Current Date

Search
Close this search box.
Search
Close this search box.

‘മാർക്‌സിസ്റ്റുപാർട്ടിയുടെ കുറ്റകരമായ ഗൂഡാലോചന’

ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാൽ കേരള നിയമസഭയിലെ ബിജെപി യുടെ ഏക എം.എൽ.എ. യാണ്. വിത്യസ്തമായ വ്യക്തിത്വം പുലർത്തുന്ന ബി.ജെ.പി. നേതാവ് എന്ന ഒരു പ്രതിഛായ ഇയ്യിടെയായി അദ്ദേഹത്തിന് കൈവന്നിട്ടുണ്ട്. കർഷക സമരത്തെ അനുകൂലിച്ചുകൊണ്ടും അതിനോട് ഐക്യദാർഢ്യം പുലർത്തിക്കൊണ്ടും കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ എതിർക്കാതെ ഫലത്തിൽ അനുകൂലിച്ചതും മുമ്പ് സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ ശ്രീരാമകൃഷ്ണനെ അദ്ദേഹത്തിന്റെ പേരിന്റെ മഹത്വം മാനിച്ച് അനുകൂലിച്ചതും രാജഗോപാലിന്റെ വേറിട്ട നിലപാടുകൾക്ക് ഉദാഹരണമാണ്. കേരളത്തിലെ ബിജെപി നേതാക്കളിൽ പലരുടെയും പല നിലപാടുകളെയും രാജഗോപാൽ പൂർണമായി അംഗീകരിക്കുന്നില്ലെന്നാണ് മനസിലാക്കപ്പെടുന്നത്. ഇപ്പോൾ തൊണ്ണൂറ് പിന്നിട്ട രാജഗോപാൽ 2009ൽ ‘ജീവാമൃതം’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി ബുക്‌സ് ആണ് പ്രസാധകർ.

ഈ ആത്മകഥ, തന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ -സാമൂഹ്യ ചലനങ്ങളെ തന്റേതായ വീക്ഷണ കോണിലൂടെ വിശകലനം ചെയ്യുന്ന ഒരു ചരിത്ര കൃതി കൂടിയാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തോടോ വിശകലനത്തോടോ നിഗമനങ്ങളോടോ യോജിക്കാൻ സാധിക്കില്ലെങ്കിലും ചില സംഗതികളെങ്കിലും ചിലപ്പോൾ നമ്മുടെ ശ്രദ്ധക്ക് വിഷയീഭവിച്ചെന്ന് വരും. അടിമുടി ബി.ജെ.പി. ക്കാരനായ രാജഗോപാൽ തനിക്ക് മാതാ അമൃതാനന്ദമയിയോടുള്ള അതീവ ഭക്തിയുൂം ആർ.എസ്.എസ്സിനോടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധതയും ഈ കൃതിയിൽ പലേടത്തായി വ്യക്തമാക്കുന്നുണ്ട്. ഈ കൃതി വളരെ പെട്ടെന്ന് ധൃതിയിൽ വായിക്കുന്നതിനിടയിൽ ശ്രദ്ധയിൽപെട്ട ഒരു ഭാഗം വായനക്കാരുമായി പങ്ക് വെക്കുകയാണ്. രാജഗോപാലിന്റെ പ്രസ്താവനയും നിഗമനവും പൂർണമായും ശരിയാവണമെന്നില്ല; ഒരു പക്ഷേ സത്യത്തിന്റെ ചില അംശങ്ങൾ കണ്ടേക്കുമെന്ന് മാത്രം.

” 1971 ൽ നടന്ന തലശ്ശേരി കലാപമായിരുന്നു അത്. ഇതിന്റെ ഓരോ ഘട്ടത്തിലും ഓരോ സംഭവത്തിലും മാർക്‌സിസ്റ്റുപാർട്ടിയുടെ കുറ്റകരമായ ഗൂഡാലോചന കണ്ടെത്താൻ, ആ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ജനസംഘം നിയോഗിച്ച അന്വേഷണ കമ്മീഷനെ നയിച്ച വ്യക്തി എന്ന നിലയിൽ എനിക്കുകഴിഞ്ഞു…

സി.പി.എമ്മിന്റെ അസഹിഷ്ണുതാ മനോഭാവത്തിൽ നിന്നുണ്ടാകുന്ന സി.പി.എം. ആർ.എസ്.എസ്സ്. സംഘർഷങ്ങളെ സ്വന്തം താൽപര്യ സംരക്ഷണാർഥം സി.പി.എം.കാർ വർഗീയ സംഘർഷമാക്കി ലേബലിട്ട് മുതലെടുക്കുകയായിരുന്നു. അതാണ് സത്യം. തലശ്ശേരി കലാപത്തോടനുബന്ധിച്ച് പിണറായിയിലെ പുരാതനമായ പള്ളി തകർക്കപ്പെട്ടു. സി.പി.എമ്മിന്റെ ആടിനെ പട്ടിയാക്കൽ തന്ത്രം ഇതിലും ഞങ്ങൾക്ക് കാണാനായി…

കണ്ണൂരിലെ പിണറായി പ്രദേശങ്ങൾ മാർക്‌സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമാണ്. ഇവിടെയാണ് പള്ളി തകർക്കപ്പെട്ടത്. അതാകട്ടെ മുപ്പത്താറിഞ്ച് വ്യാസമുള്ള തൂണുകളും തടിച്ച ചുമരുകളുമൊക്കെയുള്ള പഴയരീതിയിലെ ഒരു വലിയ പള്ളിയായിരുന്നു. ഒരാവേശത്തിന് വന്ന് ആർക്കെങ്കിലും പെട്ടെന്ന തകർത്തിട്ട് പോകാൻ കഴിയാത്തമട്ടിൽ ഉറപ്പുള്ള പളളി. അതിന് ചുറ്റും താമസിക്കുന്നതിലേറിയ പങ്കും മാർക്‌സിസ്റ്റ് പാർട്ടിയിൽ അംഗത്വം തന്നെയുള്ള ബീഡി തൊഴിലാളികളാണ്. ആ പ്രദേശത്ത് തന്നെ ഒരു ആർ എസ്.എസ്സുകാരനോ ജനസംഘം പ്രവർത്തകനോ ഇല്ല എന്ന് മാത്രമല്ല അവിടത്തെ പ്രാദേശിക സഹായമില്ലാതെ ഒരാളിന് അവിടെ വന്ന് ഇത്തരം ഒരു നശീകരണ പ്രക്രിയ നടത്താനുമാകില്ല….  ഇത് സംബന്ധിച്ച് പിന്നീട് അന്വേഷണം നടത്തിയ ജസ്റ്റിസ് വിനയത്തിൽ കമ്മീഷന്റെ നിഗമനവും ഇതിന് സമാനമായിരുന്നു. ഈ കലാപത്തിൽ രാഷ്ട്രീയ പരിഗണനക്കപ്പുറം എല്ലാ പേരും മതപരമായ ചേരിതിരിവോടെ പങ്കെടുത്തുവെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലെയും ആൾക്കാർ പങ്കാളികളായി എന്നും അദ്ദേഹം രേഖപ്പെടുത്തി. ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേണ്ടത്ര തുറന്നുകാണിക്കപ്പെടാത്ത ഒരു മുഖമാണ് വ്യക്തമാക്കുന്നത്. (ജീവാമൃതം 108-110)

കോൺഗ്രസ്സ് ഉൾപ്പെടെ ഭരണം കയ്യാളാനിടയുള്ള രാഷ്ട്രീയ പാർട്ടികളിലേക്ക് ആർ.എസ്.എസ്സ്. പലരീതിയിൽ നുഴഞ്ഞുകയറ്റം നടത്തി തങ്ങൾക്ക് ഉപകാരപ്പെടുന്ന പലവിധ വിക്രിയകളും നടത്താറുണ്ടെന്ന് വസ്തുത പലതവണ പറഞ്ഞിരുന്നതാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് പകൽ കോൺഗ്രസ്സും രാത്രി ആർ.എസ്.എസ്സുമായി കഴിയുന്നരുണ്ടെന്ന് ഏറ്റവുമൊടുവിൽ എ.കെ ആന്റണി വരെ പറഞ്ഞത്. ഇതേപോലെ, പകൽ മാർക്‌സിസ്റ്റും രാത്രി ആർ.എസ്.എസ്സുമായി കഴിയുന്നവർ ഉണ്ടോ എന്ന് ഇടതുപക്ഷചായ്‌വുള്ള പലരും ആശങ്കയോടെ – ദുഖത്തോടെ -ചിന്തിക്കുന്നുണ്ട്.

പിണറായിയിലെ പള്ളി തകർക്കാൻ ഇങ്ങനെയുള്ള മാർക്‌സിസ്റ്റുകാരുടെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് രാജഗോപാലിന്റെ വിവരണത്തിൽ നിന്ന് മനസിലാകുന്നത്. രാജഗോപാലിന്റെ പ്രസ്താവന മാർക്‌സിസ്റ്റ് നേതാക്കൾ എങ്ങനെ കാണുന്നുവെന്നറിയാൻ മാർക്‌സിസ്റ്റ് പാർട്ടി അനുഭാവികളിൽ പലർക്കും ആഗ്രഹമുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് മാർക്‌സിസ്റ്റ് പാർട്ടി  വർഗീയതക്ക് നേരത്തെ വളരെ എതിരായിരുന്നു. എന്നാൽ മാർക്‌സിസ്റ്റുകളിൽ ചിലരെങ്കിലും, നേതാക്കൾ ഉൾപ്പെടെ, ഇന്നെങ്ങിനെയാണ്?  മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം വളരെ വിദഗ്ധമായിക്കളിക്കുന്നതിൽ മാർക്‌സിസ്റ്റ് പാർട്ടി വളരെ ‘മിടുക്ക്’ പുലർത്തുന്നുണ്ടെന്ന ദുഖ സത്യം നല്ലവരായ മാർക്‌സിസ്റ്റുകളെങ്കിലും തിരിച്ചറിയണം.

Related Articles