Current Date

Search
Close this search box.
Search
Close this search box.

ദില്ലിയിലെ മുസ്ലിം ആരാധനാലയങ്ങൾ ആരെയാണ് അസ്വസ്ഥരാക്കുന്നത്?

ദില്ലി-ഹരിയാന അതിർത്തി പ്രദേശമായ ഗുരുഗ്രാമിൽ ജുമുഅ തടയൽ പതിവാക്കിയ സംഘ പരിവാർ സംഘടനകൾ, ദില്ലിയിൽ നിന്ന് രണ്ടര മണിക്കൂർ മാത്രം ദൂരമുള്ള മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കി ആ സ്ഥലം ശ്രീകൃഷ്ണ ജന്മഭൂമിക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കോടതയിൽ ഫയൽ ചെയ്ത ഹരജി, പ്രധാന ചരിത്ര പ്രദേശങ്ങളോടൊപ്പം ദില്ലിയിലെ പൗരാണികമായ മുസ്ലിം പള്ളികളെ കൂടി ഇല്ലാതാക്കുന്ന 20000 കോടി രൂപയുടെ കേന്ദ്ര സർക്കാരിൻ്റെ ‘Central Vista Project’, അവസാനമായി, ഈ രാജ്യത്തിൻ്റെ അഭിമാനമായി വാഴ്ത്തപ്പെടുന്നതും പതിനേഴാം നൂറ്റാണ്ടിൽ മുഗൾ രാജാവായ ഷാഷഹാൻ നിർമ്മിച്ചതുമായ ജമാ മസ്ജിദ് വർഷങ്ങളായി തകർച്ചയുടെ വക്കിലാണെന്നും പുനരുദ്ധാരണം ആവശ്യമാണെന്ന് പലതവണ ആവർത്തിച്ചിട്ടും യാതൊരു വിധ നടപടിയും എടുക്കാത്ത കേന്ദ്ര സർക്കാറിൻ്റെ സമീപനം. കുറച്ച് നാളുകളായി പത്രങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകളാണ് മേൽ പരാമർശിച്ചത്.

ദില്ലി എന്നും വിസ്മയിപ്പിക്കുന്ന പ്രദേശമാണ്. ആര്യന്മാരുടെ കാലത്തും മുസ്ലിംകൾ ദില്ലി ഭരിക്കുമ്പോഴും തങ്ങളുടേതാക്കി മാറ്റാൻ ശ്രമിച്ചതിൻ്റെ ബാക്കിപത്രമാണ് ഇന്നത്തെ ദില്ലി നഗരം. പിന്നീട് വന്ന ബ്രിട്ടീഷുകാർ പല ആധുനിക കെട്ടിട സമുച്ഛയങ്ങളും ദില്ലിയിൽ കെട്ടിയുയർത്തിയെങ്കിലും അവയൊന്നും മുസ്ലിംകൾ ദില്ലിക്ക് സമ്മാനിച്ച മനോഹര നിർമിതികളേക്കാൾ കിടപിടിക്കുന്നതായിരുന്നില്ല. ദില്ലിയിൽ ഇത്രയും ചരിത്ര നിർമിതികളുടെ പിൻബലമുള്ള മുസ്ലിങ്ങൾക്ക് സമകാലിക ദില്ലി സമ്മാനിക്കുന്ന അനുഭവങ്ങൾ തീർത്തും ശുഭകരമല്ലാത്തതാണ്. ഇന്ത്യയുടെ മറ്റേതൊരു പ്രദേശത്തേക്കാളും കൂടുതൽ പള്ളികൾ കെട്ടിയുയർത്തപ്പെട്ട പ്രദേശമാണ് ഇന്നത്തെ ദില്ലീ. എന്നാൽ മെട്രോ നഗരമായി മാറിയതോടെ പലപ്പോഴായി ദില്ലിയിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം പള്ളികൾ അപൃത്യക്ഷമായി. ധാരാളം മുസ്ലിംകൾ ജോലി ചെയ്യുന്ന ദില്ലിയുടെ അതിർത്തി പ്രദേശമാണ് വ്യവസായിക നഗരമായ ഗുരുഗ്രാം. പാർക്കുകളും ഒഴിഞ്ഞ ഇടങ്ങളുമാണ് ജുമുഅ നമസ്കാരങ്ങൾക്കായി ഇവിടുത്തുകാർ ഇന്നും ആശ്രയിക്കുന്നത്. നമസ്കാരത്തിനായി പ്രത്യേകം സെക്ടറുകൾ മുസ്ലിംകൾക്ക് അനുവദിക്കപ്പെട്ടിട്ട് പോലും സംഘ് പരിവാർ ശക്തികളുടെ എതിർപ്പ് മൂലം കൃത്യമായി ജുമുഅ നമസ്കാരങ്ങൾ നടത്താൻ മുസ്ലിംങ്ങൾക്ക് പലപ്പോഴും സാധിക്കാറില്ല. ഇതിന് പുറമെ ചരിത്ര നിർമിതികളെ സംക്ഷിക്കാൻ നിയോഗിക്കപ്പെട്ട പുരാവസ്തു വകുപ്പിന് കീഴിൽ അകാല ചരമത്തിനായി കാത്ത് നിൽക്കുന്ന മുസ്ലിം പള്ളികൾ വേറെ തന്നെയുണ്ട് രാജ്യ തലസ്ഥാനത്ത് . ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറെയുടെ(AIMMM) നേതൃത്വത്തിൽ ദില്ലിയിലെ മുസ്ലിം പള്ളികളുടെ ഉയർച്ച ലക്ഷ്യമാക്കി നിരവധി പ്രൊജക്ടുകളും നിവേദനങ്ങളും ഗവൺമെൻ്റിന് മുമ്പാകെ എത്രയോ മുൻപ് തന്നെ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇന്നും ദില്ലിയിലെ വ്യത്യസ്ത മുസ്ലിം നിർമിതികൾക്കകത്ത് യാതൊരു വിധ പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്താതെ നിരവധി പള്ളികൾ കാണാൻ സാധിക്കും. ചിലതിലെല്ലാം കൃത്യമായി നമസ്കാരവും മദ്രസയും വരെ നടക്കുന്നു. മറ്റു ചിലതാവട്ടെ കയ്യേറി നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഈയിടെ ദില്ലിയിൽ നടന്ന കലാപത്തിൽ തകർക്കപ്പെട്ട പളളികളുടെ പുനരുദ്ധാരണം എന്ത് കൊണ്ടാണ് ഭരണകൂടത്തിൻ്റെ പരിഗണനയിൽ പോലും കടന്നുവരാത്തത്?സംഘപരിവാർ ഇന്ത്യ ഭരിക്കുമ്പോൾ ഇത്തരം നിർമിതികൾക്ക് ഭരണകൂടം നൽകുമെന്ന് പറയുന്ന സഹായങ്ങൾ പ്രതീക്ഷിച്ച് നിൽക്കുന്നവരാണ് യഥാർത്ഥ വിഡഢികളെന്ന് പറയേണ്ടി വരും. അതിൻ്റെ മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജമാ മസ്ജിദിൻ്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന. ജമാമസ്ജിദിൻ്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് ഒരു അപേക്ഷയും കേന്ദ്ര സർക്കാറിലേക്കെത്തിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭരണകൂടം ഗ്രാൻ്റുകൾ അനുവദിക്കാത്തത് കൊണ്ട് തന്നെ രാജ്യത്ത് നിലനിൽക്കുന്ന നിരവധി മുസ്ലിം ചാരിറ്റി ഓർഗനൈസഷനുകളുടെ സഹായത്തോടെ ഇന്ത്യാ രാജ്യത്ത് പ്രവർത്തിക്കുന്ന പള്ളികളുടെ എണ്ണത്തിലെ ഓരോ വർഷത്തെയും വർദ്ധനവ് ആശങ്ക ജനിപ്പിക്കുന്നതാണ്. മാത്രമല്ല ഇത്തരം ഓർഗനൈസേഷനുകളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നടപടികളാണ് ഭരണകൂടം ഇപ്പോൾ ലക്ഷൃം വെക്കുന്നത്. എഫ്.സി. ആർ.എ അക്കൗണ്ടുകൾ മരവിപ്പിച്ചും, പുതുക്കി നൽകാതെയും ഒരു പ്രത്യേക മതവിഭാഗത്തിന് ലഭിക്കേണ്ട സഹായങ്ങൾക്ക് മാത്രം കൂച്ചുവിലങ്ങിടുന്ന നിലപാടുകൾ ഈയടുത്ത് കാലത്ത് ശക്തിപ്പെട്ടുവെന്നത് യാഥാർത്ഥ്യമാണ്. ദില്ലിയിലെ പള്ളികളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയാൽ, മാറി വന്ന ഓരോ സർക്കാറുകളും മുസ്ലിം നിർമിതികളോടും ആരാധനാലയങ്ങളോടും കാണിച്ച സമീപനത്തിൻ്റെ നേർചിത്രം പുറത്ത് വരുമെന്ന് തീർച്ചയാണ്.

രാമരാജ്യം നിർമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ തലസ്ഥാന നഗരിയായ ‘ഇന്ദ്രപ്രസ്ഥ’ ക്ഷേത്രങ്ങളെക്കാൾ കൂടുതൽ പള്ളികളാൽ സമ്പന്നമായാൽ സംഘ് പരിവാർ ശക്തികൾക്ക് എങ്ങിനെയാണ് സഹിക്കാൻ കഴിയുക? മുസ്ലിംകൾ ദില്ലി ഭരിക്കുമ്പോൾ ക്ഷേത്ര പുനരുദ്ധാരണത്തിന് ഗ്രാൻ്റ് അനുവദിച്ച പാരമ്പര്യമാണ് മുസ്ലിം രാജവംശങ്ങൾക്കുള്ളത്. ചരിത്ര പ്രാധാന്യമുള്ള ഓരോ അമ്പലവും പള്ളിയും ചർച്ചുമെല്ലാം ഏതൊരു രാജ്യത്തിൻ്റെയും ഉയർച്ചയുടെ പ്രതീകങ്ങളാണ്. അവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സ്റ്റൈറ്റിൻ്റെ ഉത്തരവാദിത്വമാണ്. മതവും കൊടിയുടെ നിറവും നോക്കിയല്ല ചരിത്ര നിർമിതികളെ സംരക്ഷിക്കേണ്ടത്. ദില്ലിയിലെ മുസ്ലിം കാലത്തെ അടയാളങ്ങൾ പതിയെ മായ്ക്കപ്പെടുകയാണ്. ദില്ലിയുടെ ചരിത്ര വായനകളിൽ ഒരിക്കൽ പോലും മുസ്ലിംകളെക്കുറിച്ച ഒരു പരാമർശം പോലും വരാൻ പാടില്ലെന്ന ഭരണകൂടത്തിൻ്റെ അജണ്ടയാണ് യഥാർത്ഥത്തിൽ ഇതിൻ്റെയെല്ലാം പിന്നില്ലെന്നത് കൃത്യമാണ്. മനസിലാക്കാം. താജ്മഹൽ തേജോമഹലായി വ്യാഖ്യാനിക്കാൻ ധൃതിപ്പെടുന്ന കാലത്ത് കുതുബ് മിനാറും ജമാമസ്ജിദും പുതുതലമുറ എങ്ങനെയാവും പരിചയപ്പെടാൻ പോവുന്നത് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു.

Related Articles