മതത്തില്‍ മനസ്സിലാകാത്ത ഒന്നുമില്ല എന്ന് സാരം. മതം എളുപ്പമാണ് എന്നതാണ് ഖുര്‍ആന്‍ പറഞ്ഞതും. ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഒരിക്കല്‍ കൂടി പ്രവാചക ജന്മം നടന്ന മാസം കടന്നു വരികയാണ്. പിന്നാലെ പതിവ് പോലെ വാദപ്രതിവാദങ്ങളും. പ്രവാചക ജന്മ ദിനാഘോഷത്തിന്റെ പേരിലാണ് അതെന്നു മാത്രം. വാദ പ്രതിവാദങ്ങളുടെ പരിസരം തുടങ്ങി കഴിഞ്ഞു. പ്രവാചകനെ പിന്തുടരുക പിന്‍പറ്റുക എന്നത് ഒരു ദിവസത്തിന്റെയോ മാസത്തിന്റെയോ വിഷയമല്ല. അത് വിശ്വാസിയുടെ ജീവിതത്തില്‍ മുഴുവന്‍ സമയം ഉണ്ടാകേണ്ടതാണ്. തര്‍ക്കങ്ങള്‍ പ്രവാചകന്‍ വെറുത്ത സംഗതിയാണ്. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ തെളിവുകള്‍ ഉണ്ടാക്കി തര്‍ക്കിക്കുക എന്നത് പ്രത്യേകിച്ചും. ഇസ്ലാമില്‍ എല്ലാം സുതാര്യമാണ്. അല്ലെങ്കില്‍ സുതാര്യമായത് മാത്രമാണ് ഇസ്ലാം. പ്രവാചക ജന്മം എന്ന് എന്ന കാര്യത്തില്‍ ചരിത്ര പണ്ഡിതന്മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പല തീയതികളും പറയപ്പെടുന്നു. പുണ്യമായി കരുതുന്ന ദിനങ്ങളെ കുറിച്ച് പ്രവാചകന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അറഫാ ദിനവും മുഹറത്തിലെ പുണ്യ ദിനവും നോമ്പും പെരുന്നാളും എല്ലാം അങ്ങിനെ കൃത്യമായി പ്രവാചകന്‍ പറഞ്ഞു തന്നു. ഇന്ന് കാണുന്ന രീതിയില്‍ ആചരിക്കേപ്പെടേണ്ടതാണ് തന്റെ ജന്മ ദിനം എന്ന് വരികില്‍ ആ ദിനവും പ്രവാചകന് പറയാമായിരുന്നു. പ്രവാചക ജന്മദിനം ഒരു പുണ്യമാണ് എന്ന് ഖലീഫമാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അവരും അത് ആചരിക്കുമായിരുന്നു. പ്രവാചക ശേഷം മദ്ഹബീ പണ്ഡിതന്മാരുടെയും ഹദീസ് പണ്ഡിതന്മാരുടെയും കാലത്തിനു ശേഷമാണ് ഇത്തരം ഒരു ആചാരം കടന്നു വരുന്നത്.

പ്രവാചക സന്ദേശം പ്രചരിപ്പിക്കാന്‍ പ്രവാചകന്‍ ജനിച്ച മാസത്തെ ഉപയോഗിക്കാമോ എന്നതു മറ്റൊരു ചോദ്യമാണ്. അത് ആ മാസത്തിന് പുണ്യമുണ്ട് എന്ന അര്‍ത്ഥത്തിലല്ല എന്ന് കൂടി ഓര്‍ക്കണം. അതെ സമയം പുണ്യം ലഭിക്കുന്ന ഒരു ആചാരമായാണ് ഇന്ന് പലരും ഈ ദിനവും മാസവും ആചരിക്കുന്നത്. ലൈലത്തുല്‍ ഖദറിനെക്കാള്‍ പുണ്യമുള്ള മറ്റൊരു രാത്രി ഇസ്ലാമില്‍ പറഞ്ഞു കേട്ടിട്ടില്ല. അത്ര മാത്രം പുണ്യമുള്ള ഒരു പകലിനെ കുറിച്ചും നാം കേട്ടില്ല. അതെ സമയം പ്രവാചക ജന്മദിനത്തിന് അതിനേക്കാള്‍ പുണ്യം എന്നാതാണ് പുതിയ കണ്ടെത്തല്‍. പ്രവാചകന്‍ ജനിച്ചു എന്ന് പറയുന്ന ദിനത്തില്‍ പൊതു സമ്മേളനവും ജാഥയും പാടില്ല എന്നൊന്നും നാം പറയില്ല. പക്ഷെ അതിനു പ്രവാചകനോ അനുയായികളോ കാണിക്കാത്ത മാതൃകയും പുണ്യവും ആദരവും നല്‍കുന്നു എന്നത് മാത്രമാണ് അതിലെ മത വിരുദ്ധത.

പ്രവാചക ജന്മദിനത്തിലെ ശരി തെറ്റുകള്‍ സംവാദം നടത്തി സ്ഥിരീകരിക്കാവുന്ന ശ്രമത്തിലാണ് പലരും. പല സ്ഥലങ്ങളിലും മുഖാമുഖത്തിന്റെ സ്റ്റേജുകളും ഉയര്‍ന്നു തുടങ്ങി. പ്രമാണങ്ങള്‍ ശരിക്കു വായിച്ചാല്‍ തീരുന്നതാണ് ഈ വിഷയത്തിലെ അഭിപ്രായ വ്യത്യാസം. പ്രവാചകന് ശേഷം ഉണ്ടായതല്ല പ്രമാണങ്ങള്‍. അല്ലാഹുവും റസൂലുമാണ് പ്രമാണത്തിന്റെ അടിസ്ഥാനം. പക്ഷെ നാം എന്നും തര്‍ക്ക പ്രിയരാണ്. മുസ്ലിം സമുദായത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്തു ഇത്തരം തര്‍ക്കങ്ങളിലേക്കു തിരിയുക എന്നത് മറ്റു പലരുടെയും അജണ്ടയാണ്. എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ എല്ലാ കൊല്ലവും ഈ തര്‍ക്കങ്ങള്‍ കേള്‍ക്കുന്നു. ഇന്നുവരെ അതിനൊരു പരിഹാരം കണ്ടില്ല. ഇനിയൊട്ടു കാണുമെന്നു പ്രതീക്ഷയുമില്ല. എങ്കിലും എല്ലാ കൊല്ലവും ആചാരം പോലെ ഇത് നടക്കണം.

പ്രവാചക ജീവിതവും സന്ദേശവും ജനത്തിനു എത്തിച്ചു കൊടുക്കാന്‍ പുതിയ രീതികള്‍ കണ്ടെത്താം. അത് പോലെ പ്രവാചക സ്‌നേഹം വിശ്വാസിയുടെ അടിസ്ഥാന ഗുണമാണ്. പക്ഷെ രണ്ടു സ്ഥലത്തും പരിധികള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തല്‍ വിശ്വാസിയുടെ കടമയാണ്. നമുക്ക് പ്രവാചകനെ സഹാബികള്‍ സ്‌നേഹിച്ചത് പോലെ സ്‌നേഹിക്കാം. അവര്‍ ജീവിതം കൊണ്ട് സ്‌നേഹത്തെ വിശദീകരിച്ചു. അവരുടെ സ്‌നേഹം ഒരു ദിവസത്തിലോ മാസത്തിലോ മാത്രമായി നില നിന്നില്ല. അത് മരണം വരെ നീണ്ടു നിന്നതായിരുന്നു. പക്ഷെ മരണം വരെ സംവദിച്ചു തീര്‍ക്കാനുള്ളതാണ് പലര്‍ക്കും പ്രവാചക സ്‌നേഹം എന്ന് മാത്രം.

Related Articles