Current Date

Search
Close this search box.
Search
Close this search box.

ജാതീയതക്കെതിരെ പുതുമാതൃക പണിതവര്‍

‘ജാതി ഒരു ശാപമല്ല അതൊരു സത്യമാണ്’. താന്‍ ജനിച്ച വിഭാഗത്തിന്റെ പേരാണ് അയാളുടെ ജാതി. അത് മാറ്റാന്‍ അയാള്‍ക്ക് കഴിയില്ല. മനുഷ്യനെ തിരിച്ചറിയാനുള്ള ഒരു ഘടകം എന്നതിലപ്പുറം ഒരാളുടെ അന്തസ്സിനും അഭിമാനത്തിനും ജാതി പ്രാധാന്യം വന്നാല്‍ അതൊരു ദുരന്തമാണ്. ആ ദുരിതം ഏറ്റുവാങ്ങിക്കൊരിക്കുന്ന നാടാണ് നമ്മുടേത്. കേരളത്തിന് പുറത്ത് ഈ രോഗം വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ ജാതിയുടെ പേരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം അവിടങ്ങളില്‍ കൂടുതലാണ്.

കേരളത്തിലും ജാതി ഒരു വിഷയം തന്നെയായിരുന്നു. ‘തൊട്ടുകൂടാത്തവര്‍,തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍….. ‘ എന്നൊക്കെ നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയെ കുറിച്ച് പറഞ്ഞു കേട്ടത് നമുക്കറിയാം. അതെല്ലാം ഒരു കാലത്തെ കാര്യമെന്ന് പറഞ്ഞു നാം സായൂജ്യമടയുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളിലെ സാമൂഹിക അവസ്ഥയോടാണ് പലരും കേരളത്തിലെ സാമൂഹിക അവസ്ഥയെ താരതമ്യം ചെയ്യാറ്. നമ്മുടെ സാമൂഹിക ജീവിതത്തില്‍ മറ്റുള്ള സംസ്ഥാനങ്ങളെ പോലെ ജാതി അത്രമേല്‍ വിഷയമല്ലെങ്കിലും അതൊരു സത്യമായി ഇന്നും നിലനില്‍ക്കുന്നു എന്നാണു അനുഭവം തെളിയിക്കുന്നത്.

പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ നമുക്ക് സന്തോഷം നല്‍കുന്നതാണ്. ആദി ദ്രാവിഡ വിഭാഗങ്ങളില്‍ പ്രധാന വിഭാഗമായ സാംബവര്‍ പഠിക്കുന്നു എന്ന കാരണത്താല്‍ തന്നെ ആ സ്‌കൂളിലേക്ക് മറ്റുള്ളവരുടെ കുട്ടികളെ ചേര്‍ക്കാന്‍ ആരും തയ്യാറായില്ല. അതിനെ മറികടക്കാന്‍ പലരും പലതും ചെയ്തെങ്കിലും അതൊന്നും ഫലം ചെയ്തില്ല. അത്രമേല്‍ ജാതി നമ്മുടെ സമൂഹത്തില്‍ വേരൂന്നിയിരുന്നു. പുറമേക്ക് നാം ജാതിയെ പടിക്കു പുറത്തു നിര്‍ത്തി എന്ന് വീമ്പു പറയുമ്പോഴും ജാതിയുടെ സ്വാധീനം മനസ്സുകളില്‍ ഇപ്പോഴും സജീവമാണ്. തങ്ങളുടെ കുട്ടികളെ താഴ്ന്ന കുട്ടികളുമായി ചേര്‍ന്നിരിക്കാന്‍ പോലും ജാതി സ്വാധീനം സമ്മതിച്ചില്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള സ്ഥലമാണ് പേരാമ്പ്ര. എന്നിട്ടും ഈ ഉച്ചനീചത്വം നമ്മുടെ മുന്നില്‍ ഒരു ദുരന്തമായി തന്നെ നിലകൊണ്ടു.

അവിടെയാണ് കുറച്ച് അധ്യാപകരും രക്ഷിതാക്കളും നമുക്ക് മാതൃകയാകുന്നത്. 2015 മുതല്‍ വിവിധ സന്നദ്ധ സംഘടനകള്‍ നിരന്തര പരിശ്രമം നടത്തിയെങ്കിലും പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌കൂളിനോടുള്ള അയിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കെ.എസ്.ടി.എം മുന്‍കൈയെടുത്ത് കാവുന്തറയിലും കാവുംവട്ടവുമുള്ള വിദ്യാര്‍ഥികള്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ പഠിക്കാനെത്തിയത് വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. നാലാം തരം കഴിഞ്ഞ് തുടര്‍പഠനത്തിന് പോകുന്ന സാംബവ വിദ്യാര്‍ഥികളെ ചില സ്‌കൂളുകളില്‍ അവഗണിക്കുന്നതായും പരാതി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ, ഇവര്‍ പകുതിവെച്ച് പഠനം നിര്‍ത്തുക പതിവായിരുന്നു. സ്വന്തം മക്കളെ ഇതേ സ്‌കൂളില്‍ ചേര്‍ത്താണ് അധ്യാപകരും രക്ഷിതാക്കളും മാതൃകയായത്. ജാതി ഭൂതം ഒരിക്കല്‍ നമ്മെ പുറകോട്ട് വലിച്ചതാണ്. അതിനെ തല്ലിക്കൊന്നു എന്ന് നാം വീമ്പു പറഞ്ഞു. സത്യത്തില്‍ ജാതി പുറമെയുള്ളതിനേക്കാള്‍ ശക്തമായി ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് വേണം ഊഹിക്കാന്‍.

ജാതിയുടെ പേരില്‍ ജീവന്‍ നഷ്ടമാകുന്ന വാര്‍ത്തകള്‍ നമ്മുടെ നാട്ടില്‍ നിന്നും നാം വായിച്ചു കൊണ്ടിരിക്കുന്നു. അവിടെ സമൂഹം അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയ കുട്ടികളുടെ കൂടെ തങ്ങളുടെ കുട്ടികളെ ഇരുത്താന്‍ മനസ്സ് കാണിച്ചവരുടെ ആദര്‍ശത്തെ നാം കാണാതെ പോകരുത്. എന്തൊക്കെ പറഞ്ഞാലും ആദര്‍ശം സ്വജീവിതത്തില്‍ കാണിക്കാന്‍ കഴിയുക എന്നത് പ്രയാസകരമാണ്. ഇന്ത്യയുടെ ഭരണഘടനാ ശില്‍പി പോലും അനുഭവിച്ച കാര്യമാണ് സാമൂഹിക ഒറ്റപ്പെടുത്തല്‍. അതും ജാതിയുടെ പേരില്‍. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് നമ്മുടെ ചിന്തയും ബുദ്ധിയും നീണ്ടെങ്കിലും ജനിച്ചു പോയതിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്ന ദുരന്തത്തില്‍ നിന്നും നമ്മുടെ മനസ്സുകള്‍ ഭൂമിയില്‍ നിന്നും പാതാളത്തിലേക്കാണ് തിരിച്ചു പോയത്.

Related Articles