Current Date

Search
Close this search box.
Search
Close this search box.

മുസ്‍ലിം വിരുദ്ധതയെ ചോദ്യം ചെയ്യുന്ന ഫലസ്തീൻ ജൂത വിഭാഗങ്ങൾ

പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് മദീനയിൽ മുസ്ലിം ജൂത സാമൂഹിക ഇടപെടലുകളുടെ നിരവധി സന്ദർഭങ്ങൾ കാണാവുന്നതാണ്. മദീന എന്ന രാഷ്ട്രം പടുത്തുയർത്താൻ അവിടത്തെ ജൂതരുമായി കരാറിലേർപെട്ട പ്രവാചകനെ നിരാശനാക്കിക്കൊണ്ടും കരാറുകൾ ലംഘിച്ചും ശത്രുക്കളുമായി സന്ധിചെയ്തും ഇസ്ലാമിനെ ചതിച്ചവർ അക്കൂട്ടത്തിലുണ്ട്. കുതന്ത്രശാലികളും മുസ്ലിംകളെ തകർക്കാനും ഇല്ലാതാക്കാനും തക്കം പാർത്തിരുന്നവരുമായ ചില ജൂതന്മാർ പ്രവാചകനെ വധിക്കാൻ വരെ തുനിഞ്ഞിരുന്നു. ഇവരെയാണ് പ്രവാചകൻ മുഹമ്മദ് (സ) ഏറെ തന്ത്രപൂർവ്വം നേരിടുകയും വിജയിക്കുകയും ചെയ്‍തത്.

ജൂതൻമാരുടെ മുസ്ലിം വിരുദ്ധ നിലപാട് ഒരിക്കലും മതാധിഷ്ഠിതമായിരുന്നില്ല എന്നതാണ് ശരി. അതിന് പിന്നിൽ രാഷ്ട്രീയവും സാമ്പത്തികവുമായ പലകാരണങ്ങളും കാണാനും കഴിയും. അത്തരം നഷ്ടങ്ങളായിരുന്നല്ലോ മുനാഫിഖുകളുടെ നേതാവായി നിലകൊണ്ട അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ ജീവിതം. എന്നാൽ , ജൂതമതത്തിൽ അഗാധ ജ്ഞാനമുള്ളവരും, ഒരു പ്രവാചകന്റെ ആഗമനത്തിനായി കാത്തിരുന്നവരും വേഗത്തിൽ ഇസ്ലാമിൽ വന്നണഞ്ഞിരുന്നുവെന്നതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ഇബ്നുൽ അഹ്ബാറും അബ്ദുല്ലാഹ് ഇബ്നു സലാമും ഉദാഹരണങ്ങളാണ്.

മദീനയിൽ ഇരുകൂട്ടരും തമ്മിൽ ഏർപ്പെട്ടിരുന്ന കരാറുകൾ പൊളിക്കാൻ നിരന്തരം ശ്രമിച്ചിരുന്ന ചില ജൂതന്മാരും ഉണ്ടായിരുന്നു. ചില റബ്ബിമാർ മുഹമ്മദ് പ്രവാചകനല്ലെന്നും, പ്രവാചകൻ കയ്യിൽ വാളേന്തി വരില്ലെന്നും ദുർവ്യാഖ്യാനങ്ങൾ നടത്തി വലിയ ആശയ കുഴപ്പങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. പിന്നീട് ഇസ്ലാമിന്റെ വ്യാപനം സജീവമാവുകയും വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുകയും ചെയ്തപ്പോൾ ഹെർക്കുലീസിന്റെ പീഡനങ്ങൾക് ഇരയായിരുന്ന ജൂതർക് ഇസ്ലാം ഒരു രക്ഷാമാർഗമാവുകയും ചെയ്തു.

ഒരുപാട് പഴയ പ്രവചനങ്ങളുടെ പുലർച്ചയാണ് മുഹമ്മദിന്റെയും അറബികളുടെയും ആഗമനമെന്ന് വിശ്വസിച്ച ജൂത റബ്ബികളും അക്കാലത്തുണ്ടായിരുന്നു. അക്കാലത്ത് എഴുതപ്പെട്ട ഒരു രേഖയിൽ റബ്ബി ഷിമോൺ ബി യോഹായ് ഒരു മാലാഖയെ അഭിമുഖീകരിക്കുന്ന രംഗം വിശദീകരിക്കുന്നുണ്ട്. റോമൻ ആക്രമണങ്ങളിൽ നിരാശ പൂണ്ട റബ്ബി മാലാഖയോട് ഇസ്ലാമിന്റെ ആഗമനത്തെ കുറിച്ചാണ് ചോദിക്കുന്നത്, “ദൈവം അറേബ്യൻ ഭരണകൂടത്തെ ഹീനരായ(റോമാക്കാർ )വരിൽ നിന്നും രക്ഷ നേടാനാണ് അയച്ചിട്ടുള്ളത്, അവർ നിങ്ങൾക് വേണ്ടി രാജ്യങ്ങൾ കീഴടക്കും” എന്നായിരുന്നു മാലാഖയുടെ മറുപടി. സംഭവത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിൽ കൂടി ജൂതന്മാർക്കിടയിലെ ഇസ്ലാമിക അനുകൂലികളുടെ സ്വഭാവം ഇതിൽ നിന്നും മനസ്സിലാക്കാം.

മറ്റു രാഷ്ട്ര സാമ്രാജ്യങ്ങളിൽ നിന്നും വിപരീതമായി ഇസ്ലാമിക ചരിത്രത്തിലുടനീളം ജൂതന്മാർക് സമാധാന പൂർണവും സഹവർതിത്വപരവുമായ സമീപനങ്ങൾ സ്വീകരിച്ചതിനു ഉദാഹരണങ്ങൾ കാണാം. ഉമർ (റ) യിൽ തുടങ്ങി അന്ദലുസിൽ മുസ്ലിംകൾക് കീഴിൽ അവർ ആസ്വദിച്ച വൈജ്ഞാനിക മുന്നേറ്റങ്ങളും ഉമയ്യ ഭരണകൂടവും സലാഹുദ്ധീൻ അയ്യൂബിയും ഓട്ടോമൻ ഭരണകൂടത്തിന് കീഴിലെ സഹവർതിത്വവും അതിന്റെ തെളിവുകളാണ്.

സയണിസത്തിന്റെ കടന്നുവരവിന് മുമ്പ് ജൂതന്മാരിൽ ഇസ്ലാമിനോട് വിദ്വേഷം പുലർത്തിയിരുന്നവരും സഹവർതിത്വത്തിലായിരുന്നവരും ഉണ്ടായിരുന്നു. പക്ഷെ സയണിസം ഇസ്ലാമിനോടുള്ള വിദ്വേഷത്തെ ഇരട്ടിപ്പിക്കുകയും ത്രീവ ജൂതായിസം രൂപം കൊള്ളുകയുമുണ്ടായി. സ്വാഭാവികമായി തന്നെ ജൂത മത നിയമങ്ങളോട് യോജിച്ചുവരാത്ത സയണിസ്റ് ആശയത്തെ നഖശിഖാന്തം എതിർക്കാൻ ജൂതന്മാരിൽ നിന്നു തന്നെയുള്ള വിഭാഗങ്ങൾ തുനിഞ്ഞിറങ്ങുകയുണ്ടായി. അവരിൽ പ്രധാനപ്പെട്ട രണ്ട് ഗ്രൂപ്പുകളാണ് സാറ്റ്മാർ , നെറ്ററി കാർട്ട എന്നിവ. ജൂത മതത്തിലെ തീവ്ര പരിഷ്കർത്താക്കളും അൾട്രാ ഓർത്തൊഡോക്സ് വിഭാഗവും സയണിസ്റ്റ് വിരുദ്ധ ശബ്ദം ഉയർത്താൻ തുടങ്ങി. പരിഷ്കാരികളിൽ പെട്ട നെറ്ററി കാർട്ട ഇസ്റാഈൽ എന്ന രാജ്യത്തിന്റെ ഉന്മൂലനം ലക്ഷ്യം വെച്ച് രാജ്യത്തിന്റെ കടുത്ത ശത്രുക്കളോട് സൗഹൃദം സ്ഥാപിക്കാൻ വരെ തയ്യാറായി. ഹോളോകാസ്റ്റിൻറെ കാരണക്കാർ സയണിസ്റ്റ് നേതാക്കൾ തന്നെയാണന്ന് വാദിച്ച് ഹോളോകാസ്റ്റ് നിഷേധിച്ച് കൊണ്ടുള്ള അന്തർ ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നതോടൊപ്പം ഹമാസിനും പി.എൽ.ഒ ക്കും  ബി.ഡി.എസിനും ശക്തമായ പിന്തുണ നൽകാനും ഇവർ രം​ഗത്തുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് ശേഷവും പ്രസ്തുത വിഭാഗം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രചരണം നടത്തിയിരുന്നു. നവംബർ രണ്ടിന് നെറ്ററി കാർട്ട പുറപ്പെടുവിച്ച സ്റ്റേറ്റ്മന്റ് ഇങ്ങനെയായിരുന്നു: ഇസ്റായേൽ എന്ന രാജ്യവും സയണിസ്റ്റ് ആശയവും നിരപരാധികളായ ഒരുപാട് അറബികളുടെയും ജൂതന്മാരുടെയും രക്തം ചിന്തുന്നതിന് കാരണമായിരിക്കുന്നു. ഇപ്പോൾ നടക്കുന്ന ഈ യുദ്ധവും സയണിസം വിതച്ച് കൊണ്ടിരിക്കുന്ന രക്തക്കറ പറ്റിയ വിത്തുകളുടെ നേർക്കാഴ്ചയാണ്.

സയണിസ്റ്റ് വിരുദ്ധത സെമിറ്റിക് വിരുദ്ധതയാണെന്ന വാദത്തെ നിരന്തരം എതിർത്തു കൊണ്ടും സയണിസ്റ്റ് വിരുദ്ധ ജൂതന്മാരായി സ്വയം പരിചയപ്പെടുത്തുന്ന ജൂതന്മാർ നിലനിൽക്കെ ആ വാദം പൊള്ളയാണെന്നും തെളിയിക്കുകയാണ് നെറ്ററി കാർട്ട റബ്ബിമാർ. ഇപ്പോഴത്തെ കൂട്ടനശീകരണം തുടങ്ങിയതിന് ശേഷം ഫലസ്തീൻ ഐക്യദാർഡ്യ പ്രക്ഷോഭങ്ങൾക്കായി ഒരുപാട് ജൂത റബ്ബിമാർ മുന്നിട്ട് വന്നിരുന്നു. അവരിൽ പലരും ഈ വിഭാഗത്തിൽ പെട്ടവരുമാണ്.

ഫലസ്തീനിൽ നൂറ്റാണ്ടുകളോളമായി ജീവിച്ച് പോരുന്ന ഇവർ പരമ്പരാഗത ജൂത വിശ്വാസികളാണ്. ഹറേദി ജൂത വിഭാഗത്തിൽ പെട്ട ഇവർ പഴയ യിഷുവിന്റെ സത്യസന്ധരായ പിന്മുറക്കാരായാണ് സ്വയം പരിചയപ്പെടുത്തുന്നത്. പഴയ യിഷുവിലെ ഭൂരിഭാഗം പേരും തങ്ങളെ ഹരേഡിയായാണ് പരിചയപ്പെടുത്തുന്നത്. യെശയ്യാവ് 66:2 പുസ്തകത്തിൽ കാണുന്ന ഹാർഡ് എന്ന പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആധുനിക ഹീബ്രു നാമവിശേഷണമാണിത്. മതപരമായ ആചാരങ്ങളിൽ അങ്ങേയറ്റം കർക്കശക്കാരായ യഹൂദന്മാരെ പരാമർശിക്കുന്ന ഈ പദം ‘ദൈവവചനത്താൽ വിറയ്ക്കുന്നവൻ’ എന്ന് വിവർത്തനം ചെയ്യാവുന്നതാണ്.

1840 മുതൽ (അതായത്, ഈജിപ്ഷ്യൻ ഭരണത്തിൽ നിന്ന് ഒട്ടോമൻ സാമ്രാജ്യം പലസ്തീനെ വീണ്ടെടുത്ത സമയം മുതൽ) പലസ്തീനിലെ ജൂത സമൂഹം വർധിത വേഗതയിൽ വികസിക്കാൻ തുടങ്ങി. അക്കാലത്ത്, ഏകദേശം പതിനായിരത്തോളം യഹൂദന്മാർ രാജ്യത്ത് താമസിച്ചിരുന്നു. പ്രധാനമായും ജറുസലേം, ഹെബ്രോൺ, സഫേദ്, തിബീരിയാസ് എന്നീ നാല് വിശുദ്ധ നഗരങ്ങളിലായിരുന്നു അവരുണ്ടായിരുന്നത്.
പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ദീർഘകാല മതപരമായ ആഗ്രഹങ്ങളും യൂറോപ്പിൽ നിന്ന് വീശിയ കുടിയേറ്റത്തിന്റെ പുതിയ കാറ്റുകളും ജൂത സമൂഹത്തിന്റെ നവീനവും ഊർജ്ജസ്വലവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളായിരുന്നു.

1914-ൽ ഒന്നാം ലോകയുദ്ധത്തിന്റെ മുമ്പ് രാജ്യത്ത് 86,000 ജൂതന്മാരാണുണ്ടായിരുന്നു. കിഴക്കൻ പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് കുടിയേറ്റക്കാർ വന്നത്. പുണ്യഭൂമിയിൽ ജീവിക്കാനും തങ്ങളുടെ ജീവിതം മതപരമായ കടമകൾക്കായി സമർപ്പിക്കലുമായിരുന്നു പ്രധാനമായും അവരുടെ ലക്ഷ്യം. അവർ പഴയ യിഷുവിലെ ജനങ്ങൾ എന്നറിയപ്പെട്ടു. 1882 മുതൽ ചിലർ പുതിയ ദേശീയ ആശയങ്ങളുമായി എത്തി. അവർ സ്ഥാപിച്ച പുതിയ കോളനികളിലോ ജാഫയിലോ ഹൈഫയിലോ സ്ഥിരതാമസമാക്കിയവരെയാണ് ന്യൂ യിഷുവ് എന്ന് വിളിക്കുന്നത്.

വളരെ കുറഞ്ഞ ജനസംഖ്യയുണ്ടായിരുന്ന ഹരേഡി ജൂതന്മാർ പ്രധാനമായും ജറൂസലേമിലാണ് വസിക്കുന്നത്. ന്യൂയോർക്കിലും ലണ്ടനിലും ഇവരുടെ സാന്നിധ്യമുണ്ട്. എന്നിട്ടും ഇന്ന് വരെയുള്ള ജൂത – സയണിസ്റ്റ് ബന്ധത്തെ പറ്റിയുള്ള നിരന്തര ചർച്ചകളിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താനായി എന്നുള്ളതാണ് ഇവരുടെ വിജയം. കഴിഞ്ഞ ചില വർഷങ്ങളിൽ ഐ.ഡി.എഫിലേക്കുള്ള നിർബന്ധിത സൈനിക സേവനത്തിൽ കുപിതരായി നറ്ററി കാർട്ടയിലെ തീവ്ര വിഭാഗങ്ങൾ വ്യാപക പ്രതിഷേധങ്ങളിൽ വ്യാപൃതരാണ്. സൈനിക സേവനത്തിന് യോഗ്യരായവർ വിരളമായിരുന്നത് കൊണ്ട് ഇസ്റായേൽ രാജ്യം സ്ഥാപിതമായ കാലത്ത് യെശിവ വിദ്യാർത്ഥികൾക്ക് സേവനത്തിൽ നിന്ന് ഇളവ് നൽകപ്പെട്ടിരുന്നെങ്കിലും പിന്നീടുള്ള ദശകങ്ങളിൽ ഹറേഡി ജനസംഖ്യ വർദ്ധിക്കുകയും, അവരെയും നിർബന്ധിത സേവനത്തിൽ പെടുത്തണമെന്ന രീതിയിലുള്ള മുറവിളികൾ ഉയരുകയും ചെയ്തു. പിന്നീട് വന്ന കോടതി വിധിയിൽ 2023 വരെ ഇളവ് നീട്ടിയെങ്കിലും അത് ഇസ്റായേലി ജൂതർക്കിടയിൽ ഹറേഡി വിരുദ്ധ മുന്നേറ്റങ്ങൾക്കും, ഹറേഡികൾക്കിടയിൽ ഐ.ഡി.എഫ് വിരുദ്ധ പ്രകടനങ്ങളിലേക്കും വഴി തെളിച്ചു.

ബെഞ്ചമിൻ നെതന്യാഹുവിന്റെ ഗവൺമെന്റ് നിർബന്ധിത സൈനിക സേവനത്തിനെതിരെ ഹറേഡികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിൽ കൂടി പ്രശ്നങ്ങൾകൊന്നും ശമനം കാണുന്നില്ല. ഇസ്റായേലിലും പുറത്തുമുള്ള ജൂതർക്കിടയിലെ സംഘർഷത്തിന്റെ വ്യത്യസ്ഥ തലങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം നെട്ടൂര കാർട്ടയുടെ വളർച്ചയുടെ പിന്നാമ്പുറങ്ങളിൽ നിന്നും മനസ്സിലാവുന്നതാണ്. സയണിസം ജൂത മതാടിസ്ഥാനത്തിലല്ലെന്നും ഫലസ്തീനിലെ മുസ്‌ലിംകൾക്കും ഭൂമിയിൽ അവകാശവമുണ്ടെന്നും തറപ്പിച്ച് പറയുന്ന ഇത്തരം വിഭാഗങ്ങൾ പടിഞ്ഞാറിൽ പടർന്നിട്ടുള്ള സെമിറ്റിക് വിരുദ്ധതയെ നിരന്തരം പുനർ വ്യാഖ്യാനിക്കാനാണ് ആവശ്യപ്പെടുന്നത്.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles