Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം ഐക്യം ആരെയാണ് ഭയപ്പെടുത്തുന്നത്‌

മുസ്ലിം ഐക്യം ആരിലാണ് അങ്കലാപ്പ് ഉണ്ടാക്കുന്നത്‌. പരസ്പരമുള്ള സഹകരണം ധര്‍മത്തിലും സൂക്ഷ്മതയിലുമാകണം എന്നതാണ് ഇസ്ലാമിന്റെ നിലപാട്. അതായത് പരസ്പരമുള്ള സഹകരണം നീതി മൂല്യം ധര്‍മം എന്നിവയുടെ കാര്യത്തില്‍ മാത്രമേ പാടുള്ളൂ. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ ഒന്നിച്ചാല്‍ അത് ലോകത്തിനു അനുഗ്രഹമാണ്. മക്കാമുശ്‌രിക്കുകള്‍ മുസ്‌ലിംകളുടെ കഅ്ബാസന്ദര്‍ശനത്തെ തടഞ്ഞ സന്ദര്‍ഭമുണ്ടായിരുന്നു . അറബികളുടെ പഴയ പാരമ്പര്യമനുസരിച്ച് ശത്രുമിത്ര ഭേദമന്യേ ഏവരെയും കഅ്ബാസന്ദര്‍ശനത്തിന് അനുവദിക്കേണ്ടതായിരുന്നു. പക്ഷേ, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആ കീഴ്വഴക്കത്തെ അവര്‍ അതിലംഘിക്കുകയാണ് ചെയ്തത്. അതിനാല്‍, തങ്ങളുടെ അധീന പ്രദേശങ്ങളുടെ സമീപത്തൂടെ കടന്നുപോകുന്ന ശത്രുഗോത്രങ്ങളുടെ തീര്‍ഥാടകസംഘങ്ങളെ തടയണമെന്നും ചില മുസ്‌ലിംകള്‍ക്കും തോന്നാതിരുന്നില്ല. ഈ വിഷയത്തെ ഖുര്‍ആന്‍ സമീപിച്ചത് ഇങ്ങിനെയാണ്‌ “ ……………. നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്ക് വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല. നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല. അല്ലാഹുവിനെ ഭയപ്പെടുവിന്‍. അവന്റെ ശിക്ഷ അതികഠിനമാകുന്നു.”

ഒരിക്കല്‍ ആട്ടിയകറ്റിയ മണ്ണിലേക്ക് ആരാധന നിര്‍വഹിക്കാന്‍ പുറപ്പെട്ട പ്രവാചകനെയും അനുചരരെയും ഹുദൈബിയയില്‍ വെച്ച് മക്കക്കാര്‍ തടഞ്ഞ സംഭവം പ്രശസ്തമാണ്. അവരോടു ആ നിലയില്‍ പ്രതികാരം പാടില്ല എന്ന് പറയുന്നതാണ് ഈ വചനത്തിന്റെ അടിസ്ഥാനം. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ ഒന്നിച്ചാല്‍ അത് മറ്റുള്ളവരുടെ അവകാശം ഇല്ലാതാക്കാന്‍ വേണ്ടിയാകില്ല. പകരം മറ്റുളളവരുടെ നഷ്ടപ്പെട്ടുപോയ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ വേണ്ടിയാണ്. പാകിസ്താനിലെയും ബംഗ്ലാദേശിലെയും മുസ്ലിംകള്‍ക്ക് വേണ്ടിയാണു ഇന്ത്യന്‍ മുസ്ലിംകള്‍ സമരം ചെയ്യുന്നത് എന്നതാണ് പൗരത്വ അനുകൂലികള്‍ നടത്തുന്ന പ്രചരണം. ഇന്ത്യഒരു മതേതര ജനാധിപത്യ രാജ്യമാണ് എന്നത് കൊണ്ട് തന്നെ ഇന്ത്യന്‍ പൌരത്വത്തിന് മതവും ജാതിയും അടിസ്ഥാനമാക്കാന്‍ പാടില്ല എന്നത് നമ്മുടെ അംഗീകൃത മാനദണ്ടമാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിയമം നടപ്പാക്കണം എന്നതാണു മുസ്ലിംകള്‍ ആവശ്യപ്പെടുന്നത്. അതെ സമയം ഭരണ ഘടനയല്ല പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക അനുസരിച്ചാണ് നിയമം നിര്‍മ്മിക്കേണ്ടത് എന്നതാണ് ഭരണ കക്ഷി പറയുന്നത്. അപ്പോള്‍ മുസ്ലിംകള്‍ ഒന്നിക്കുന്നത് ആത്യന്തികമായി ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്.

ബനൂളഫര്‍ എന്ന അന്‍സ്വാരിഗോത്രത്തിലെ ‘ത്വഅ്മത്തുബ്‌നു ഉബൈരിഖ് ഒരു അന്‍സ്വാരിയുടെ പടയങ്കി മോഷ്ടിച്ചു. കാണാതായ അങ്കിയെപ്പറ്റി ഉടമസ്ഥന്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ ത്വഅ്മത്ത് അത് ഒരു യഹൂദന്റെ പക്കല്‍ സൂക്ഷിക്കാന്‍ കൊടുത്തു. അങ്കിയുടമ തിരുമേനിയുടെ മുമ്പാകെ കേസ് ബോധിപ്പിക്കുകയും ത്വഅ്മത്തിനെ സംശയിക്കുന്നതായി ഉണര്‍ത്തുകയും ചെയ്തു. ത്വഅ്മത്ത് സ്വകുടുംബക്കാരെ സമീപിച്ചു. കുറ്റം യഹൂദിയുടെ പേരില്‍ ആരോപിക്കാന്‍ അവര്‍ ഏകോപിച്ച് തീരുമാനിക്കുകയും ചെയ്തു. യഹൂദിയെ വിചാരണ ചെയ്തപ്പോള്‍ അയാള്‍ വാസ്തവസ്ഥിതി വെളിപ്പെടുത്തുകയും തന്റെ നിരപരാധിത്വം അറിയിക്കുകയും ചെയ്‌തെങ്കിലും ത്വഅ്മത്തിന്റെ കുടുംബക്കാര്‍ ശക്തിയായി പക്ഷംപിടിച്ച് വാദിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ”ഇവനോ ഒരു യഹൂദി! സത്യത്തെയും അല്ലാഹുവിന്റെ ദൂതനെയും നിഷേധിക്കുന്ന ഇവന്റെ വാദം ഒരിക്കലും വിശ്വസനീയമല്ല. വിശ്വാസികളായ ഞങ്ങളുടെ വാദമാണ് അംഗീകരിക്കേണ്ടത്.” കേസിന്റെ ബാഹ്യറിപ്പോര്‍ട്ടാകട്ടെ ഇവരുടെ വാദത്തിന് അനുകൂലവുമായിരുന്നു. അതിനാല്‍, തിരുമേനി യഹൂദിക്കെതിരായി വിധി പ്രസ്താവിച്ചേക്കുമായിരുന്നു.

” പ്രവാചകാ, നാമിതാ ഈ വേദം സത്യസമേതം നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. അത്, അല്ലാഹു കാണിച്ചുതന്നതുപ്രകാരം നീ ജനത്തിനിടയില്‍ വിധി കല്‍പിക്കേണ്ടതിനാകുന്നു. നീ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്നവനാകാതിരിക്കുക. അല്ലാഹുവിനോട് മാപ്പിരക്കുക. അവന്‍ വളരെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ആത്മവഞ്ചകരായ ആളുകള്‍ക്കുവേണ്ടി141 നീ വാദിക്കരുത്. കൊടുംവഞ്ചകനും മഹാപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല” നീതിയോടും ധര്‍മത്തിനോടും ഇസ്ലാമിന്റെ നിലപാട് ഇത് വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ അനീതിക്ക് വേണ്ടി ഒന്നിക്കാന്‍ മതം സമ്മതിക്കില്ല. മുസ്ലിംകള്‍ ഏതൊരു വിഷയത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചാലും അത് പൂര്‍ണ നന്മയാകും. അതില്‍ ആരും ഭയക്കേണ്ട കാര്യമില്ല. അത് കൊണ്ട് തന്നെ പൗരത്വ വിഷയത്തിലെ മുസ്ലിം ഏകീകരണം നമ്മെ സന്തോഷിപ്പിക്കണം. അത് അവരുടെ നിലനില്‍പ്പ്‌ എന്നതിനേക്കാള്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ നിലനില്‍പ്പിന്റെ കൂടെ കാര്യമാണ്. തങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഒന്നിച്ചു പ്രതികരിക്കുക എന്നിടത്തു തന്നെ ശത്രു പരാജയപ്പെടുന്നു എന്ന് കൂടി ചേര്‍ത്ത് പറയണം.

Related Articles