Your Voice

മുലായം സിങ്ങിന്റെത് വെറും വാക്കോ ?

ഇങ്ങിനെയും ഒരു കഥ പറഞ്ഞു കേള്‍ക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ തന്നെ തന്റെ അണികളോട് തെറ്റും ശരിയും നോക്കാതെ പ്രചരിപ്പിക്കാന്‍ പറഞ്ഞു എന്നാണ് കേള്‍വി. സംഗതി മറ്റൊന്നുമല്ല മുലായം സിംഗിനെ മകന്‍ മുഖത്തടിച്ചു എന്നതായിരുന്നത്രേ വാര്‍ത്ത. യാദവ് കുടുംബത്തിലെ പിളര്‍പ്പുകള്‍ ഗുണം ചെയ്യുക ബി ജെ പിക്കാകും എന്ന ഉറച്ച ബോധ്യത്തിലായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍. മകന്‍ പാര്‍ട്ടിയുടെ മുഖ്യ സ്ഥാനത്ത് വന്നപ്പോള്‍ പണി പോയത് അച്ഛന് തന്നെയാണ്. അധികാരത്തില്‍ അച്ഛനും മകനുമില്ല എന്നതാണ് നിയമം. അതെ സമയം ഇന്നലെ പാര്‍ലമെന്റില്‍ മോദിക്ക് വേണ്ടി സംസാരിച്ച മുലായം സഭയില്‍ നിന്ന് പുറത്തിറങ്ങി പത്രക്കാരുടെ ചോദ്യത്തിന് ‘ഞാനങ്ങനെ പറഞ്ഞിരിക്കാന്‍ സാധ്യതയില്ല’ എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

മൊത്തത്തില്‍ ഒരു പുകപടലം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. യു പി യില്‍ ഉണ്ടാകുന്ന ഏതു ചെറിയ രാഷ്ട്രീയ നീക്കവും മറ്റുള്ളവര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അത് കൊണ്ട് തന്നെ എസ് പി-മായാവതി സഖ്യം തകര്‍ക്കുക എന്നത് ബി ജെ പി യുടെ മുഖ്യ ആവശ്യമായി വരുന്നു. മുലായമിന്റെ സഹോദരന്‍ പുതിയ പാര്‍ട്ടിക്ക് തുടക്കം കുറിച്ചു എന്നാണു അറിയാന്‍ കഴിയുന്നതും.

വിഷയത്തെ പുകഴ്ത്തി യു.പി മുഖ്യന്‍ യോഗി രംഗത്ത് വന്നിട്ടുണ്ട്. മുലായം യഥാര്‍ത്ഥ വസ്തുതകള്‍ പറയുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ രാഷ്ട്രീയം ഒരു പരിധിവരെ കുടുംബ ഭരണമാണ് എന്നത്‌കൊണ്ട് തന്നെ ചില കുടുംബങ്ങളിലെ അസ്വാരസ്യങ്ങള്‍ പോലും രാഷ്ട്രീയത്തെ ബാധിക്കുന്നു. അച്ഛനും മകനും തമ്മിലുള്ള മൂപ്പളമ പ്രശ്‌നം അങ്ങിനെയാണ് ഒരു നാടിനെ ബാധിക്കുന്നത്. എണ്‍പതു വയസ്സായ അച്ഛന്റെ വാക്കുകള്‍ കാര്യമാക്കേണ്ട എന്ന് അഖിലേഷ് പറയുമ്പോഴും പഴയ സോഷ്യലിസ്റ്റ് അത്ര നിരായുധനല്ല എന്ന് കൂടി മനസ്സിലാക്കണം. മുലായം,സഹോദരന്‍ ശിവപാല്‍ എന്നിവര്‍ കൂടിയാല്‍ എസ് പി വോട്ടുകളില്‍ ചെറിയ വിള്ളല്‍ വരുത്താന്‍ കഴിയും എന്ന് ബി ജെ പി കണക്കു കൂട്ടുന്നു. ഒരു പക്ഷെ ഒരു അവസരം വന്നാല്‍ ബി ജെ പി പുതിയ പാര്‍ട്ടിയെ സഖ്യകക്ഷിയാക്കാനും മടിക്കില്ല.

മോദി സ്തുതി അതിന്റെ ഭാഗമായി കാണാനാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് താല്പര്യം. ഇപ്പോള്‍ സഭയിലുള്ള എല്ലാവരും തിരിച്ചു വരണം എന്ന് പറഞ്ഞാല്‍ നേര്‍ക്ക് നേര്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചു വരണം എന്നാണ്. മോദിയെ ഒന്ന് ഇരുത്താന്‍ പറഞ്ഞതാണോ എന്ന് ചിന്തിക്കുന്നവരും കൂട്ടത്തിലുണ്ട്. ഫാസിസത്തെ താഴെ ഇറക്കുക എന്ന ഭഗീരഥ പ്രയത്‌നത്തിലാണ് മതേതര ഇന്ത്യ. ഇത്തരം പുഴുക്കുത്തുകള്‍ അതിനുള്ള സാധ്യത ഇല്ലാതാക്കും. പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ കാര്യബോധത്തിലേക്ക് വരേണ്ടതുണ്ട് എന്നത് തന്നെയാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നതും.

Facebook Comments
Show More

Related Articles

Check Also

Close
Close
Close