Current Date

Search
Close this search box.
Search
Close this search box.

ഓർമ്മ മർത്യന് പുനർ ജീവിതം നല്കുന്നു (ശൗഖി)

രക്തസാക്ഷീ നീ മഹാ സാഗരം
എന്റെ ഹൃത്ച്ചക്രവാളം നിറഞ്ഞേ കിടപ്പു
നീ…..
അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്
രക്തസാക്ഷി….. .(മുരുകൻ കാട്ടാക്കട)

ആരാണ് രക്തസാക്ഷിയെന്ന് വലിയ ഡെക്കറേഷനുകളൊന്നും കൂടാതെ മലയാളിയെ പഠിപ്പിച്ച ഒരു കവിതാ ശകലമാണിത്.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ തന്നെ ഗാന്ധിയെ വീണ്ടും വെടിവച്ച്‌ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതീകാത്മകമായി രാഷ്ട്രപിതാവിനോടുള്ള പക തീർത്തു. ഇവരുടെ ഈ നടപടി ദേശീയ മാധ്യമങ്ങളില്‍ കഴിഞ്ഞ ജനുവരി 30 ന് വലിയ വിവാദമായിരുന്നത് വായനക്കാർ ഓർക്കുന്നുണ്ടാവും. ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ക്കുകയും വെടിയേറ്റ് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും അന്ന് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അഥവാ ഗാന്ധി എല്ലാവർഷവും വെടികൊള്ളേണ്ടയാളും വെടി വെക്കാൻ ശൗര്യത കാട്ടുന്ന ഗോഡ്സേമാർ എത്ര ഭ്രാന്താരായാലും കൊണ്ടാടപ്പെടേണ്ടവരുമാണ് എന്നാണ് പ്രസ്തുത സംഭവം നല്കുന്ന “ശൗര്യം ” . ഇന്ത്യയിലെ 99% ആളുകൾക്കും ജനുവരി 30 രക്തസാക്ഷി ദിനമാണെങ്കിൽ ഈ ന്യൂനാൽ ന്യൂനപക്ഷത്തിന് ശൗര്യദിനമാണെന്നാണ് ഈ നീചവൃത്തി നമ്മെ അറിയിച്ചു കൊണ്ടിരിക്കുന്നത്.

Also read: പൊലിസ് കേസെടുക്കും വരെ അറിയപ്പെടാതിരുന്ന ഷര്‍ജീല്‍ ഇമാം

നന്മയുടെ പാതയിൽ രക്തസാക്ഷ്യം കൊതിക്കാത്ത വിശ്വാസി
ഈ ലോകത്തുണ്ടാകുമോ ? പക്ഷെ, അല്ലാഹു അതിനു അവസരം കൊടുക്കുക അവനുമായി വല്ലാത്ത ഒരു മുഹബ്ബത്തിലായിട്ടുള്ളവർക്കു മാത്രമാണ്.. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവസാനിക്കുന്ന ഈ ലോകത്ത്‌ നിന്ന് ഒരിക്കലും കണ്ണുചിമ്മാൻ പോലും തോന്നാത്ത സ്വർഗ്ഗീയ ലോകത്തേക്ക്‌ ഗ്രീൻ ചാനൽ വഴി കടന്നു പോകുന്നവരാണ് ശഹീദുകൾ … അല്ലാഹുവിന്റെ സിംഹമെന്ന് വിളിപ്പേരുള്ള ഹംസ (റ) യെ നേതാവാക്കി പരലോകത്ത് അല്ലാഹുവിന്റെ സന്നിധാനത്തിലേക്ക് മുൻ കടക്കുന്ന സാബിഖുകളിൽ സ്ഥാനം പിടിക്കാൻ ഈ സമുദായത്തിൽ ഒരു മത്സര ബുദ്ധിതന്നെയുണ്ട് എന്ന് ഇതംപര്യന്തമുള്ള രക്ത സാക്ഷികളുടെ ലിസ്റ്റ് നമ്മെ അറിയിക്കുന്നുണ്ട്. ഈ ലിസ്റ്റ് ഒരിക്കലും പുരുഷ കേന്ദ്രീകൃതമായിരുന്നിട്ടില്ല; ആവുക സാധ്യമല്ല താനും. ഇസ്ലാമിനു വേണ്ടി ആദ്യമായി ജീവൻ ബലി കഴിച്ച ആദ്യ രക്തസാക്ഷി സുമയ്യ(റ)യും ഉഹുദ് യുദ്ധത്തിൽ പ്രവാചകനെതിരെ വന്ന അസ്ത്രങ്ങൾ സ്വന്തം ശരീരം കൊണ്ട് തടുത്ത് മാരകമായി മുറിവേറ്റു ബോധരഹിതയായ ഉമ്മു അമ്മാറ(റ)യും യർമുക്ക് യുദ്ധത്തിൽ പങ്കെടുത്ത ഖാലിദ് ബിൻ വലീദി(റ)നോളം പാടവമുണ്ടായിരുന്ന ഖൗല(റ)യും ആദ്യകാല പോരാട്ട ലിസ്റ്റിലെ വനിതാ സാന്നിധ്യങ്ങളാണെങ്കിൽ പാലക്കാട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 11 വയസ്സുകാരി സിറാജുന്നിസ ആ ലിസ്റ്റിൽ നാം ഇടം നല്കുന്ന മറ്റൊരു പേരാണ് .1991 ഡിസംബര്‍ പതിനഞ്ചിനായിരുന്നു പാലക്കാട് പുതുപള്ളിത്തെരുവില്‍ കേരളത്തെ നടുക്കി സിറാജുന്നീസ വെടിയേറ്റു ശഹീദായത്. ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതിയുടെ കൈവശമുള്ള സ്വകാര്യ അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത് സംഭവം നാം മറന്നു കാണില്ല . കത്തുവ ബലാത്സംഗ കേസ് എന്ന ആ കുപ്രസിദ്ധ സംഭവത്തിൽ കൊലചെയ്യപ്പെട്ട ആസിഫ ബാനു എന്ന നാടോടികളായ ബകർവാൾ സമുദായത്തിലെ ആ കുഞ്ഞിനും നാം അതേ ലിസ്റ്റിൽ സ്ഥാനം നല്കുന്നു.

ലിബിയയിലെ ഉമറുൽ മുഖ്താർ , ഈജിപ്റ്റിലെ ഇമാം ബന്ന , ഖുതുബ് എന്ന് തുടങ്ങി നമ്മുടെ നാട്ടിലെ മലബാർ പോരാട്ടങ്ങളിലെ വാരിയൻകുന്നനും എളംപുളശേരിയും അവനവനു വേണ്ടിയല്ലാതെ അപരന് ജീവൻ കൊടുത്ത ചങ്ങലയിലെ തുടർ കണ്ണിയായി കോഴിക്കോടങ്ങാടിയിലെ ഓട്ടോ ഡ്രൈവർ നൗഷാദ് ഉൾപ്പെടെ , പൗരാവകാശ സമരങ്ങളിൽ അറിഞ്ഞോ അറിയാതെയോ രക്തസാക്ഷികളായകർണാടക മാംഗ്ലൂരിലെ ജലീൽ കുദ്രോളി , നൗഷീൻ ബെൻഗ്രേ , യുപി സംഭലിലെ ശഹ്റോസ്, ബിലാൽ അടക്കം ആ ലിസ്റ്റ് നീണ്ടു കൊണ്ടേയിരിക്കുന്നു.

Also read: ഷഹീന്‍ ബാഗും മുസ് ലിം സ്ത്രീകളും

”ദൈവിക സരണിയില്‍ വധിക്കപ്പെട്ടരെ മരിച്ചുപോയവരെന്ന് വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു…” (ആലുഇംറാന്‍ 169-171).
വിശുദ്ധ ഖുർആൻ ആലു ഇംറാൻ 140,200 തുടങ്ങി ഒരുപാട് ആയത്തുകൾ രക്തസാക്ഷിയുടെ പ്രതിഫലങ്ങൾ ഉണർത്തുന്ന സൂക്തങ്ങളാണെങ്കിൽ ചില പ്രവാചക വചനങ്ങളും വിശദവായനക്കായി സമർപ്പിക്കുന്നു :

“അല്ലാഹുവിന്റെ മാർഗത്തിലുള്ള പൊടിപടലവും നരകത്തിലെ പുകയും ഒരിക്കലും ഒരു വിശ്വാസിയുടെ ഉള്ളിൽ ഒരുമിച്ചുകൂടൂകയില്ല” (
തുർമുദി, നസാഇ, അഹ്മദ്, ഇബ്‌നുമാജ).
“രണ്ടു കണ്ണുകളെ അഗ്‌നി സ്പർശിക്കുകയില്ല:
1) അല്ലാഹുവിനെ പേടിച്ച് കരഞ്ഞ കണ്ണ്
2)അല്ലാഹുവിന്റെ മാർഗത്തിൽ കാവൽനിന്ന് ഉറക്കമൊഴിച്ച കണ്ണ് ”
(തുർമുദി).

“ഒരു ദിവസം അല്ലാഹുവിന്റെ മാർഗത്തിൽ കാവലാളായി നിൽക്കുന്നത് ദുനിയാവും അതിലുള്ള സർവതിനേക്കാളും ശ്രേഷ്ഠമാണ്” ( ബുഖാരി)

സ്വർഗീയ ലോകത്ത് സർവ്വസൗകര്യങ്ങളോടെയും പരിലസിക്കുന്ന ശുഹദാക്കളോട് എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന് ചോദിക്കപ്പെടുമെന്നും സകലമോഹപ്രാപ്തരായ അവർക്ക് ശരീരത്തിൽ ആത്മാവ് തിരിച്ചുകിട്ടാനും വീണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ ശഹാദത്ത് വരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുമെന്ന് ഹദീസിലുണ്ട് ( മുസ്ലിം).

– مَنْ قُتِلَ دُونَ مالِهِ فهوَ شَهيدٌ . ومَنْ قُتِلَ دُونَ دِينِهِ فهوَ شَهيدٌ . ومَنْ قُتِلَ دُونَ دَمِهِ فهوَ شَهيدٌ ، ومَنْ قُتِلَ دُونَ أهلِهِ فهوَ شَهيدٌ

ഈ ഹദീസിൽ പറയുന്നവരിലെ തന്റെ സ്വത്ത് സംരംക്ഷിക്കാന്‍ വേണ്ടി കൊല്ലപ്പെട്ടവര്‍, കുടുംബത്തെ സംരംക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്ന് തുടങ്ങി മറ്റു ഹദീസുകളിൽ വന്ന മുങ്ങി മരിച്ചവര്‍, വയറ്റിലെ അസുഖം കാരണം മരിച്ചവര്‍, പ്രസവം കാരണം മരിച്ച സ്ത്രീകള്‍ മറ്റു അക്രമമായി കൊല്ലപ്പെട്ടവര്‍ എന്നിവരെ വരെ ഇസ്ലാം പ്രസ്തുത ലിസ്റ്റിലാണ് ചേർത്ത് വെക്കുന്നത്. ഇവരെല്ലാം ആഖിറത്തിന്റെ നിയമത്തില്‍ രക്തസാക്ഷികളാണെന്ന് ചുരുക്കം. ഇവരെ (അവസാനം പറഞ്ഞ വിഭാഗത്തെ ) സാധാരണ മരണം വരിച്ചവരെപ്പോലെത്തന്നെ കുളിപ്പിക്കുകയും വേണം നമസ്ക്കരിക്കുകയും വേണമെന്നാണ് കർമ്മശാസ്ത്രാധ്യാപനം.

ധീര ശഹീദുകളെ ഓർക്കൽ നമുക്ക് നമ്മുടെ ഭൂതത്തെ വർത്തമാനവുമായി താരതമ്യപ്പെടുത്താനും ചരിത്രങ്ങൾ ആവർത്തിക്കുവാനുമുള്ള ത്രാണിയേകും. അതാവണം നമ്മുടെ തലവാചകത്തിന്റെ കാവ്യാത്മകമായ സാരം.

(ജനു :30 ദേശീയ രക്തസാക്ഷി ദിനം )

Related Articles