Current Date

Search
Close this search box.
Search
Close this search box.

കാശ്മീരികള്‍ക്കെതിരെയുള്ള ആക്രമണവും സുപ്രീം കോടതി ഇടപെടലും

file

കുറ്റവാളിയുടെ മനുഷ്യാവകാശം എന്നത് കേരളം കൂടുതല്‍ ചര്‍ച്ച ചെയ്ത കാര്യമാണ്. കുറ്റം ചെയ്തു എന്നത് കൊണ്ട് അയാളുടെ അവകാശങ്ങള്‍ നഷ്ടമാകാന്‍ പാടില്ല എന്ന് നമ്മുടെ ഭരണഘടന പറയുന്നു. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. അത് അയാളുടെ മനുഷ്യാവകാശങ്ങള്‍ അവഗണിച്ചു കൊണ്ടാകരുത് എന്ന് മാത്രം.

കാശ്മീര്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ പേരാണ്. കേരളീയര്‍ എന്നത് പോലെ നാമവരെ കാശ്മീരികള്‍ എന്ന് വിളിക്കും. കാശ്മീര്‍ ഇന്ത്യക്ക് എന്നും തലവേദനയാണ്. ഇന്ത്യയെ ഒരു ഉടലായി ചിത്രീകരിച്ചാല്‍ തലയുടെ ഭാഗത്ത് തന്നെയാണു കാശ്മീര്‍ നിലനില്‍ക്കുന്നതും. കാശ്മീരിലെ നിയന്ത്രണം പലപ്പോഴും നമുക്ക് നഷ്ടമാകാറുണ്ട്. അവിടെ കൊല്ലപ്പെടുന്നത് ഒന്നുകില്‍ ജവാന്മാര്‍ അല്ലെങ്കില്‍ കാശ്മീരികള്‍. അടുത്തിടെ അവിടെ നടന്ന അക്രമത്തിന്റെ പ്രതിയും കാശ്മീരിയാണ് എന്നത് കൊണ്ട് ദേശവ്യാപകമായി കാശ്മീരികള്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ നാം കണ്ടു വരുന്നു. കോണ്‍ഗ്രസ് നേതാവ് ചിദംബരം ഈ വിഷയകമായി ഇന്നലെ നടത്തിയ അഭിപ്രായം നാം വായിച്ചതാണ്. കാശ്മീര്‍ വസ്തുക്കള്‍ ബഹിഷ്‌കരിക്കാനും കാശ്മീരിലേക്ക് സന്ദര്‍ശനം നടത്തുന്നത് അവാനിപ്പിക്കാനും മേഘാലയ ഗവര്‍ണ നടത്തിയ അഭിപ്രായം എല്ലാ മേഖലകളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിടുണ്ട്. ബി ജെ പി ബംഗാള്‍ ഘടകം നേതാവായിരുന്ന ഒരാളില്‍ നിന്നും അതിലും കൂടുതല്‍ നാം പ്രതീക്ഷിക്കരുത്.

കാശ്മീര്‍ മാത്രമല്ല കാശ്മീരികളും നമ്മുടെ കൂടെയുണ്ടാവണം എന്നതാണ് യതാര്‍ത്ഥ ഇന്ത്യക്കാരന്‍ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ നിരപരാധികളായ കാശ്മീരികളെ ആക്രമിക്കുക എന്നതു ഫലത്തില്‍ ഭീകരരെ സഹായിക്കലാണ്. കള്ളന്‍ കയറിയ വീട്ടുകാരെയും നാം കള്ളന്‍ എന്ന് വിളിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ കാശ്മീരില്‍ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും ഭീകര പ്രവര്‍ത്തനം നടന്നിട്ടുണ്ട്. നാമാരും ആ സംസ്ഥാനങ്ങളെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്ത് കൊണ്ട് കാശ്മീര്‍ എന്നതിന് കൃത്യമായ ഉത്തരവും നമ്മുടെ മുന്നിലുണ്ട്. അത് കാശ്മീരികളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

ഇന്ത്യ മുഴുവന്‍ അത്തരം ഒരു ഫാസിസ്റ്റ് വിരുദ്ധ വികാരം കാശ്മീര്‍ വിഷയത്തില്‍ ഉയര്‍ന്നു വരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കാശ്മീരി കച്ചവടക്കാരെയും വിദ്യാര്‍ഥികളെയും ആക്രമിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നു. കോണ്‍ഗ്രസ്-സി പി എം പോലുള്ള ദേശീയ പാര്‍ട്ടികള്‍ അതേറ്റു പിടിക്കുകയും ചെയ്യുന്നു. ഇന്ന് സുപ്രീം കോടതി കേന്ദ്രത്തോടും പത്തു സംസ്ഥാനങ്ങളോടും കാശ്മീരികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയും സാമൂഹിക ബഹിഷ്‌കരണം നടത്തുന്നവര്‍ക്കെതിരെയും നിയമ നടപടിയുടെക്കാന്‍ ശക്തമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അപ്പോള്‍ ഒരു കാര്യം ഉറപ്പാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ നിരപരാധികളായ കാശ്മീരികള്‍ പലയിടത്തും പീഡിപ്പിക്കപ്പെടുന്നു. അത് തന്നെയാണു കേരളത്തില്‍ ചില വിദ്യാര്‍ഥികള്‍ പറഞ്ഞതും. മലപ്പുറത്ത് ചില വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പോസ്റ്റര്‍ വിവാദമായിരിക്കുന്നു. ‘കാശ്മീരികള്‍ക്ക് എതിരെയുള്ള സംഘ പരിവാര്‍ ആക്രമത്തില്‍ പ്രതിഷേധിക്കുക’ എന്നതാണ് ആ പോസ്റ്റര്‍. അങ്ങിനെ ഒന്നുണ്ട് എന്ന് കോണ്‍ഗ്രസും സി പി എമ്മും പറഞ്ഞു. ഇപ്പോള്‍ സുപ്രീം കോടതിയും പറഞ്ഞു. എന്നിട്ടും എന്ത് കൊണ്ട് കേരള പോലീസിനു മനസ്സിലായില്ല എന്നതാണ് ചോദ്യം. കേരള സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നാണു വാര്‍ത്ത. അവരുടെ രാഷ്ട്രീയവും മതവും നമുക്കറിയില്ല. പക്ഷെ അവര്‍ പറഞ്ഞതിലെ ശരി നമുക്കറിയാം.

കാശ്മീര്‍ എന്ന് കേള്‍ക്കുമ്പോഴും മലപ്പുറം എന്ന് കേള്‍ക്കുമ്പോഴും സംഘ പരിവാരിനു അരിശം വരണം. അത് അവരുടെ ജനിതകപ്പശകാണ്. അതെ സമയം മതേതര പാര്‍ട്ടികള്‍ക്ക് ആ അനുഭവം വരാന്‍ പാടില്ല. കേരളത്തില്‍ എന്തും ഇന്ത്യയില്‍ നിന്നും ഭിന്നമാണ്. കാശ്മീര്‍ വിഷയത്തിലും അത് തന്നെയാണോ എന്നറിയില്ല. നമ്മുടെ നിലപാട് കൃത്യമാണ്. നമുക്ക് കാശ്മീര്‍ വേണം. കാശ്മീരികളുള്ള കാശ്മീര്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഉയര്‍ത്തിയവര്‍ തന്നെ കശ്മീരികളെ തള്ളിപ്പറയുന്നത് കൗതുകം ജനിപ്പിക്കുന്നു. ചരിത്രം അറിയുന്നവര്‍ക്ക് കാര്യം മനസ്സിലാവും. കുറ്റവാളികളുടെ മാനുഷിക പരിഗണനയെങ്കിലും കാശ്മീരികള്‍ക്ക് നല്‍കണം എന്നെ ഇപ്പോള്‍ പറയാന്‍ കഴിയൂ.

Related Articles