Current Date

Search
Close this search box.
Search
Close this search box.

മുസ് ലിം ലീഗ്: കോടതി വിധി ഉണർത്തിയ ചിന്തകൾ

വിസ്മയിപ്പിക്കുന്ന പ്രതിഭാ വിലാസം കൊണ്ടും ഉൾക്കാഴ്ച കൊണ്ടും കേരള ചരിത്രത്തെ ജ്വലിപ്പിച്ച മഹാ വ്യക്തിത്വങ്ങളിലൊരാളാണ് കെ.എം സീതി സാഹിബ്. (1899-1961)

മഹാരാജാസിൻ്റെ ഉൽപ്പന്നമായി, മഹാത്മാഗാന്ധിയുടെ പ്രസംഗ പരിഭാഷകനായി, കേരള ഹൈക്കോടതിയുടെ പ്രഗത്ഭ അഭിഭാഷകനായി, അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി മെമ്പറായി…
പിന്നെ തിരു-കൊച്ചി, മദിരാശി, കേരള എന്നീ നിയമസഭകളിൽ അംഗമായി, കേരളത്തിൻ്റെ ആദ്യകാല സ്പീക്കറായി, ഒപ്പം കേരള മുസ് ലിം നവോത്ഥാനത്തിൻ്റെ മുൻനിര പോരാളിയും ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗിൻ്റെ താത്വികാചാര്യനുമായിത്തീർന്ന സീതി സാഹിബ് 1951 ൽ ഇന്ത്യൻ ബഹുസ്വര സമൂഹത്തിനു നൽകിയ ഒരു സന്ദേശത്തിൻ്റെ പ്രസക്തഭാഗങ്ങൾ ഇപ്പോഴത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ വായിക്കുന്നത് കൗതുകകരമാണ്:

“മുസ് ലിംകൾ ഇന്ത്യയിൽ ഒരു സാംസ്കാരിക ന്യൂനപക്ഷം കൂടിയാണ്. മതവും സംസ്കാരവും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. ഒരു മതത്തിൽ വിശ്വസിക്കുകയും ഒരു സംസ്കാരത്തെ ആശ്ലേഷിക്കുകയും ചെയ്യുന്ന ഇന്ത്യൻ മുസ് ലിംകൾക്ക് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി പാടില്ലെന്നു പറയാൻ ആർക്ക് സാധിക്കും? ഇന്ത്യയിലെ മുസ് ലിം ന്യൂനപക്ഷത്തിന് പ്രത്യേകമായ അവശതകളും ആവശ്യങ്ങളും ഇല്ലെന്ന്, യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ചല്ലാതെ ആർക്കും പറയാൻ കഴിയുകയില്ല. രാഷ്ട്രീയ ലോകത്ത് ഒരു ജനവിഭാഗത്തിൻ്റെ പ്രശ്ന പരിഹാരങ്ങൾക്ക് സംഘടിതമായ പ്രക്ഷോഭ വഴിക്കല്ലാതെ സാധ്യമല്ലെന്നുള്ളത് സർവ്വസമ്മതമായ ഒരു പ്രാഥമിക തത്വമാകുന്നു”
(ഉദ്ധരണം: മുസ് ലിം ലീഗ് ഡോക്യുമെൻ്റ്സ് 1948-1970. ലേഖകന്മാർ: എം.ഐ തങ്ങൾ, എം.സി വടകര, പി.എ റശീദ്. പ്രസാധനം: ഗ്രെയ്സ് ബുക്സ് )

ഇനി ഇതേ ഗ്രന്ഥത്തിൽ ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് സ്ഥാപക പ്രസിഡണ്ട് ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് 1949 ൽ നടത്തിയ പ്രസ്താവനയുടെ പ്രസക്ത വരികൾ കൂടി കാണുക:

“ഒരു സമുദായമെന്ന നിലയിൽ ന്യായമായും നിലനിൽക്കാമെങ്കിൽ തങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസ പരവും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങളും ചുമതലകളും സംരക്ഷിക്കുന്നതിന് ഒരു സംഘടനയുണ്ടാവുന്നതിൽ തെറ്റില്ല. ഒരു സംഘടനയിൽ നിന്ന് രാഷ്ട്രീയ കാര്യങ്ങൾ എങ്ങിനെ വേർതിരിക്കുവാൻ സാധിക്കും..?
മുസ് ലിം പ്രശ്നങ്ങൾ ഗവ: ൻ്റെ മുമ്പാകെ അവതരിപ്പിക്കണമെങ്കിൽ രാഷ്ട്രീയ രംഗത്തു പ്രവൃത്തിക്കാതെ എങ്ങനെ സാധ്യമാകും..?

സാമുദായിക രാഷ്ട്രീയ സംഘടനകൾ, അഥവാ ഒരു പ്രത്യേക മതത്തിൻ്റെ നാമത്തോടു കൂടിയുള്ള രാഷ്ട്രീയ സംഘടനകൾ ഈ നാട്ടിൽ മാത്രമുള്ള പ്രത്യേകതയല്ല. രാഷ്ട്രീയമായി നമ്മെക്കാൾ ഉൽബുദ്ധത സിദ്ധിച്ച യൂറോപ്പിൽ മതപരമായ അടിസ്ഥാനത്തിൽ രാഷ്ടീയ കക്ഷികളുണ്ട്. ഫ്രാൻസ്, ബൽജിയം, ഇറ്റലി, യൂഗോസ്ലാവിയ മുതലായവക്കു പുറമെ അമേരിക്ക ഉൾപ്പെടെ അനവധി രാജ്യങ്ങളിൽ അത്തരം സംഘടനകളുണ്ട്.

ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് എല്ലാവിധ അട്ടിമറി, ഫാഷിസ്റ്റു പ്രവർത്തനങ്ങൾക്കും വർഗീയതക്കുമെതിരായി മുസ് ലിംകളുടെ ഏറ്റവും വലിയ കോട്ടയായി ഉറച്ചു നിന്നു. ഇനിയും ഉറച്ചു നിൽക്കും” (പുറം: 16, 20)

പിൻ കുറി: പേരിലും കൊടികളിലും മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെടുന്ന, വിശിഷ്യ മുസ് ലിം ലീഗിനെ ലക്ഷ്യമിട്ട് സമർപ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതിയുടെ രൂക്ഷമായ വിമർശനത്തെത്തുടർന്ന് പിൻവലിക്കപ്പെട്ടു. മുസ് ലിം ലീഗിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.(പത്രവാർത്ത: 3. 4.23)

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles