Current Date

Search
Close this search box.
Search
Close this search box.

ഷഹീന്‍ ബാഗും മുസ് ലിം സ്ത്രീകളും

കഴിഞ്ഞ നാല്പതു ദിവസത്തില്‍ ഏറെയായി ഷഹീന്‍ ബാഗ് ലോക ചരിത്രത്തില്‍ ഒരു വേറിട്ട കാഴ്ചയാണ്.. തെക്കന്‍ ഡല്‍ഹിയുടെ അടുത്തു യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു സ്ഥലമാണ് ഷഹീന്‍ ബാഗ്. ദല്‍ഹിയെ തൊട്ടടുത്തുള്ള മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ഷഹീന്‍ ബാഗിന്റെ പ്രാധ്യാന്യം വളരെ വലുതാണ്. പക്ഷെ ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത് സ്ത്രീ കൂട്ടായ്മയുടെ പേരിലാണ്. കഴിഞ്ഞ ഡിസംബര്‍ 12 നാണ് സംഘ പരിവാര്‍ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പൌരത്വ നിയമം പാസ്സാക്കി എടുത്തത്‌. അതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ജാമിഅ മില്ലിയ്യയില്‍ നിന്നും നാം ചില സ്ത്രീ  ശബ്ദങ്ങള്‍ കേട്ടു. സാധാരണ രീതിയില്‍ സ്ത്രീ ശബ്ദങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അലിഞ്ഞു ചേരലാണ് പതിവ്. പെണ് ജീവന് തന്നെ കാര്യമായി വില കല്‍പ്പിക്കാത്ത സമൂഹം എന്ന നിലയില്‍ അതാണ് നാം പ്രതീക്ഷിച്ചതും.

പക്ഷെ പതിവില്‍ നിന്നും ഭിന്നമായി ഷാഹീന്‍ ബാഗ് രൂപം കൊണ്ടു. ഇന്ന് അത് നിലക്കാത്ത സ്ത്രീ ശക്തിയുടെ പ്രതീകം കൂടിയാണു. പൌരത്വ സമരവുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നീണ്ടു നിന്ന പ്രക്ഷോഭം അങ്ങിനെ സ്ത്രീകളുടെ പേരില്‍ കുറിക്കപ്പെട്ടു. “ കഠിനവും ശക്തവുമായ സമരങ്ങള്‍ക്ക് പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഉത്തമം. കാരണം സ്ത്രീകള്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പാതി വഴിയില്‍ഉപേക്ഷിക്കില്ല. “ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കരുടെ വാക്കുകളാണിത്. എല്ലാ വിഭാഗത്തിലെ സ്ത്രീകളും അവിടെയുണ്ട്. യാതൊരു രാഷ്ട്രീയ പാര്‍ടികളുടെ കൊടിയോ ബാനറോ അവിടെ കാണുക സാധ്യമല്ല. ഷാഹീന്‍ ബാഗ് ഇന്ത്യയിലെ സ്ത്രീകളുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തുറക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.. ഭാവിയില്‍ അനീതിക്കും അക്രമത്തിനുമെതിരെ പുരുഷന്മാരുടെ പിന്തുണയില്ലാതെ തന്നെ സ്ത്രീകള്‍ക്ക് രംഗത്ത്‌ വരാന്‍ കഴിയും എന്നത് കൂടി ഷാഹീന്‍ ബാഗിന്റെ ബാക്കിയായി ലോകം കാണുന്നു. പര്‍ദ്ദയും ബുര്‍ഖയും ധരിച്ചവരും അല്ലാത്തവരും കൂട്ടത്തോടെ സമരത്തില്‍ പങ്കെടുക്കുന്നു എന്നത് ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തില്‍ സ്ത്രീകള്‍ ചെലുത്താന്‍ പോകുന്ന സ്വാദീനം വിളിച്ചോതുന്നു.

Also read: മൗനം പൊന്നാകുന്നതെപ്പോള്‍?

സമരം പതുക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും നീണ്ടു പോയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇവര്‍ക്കെതിരെ പല കേസുകളും രജിസ്റര്‍ ചെയ്തിട്ടുണ്ട്. എങ്കിലും തങ്ങള്‍ പുറകോട്ടു പോകില്ല എന്ന് സ്ത്രീകള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ദിനേന ആയിരക്കണക്കിന് സ്ത്രീകള്‍ ഈ പ്രതിഷേധങ്ങളില്‍ വന്നു ചേരുന്നു. പുതിയ പൗരത്വ നിയമം ഇപ്പോള്‍ കൂടുതല്‍ ബാധിക്കുന്നത് മുസ്ലിം സമുദായത്തെയാണ്. അതെ സമയം സമരങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്നു. ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ അവസ്ഥ കേരള മുസ്ലിം സ്ത്രീകളില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്‌. പൊതു രംഗത്ത്‌ അവരുടെ സാന്നിധ്യം ഇതുവരെ നാം കൂട്ടമായി കണ്ടിട്ടില്ല. ആരുടേയും സമ്മര്‍ദ്ദമില്ലാതെയാണ് അവര്‍ ഡിസംബര്‍ മാസത്തെ തണുപ്പിനെ വകവെക്കാതെ സമര രംഗത്ത്‌ വന്നു നില്‍ക്കുന്നത്. അതില്‍ തൊണ്ണൂറു വയസ്സ് മുതല്‍ ഇപ്പോള്‍ പിറന്ന കുട്ടി വരെയുണ്ട്.

Also read: യാത്രകള്‍ അവസാനിക്കുന്നില്ല; തുടരുകയാണ്

സ്ത്രീകളുടെ പൊതു പ്രവേശനം ഇന്നും ഒരു ചര്‍ച്ചയായി അവശേഷിക്കുന്നു. കേരളത്തില്‍ മുസ്ലിംകളിലെ പ്രബല വിഭാഗം സ്ത്രീകള്‍ സമരത്തിന്‌ ഇറങ്ങുന്നതിനെ ശക്തിയായി എതിര്‍ക്കുന്നു. എന്നിട്ടും മുസ്ലിം സ്ത്രീകളുടെ സജീവ സാന്നിധ്യം സമര രംഗത്ത്‌ കാണുന്നു. സ്ത്രീകള്‍ യുദ്ധ രംഗത്ത്‌ പ്രവാചക കാലത്തും ശേഷവും സജീവമായിരുന്നു എന്നാണു നാം വായിച്ചത്. പ്രവാചക പത്നി തന്നെ നേരിട്ട് യുദ്ധത്തിനു നേതൃത്വം നല്‍കിയ ചരിത്രവും നാം വായിക്കുന്നു. ആയിഷ ( റ )നിലപാട് തെറ്റായിരുന്നു എന്ന് ആകെ കൂടി പറയുന്നവര്‍ ശിയാക്കള്‍ മാത്രമാണ്. അതിനുള്ള കാരണം യുദ്ധം അലിക്ക് ( റ ) എതിരായിരുന്നു എന്നതും. അതിന്റെ സാമൂഹിക വശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. പ്രവാചകനില്‍ നിന്നും ഒട്ടനവധി ഹദീസ് രേഖപ്പെടുത്തപ്പെട്ടത് ആയിഷയില്‍ നിന്നാണ്. ഹദീസ് നിദാന ശാസ്ത്രത്തില്‍ ഒരു പോരായ്മയും ആയിഷക്കു മുസ്ലിം ലോകം കണ്ടില്ല. അന്നത്തെ യുദ്ധവും സമരവും അങ്ങിനെയാണ്. ഇന്നായിരുന്നെങ്കില്‍ സൈന്യത്തെ സംഘടിപ്പിച്ചു ബസറയിലേക്ക് പോകുക എന്നതിന് പകരം ആയിഷയും സംഘവും അലിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തുമായിരുന്നു. സ്ത്രീകള്‍ക്ക് സമരം സാധ്യമാണ് എന്നത് ഇസ്ലാമില്‍ അംഗീകൃത സത്യമാണ്. അതിന്റെ രീതിയില്‍ മാത്രമാണ് പണ്ഡിതര്‍ക്കു അഭിപ്രായ വ്യത്യാസം.

മുദ്രാവാക്യം എന്നത് പുതിയ കാലത്തിന്റെ രീതിയാണ്. സമൂഹത്തിന്റെ പ്രതിഷേധം അധികാരികളെ അറിയിക്കാനുള്ള വഴികള്‍. സമൂഹം എന്നത് സ്ത്രീയും പുരുഷനും ചേര്‍ന്നതാണ്. സ്ത്രീക്കും പുരുഷനും ഇസ്ലാം പരിധികള്‍ നിശ്ചയിക്കുന്നു. ആ പരിധികള്‍ അംഗീകരിച്ചു കൊണ്ട് തന്നെ ഇത്തരം സമരങ്ങള്‍ സാധ്യമാണ്. ഒരു കാലത്ത് നാം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിലക്കിയിരുന്നു. പിന്നെയാണു നാം തന്നെ അവര്‍ക്കായി വനിതാ മാസികകള്‍ ആരംഭിച്ചത്. പിന്നെ അവര്‍ക്ക് വേണ്ടി നാം പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. സ്ത്രീകള്‍ ഇന്ന് ഭരണ രംഗത്തും ജോലി രംഗത്തും സജീവമാണു. പ്രവാചക കാലത്തും ശേഷവും ഈ രീതിയിലായിരുന്നില്ല കാര്യങ്ങള്‍.

Also read: എന്തുകൊണ്ട് സി.എ.എ പിന്‍വലിക്കണം?

ഇസ്ലാമിക കര്‍മ ശാസ്ത്രം ഒരു ഇരുമ്പുലക്കയല്ല. അത് സാഹചര്യങ്ങളെ പരിഗണിക്കുന്നു. സകാത്ത് നിര്‍ബന്ധമായ ഒരു വിഭാഗത്തിന് ഇനി അത് നല്‍കേണ്ട എന്ന ഉമര്‍ ഫാറൂഖിന്റെ തീരുമാനം അതിന്റെ ഭാഗമായി കാണാം. മുസ്ലിം സ്ത്രീകള്‍ക്ക് ഇതിലൊന്നും പരാതിയില്ല എന്ന് വരും. പ്രവാചക കാലത്തെ യുദ്ധങ്ങള്‍ നിലനില്‍പ്പിന്റെ യുദ്ധങ്ങളായിരുന്നു. അത് കൊണ്ട് തന്നെ സ്ത്രീകള്‍ അതില്‍ പങ്കാളികളായിരുന്നു. അത്തരം ഒരു നിലനില്‍പ്പിന്റെ സമരം തന്നെയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നതും. അത് തിരിച്ചറിയാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നു എന്നിടത്ത് നിന്നാണ് ഷാഹിന്‍ ബാഗുകള്‍ രൂപം കൊള്ളുന്നത്. അതിനെ തടഞ്ഞു നിര്‍ത്താന്‍ ഒരാള്‍ക്കും കഴിയില്ല എന്ന തിരിച്ചറിവ് മുസ്ലിം മത നേതാക്കള്‍ക്ക് എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

Related Articles