Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ ചട്ടമ്പിയെ തളക്കാൻ ആരുമില്ലാതെ പോയതെന്ത്?!

ആഗമനോദ്ദേശ്യം ആരാഞ്ഞ പേർഷ്യൻ സാമ്രാജ്യത്വ സേനാധിപതിയോട് ഇസ് ലാമിൻ്റെ ദൂതൻ റബീഇബ്നു ആമിർ (റ) പറഞ്ഞ വാക്കുകൾ ചരിത്രപ്രസിദ്ധമാണ്. അതിങ്ങനെ: “അല്ലാഹുവാണ് ഞങ്ങളെ നിയോഗിച്ചത്. മനുഷ്യരുടെ അടിമത്വത്തിൽ നിന്ന് മനുഷ്യരെ അല്ലാഹുവിൻ്റെ മാത്രം അടിമത്വത്തിലേക്കു മോചിപ്പിക്കാൻ. നിലവിലുള്ള അനീതികളിൽ നിന്ന് അല്ലാഹുവിൻ്റെ നീതിയിലേക്ക് മോചിപ്പിക്കാൻ.ഐഹിക ലോകത്തിൻ്റെ കുടുസ്സിൽ നിന്ന് ഇഹ-പരലോകത്തിൻ്റെ വിശാലതയിലേക്ക് മോചിപ്പിക്കാൻ ”

“മതം” എന്ന ഭക്തി പ്രസ്ഥാനത്തിൽ നിന്ന് “ജീവിത സാകല്യം” എന്ന വിപ്ലവാത്മകതയിലേക്ക് ഇസ് ലാം വേർതിരിയുന്നതിവിടെയാണ്! വ്യക്തി ജീവിതത്തിൻ്റെ പരിമിതമായ പരിധിക്കുള്ളിൽ നിന്ന് രാഷ്ട്രീയ ജീവിതത്തിൻ്റെ കരുത്തുറ്റ ദർശനവും പദ്ധതിയുമായി ഇസ് ലാം താരാപഥമണയുന്നു!

പ്രവാചകൻ്റെ (സ) ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ കാണുന്നത് ആരാധനാകർമങ്ങളല്ല, പ്രത്യുത ധർമ്മയുദ്ധങ്ങളാണ്.
യുദ്ധങ്ങളായിരുന്നുവല്ലോ പോയ കാലത്തെ മുഖ്യ രാഷ്ടീയ പ്രവർത്തനം. യുദ്ധം, സന്ധി, സമാധാന സംഭാഷണം, അവയ്ക്കു വേണ്ടിയുള്ള ഒട്ടേറെ യാത്രകൾ… ഇങ്ങനെ സംഭവ ബഹുലമായിരുന്നു, വിശിഷ്യ നബിയുടെ മദീനാ ജീവിതം! (റമദാൻ വ്രതക്കാലത്തു പോലും നമ്മെപ്പോലെ നബി വിശ്രമിച്ചിട്ടില്ല! ബദ്ർ, രണ്ടാം ബദ്ർ, അഹ്സാബ് തുടങ്ങി പ്രവാചക ജീവിതത്തിലെ എട്ട് നോമ്പു വർഷങ്ങളും രാഷ്ട്രീയ സംഘർഷങ്ങളുടെതായിരുന്നു. വിടവാങ്ങലിൻ്റെ ഒമ്പതാം നോമ്പ് മാത്രമാണ് തിരുദൂതർക്ക് അൽപമെങ്കിലും ആശ്വാസം ലഭിച്ച കാലം!)

പ്രവാചക സുന്നത്തിൽ പെട്ട ഇത്തരം രാഷ്ടീയ ഇടപെടലുകളുടെ ഒരംശമെങ്കിലും വർത്തമാനകാല മുസ് ലിം ഭരണ നേതൃത്വങ്ങൾ നിർവ്വഹിക്കുന്നുണ്ടോ?

ഖേദകരമെന്നു പറയട്ടെ, ലോകത്തുടനീളമുള്ള അറുപതോളം മുസ് ലിം രാഷ്ടങ്ങളിൽ നിന്ന് മഹാഭൂരിപക്ഷവും പ്രവാചകൻ്റെ രാഷ്ട്രീയ ജീവിതം അനുധാവനം ചെയ്തില്ലെന്നു മാത്രമല്ല, അവർ ഇസ് ലാമിൽ നിന്ന് രാഷ്ടീയത്തെ തന്നെ ഊരിക്കളഞ്ഞു!
പകരം “ദൈവത്തിനുള്ളത് ദൈവത്തിന്, സീസർക്കുള്ളത് സീസർക്ക്” എന്ന അപകടകരമായമായ ജൂത-ക്രൈസ്തവ മതാഖ്യാനത്തിലേക്ക് വിശിഷ്യ ഭൂരിപക്ഷം ഗൾഫ് ഭരണാധിപൻമാരും നിപതിച്ചു! കൊട്ടാരം സേവകരായ പൗരോഹിത്യം അതിന് കുടപിടിക്കുക കൂടി ചെയ്തതോടെ മത-രാഷ്ട്ര വിഭജനം പൂർണമായി! രാഷ്ട്രീയ കർത്തവ്യത്തേക്കാൾ കർമശാസ്ത്രത്തിൻ്റെ അക്ഷരവായനയായിരുന്നു അവർക്ക് പഥ്യം!
അങ്ങനെയാണ് വിമോചന പരതയുടെ കൈകാലുകൾ ഛേദിക്കപ്പെട്ട് ഇസ് ലാം പള്ളി മൂലയിലേക്ക് തള്ളപ്പെട്ടത്! “യൂഫ്രട്ടീസിൻ്റെ കരയിൽ ഒരാട്ടിൻ കുട്ടി വിശന്നു മരിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരും” എന്ന ഖലീഫാ ഉമറിൻ്റെ വചനം പ്രാസമൊപ്പിച്ചുരുവിട്ട് കണ്ണീര് തുടച്ച “മുല്ല”യും “മലിക്കും” പ്രായോഗിക ജീവിതത്തിൽ “ആട്ടിൻകുട്ടികൾ”ക്കു പുറം തിരിഞ്ഞു നിന്നു! അല്ലാഹുവിനു മാത്രം നൽകേണ്ട “റുബൂബിയ്യത്തി”ൻ്റെ അശങ്ങൾ സാമ്രാജ്യത്വത്തിന് പതിച്ചു നൽകി!

പ്രവാചകൻ ജീവിതത്തിലുടനീളം യഹൂദ -നസാറാ കുതന്ത്രങ്ങളെ അതിജീവിക്കുകയും റോം- പേർഷ്യൻ സാമ്രാജ്യത്വ അധിനിവേശ ങ്ങളെ വെല്ലുവിളിക്കുകയായിരുന്നു ചെയ്തത്!പക്ഷെ അറബ് – മുസ് ലിം ഭരണാധികാരികൾ ചെയ്തതോ? അമേരിക്കൻ സാമ്രാജ്യത്വത്തിന് ദാസ്യപ്പണിയും! ഏറ്റവും ഒടുവിൽ ചില രാഷ്ട്രങ്ങൾ അക്രമികളായ “സിയോണിസ” ത്തിനു തന്നെ ലജ്ജാ ലേശമന്യേ പച്ചപ്പരവതാനി വിരിച്ചു!

അതിനിടയിൽ ഗതികെട്ട തെരുവിലെ പച്ച മനുഷ്യർ വസന്തത്തിൻ്റെ ഇടിമുഴക്കത്തിൽ “മുല്ലപ്പൂക്കൾ” വിരിയിച്ചപ്പോഴാവട്ടെ ഇതേ “ശൈഖു”കൾ തന്നെ ആ ഇസ് ലാമിക നവോത്ഥാന മുന്നേറ്റത്തിനും കത്തിവെച്ചു!! അറബു വസന്തത്തെ തച്ചുകെടുത്താൻ സാമ്രാജ്യത്വത്തോടും സയണിസത്തോടും ചേർന്നു നിന്ന് മില്യനുകൾ ഒഴുക്കിയത് മറ്റാരു മായിരുന്നില്ല! (ദോഷം പറയരുതല്ലോ.. അവർ ഫലസ്തീനും ഇടക്കിടെ കാശ് നൽകാറുണ്ട്! )

“ഭക്തി”യിൽ ഒതുങ്ങുന്ന മതത്തിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ!ഐക്യപ്പെട്ടു നിന്ന് സാമൂഹിക-രാഷ്ട്ര- ശാസ്ത്ര-സാങ്കേതിക – നാഗരിക രംഗങ്ങളിൽ “ഉമ്മത്തി”നെ ഉന്നതിയിൽ എത്തിക്കാനുള്ള ശ്രമങ്ങളിലേർപ്പെടുക എന്നത് അവരെ സംബന്ധിച്ചിടത്തോളം മതമുക്ത – മതേതര പ്രവർത്തനം മാത്രമാണ്!

വിശുദ്ധ ഖുർആൻ തുല്യശക്തിയിൽ പ്രയോഗിച്ച രണ്ട് സംജ്ഞകളാണ് “തഖ് വ”യും “ഖുവ്വത്തും” തഖ് വ ആത്മീയ ശക്തിയെയും ഖുവ്വത്ത് ഭൗതിക ശക്തിയെയും കുറിക്കുന്നു. തഖ് വയും ഖുവ്വത്തും പരമാവധി ആർജ്ജിക്കാൻ (മസ്ത തഅത്തും..) ഖുർആൻ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ മതമുക്ത രാഷ്ട്രീയം ഖുവ്വത്തിനെ പൂർണമായും അവഗണിക്കുകയും തഖ് വയുടെ ഒറ്റച്ചിറകു കൊണ്ട് പറക്കാൻ വിഫലശ്രമം നടത്തുകയും ചെയ്തു!

പെട്രോ ഡോളർ ദിശ തെറ്റി സ്വന്തം പോക്കറ്റുകളിലേക്കൊഴുകുക എന്നതായിരുന്നു അനന്തരഫലം! യാതൊരു പ്രത്യുൽപന്ന മതിത്വവുമില്ലാത്ത, സർഗാത്മ കതയില്ലാത്ത, ശാസ്താവബോധമില്ലാത്ത, പേരിൽ മാത്രം ഇസ് ലാമും മുസ് ലിമും മിന്നുന്ന കുറേ ഭരണാധികാരികൾ! സാമ്രാജ്യത്വത്തിൻ്റെ കാൽമുട്ടുകൾക്കിടയിൽ തലവെച്ചു കൊടുത്ത ജന്മങ്ങൾ!

ഈ ശൂന്യതയിലാണ് ഫലസ്തീനുകൾ സൃഷ്ടിക്കപ്പെട്ടത്! ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ ശഹാദത്ത് പള്ളിക്കകത്തേക്ക് ഉൾവലിഞ്ഞപ്പോൾ ഉണ്ടായത് ഒരു ഫലസ്തീൻ മാത്രമല്ല, ഇല്ലാതായത് അക്രമിയുടെ കൈപിടിക്കാൻ നട്ടെല്ലുള്ള ഒരു ഭരണാധികാരികൂടിയാണ്!

എന്നാണിനി ഒരു “തജ്ദീദ് “പിറവിയെടുക്കുക? ഭരണവർഗം കുടുംബ പാരമ്പര്യത്തി ൻ്റെ ഹുങ്കിൽ നിന്ന് മനുഷ്യത്വത്തിൻ്റെ തുറസ്സിലേക്ക് പുരോഗമിക്കുക? ബന്ധുവായ മന്ദബുദ്ധികളെ മാറ്റി ബുദ്ധിയും കഴിവുമുള്ള സാധാരണക്കാരൻ ഭരണ നേതൃത്വത്തിൽ വരിക? ചിന്തയും ശാസ്ത്രവും ധീരതയും തൻ്റേടവും കലയും സർഗാത്മകതയും വനിതാ പങ്കാളിത്തവും ചേർന്ന ജനഹിതത്തിൻ്റെ, സാക്ഷാൽ ഇസ് ലാമിൻ്റെ ഋജു പരതയിലേക്ക് നമ്മുടെ പണ്ഡിത – ഭരണ വർഗം മുഖം തിരിക്കുക? അതുവഴി ലോകത്തിനു തന്നെ നാം ദിശകാട്ടുക? എന്നായിരിക്കും അത് ?!

Related Articles