Current Date

Search
Close this search box.
Search
Close this search box.

‘എനിക്ക് രണ്ട് പെണ്‍മക്കളാണ്, അവര്‍ ജമ്മുവിലേക്കാള്‍ സുരക്ഷിതര്‍ ശ്രീനഗറിലാണ് ‘

കാശ്മീർ പ്രശ്നം ഒരിക്കലും ഒരു സാമുദായിക പ്രശ്നമായിരുന്നില്ല. ഒരു രാഷ്ട്രീയ പ്രശ്നമാണത്. ബാബരി മസ്ജിദ് തകർച്ച, ഗുജറാത്ത് ബോംബെ കലാപങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുപോലും ഇന്നേവരെ വർഗീയ കലാപങ്ങൾ നടക്കാത്ത ഒരു സംസ്ഥാനമാണ് കാശ്മീർ .

ഇന്നും ശ്രീനഗറിൻ്റെ ഹൃദയഭാഗത്തുള്ള ഗുരുദ്വാരയും ക്ഷേത്രവും മസ്ജിദുകളും പ്രാർത്ഥനക്കായി തുറക്കപ്പെടുന്നു.

ബിജെപിക്കാരനായ ഗവർണർ ജഗ് മോഹൻ്റെ നയനിലപാടുകളാണ് പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്കിനു ഒരു മുഖ്യ കാരണമെന്നു പറയപ്പെടുന്നു.
മുസ്ലിംകൾക്കെതിരെ സൈനിക നടപടിയെടുക്കുമ്പോൾ, അവർക്കിടയിൽ ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് ഒരു പ്രയാസവും ഉണ്ടാകരുതെന്ന വംശീയ ചിന്തയാണതിൻ്റെ പ്രേരകമായത്. അതോടൊപ്പം, ബിജെപിയെ സംബന്ധിച്ചെടുത്തോളം കാശ്മീറിനെ ഒരു സാമുദായിക വർഗീയ പ്രശ്നമായി എടുക്കുവാനും തങ്ങൾക്കനുകൂലമായി രാഷ്ട്രീയ നേട്ടമുണ്ടാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗവും. ( നമുക്കറിയാവുന്ന പോലെ, ഇന്ന് പല കാര്യങ്ങളിലും അവർ സ്വീകരിക്കുന്ന സമീപനം ഇത്തരത്തിലുള്ളതാണല്ലോ).

1990 മേയ് 20 മുതൽ 25, 28 തീയതികളിൽ മാതൃഭൂമി ദിന പത്രത്തിൽ അവരുടെ ഡൽഹി ലേഖകനായ എൻ. അശോകൻ
“സംഘർഷത്തിൻ്റെ താഴ് വരകളിലൂടെ ” എന്ന പേരിൽ 7 ലക്കങ്ങളിലായി ഒരു പരമ്പര എഴുതിയിട്ടുണ്ട്.
അതിൽ കാശ്മീർ പ്രശ്നവും സാമുദായിക സൗഹാർദവും പണ്ഡിറ്റുകളുടെ പലായനവുമെല്ലാം വിശദീകരിച്ചിട്ടുണ്ട്.

അദ്ദേഹം എഴുതുന്നു: “1990ലെ റംസാൻ കാലത്ത് കർഫ്യൂ മൂലം ജനജീവിതം സ്തംഭിച്ചെങ്കിൽ 89 ലെ റംസാൻ സമയത്ത് തീവ്രവാദികളുടെ ബന്ദ് ആയിരുന്നു. പക്ഷേ അവർ ഹിന്ദുക്കളുടെ ദീപാവലിക്കും ശിവരാത്രിക്കും കടകൾ അടപ്പിച്ചില്ല. ദീപാവലിക്ക് മൂന്നു ദിവസം മുമ്പാണ് ബന്ദവസാനിപ്പിച്ച് കടകൾ തുറന്നത്. (ലേഖനം 4 ൽ നിന്ന്).

…..1987 ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ അട്ടിമറിയാണ് പ്രശ്നം വഷളാക്കിയത്.

“ഇക്കഴിഞ്ഞ ശിവരാത്രിക്ക് രണ്ടു ദിവസം മുൻപ് വരെ ഏതാനും ദിവസങ്ങൾ ബന്ദായിരുന്നു. കാശ്മീരിലെ കടകളെല്ലാം അടഞ്ഞുകിടന്നു. എന്നാൽ ശിവരാത്രിക്ക് ഹിന്ദുക്കൾ ബുദ്ധിമുട്ടരുതെന്ന് jklf ന് നിർബന്ധമായിരുന്നു. കടകളെല്ലാം തുറക്കാൻ അവർ ആഹ്വാനം ചെയ്തു. ആവശ്യത്തിന് ആട്ടിറച്ചിയും മറ്റും രാജസ്ഥാനിൽ നിന്നുവരെ എത്തിക്കാൻ തീവ്രവാദി പ്രവർത്തകർ തന്നെ മുൻകൈയെടുത്തു. എത്ര റംസാൻ കാലം കർഫ്യൂകളും ബന്ദുകളുമായി അലങ്കോലപ്പെട്ടു എന്ന് ഓർക്കേണ്ടതുണ്ട്. അതേസമയം തങ്ങളുടെ ഹിന്ദു സഹോദരങ്ങൾക്ക് ഇറച്ചി എത്തിക്കാൻ തീവ്രവാദികൾ തന്നെ മുൻകൈയെടുത്തു എന്നത് കാശ്മീരിലെ മതസൗഹാർദ്ദത്തെ വെളിവാക്കുന്നതാണ്.

എന്താണ് ആട്ടിറച്ചിക്ക് ഇത്ര പ്രാധാന്യം എന്നു തോന്നാം. ആട്ടിറച്ചി കാശ്മീരിൽ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. കാശ്മീരി പണ്ഡിറ്റുകൾ ബ്രാഹ്മണരാണെന്നാലും ഇന്ത്യയിലെ മറ്റ് ബ്രാഹ്മണരിൽ നിന്ന് വ്യത്യസ്തരാണ്. അവർ മദ്യവും മാംസവും കഴിക്കുന്നവരാണ്. സസ്യഭുക്കുകൾ പോലും സസ്യേതര ആഹാരം കഴിക്കേണ്ട പുണ്യദിനമാണ് കാശ്മീരികൾക്ക് ശിവരാത്രി.

എത്രയും കടുത്ത ഒരു സമരം നടക്കുമ്പോഴും പണ്ഡിറ്റ് കൾക്ക് വേണ്ടി തീവ്രവാദികൾ വിട്ടുവീഴ്ച ചെയ്തു എന്നത് ചെറിയ കാര്യമല്ല.

ഒന്ന് രണ്ട് വെടിവെപ്പുകളിൽ ചില കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അവർ കൂട്ടത്തോടെ ഒഴിച്ചു പോക്ക് തുടങ്ങിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിൽ നടത്തിയ ജെ കെ എൽ എഫ് പ്രകടനത്തിനുനേരെ പോലീസ് വെടി വെച്ചപ്പോൾ മരിച്ചവരിൽ ഒരു പണ്ഡിറ്റ് യുവാവും ഉണ്ടായിരുന്നു. പല പ്രകടനങ്ങളിലും നേരത്തെ പണ്ഡിറ്റ് യുവാക്കൾ ഉണ്ടായിരുന്നു.

പണ്ഡിറ്റുകൾ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയപ്പോൾ പലയിടത്തും തീവ്രവാദി പ്രവർത്തകരടക്കമുള്ള മുസ്ലീങ്ങൾ ട്രക്കുകൾക്കു മുമ്പിൽനിന്ന്, പോകരുത് എന്ന് കേണപേക്ഷിക്കുകയുണ്ടായി.

തീവ്രവാദി സംഘടനാ നേതാക്കൾ പലരും പത്രങ്ങളിലൂടെ അഭ്യർത്ഥന പുറപ്പെടുവിച്ചു: പണ്ഡിറ്റുകൾ കാശ്മീർ വിടരുത്. വിട്ടവർ തിരിച്ചു വരണം. അവർക്ക് ഒരു അപകടവും വരില്ല. എന്നാൽ ഹിസ്ബുൾ മുജാഹിദീനെപ്പോലുള്ള തീവ്രവാദി സംഘടനകൾ, ഹിന്ദുക്കൾ മൊത്തത്തിൽ കാശ്മീർ വിട്ടു പോകണമെന്നാവശ്യപ്പെട്ടിരുന്നില്ല. കാശ്മീരികളെ ദ്രോഹിക്കുന്നതിന് കൂട്ടുനിൽക്കുന്ന ഹിന്ദുക്കൾ കാശ്മീർ വിട്ടു പോകണം എന്നേ പറഞ്ഞുള്ളൂ.

പല പണ്ഡിറ്റുകളും അവരുടെ വീടും ഭൂമിയും എല്ലാം അയൽക്കാരായ മുസ് ലിംകളെ ഏൽപിച്ചിട്ടാണ് പോയത്.

പഞ്ചാബിലെ തീവ്രവാദികളെപ്പോലെ ഹിന്ദുക്കൾക്കെതിരായി കേന്ദ്രീകരിച്ച ആക്രമണങ്ങൾ ഒട്ടും ഉണ്ടായിട്ടില്ല. പലരും കൊല്ലപ്പെടുന്നതിനിടയിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടു എന്ന് മാത്രം.

പരമ്പരാഗതമായി കാശ്മീർ താഴ്വരയിൽ മുസ് ലിംകൾക്ക് പണ്ഡിറ്റുകളെ വലിയ ബഹുമാനമാണ്. ‘നമസ്കാരം മഹാരാജ’ എന്നുപറഞ്ഞാണ് ഹിന്ദുവിനെ സംബോധന ചെയ്യുന്നത് തന്നെ. ഇരുവിഭാഗവും തമ്മിൽ പൊതുവായി വലിയ വ്യത്യാസമില്ല. ഹിന്ദു രാവിലെ കാവയും രാത്രി ഉപ്പുചായയും കഴിക്കുമെങ്കിൽ മുസ്ലിം രാവിലെ ഉപ്പുചായയും വൈകുന്നേരം കാവയും കഴിക്കും എന്ന വ്യത്യാസം മാത്രം.

പണ്ഡിറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടും കുറേപേർ ഇപ്പോഴും താഴവരയിലുണ്ട്. കാശ്മീർ താഴ്വരയിൽ അവർക്ക് ഒരു കുഴപ്പവുമില്ല എന്നാണ് എ ടി യു പി ജനറൽ സെക്രട്ടറി വാഞ്ചു പറഞ്ഞത്. എനിക്ക് രണ്ട് പെൺമക്കളാണുള്ളത്. അവർ ജമ്മുവിലേക്കാൾ ശ്രീനഗറിലാണ് സുരക്ഷിതർ. അവരെ ശ്രീനഗറിൽ ആരും ബലാത്സംഗം ചെയ്യില്ല. ജമ്മുവിലോ ദില്ലിയിലോ എനിക്കത് ഉറപ്പിക്കാൻ സാധ്യമല്ല. (ലേഖനം – 6 ൽ നിന്ന്).

പിന്നെ എന്താണ് പണ്ഡിറ്റുകൾ കൂട്ടത്തോടെ താഴ്വരയിൽ നിന്ന് ഒഴിച്ചു പോകാൻ കാരണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ബിജെപിയുടെ കുതന്ത്രം ആണോ? മുസ്ലിംകൾ പലരും പറയുന്നത്, വലിയ തോതിലുള്ള ദുരിതാശ്വാസവും തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ജോലിയും വാഗ്ദാനം ചെയ്താണ് അവർ കൊണ്ടുപോയത് എന്നാണ്. എന്നാലും ജന്മഭൂമി വിട്ടെറിഞ്ഞു പോകുക ഒരു ചെറിയ കാര്യമല്ല. എന്തോ ഒരു വലിയ ഗൂഢാലോചന നടന്നിരിക്കുന്നു.” (ലേഖനം – 6 ൽ നിന്നും) (കേരളാ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പത്രത്തിൻ്റെ ഫോട്ടോ കോപ്പി ലഭിക്കും).

**
വർഷങ്ങൾ കഴിയുമ്പോൾ, ഏതു സംഭവങ്ങളിലും നിക്ഷിപ്ത താല്പര്യക്കാർ പുതിയവ കൂട്ടിച്ചേർക്കും. ‘മതം മാറുക, പലായനം ചെയ്യുക, കൊല്ലപ്പെടുക ‘ എന്ന് പോസ്റ്റർ പ്രക്ഷോഭകാരികൾ പതിച്ചതായി ഇപ്പോ‌ൾ പറയുന്നത് അതിലൊന്നാണ്. കാരണം, ഇപ്പോഴും 800 കുടുംബങ്ങൾ സുരക്ഷിതരായി അവിടെ കഴിയുന്നുവെന്ന് അടുത്ത വാചകത്തിൽ പറയുകയും ചെയ്യുന്നു. വൈകാരികമായി, വംശീയമായി പ്രശ്നങ്ങളെ വിലയിരുത്തുന്നതിനു പകരം നിഷ്പക്ഷമായി സത്യസന്ധതയോടെ വിശകലനം ചെയ്യാൻ ശ്രമിക്കുക. സമാധാനം നിറഞ്ഞ ഒരു അവസ്ഥ ആ സംസ്ഥാനത്ത് ഉണ്ടാകട്ടെ എന്നും എന്നെന്നും നമ്മോടൊപ്പം നമ്മുടെ അഭിമാനമായി കാശ്മീർ നിലനിൽക്കട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം, അതിനായി പരിശ്രമിക്കാം. ഈശ്വരൻ തുണക്കട്ടെ.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles